Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനഫലമായി ഇന്നും വെള്ളിയാഴ്ചയും ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല.
എന്നാൽ ശനിയാഴ്ച മുതൽ വീണ്ടും മഴക്ക് സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ശനി, ഞായർ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.
Leader Page
മഴ ചതിക്കുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ എന്ന കാലവർഷം വളരെ കുറവായി. ജൂൺ 20 വരെയുള്ള കണക്കനുസരിച്ചു രാജ്യത്തു ലഭിച്ച മഴ 54.4 മില്ലിമീറ്റർ. സാധാരണ കിട്ടേണ്ടത് 92.8 മില്ലിമീറ്റർ. കുറവ് 41.4 ശതമാനം. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ സംസ്ഥാനങ്ങൾ ഉൾപ്പെട്ട മധ്യ ഇന്ത്യയിൽ 65 ശതമാനമാണു മഴക്കുറവ്.
കേരളത്തിലും സ്ഥിതി വളരെ മോശമാണ്. ജൂൺ 21 വരെ ലഭിച്ച മഴ 315.5 മില്ലിമീറ്റർ. ലഭിക്കേണ്ടത് 440.3 മില്ലിമീറ്റർ. കുറവ് 28 ശതമാനം. ഇന്ത്യയുടെ വാർഷിക മഴയിൽ 75 ശതമാനത്തോളം ലഭിക്കുന്നത് ജൂൺ-സെപ്റ്റംബർ മാസങ്ങളിലെ കാലവർഷത്തിലാണ്. പതിവായി കിട്ടുന്നതിന്റെ 90 ശതമാനം മഴയേ ഇക്കൊല്ലം കാലവർഷത്തിൽ കിട്ടുകയുള്ളൂ എന്നാണു പ്രവചനം. രാജ്യത്തു പലഭാഗങ്ങളിലും വരൾച്ചയുണ്ടാകാം.
എൻ നിനോ വന്നു
തുടക്കം വൈകുന്നതുകൊണ്ടു കുഴപ്പം വരണമെന്നില്ല. പക്ഷേ ഇക്കൊല്ലം അതല്ല സ്ഥിതി. എൽ നിനോ പ്രതിഭാസം വില്ലനായി വന്നു. അതും സൂപ്പർ എൽ നിനോ. ഒന്നര നൂറ്റാണ്ടു മുമ്പ് 1876-80ൽ ഉണ്ടായ സൂപ്പർ എൽ നിനോയ്ക്കു സമാനമായ ഒന്ന്. ജലസേചനവും മറ്റും ഇല്ലാതിരുന്ന അക്കാലത്ത് ഇന്ത്യയിൽ 80 ലക്ഷത്തിലധികം പേരുടെ മരണത്തിലേക്കു നയിച്ച മഹാപട്ടിണി അതിന്റെ ഫലമായിരുന്നു. എൽ നിനോ പ്രതിഭാസത്തിന്റെ സൂചന മാസങ്ങൾ മുമ്പേ ഉണ്ടായിരുന്നു. അതു ജൂൺ രണ്ടാംവാരം തുടങ്ങി.
വിശാലമായ കാർഷികമേഖല
ലോകത്തിലെ വലിയൊരു കാർഷിക മേഖലയെയാണ് എൽ നിനോ പ്രതിഭാസം ദോഷകരമായി ബാധിക്കുന്നത്. ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും ഓസ്ട്രേലിയയിലും മഴ കുറയുമ്പോൾ ധാന്യങ്ങൾ, സസ്യ എണ്ണ, തോട്ടവിളകൾ, ഉഷ്ണമേഖലാ പഴവർഗങ്ങൾ തുടങ്ങിയവയുടെ ഉത്പാദനത്തിൽ വലിയ ഇടിവ് വരും.
ഇന്ത്യയും ചൈനയുമുടങ്ങിയ ഏഷ്യൻ ഭൂഖണ്ഡമാണ് ലോകത്തിലെ അരിയുടെ 90 ശതമാനം ഉത്പാദിപ്പിക്കുന്നത്. ഭക്ഷ്യ എണ്ണയുടെ 50 ശതമാനവും പയറു വർഗങ്ങളുടെ 24 ശതമാനവും റബറിന്റെ 90 ശതമാനവും തേയിലയുടെ 80 ശതമാനവും കാപ്പിയുടെ 30 ശതമാനവും ഇവിടെനിന്നാണ്. ലോക വിപണിയിലെ ഗോതമ്പിന്റെ 50 ശതമാനവും പഞ്ചസാരയുടെ 40 ശതമാനവും പാമോയിലിന്റെ 90 ശതമാനവും ഏഷ്യയിലാണ് ഉത്പാദിപ്പിക്കുന്നത്.
ഇതെല്ലാം വിരൽചൂണ്ടുന്നത് ഒരു കാര്യത്തിലേക്കാണ് - ഭക്ഷ്യധാന്യങ്ങൾ അടക്കം കാർഷികോത്പന്നങ്ങളുടെ വലിയ വിലക്കയറ്റത്തിലേക്ക്. ചില ഇനങ്ങളുടെ ഉത്പാദനം ഏഷ്യയിൽ കുറവായാൽ മറ്റിടങ്ങളിലെ ഉത്പാദന വർധനകൊണ്ടു പരിഹരിക്കാൻ പറ്റും. പക്ഷേ വില കൂടും. മറ്റു ചില ഇനങ്ങളുടെ കാര്യത്തിൽ ബദൽ ഉത്പാദനമേഖലകൾ ഇല്ല. അവയുടെ വില കടിഞ്ഞാൺ പൊട്ടിച്ചു പാഞ്ഞെന്നു വരാം.
ഇന്ത്യക്കു ഗുരുതരം
ഇന്ത്യയെ സംബന്ധിച്ചിടത്തോളം കടുത്ത എൽ നിനോ ഗുരുതര സാഹചര്യം ഉണ്ടാക്കും. ജൂണിൽ എൽ നിനോ തുടങ്ങിയെന്നു പ്രഖ്യാപിച്ച ലോക കാലാവസ്ഥാ സംഘടന (World Meteorological Organization) എന്നാണ് അന്ത്യം എന്നു പറഞ്ഞിട്ടില്ല. മുൻകാല എൽ നിനോകൾ ഒന്‍പതു മുതൽ 12 വരെ മാസം നീണ്ടുനിന്നിട്ടുണ്ട്. അത് രണ്ടു കാര്യങ്ങളിലേക്കു നയിക്കുന്നു.
ഒന്ന്: തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ വളരെ കുറവാകും.
രണ്ട്: നീണ്ടു നിൽക്കുന്ന എൽ നിനോയിൽ വടക്കുപടിഞ്ഞാറൻ മൺസൂൺ (തുലാവർഷം) മഴയും കുറയാം.
രാജ്യത്തെ പ്രധാന കാർഷിക മേഖലകൾ എല്ലാം മഴക്കുറവ് നേരിടും എന്നാണ് മുന്നറിയിപ്പ്. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രമാണു ശരാശരി മഴ കിട്ടുക എന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. പക്ഷേ, തുടക്കത്തിൽ രാജസ്ഥാനടക്കം വടക്കു-പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കൂടുതൽ മഴ കിട്ടി. വടക്കു-കിഴക്ക് വളരെ കുറവായി.
കാര്യമായ മഴക്കുറവ് നേരിടാത്ത ഏഴു വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യയെ വരൾച്ച തുറിച്ചുനോക്കുന്നത്. 2018ൽ ശരാശരിയുടെ 90.4ഉം 2015ൽ 85.5ഉം ശതമാനം മഴ മാത്രമേ ലഭിച്ചുള്ളൂ. 2018നു ശേഷം ഒന്നൊഴികെ എല്ലാ വർഷങ്ങളിലും ദീർഘകാല ശരാശരിയുടെ ഒപ്പമോ അതിൽ കൂടുതലോ മഴ ലഭിച്ചു. 2023ൽ ശരാശരിയുടെ 95 ശതമാനം മഴയാണു ലഭിച്ചത്.
ഖാരിഫും റാബിയും
തെക്കുപടിഞ്ഞാറൻ മൺസൂണിനെ ആശ്രയിച്ചാണ് ഇന്ത്യയുടെ പ്രധാന കാർഷിക സീസണായ ഖാരിഫ് (ജൂൺ-ഒക്ടോബർ) നീങ്ങുന്നത്. നെല്ല്, ചോളം, പരുക്കൻ ധാന്യങ്ങൾ, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ, കരിമ്പ്, പരുത്തി എന്നിവയുടെ കൃഷിയിറക്കലും വിളവെടുപ്പും ഖാരിഫിലാണ്. ജൂൺ, ജൂലൈ മാസങ്ങളിലെ മഴ യഥാസമയം ലഭിച്ചാലേ ഖാരിഫ് കൃഷിയിറക്കൽ നടക്കൂ. കാലവർഷത്തിൽ ലഭിക്കുന്ന വെള്ളം ഡാമുകളിൽ സംഭരിച്ചാണ് റാബി സീസണിലെ കൃഷിക്കു ജലസേചനം നടത്തുന്നത്. ഭക്ഷ്യധാന്യ ഉത്പാദനത്തിന്റെ 55 ശതമാനത്തിലധികം ഖാരിഫിലാണ്. 45 ശതമാനം ഉത്പാദനം ഒക്ടോബർ-ഡിസംബറിൽ വിളവിറക്കുന്ന റാബി സീസണിലും. ഗോതമ്പ് റാബി സീസണിലാണ്.
തുലാവർഷം രാജ്യത്തെ വാർഷിക മഴയുടെ 12 ശതമാനമേ നൽകുന്നുള്ളൂ. എന്നാൽ ചില മേഖലകളിൽ അതിന്റെ സംഭാവന വളരെ വലുതാണ്. ദക്ഷിണേന്ത്യയുടെ കിഴക്കൻ തീരത്തു വാർഷിക മഴയുടെ 40 ശതമാനം തുലാവർഷത്തിൽനിന്നാണ്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെക്കൻ കർണാടകം എന്നിവിടങ്ങളിലെ കാർഷികമേഖലയുടെ മുഖ്യ ജലസ്രോതസ് തുലാവർഷമാണ്. പശ്ചിമഘട്ടത്തിലെ തമിഴ്നാടിന്റെ ഡാമുകൾ നിറയുന്നത് ആ സമയത്താണ്. കേരളത്തിലെ ഇടുക്കി അടക്കം പ്രമുഖ ജലവൈദ്യുത പദ്ധതികളുടെ ജലസംഭരണത്തിൽ ഗണ്യമായ പങ്കും തുലാവർഷത്തിലാണു ലഭിക്കുന്നത്.
ഉപഭോഗം കുറയും
പശ്ചിമേഷ്യൻ യുദ്ധത്തിനും ക്രൂഡ് ഓയിൽ വിലക്കയറ്റത്തിനും പിന്നാലെയുള്ള വരൾച്ചഭീഷണി സാമ്പത്തികവളർച്ചയ്ക്കു വരുത്തുന്ന ആഘാതം ചെറുതായിരിക്കില്ല. ഭക്ഷ്യവിലക്കയറ്റവും കുതിച്ചുയരും. രാജ്യത്തെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) യിൽ കാർഷിക മേഖലയുടെ സംഭാവന ഇപ്പോൾ 16 ശതമാനമേ ഉള്ളൂ. കാർഷികോത്പാദനം കുറയുന്നതു വഴി ജിഡിപിയിൽ നേരിട്ടു വരുന്ന കുറവ് ചെറുതായിരിക്കും. എന്നാൽ, മറ്റു രണ്ടു കാര്യങ്ങളുണ്ട്.
ഒന്ന്: ഇപ്പോഴും ജനസംഖ്യയുടെ 50 ശതമാനത്തിലധികം കാർഷികമേഖലയെ ആശ്രയിച്ചാണു കഴിയുന്നത്. അവരുടെ വരുമാനം ഗണ്യമായി കുറയും.
രണ്ട്: കാർഷിക വരുമാനം കുറയുമ്പോൾ ഗ്രാമീണ മേഖലയിൽ ഉപഭോഗം കുറയും. സോപ്പ്, അലക്കുപൊടി, ഷാംപൂ എന്നിവ തുടങ്ങി വസ്ത്രങ്ങളും ടൂവീലറുകളും വരെയുള്ളവയുടെ വിൽപന കുറയും. കെട്ടിട നിർമാണവും അറ്റകുറ്റപ്പണികളും നീട്ടിവയ്ക്കും. അതെല്ലാം ജിഡിപി വളർച്ചയെ പിന്നോട്ടടിക്കും.
നാലു വർഷത്തിനു ശേഷം ഇന്ത്യ ഗോതമ്പ് കയറ്റുമതി ആരംഭിച്ചു മാസങ്ങൾക്കകമാണ് വരൾച്ചാ ഭീഷണി. അരി കയറ്റുമതിയിലെ നിയന്ത്രണങ്ങൾ മുഴുവൻ നീക്കിയിട്ടില്ല. മഴക്കുറവും വരൾച്ചയും മൂലം കാർഷികോത്പാദനം ഗണ്യമായി കുറഞ്ഞാൽ വീണ്ടും കയറ്റുമതി നിയന്ത്രണങ്ങൾ വരും. അതു ലോകവിപണിയിൽ ധാന്യ വിലക്കയറ്റമുണ്ടാക്കും.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) വലിയ ബഫർ സ്റ്റോക്ക് കരുതുന്നുണ്ടെങ്കിലും വരൾച്ച കടുത്താൽ അതു മതിയാകണമെന്നില്ല. ഏപ്രിൽ ആരംഭത്തിൽ എഫ്സിഐയുടെ ഭക്ഷ്യധാന്യ സ്റ്റോക്ക് 604 ലക്ഷം ടൺ ആണ്. ബഫർ സ്റ്റോക്ക് നിബന്ധനയുടെ മൂന്നിരട്ടി വരും ഇത്. പക്ഷേ അതുകൊണ്ട് കാര്യങ്ങൾ ഭദ്രമാണെന്നു കരുതേണ്ട. അരിയും ഗോതമ്പുമടക്കം രാജ്യത്ത് ഉത്പാദിപ്പിച്ച ധാന്യങ്ങളുടെ 16 ശതമാനം മാത്രമാണ് ഈ സ്റ്റോക്ക്. പൊതുവിതരണ ശൃംഖലയിലെ കേന്ദ്ര വിഹിതത്തിനു മാത്രമേ ഇതു തികയൂ.
ഇന്ത്യയിലെ ഭക്ഷ്യവിളകൾ 2025-26ലെ ഉത്പാദനം (ലക്ഷം ടൺ)
അരി - ഖാരിഫ് 1247.58
റാബി 181.07
വേനൽ 111.59
ആകെ 1540.24
ഗോതമ്പ് - റാബി 1206.57
ചോളം - ഖാരിഫ് 302.47
റാബി 159.03
പരുക്കൻ ധാന്യങ്ങൾ - ഖാരിഫ് 425.89
റാബി 213.41
പയറുവർഗങ്ങൾ - 274.09
എണ്ണക്കുരുക്കൾ- ഖാരിഫ് 265.33
റാബി 144.65
കരിമ്പ് - 5001.97
District News
കോട്ടയം: മണ്‍സൂണ്‍ വെറും മഴക്കാലം മാത്രമല്ല, യാത്രകള്‍ ചെയ്യാനും കാഴ്ചകള്‍ കാണാനുമുള്ള സമയം കൂടിയാണ്. ഈ മണ്‍സൂണ്‍ കാലത്ത് അപൂര്‍വ ജൈവവൈവിധ്യ ആവാസവ്യവസ്ഥകളെ അടുത്തറിയാനും ആസ്വദിക്കാനും പദ്ധതികളൊരുക്കി കേരള വനം വികസന കോര്പറേഷന് ലിമിറ്റഡ്.
നിലവില്‍ കോര്‍പറേഷന്റെ കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ മണ്‍സൂണ്‍ ആസ്വദിക്കാനുള്ള പാക്കേജുകളാണ് അവതരിപ്പിക്കുന്നത്. വയനാട്ടിലെ കമ്പമല, പാലക്കാട്ടെ നെല്ലിയാമ്പതി, ഇടുക്കിയിലെ മീശപ്പുലിമല, പത്തനംതിട്ടയിലെ ഗവി, തിരുവനന്തപുരത്തെ അരിപ്പ, കല്ലാര്‍ എന്നിവിടങ്ങളിലാണ് കോര്‍പറേഷന്റെ ഡെസ്റ്റിനേഷനുകള്‍.
മണ്‍സൂണ്‍മഴയെ തടഞ്ഞുനിര്‍ത്തി ഭൂപ്രകൃതിയും ജൈവവൈവിധ്യവും നിലനിര്‍ത്തുന്ന പച്ചപ്പുല്ലണിഞ്ഞ മലനിരകളും ചോലക്കാടുകളും തനതു ഭാവത്തില്‍ ആസ്വദിക്കാനും പശ്ചിമ ഘട്ടത്തില്‍ മാത്രം കാണുന്ന അപൂര്‍വയിനം ജീവജാലങ്ങളെ കാണാനും സൗകര്യമൊരുക്കുന്ന പാക്കേജുകളാണ് തയാറാക്കുന്നത്. കമ്പമലയില്‍ വയനാടിന്റെ ഏകാന്തതയിലേക്കും ഗോത്രസംസ്കാരത്തിലേക്കും ഒരു മടക്കയാത്ര നടത്താവുന്ന രീതിയിലാണ് പാക്കേജ്. മീശപ്പുലിമലയില്‍ റോഡോവാലിയിലേക്ക് സാഹസികയാത്രയാണ് ഒരുക്കിയിരിക്കുന്നത്. ട്രക്കിംഗ് അനുവദനീയമായ ഏറ്റവും ഉയര്‍ന്ന മലനിരയാണ് മീശപ്പുലിമല.
ഗവിയില്‍ വനഭംഗിയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. നീലഗിരി മാര്‍ട്ടന്‍ ഉള്‍പ്പെടെയുള്ള അപൂര്‍വ വന്യജീവികളെ കാണാനും അവസരം ലഭിച്ചേക്കാം. നെല്ലിയാമ്പതിയില്‍ സുഗന്ധവ്യഞ്ജനത്തോട്ടങ്ങളുടെ ഭംഗിയാണ്. ഒപ്പം മലമുഴക്കിവേഴാമ്പലുകളുടെ ആവാസകേന്ദ്രവും നിത്യഹരിതവനങ്ങളും നിറഞ്ഞ മനോഹരദേശം.
തിരുവനന്തപുരം ജില്ലയിലെ അരിപ്പയും കല്ലാറും മണ്‍സൂണ്‍ യാത്രകളിലെ വേറിട്ടൊരനുഭവമായിരിക്കും. അപൂര്‍വ പക്ഷികളും മലനിരകളും ചോലക്കാടുകളും ഉള്‍പ്പെടുന്നതാണ് അരിപ്പ. ജാതിവനചതുപ്പും കാണാം. പൊന്മുടി മലനിരകളുടെ മടിത്തട്ടിലൊരു വിശ്രമകേന്ദ്രമാണ് കല്ലാര്‍. മനോഹരമായ കാട്ടുചോലകളും തണുത്ത കാറ്റുമുള്ള സ്ഥലമായ ഇവിടം. കാട്ടിലൂടെയുള്ള നടത്തത്തിനും ശാന്തമായ വിശ്രമത്തിനും പറ്റിയയിടമാണ്.
പരിസ്ഥിതിസൗഹൃദ മേഖലകളായതിനാല്‍ ഒരു സമയം കുറച്ചുപേരെയേ അനുവദിക്കൂ. 1750 രൂപ മുതല്‍ 7500 രൂപ വരെയുള്ള വിവിധ പാക്കേജുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. www.https://kfdceo tourism.com വെബ് സൈറ്റ് വഴി ബുക്ക് ചെയ്യാം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തി പ്രാപിക്കുന്നതാണ് കാരണം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മഴയിലും വലിയ കുറവുണ്ടാകും.
അതേസമയം സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല.
മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൊമാലിയന്‍ തീരം, ഒമാന്‍ തീരം, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന തെക്ക് പടിഞ്ഞാറന്‍-വടക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം: തിമിർത്തു പെയ്യുന്ന തെക്കുപടിഞ്ഞാറൻ കാലവർഷം ഒരാഴ്ച പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 22 ശതമാനം അധികമഴ. ജൂണ്‍ ഒന്നു മുതൽ ഇന്നലെ വരെ 201.8 മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് 245.4 മില്ലിമീറ്റർ മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
എട്ടു ജില്ലകളിൽ ഇതിനോടകം ശരാശരിക്കു മുകളിൽ മഴ ലഭിച്ചപ്പോൾ മറ്റു ജില്ലകൾ ശരാശരി തികച്ചു. എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഇന്നലെ വരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചതെന്നും വരും ദിവസങ്ങളിലും സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഞായറാഴ്ചയും ആലപ്പുഴ, എറണാകുളം ജില്ലകളിൽ തിങ്കളാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അടുത്ത 24 മണിക്കൂർകൂടി കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Kerala
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ആയുഷ് വിഭാഗത്തിനു കീഴില്‍ ‘ഋതുസുരക്ഷ -2026’ മഴക്കാല ആയുര്‍വേദ ആരോഗ്യസംരക്ഷണ ചികിത്സാപദ്ധതി ആരംഭിച്ചു.
മഴക്കാലത്ത് പനി, വിവിധ അണുബാധകള്‍ തുടങ്ങിയ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധശേഷി വര്‍ധിപ്പിച്ചു ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ‘ഋതുസുരക്ഷ’ ചികിത്സയിലൂടെ സാധിക്കും.
ശരീരത്തില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളും വിഷാംശങ്ങളും നീക്കം ചെയ്ത് ആരോഗ്യകരമായ അവസ്ഥ പുനഃസ്ഥാപിക്കുകയാണ് ചികിത്സയിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യമുള്ളവര്‍ക്കും രോഗബാധിതര്‍ക്കും ഒരുപോലെ പ്രയോജനകരമായ പദ്ധതിയാണിത്.
കിഴി, ഉത്സാദനം, ധൂമം, പഞ്ചകര്‍മ ചികിത്സകളായ വമനം, വിരേചനം, വസ്തി, രക്തമോക്ഷം എന്നിവ ഉള്‍പ്പെടെ ചികിത്സയുടെ ഭാഗമായി ലഭ്യമാകും. ഇതോടൊപ്പം ഭക്ഷണക്രമം, ജീവിതശൈലീ മാറ്റങ്ങള്‍, ആരോഗ്യകരമായ ദിനചര്യകള്‍ എന്നിവയെക്കുറിച്ചുള്ള കൗണ്‍സലിംഗും നല്കുന്നു. ഇന്‍ പേഷ്യന്റുകള്‍ക്ക് ശാരീരിക വ്യായാമങ്ങള്‍, ശ്വസനാഭ്യാസങ്ങള്‍, മാനസികാരോഗ്യ പരിപാലന മാര്‍ഗങ്ങള്‍ എന്നിവയും നിര്‍ദേശിക്കുന്നു.
ചികിത്സകള്‍ ഒപി അടിസ്ഥാനത്തിലും ഐപി അടിസ്ഥാനത്തിലും ലഭ്യമാണ്. നാഡീവ്യൂഹം, അസ്ഥി, പേശി സംബന്ധമായ രോഗങ്ങള്‍, സ്ത്രീകളെയും കുഞ്ഞുങ്ങളെയും ബാധിക്കുന്ന വിവിധ രോഗങ്ങള്‍, ഗര്‍ഭകാല-പ്രസവാനന്തര പരിചരണം, ജീവിതശൈലീ രോഗങ്ങള്‍, ചര്‍മസംരക്ഷണവും പുനരുദ്ധാരണവും, വാതരോഗങ്ങള്‍, നട്ടെല്ല്, ഡിസ്ക്, അസ്ഥി, സന്ധിസംബന്ധമായ രോഗങ്ങള്‍, വിവിധ അലര്‍ജി രോഗങ്ങള്‍, അപകടാനന്തര പുനരധിവാസ ചികിത്സ, വിഷചികിത്സ, സ്പോര്‍ട്സ് മെഡിസിന്, റിലാക്സേഷന് തെറാപ്പി, റീജുവനേഷന്‍ തെറാപ്പി, ബ്യൂട്ടി കെയര്‍ തെറാപ്പി തുടങ്ങിയ വിവിധ സേവനങ്ങളും ചികിത്സകളും ആയുര്‍വേദ, നാച്ചുറോപ്പതി വിഭാഗങ്ങളുടെ കീഴില്‍ ലഭ്യമാണ്.
വിവരങ്ങള്‍ക്ക് 9188525954 എന്ന നമ്പറിൽ ബന്ധപ്പെടാം.
District News
അടിമാലി: കൊച്ചി - ധനുഷ്ക്കോടി ദേശീയപാതയിലൂടെ മൂന്നാറിലേക്ക് സഞ്ചരിക്കുന്നവരുടെ ശ്രദ്ധകവരുന്നതാണ് തട്ട് തട്ടായി താഴേക്ക് പതിക്കുന്ന ചീയപ്പാറ വെള്ളച്ചാട്ടം. വേനലിന് ശേഷം മണ്‍സൂണ്‍ എത്തിയതോടെ വറ്റിവരണ്ട് കിടന്നിരുന്ന ചീയപ്പാറ വെള്ളച്ചാട്ടം സജീവമായി.
ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് ചീയപ്പാറയില്‍ ഇറങ്ങി ജലപാതത്തിന്റെ ഭംഗിയാസ്വദിച്ച് കടന്നുപോകുന്നത്. വിദേശ വിനോദ സഞ്ചാരികളും അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവരുമൊക്കെയാണ് അധികവും ജലപാതത്തിന്റെ ഭംഗിയാസ്വദിക്കാന്‍ ചീയപ്പാറയില്‍ ഇറങ്ങുന്നത്.
പച്ചപ്പിന് നടുവിലാണ് ചീയപ്പാറ ജലസമൃദ്ധി തീര്‍ക്കുന്നത്. സഞ്ചാരികളുടെ തിരക്കാരംഭിച്ചതോടെ വെള്ളച്ചാട്ടങ്ങളുമായി ചേര്‍ന്നുനിന്നിരുന്ന വ്യാപാര സമൂഹവും സജീവമാണ്.
Kerala
തിരുവനന്തപുരം: അടുത്ത 48 മണിക്കൂറില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Kerala
ആലപ്പുഴ: സംസ്ഥാനത്ത് 52 ദിവസങ്ങൾ നീളുന്ന ട്രോളിംഗ് നിരോധനം ഒമ്പതിന് അർധരാത്രി ആരംഭിക്കും. ജൂലൈ 31 അർധരാത്രി വരെയാണ് നിരോധനം. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷയുടെ കാലമാണിത്.
കേരളത്തിൽ മൺസൂൺ കാലത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുകയും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.
മത്സ്യസമ്പത്ത് വർധിപ്പിക്കാനും അതുവഴി മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ഉറപ്പുവരുത്താനും പോഷകമൂല്യമുള്ള മത്സ്യങ്ങളുടെ വംശവർധനവിനും വേണ്ടി കേന്ദ്രസർക്കാരാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.
1988 മുതലാണ് ഇന്ത്യയിൽ നിരോധനം നടപ്പിലാക്കിയത്. വളരെ ചെറിയ കണ്ണികളുള്ള ട്രോളിംഗ് വലകൾ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കാണു നിരോധനം.
മൺസൂൺ മത്സ്യങ്ങളുടെ പ്രധാന പ്രജനനകാലം
മൺസൂൺ കാലയളവാണ് മത്സ്യങ്ങളുടെ പ്രധാന പ്രജനനകാലം. തെക്കുപടിഞ്ഞാറൻ മൺസൂൺ ഈ പ്രക്രിയയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമായതിനാൽ ട്രോളിംഗ് വഴി മത്സ്യമുട്ടകളും മത്സ്യക്കുഞ്ഞുങ്ങളും തള്ളമത്സ്യങ്ങളും നശിക്കുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമാണ്. സമുദ്രമത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനായാണ് ട്രോളിംഗ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
എന്നാൽ വള്ളങ്ങളും ഇൻബോർഡ് ബോട്ടുകളും ഉപയോഗിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിംഗ് സമയത്തും കടലിൽ പോകാൻ അനുവാദമുണ്ട്. പരമ്പരാഗത വള്ളങ്ങൾക്ക് 22 കിലോമീറ്റർ, 12 നോട്ടിക്കൽ മൈൽ പരിധിയിൽ മീൻ പിടിക്കാം. മൺസൂൺ കാലത്ത് മീനുകൾ മുട്ടയിട്ട് പെരുകുന്നത് 0 മുതൽ 12 നോട്ടിക്കൽ മൈൽ വരെയുള്ള തീരക്കടലിലാണ്. ഈ സ്ഥലം സംരക്ഷിക്കാൻ വേണ്ടിയാണ് വലിയ ട്രോളറുകളെ കയറ്റാത്തത്. ചെറിയ വള്ളങ്ങൾക്ക് ഈ ഏരിയയിൽ തന്നെ മീൻപിടിക്കാം.
അതുകൊണ്ട് തന്നെ ട്രോളിംഗ് നിരോധന സമയം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷയുടെ കാലമാണ്. ട്രോളിംഗ് നിരോധന സമയത്ത് മീൻ കുറവായതിനാൽ മത്സ്യവില കുതിച്ചുയരുന്നതാണ് കാരണം. ഇതോടെ ഇവരുടെ മത്സ്യകൊയ്ത്തിന് ഡിമാൻഡ് ഏറുന്നു. അതിനാൽ വള്ളങ്ങളുടെയും വലയുടെയും കേടുപാടുകൾ തീർത്ത് ട്രോളിംഗ് കാലത്തെ മത്സ്യബന്ധനത്തിനായുള്ള തയാറെടുപ്പുകൾ നടത്തുകയാണ് മത്സ്യത്തൊഴിലാളികൾ.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷമെത്തിയതിനു പിന്നാലെ കനത്ത മഴ തുടരുന്നു. പലയിടങ്ങളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
ഇന്ന് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ, ചൊവ്വാഴ്ച വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്.
കൂടാതെ, ചൊവ്വാഴ്ച വരെ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും റെഡ് അലർട്ടാണ്.
അതേസമയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും ഞായറാഴ്ച തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.
കൂടാതെ, ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും ചൊവ്വാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ടാണ്.
അടുത്ത മൂന്നു ദിവസത്തിനുള്ളിൽ മധ്യ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ഗോവ പൂർണമായും, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക എന്നിവയുടെ ചില ഭാഗങ്ങൾ, തമിഴ്നാടിന്റെ ബാക്കി ഭാഗങ്ങളും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും, മധ്യ-പടിഞ്ഞാറൻ, മധ്യ-കിഴക്കൻ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങൾ എന്നീ മേഖലകളിലേക്ക് തെക്കുപടിഞ്ഞാറൻ കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ട്.
മധ്യ-കിഴക്കൻ അറബിക്കടലിൽ ഗോവ തീരത്തിന് മുകളിലെ ചക്രവാതച്ചുഴി നിലവിൽ തീരദേശ കർണാടകയ്ക്കും സമീപപ്രദേശങ്ങൾക്കും മുകളിലായി നിലകൊള്ളുന്നു. വടക്കൻ ആൻഡമാൻ കടലിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി നിലവിൽ മ്യാൻമറിനും അതിനോട് ചേർന്നുള്ള ആൻഡമാൻ കടലിനും മുകളിലായി സ്ഥിതി ചെയ്യുന്നു. ഇവയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.
Kerala
തിരുവനന്തപുരം: ശനിയാഴ്ച വരെ സംസ്ഥാന് അതിശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കാണു സാധ്യത. ഇന്നു മുതൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. യെല്ലോ അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അടുത്ത 24 മണിക്കൂറിൽ ഏഴു മുതൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ 11 മുതൽ 20 സെന്റിമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കുമാണു സാധ്യത.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും ശനിയാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും ശനിയാഴ്ച വരെ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
Kerala
തിരുവനന്തപുരം: കാലവർഷം കേരള തീരത്തിന്റെ പടിവാതിൽക്കൽ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴു ജില്ലകളിൽ വിവിധ ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ബുധൻ, വ്യാഴം ദിവസങ്ങളിലും പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ വ്യാഴാഴ്ചയുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു ജില്ലകളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 11 മുതൽ 20 സെന്റീമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത.
Business
ആശാനേ, കാലവർഷം ചതിക്കുമോ? നിക്ഷേപ മേഖലയിൽ പുതിയ ആശങ്ക തലയുയർത്തി. അറബിക്കടലിൽ മഴമേഘങ്ങൾ ഇടംപിടിച്ചിച്ചെങ്കിലും കേരളത്തിന്റെ തീരങ്ങളിലേക്ക് മൺസൂൺ മേഘങ്ങൾ ഇനിയും പ്രവേശിച്ചിട്ടില്ല. ഇതിനിടയിൽ കാലവർഷം ദുർബലമാവുമെന്ന കേന്ദ്ര ഏജൻസിയുടെ വിലയിരുത്തൽ ധനമന്ത്രാലയം ശരിവച്ചത് കണക്കുകൂട്ടിയാൽ നാണയപ്പെരുപ്പം പിടിച്ചാൽ കിട്ടാത്ത വിധം മുന്നേറാം.
രാജ്യാന്തര ക്രൂഡ് ഓയിൽ വില സാങ്കേതികമായി ദുർബലാവസ്ഥയിലേക്ക് മുഖംതിരിക്കാൻ ഒരുങ്ങുന്നത് ഡോളറിനു മുന്നിൽ നിവർന്നു നിൽക്കാൻ ഇന്ത്യൻ രൂപയ്ക്ക് ഊർജം പകരാം. സെൻസെക്സ് 640 പോയിന്റും നിഫ്റ്റി സൂചിക 172 പോയിന്റ് പ്രതിവാര നഷ്ടത്തിലാണ്. ഡെയ്ലി ചാർട്ടിൽ മുൻനിര ഇൻഡക്സുകൾ രണ്ടും സാങ്കേതികമായി സെല്ലിംഗ് മൂഡിലായതിനാൽ ഓപ്പറേറ്റർമാർ വില്പനത്തോത് ഉയർത്താം. ഇതിനിടയിൽ കാലവർഷം മുംബൈ തീരത്ത് എത്താൻ വൈകിയാൽ അതിന്റെ പ്രതിഫലനം വിപണിയെ പിടിച്ചുലയ്ക്കാം.
മുൻ ലക്കം ഇതേ കോളത്തിൽ നൽകിയ സൂചനകൾ ശരിവയ്ക്കുന്ന വിധത്തിലായിരുന്നു നിഫ്റ്റിയുടെ നീക്കങ്ങൾ. നിഫ്റ്റിക്ക് 50 ഡേ മൂവിംഗ് ആവറേജിനു മുകളിൽ സ്ഥിരത കണ്ടെത്താൻ ശ്രമം നടത്തിയാൽ 350 – 400 പോയിന്റ് റാലിക്കുള്ള ഊർജം കൈവരിക്കുമെന്നു വ്യക്തമാക്കിയത് ശരിവച്ച സൂചിക 23,719 പോയിന്റിൽനിന്നും കൃത്യം 24,087 വരെ ഉയർന്നു. അതേസമയം, ഡെയ്ലി ചാർട്ട് എംഎസിഡി ദുർബലാവസ്ഥയിലേക്ക് തിരിയുന്നത് ഊഹക്കച്ചവടക്കാരെ വില്പനക്കാരാക്കുമെന്ന് അന്നു സൂചന നൽകിയത് പോലെ തന്നെ സംഭവിച്ചു.
മുൻനിര ഓഹരികളിൽ അലയടിച്ച വില്പന തരംഗത്തിൽ നിഫ്റ്റി 23,490ലേക്ക് ഇടിഞ്ഞെങ്കിലും ഈ അവസരത്തിൽ വിപണി 23,418ലെ സപ്പോർട്ട് നിലനിർത്തി. അതേസമയം, വാരത്തിന്റെ അവസാന മൂന്നു ദിവസങ്ങളിൽ 50 ഡേ മൂവിംഗ് ആവറേജിനു മുകളിൽ ഇടംപിടിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടത് ദുർബലാവസ്ഥയെ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഹ്രസ്വകാലയളവിലേക്ക് നിക്ഷേപത്തിന് ഒരുങ്ങുന്നവർ രണ്ടു തവണ ഇരുത്തി ചിന്തിക്കുന്നത് അഭികാമ്യം.
വിപണിയിൽ ഇപ്പോൾ അനുഭവപ്പെടുന്ന സാങ്കേതിക തിരുത്തലുകൾ ദീർഘകാല നിഷേപകർക്ക് അനുകൂല അവസരമാവും തുറന്നുതരിക. വാരാന്ത്യം നിഫ്റ്റി 23,547 പോയിന്റിലാണ്. ഈവാരം ആദ്യ സപ്പോർട്ട് 23,329ലാണ്, വില്പന സമ്മർദത്തിൽ വിപണി ആടിയുലഞ്ഞാൽ സൂചിക 23,111 - 22,514 റേഞ്ചിലേക്ക് തിരുത്തലിനു ശ്രമിക്കാം. ഇൻഡക്സ് മുന്നേറിയാൽ 23,926 – 24,305 പോയിന്റിൽ തടസം നേരിടാം.
ബോംബെ സെൻസെക്സ് മുക്കൽ ലക്ഷം പോയിന്റിനു മുകളിൽ സ്ഥിരതയ്ക്ക് നടത്തിയ ശ്രമം പരാജയപ്പെട്ടു. സൂചിക മുൻവാരത്തിലെ 75,415 പോയിന്റിൽ നിന്നും വാരത്തിന്റെ ആദ്യ പകുതിയിൽ മികവ് കാണിച്ച് ഒരവസരത്തിൽ 76,613 വരെ കയറിയെങ്കിലും രണ്ടാം പ്രതിരോധമായി സൂചിപ്പിച്ച 76,975ലേക്ക് കയറാനായില്ല. ഇതിനിടയിൽ ബ്ലൂചിപ്പ് ഓഹരികളിൽ ഉടലെടുത്ത വില്പന സമ്മർദം പിന്നീട് സെൻസെക്സിനെ 74,601ലേക്ക് ഇടിച്ചു, ക്ലോസിംഗ് വേളയിൽ സെൻസെക്സ് 74,775 ലാണ്. നിലവിലെ ചലനങ്ങൾ കണക്കിലെടുത്താൽ സൂചിക 74,046 – 73,317 റേഞ്ചിലേക്ക് പരീക്ഷണങ്ങൾക്ക് മുതിരാം. ഈ അവസരത്തിൽ വാങ്ങൽ താത്പര്യം കുറഞ്ഞാൽ തിരുത്തൽ 71,300 റേഞ്ചിലേക്ക് നീളാം. തകർച്ചയിൽനിന്നും പൊടുന്നെ ഒരു തിരിച്ചുവരവുണ്ടായാൽ വിപണിക്ക് 76,058 - 77,314ൽ പ്രതിരോധം തലയുയർത്താം.
രൂപ മികവിനു തയാറെടുക്കുന്ന വിവരം മുൻ വാരം സൂചിപ്പിച്ചിരുന്നു. ഡോളറിനു മുന്നിൽ 95.68ൽനിന്നും ഒരുഘട്ടത്തിൽ 95.90ലേക്ക് ദുർബലമായെങ്കിലും വാരത്തിന്റെ രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവിൽ മുൻ വാരം വ്യക്തമാക്കിയ 94.90ലേക്ക് കരുത്ത് നേടാനുള്ള ശ്രമത്തിന്റെ ഭാഗമായി 94.99ലെത്തി. വിപണിയുടെ ചലനങ്ങൾ വീക്ഷിച്ചാൽ 94.37ലേക്ക് കരുത്ത് നേടാം.
വിദേശ ഫണ്ടുകൾ വാരത്തിന്റെ തുടക്കത്തിൽ 821.75 കോടി രൂപയുടെ നിക്ഷേപം നടത്തി. എന്നാൽ, പിന്നീടുള്ള ദിവസങ്ങളിൽ 25,556.43 കോടി രൂപയുടെ ബാധ്യതകൾ വിറ്റഴിച്ചു. ഒരു മാസകാലയളവിൽ വിദേശ ഓപ്പറേറ്റർമാർ ഏകദേശം 55,000 കോടി രൂപയുടെ ഓഹരികളാണു വിറ്റത്. ആഭ്യന്തര ഫണ്ടുകൾ പോയവാരം 25,803.45 കോടി രൂപയുടെ നിക്ഷേപം നടത്തി.
ക്രൂഡ് ഓയിൽ വിപണിയിൽ ശക്തമായ സാങ്കേതിക തിരുത്തൽ. ബ്രെന്റ് ക്രൂഡ് ഓയിൽ അവധി വില ബാരലിനു 12 ശതമാനം ഇടിഞ്ഞ് 91 ഡോളറായി. പശ്ചിമേഷ്യ ശാന്തമാകുമെന്ന സൂചന നിക്ഷേപകരെ ലാഭമെടുപ്പിനു പ്രേരിപ്പിച്ചു. തിരുത്തൽ സംഭവിച്ചാൽ എണ്ണ വില 82‐80 ഡോളർ വരെ പരീക്ഷണങ്ങൾ നടത്താം. എണ്ണ ഇറക്കുമതിയിൽ മുൻനിരയിലെ ഇന്ത്യക്കും ചൈനയ്ക്കും വിലയിടിവ് ആശ്വാസം പകരും.
ന്യൂയോർക്ക് എക്സ്ചേഞ്ചിൽ സ്വർണ വില ട്രോയ് ഔൺസിന് 4508 ഡോളറിൽ നിന്നു വാരമധ്യം 4368 ഡോളറിലേക്ക് ഇടിഞ്ഞു. എന്നാൽ, വാരാന്ത്യ ക്ലോസിംഗിൽ 4538 ഡോളറിലാണ്. വിപണിയുടെ ചലനങ്ങൾ സാങ്കേതികമായി വീക്ഷിച്ചാൽ 3800-3600 ഡോളറിലേക്ക് നിരക്ക് വരും മാസങ്ങളിൽ താഴാൻ സാധ്യത.
Kerala
തിരുവനന്തപുരം: കാലവർഷത്തിന്റെ വരവറിയിച്ച് സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്നലെയും സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്തു.
വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത.
കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെയും എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ചൊവ്വാഴ്ചയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ബുധനാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച വരെ കേരളതീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്നലെ പെയ്ത മഴ:എറണാകുളം സൗത്ത് 10, കൊച്ചി ഒന്‍പത്, ചേര്‍ത്തല എട്ട്, മണ്ണാര്‍ക്കാട് നാല്, കോഴിക്കോട്, പൊന്നാനി, കായംകുളം മൂന്ന് സെന്റിമീറ്റര്‍ വീതം.
District News
എടത്വ: മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം വിളിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കൃത്യമായ ഏകോപനത്തോടെ പ്രവർത്തിച്ചില്ലെങ്കിൽ മഴക്കാല പ്രതിസന്ധികളെ ഫലപ്രദമായി നേരിടാന്‍ സാധിക്കില്ല.
തോട്ടപ്പള്ളി സ്പില്‍വേ, തണ്ണീര്‍മുക്കം ബണ്ട് എന്നിവയുടെ നിലവിലെ പ്രവര്‍ത്തനക്ഷമത അടിയന്തരമായി വിലയിരുത്തി ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തണം. ജലനിരപ്പ് നിയന്ത്രിക്കുന്ന സംവിധാനങ്ങള്‍ മഴ ശക്തമാകുന്നതിന് മുമ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും മഴക്കാല ദുരിതം പരമാവധി കുറയ്ക്കുന്നതിനുമായി സര്‍ക്കാര്‍ സമയബന്ധിത ഇടപെടല്‍ നടത്തുമെന്നാണ്പ്രതീക്ഷിക്കുന്നതെന്നും എംപി കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ശനിയാഴ്ചയോടെ കേരളത്തിൽ പെയ്തുതുടങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്നു ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് കാലവർഷം പെയ്തു തുടങ്ങാനുള്ള അന്തരീക്ഷ സാഹചര്യങ്ങൾ നിലവിൽ അനുകൂലമാണെന്നാണ് നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
അതേസമയം തെക്കുകിഴക്കൻ അറബിക്കടലിലും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ചക്രവാതച്ചുഴികളുടെ സ്വാധീനത്താൽ സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും. എന്നാൽ അടുത്ത നാല് ദിവസം സംസ്ഥാനത്ത് എവിടെയും കനത്ത മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അതേസമയം വേനൽമഴ കണക്കിൽ കേരളം ശരാശരിക്കടുത്തെത്തി. ഇന്നലെ വരെ 310.5 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്ത് പെയ്യേണ്ടിയിരുന്നത്. ഇതിൽ 282 മില്ലിമീറ്റർ മഴ ഇന്നലെ വരെ പെയ്തു.
ഭൂരിഭാഗം ജില്ലകളിലെയും മഴക്കുറവ് നികത്തപ്പെട്ടു. ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ അധികമഴ പെയ്തതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
District News
തൊടുപുഴ: സംസ്ഥാനത്ത് അസാധാരണമായ ചൂട് രേഖപ്പെടുത്തിയ വേനലിന് ശമനം. മണ്‍സൂണ്‍ പടിവാതില്‍ക്കലെത്തി. 27നു സംസ്ഥാനത്ത് കാലവര്‍ഷം പെയ്തുതുടങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ്.
നിലവില്‍ ഇടുക്കി അണക്കെട്ടില്‍ 2320.08 അടിയാണ് ജലനിരപ്പ്. സംഭരണ ശേഷിയുടെ 23 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേദിവസം 2329.58 അടിയായിരുന്നു ജലനിരപ്പ്. വൈദ്യുതി വകുപ്പിനു കീഴിലുള്ള എല്ലാ അണക്കെട്ടുകളിലുമായി നിലവില്‍ 20 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എട്ടുശതമാനം വെള്ളം നിലവില്‍ കുറവാണ്. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിലുണ്ടായ കുറവിനെത്തുടര്‍ന്ന് ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം കുറച്ചിട്ടുണ്ട്. ഇന്നലെ ഇവിടെ 9.785 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിച്ചത്.
ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ 99.246 ദശലക്ഷം യൂണിറ്റായിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ഇതില്‍ 73.084 ദശലക്ഷം യൂണിറ്റും പുറത്തുനിന്ന് എത്തിക്കുകയായിരുന്നു.
ഇത്തവണ സാധാരണയിലും കുറവ് മഴ മാത്രമേ ലഭിക്കുകയുള്ളൂവെന്നാണ് കാലാവസ്ഥാ വകുപ്പ് നേരത്തേ അറിയിച്ചിരുന്നത്.
Kerala
തിരുവനന്തപുരം: കാലവർഷത്തിന്റെ വരവറിയിച്ച് സംസ്ഥാനത്ത് മഴ ശക്തമാകുന്നു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ചക്രവാതച്ചുഴികൾ ശക്തിപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്തിന്റെ പല മേഖലകളിലും മഴ ശക്തമായി തുടരുകയാണ്.
ഇന്നലെ ആലപ്പുഴ ജില്ലയിൽ തീവ്ര മഴ പെയ്തപ്പോൾ ആറു ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്തതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അടുത്ത 48 മണിക്കൂറിൽ തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കുകിഴക്കൻ അറബിക്കടലിലും കന്യാകുമാരി ഭാഗത്തും തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ ദ്വീപ സമൂഹങ്ങളിലും ശക്തിപ്പെടാനുള്ള സാധ്യതകൾ ശക്തമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരളത്തിൽ 26ന് കാലവർഷം എത്തിച്ചേരുമെന്നാണ് നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നത്. എന്നാൽ അതിനും ദിവസങ്ങൾക്കു മുൻപു തന്നെ കാലവർഷം പെയ്തു തുടങ്ങിയേക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
മധ്യകിഴക്കൻ അറബിക്കടൽ, തെക്കുകിഴക്കൻ അറബിക്കടൽ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, തമിഴ്നാട് തീരം എന്നിവിടങ്ങളിൽ രൂപപ്പെട്ട ചക്രവാതച്ചുഴികൾ വരും ദിവസങ്ങളിൽ കേരളത്തിൽ മഴയുടെ ശക്തികൂട്ടാനും സാധ്യതയുണ്ട്.
ചൊവ്വാഴ്ച വരെ പത്തു ജില്ലകളിൽ വിവിധ ദിവസങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത.
ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെയും ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ തിങ്കളാഴ്ചയും ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ചൊവ്വാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ദിവസങ്ങളായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Kerala
തിരുവനന്തപുരം: കാലവര്‍ഷത്തിന്റെ വരവറിയിച്ച് കേരളത്തില്‍ മഴ കനക്കുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ദിവസങ്ങളായി ശക്തമായ മഴയാണ് പെയ്യുന്നത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ചില മേഖലകളില്‍ ഇന്ന് തീവ്ര മഴ പെയ്തതായും വരും ദിവസങ്ങളിലും ശക്തമായ മഴ സംസ്ഥാനത്തുടനീളം തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ എഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത.
ദിവസങ്ങളായി മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഈ ജില്ലകളിലെ മലയോര മേഖലകളിലടക്കം താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും അടുത്ത 24 മണിക്കൂര്‍ കൂടി മത്സ്യബന്ധനത്തിനു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശനിയാഴ്ച തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ശനിയാഴ്ചയോടെ തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ കാലവർഷം എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി നിലനിന്നിരുന്ന ന്യൂനമർദം നിലവിൽ ശക്തിപ്രാപിച്ച് ശക്തി കൂടിയ ന്യൂനമർദമായി മാറിയിട്ടുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്.
ഇന്ന് മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഞായറാഴ്ച വരെ വരെ ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഈയാഴ്ച അവസാനത്തോടെ കാലവർഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്പെടാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലാണ് കാലവർഷം എത്താനുള്ള സാധ്യത പ്രവചിക്കുന്നത്.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം നിലനില്‍ക്കുന്നതിനാല്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ക്കന്‍ കര്‍ണാടകയ്ക്ക് മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴിനിലനില്‍ക്കുന്നുണ്ട്.
അടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
District News
കണ്ണൂർ ജില്ലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കടൽക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. മഴക്കെടുതികൾ നേരിടാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.
മഴ കനത്തതോടെ പലയിടത്തും ഗതാഗത തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡുകളിലേക്ക് വെള്ളം കയറിയത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ രാത്രി യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
District News
വയനാട് ജില്ലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. തുടർച്ചയായ മഴയെ തുടർന്ന് പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. പ്രധാന പുഴകളായ കബനി, പുന്നപ്പുഴ എന്നിവിടങ്ങളിൽ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മഴ കനത്തതോടെ പലയിടത്തും ഗതാഗത തടസ്സങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡുകളിലേക്ക് വെള്ളം കയറിയത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. ജില്ലയിലെ ദുരന്തനിവാരണ സേനാംഗങ്ങൾ അതീവ ജാഗ്രതയിലാണ്. അടിയന്തര സാഹചര്യം നേരിടാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, പുഴകളിലും തോടുകളിലും ഇറങ്ങരുതെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണം.
District News
കണ്ണൂർ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിശക്തമായ മഴയാണ് ലഭിച്ചത്. തുടർച്ചയായി പെയ്ത മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നഗരത്തിലെ പല പ്രധാന റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി.
കണ്ണൂർ നഗരസഭയുടെയും സമീപ പഞ്ചായത്തുകളിലെയും നിരവധി വീടുകളിൽ വെള്ളം കയറി. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ ജില്ലാ ഭരണകൂടം പൂർത്തിയാക്കിയിട്ടുണ്ട്.
കാലവർഷം കനത്തതോടെ മീൻപിടിത്തക്കാർ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുള്ളതിനാൽ പുഴകളിലും തോടുകളിലും ഇറങ്ങരുതെന്നും അധികൃതർ അറിയിച്ചു. അടുത്ത 48 മണിക്കൂറിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
District News
കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, ഇരിട്ടി താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ജൂൺ 27, 2025) അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. ഇത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ചെറിയ തോതിലുള്ള ഗതാഗത തടസ്സങ്ങൾക്കും കാരണമായിട്ടുണ്ട്. നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ലെന്ന് കളക്ടർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.
Health
മഴക്കാലം ആരംഭിച്ചതോടെ കേരളത്തിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ, മഴക്കാലം ആരംഭിക്കുന്നതോടെ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി തുടങ്ങിയ കൊതുകുജന്യ രോഗങ്ങൾ വർദ്ധിക്കുന്നതായി കാണാം.
ഇത് മുൻകൂട്ടി കണ്ട്, രോഗവ്യാപനം തടയുന്നതിനുള്ള സമഗ്രമായ പദ്ധതികളാണ് ആരോഗ്യ വകുപ്പ് ആവിഷ്കരിച്ചിട്ടുള്ളത്. കൊതുകുകളുടെ പ്രജനനം തടയുന്നതിന് ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
വീടുകളിലും പൊതുസ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക എന്നത് പരമപ്രധാനമാണ്. വ്യക്തിശുചിത്വം പാലിക്കുന്നതും, പരിസരം വൃത്തിയായി സൂക്ഷിക്കുന്നതും രോഗപ്രതിരോധത്തിന് അത്യാവശ്യമാണ്.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ പലപ്പോഴും സാധാരണ പനിയുമായി സാമ്യമുള്ളതിനാൽ തിരിച്ചറിയാൻ പ്രയാസമാണ്. കഠിനമായ പനി, പേശിവേദന, സന്ധിവേദന, തലവേദന, ഛർദ്ദി, ക്ഷീണം, കണ്ണുകൾക്ക് പിന്നിൽ വേദന, തൊലിപ്പുറത്ത് ചുവന്ന പാടുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ഈ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും താമസിക്കാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ആശുപത്രിയിലോ എത്തി വൈദ്യസഹായം തേടണം. സ്വയം ചികിത്സ ഒഴിവാക്കുകയും ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം മരുന്നുകൾ കഴിക്കുകയും ചെയ്യുക.