Image for representation
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ പ്രവചനം. ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, ഇന്ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വരുംമണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. തെക്കൻ ജാർഖണ്ഡിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങൾക്കും മുകളിലായി തീവ്രന്യൂനമർദവും സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ്, അതിനോട് ചേർന്നുള്ള കിഴക്കൻ മധ്യപ്രദേശ് എന്നീ പ്രദേശങ്ങളിലൂടെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇതിന്‍റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.
Tags : Kerala Rains Weather Updates Weather Forecast Thunderstorm Deep depression Monsoon