വെൺമണി: അടച്ചിട്ട വീട്ടിൽനിന്നും 200 കിലോ തൂക്കം വരുന്ന ചെമ്പുപാത്രവും സ്റ്റീൽ, പിത്തള ടാപ്പുകളും ഉൾപ്പെടെ രണ്ടര ലക്ഷത്തോളം വിലവരുന്ന വസ്തുക്കൾ മോഷണം നടത്തിയ പ്രതി പിടിയിൽ. തിരുവല്ല തൂകലശേരിൽ പൂമംഗലം ശരത് പി.എസ് (40) ആണ് വെൺമണി പോലീസിന്റെ പിടിയിലായത്. എറണാകുളത്ത് സ്ഥിരതാമസമാക്കിയ വെൺമണി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വെൺമണി ചെറുവല്ലൂരിലുള്ള വീട്ടിലാണ് പ്രതി മോഷണം നടത്തിയത്.
മോഷണത്തിനുശേഷം ഉപയോഗിച്ച സിം കാർഡ് നശിപ്പിച്ചു കളയുന്നതാണ് പ്രതിയുടെ രീതി. ചെങ്ങന്നൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജെ. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ വെൺമണി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. രാജേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നൂറിൽപരം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
പകൽസമയങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് ആൾത്താമസമില്ലാത്ത വീടുകൾ കണ്ടുവച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. മോഷണസാധനങ്ങൾ വിൽപ്പന നടത്തിയ കുരമ്പാലയിലുള്ള ആക്രികടയിൽനിന്നും മോഷണ മുതലുകൾ വീണ്ടെടുത്തതിനു ശേഷം ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Tags : Theft nattuvishesham local news