പാർലമെന്റ്
ന്യൂഡൽഹി: പാർലമന്റിന്റെ വർഷകാല സമ്മേളനത്തിനു നാളെ തുടക്കം. രാഷ്ട്രീയസംഖ്യങ്ങളിലെ മാറ്റങ്ങൾ, വിവാദ ബില്ലുകൾ, രാജ്യതലസ്ഥാനത്തെ വിദ്യാർഥി പ്രതിഷേധം ഉൾപ്പടെ വിഷയങ്ങൾ സഭയിൽ പ്രതിഫലിച്ചേക്കും.
അടുത്തമാസം 21 വരെ നീളുന്ന സമ്മേളനത്തിൽ വനിതാ സംവരണ ഭേദഗതി ബില്ലും മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകളും ഉൾപ്പടെ സുപ്രധാന നിയമനിർമാണങ്ങൾ ഉണ്ടാകും.
ദേശീയഗീതമായ വന്ദേമാതരത്തെ അവഹേളിക്കുന്നതും തടസപെടുത്തുന്നതും ക്രമിനൽ കുറ്റമാക്കുന്ന ബില്ലും ഈ സമ്മേളനത്തിൽ ഒട്ടേറെ ചർച്ചകൾക്കു വഴിതെളിക്കും.
സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം ഉയർത്തൽ, സർക്കാർ ബോണ്ടുകളിലെ വിദേശനിക്ഷേപകർക്കുള്ള നികുതി ഇളവ് തുടങ്ങിയ വിഷയങ്ങളും സഭയുടെ പരിഗണനയ്ക്കു വരും.
ഭരണഘടനാ സ്ഥാപനങ്ങളുടെ ദുരുപയോഗം, രാഷ്ട്രീയകക്ഷികളെ പിളർത്താനുള്ള നീക്കങ്ങൾ, നീറ്റ് പരീക്ഷക്രമക്കേട്, വിലക്കയറ്റം, വിദേശനയങ്ങളിലെ പരാജയം, എഥനോൾ വിഷയം തുടങ്ങിയവ പ്രതിപക്ഷം ശക്തമായി ഉയർത്താനാണ് സാധ്യത. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
പ്രതിപക്ഷ നിരയിലെ അസ്വാരസ്യങ്ങളും സമ്മേളനത്തിൽ പ്രതിഫലിക്കും. തമിഴ്നാട്ടിൽ നിയമസഭാതെരഞ്ഞെടുപ്പിനു പിന്നാലെ കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ച ഡിഎംകെ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് സാധ്യത. തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാരും ഇതേ നിലപാടു സ്വീകരിച്ചേക്കും.
Tags : monsoon Parliament session begins Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews