Kerala
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങുമെന്ന് സ്പീക്കര് എ.എൻ. ഷംസീര്. ഗവര്ണറുടെ നയപ്രഖ്യാപനം 20ന് നടക്കും.
32 ദിവസത്തെ നിയമസഭാ സമ്മേളനമാണ് ഷെഡ്യൂള് ചെയ്തിരിക്കുന്നത്. സംസ്ഥാന ബജറ്റ് ജനുവരി 29ന് അവതരിപ്പിക്കുമെന്നും സ്പീക്കര്പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വകാര്യ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനക്കണമെങ്കിൽ നിയമസഭാംഗം പരാതി നൽകേണ്ടതുണ്ടെന്നും ഷംസീര് പറഞ്ഞു.
പ്രിവിലേജസ് ആന്റ് എത്തിക്സ് കമ്മിറ്റിക്ക് പരാതി കൈമാറണമെങ്കിൽ നിയമസഭാംഗങ്ങളിൽ ആരെങ്കിലും ഒരാള് പരാതി നൽകണം. അത്തരത്തിലൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ല.
രാഹുൽ മാങ്കൂട്ടത്തില് ബലാത്സംഗ കേസിൽ അറസ്റ്റിലായത് സഭയുടെ അന്തസിനെ ബാധിക്കില്ല. സഭയുടെ അന്തസിന് എങ്ങനെയാണ് ഇത് കളങ്കമാകുക? വ്യക്തികളല്ല സഭയുടെ അന്തസ് തീരുമാനിക്കുക. ഒരു കൊട്ടയിലെ ഒരു മാങ്ങ കെട്ടാൽ എല്ലാം മോശമായി എന്ന് പറയാൻ കഴിയില്ലലോ.
സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണം, അല്ലെങ്കിൽ പഠിപ്പിക്കണം. ചില സാമാജികരുടെ ഭാഗത്ത് തെറ്റുണ്ടായാൽ എല്ലാവരെയും മോശമാക്കരുതെന്നും ജനം നല്ല പെരുമാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നും ഷംസീര് പറഞ്ഞു.
National
പാറ്റ്ന: 18-ാം ബിഹാർ നിയമസഭയുടെ ആദ്യ സമ്മേളനം ഡിസംബർ ഒന്ന് മുതൽ നടക്കും. ആദ്യ ദിവസം പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്യും.
പ്രോടേം സ്പീക്കറായിരിക്കും സത്യവാചകം ചൊല്ലിക്കൊടുക്കുക. ജെഡി-യു നേതാവ് നരേന്ദ്ര നാരായൺ യാദവിനെ കഴിഞ്ഞ ദിവസം പ്രോടേം സ്പീക്കറായി ഗവർണർ നിയമിച്ചിരുന്നു.
സമ്മേളനത്തിന്റെ രണ്ടാം ദിവസമായിരിക്കും സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. ഗയ ടൗണിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബിജെപിയിലെ പ്രേം കുമാർ സ്പീക്കർ ആകുമെന്നാണ് ലഭിക്കുന്ന സൂചന. ജെഡി-യുവും സ്പീക്കർ സ്ഥാനത്തിന് അവകാശം ഉന്നയിച്ചിട്ടുണ്ട്.
ഡിസംബർ മൂന്നിന് ഗവർണർ നിയമസഭയെയും കൗൺസിലിനെയും ഒരുമിച്ച് അഭിസംബോദന ചെയ്യും. ഡിസംബർ അഞ്ചിന് സമ്മേളനം അവസാനിക്കും.
18-ാം നിയമസഭയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൻഡിഎ 202 സീറ്റ് നേടി വിജയിച്ചിരുന്നു. തുടർന്ന് നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭാ സമ്മേളനം അവസാനിപ്പിച്ചു. കഴിഞ്ഞ മാസം 15ന് ആരംഭിച്ച സമ്മേളനം വെള്ളിയാഴ്ചവരെ ചേരാനാണു നിശ്ചയിച്ചിരുന്നത്.
എന്നാൽ ശബരിമലയിലെ ദ്വാരപാലകശില്പ്പം കാണാതായ സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെയാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ച പ്രമേയം മന്ത്രി എം.ബി.രാജേഷ് അവതരിപ്പിച്ചു.
പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു പുറത്തു പോയതിനു ശേഷമായിരുന്നു പ്രമേയം കൊണ്ടു വന്നത്. വെള്ളിയാഴ്ച അവതരിപ്പിക്കേണ്ടിയിരുന്ന ബില്ലുകൾ കൂടി ഇന്ന് പാസാക്കിയാണ് സഭ പിരിഞ്ഞത്.
ഇന്ന് നടന്ന പ്രതിഷേധത്തിൽ വാച്ച് ആൻഡ് വാര്ഡ് ചീഫ് മാർഷലിന് മർദനമേറ്റ സംഭവത്തില് മൂന്ന് പ്രതിപക്ഷ എംഎൽഎമാരെ സസ്പെൻഡ് ചെയ്തിരുന്നു. റോജി എം. ജോൺ, എം.വിൻസന്റ്, സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പ്രതിപക്ഷം സമരം കടുപ്പിക്കാൻ തീരുമാനിച്ചിരിക്കെയാണ് സമ്മേളനം വെട്ടിച്ചുരുക്കിയത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പടെയുള്ളവർ രംഗത്തെത്തി.