ലുആൻ പരിശീലനത്തിനിടെ
കണ്ണൂർ: നടക്കുന്നതിനേക്കാൾ ഉത്തമം നീന്തലാണത്രേ. വിഷയം വ്യായാമത്തെ കുറിച്ചല്ല, പിച്ചവച്ച് തുടങ്ങും മുൻപ് പള്ളിക്കുന്ന് തയ്യിൽ കുളത്തിലെ നീന്തൽ താരമായ ലുആൻ എന്ന 11 മാസം പ്രായമുള്ള കുഞ്ഞിനെ കുറിച്ചാണ്.
കഴുത്തിൽ എയർബാഗിട്ട് തയ്യിൽ കുളത്തിൽ നീന്തുന്ന ലുആൻ വെള്ളത്തെയും അതിന്റെ ആഴത്തെയും തെല്ലും പേടിക്കുന്നില്ലെന്നതാണ് കണ്ട് നിൽക്കുന്നവരിൽ പോലും ആശ്ചര്യം ഉണർത്തുന്നത്. ഏച്ചൂർ കമാൽ പീടികയിലെ റിദ്വാനിൽ അദിപിന്റെയും നർത്തകിയായ ലക്ഷ്മിശ്രീയുടെയും മകനാണ് ലുആൻ.
രണ്ടു വർഷം മുന്പ് അമ്മ ലക്ഷ്മിശ്രീ നീന്തൽ പഠിച്ച പള്ളിക്കുന്ന് തയ്യിൽ കുളത്തിൽ തന്നെയാണ് ലുആന്റെയും നീന്തൽ പരിശീലനം. ലക്ഷ്മിശ്രീയെ നീന്തൽ പഠിപ്പിച്ച സ്വിമ്മിംഗ് വേവ്സ് കൂട്ടായ്മയാണ് പിഞ്ചുകുഞ്ഞിനെയും പരിശീലിപ്പിക്കുന്നത്.
കുളക്കരയിൽ എത്തുന്പോൾ തന്നെ ലുആൻ കൊകൊട്ടി ചിരിച്ച് സന്തോഷം പ്രകടിപ്പിക്കും. കുഞ്ഞിന്റെ കഴുത്തിൽ എയർബാഗ് ഘടിപ്പിച്ച് വെള്ളത്തിലിറക്കിയാൽ പിന്നെ മുന്നോട്ടും പിന്നോട്ടും കൈകാൽ തുഴഞ്ഞ് ചിരിച്ചുല്ലസിച്ച് നീന്തൽ തുടങ്ങും. കരച്ചിലോ മടുപ്പോ ഇല്ലാതെ, എത്ര സമയം വേണമെങ്കിലും കുളത്തിൽ കഴിയുന്നതിന് തരിന്പ് പോലും പേടിയില്ല.
പ്രസവത്തിന്റെ മൂന്നു ദിവസം മുന്പു വരെ താൻ നീന്തിയിരുന്നുവെന്നും കുഞ്ഞിനെ ചെറുപ്പത്തിലേ നീന്തൽ പഠിപ്പിക്കണമെന്ന് തങ്ങൾ തീരുമാനിച്ചിരുന്നുവെന്നും ലക്ഷ്മിശ്രീ പറയുന്നു. ഇത്ര ചെറുപ്പത്തിലേ കുഞ്ഞിനെ നീന്തൽ പഠിപ്പിക്കണോ എന്നു ചോദിക്കുന്നവരോട് ഇതിലും നേരത്തെ പഠിപ്പിക്കണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നുവെന്ന് ലക്ഷ്മിശ്രീ വ്യക്തമാക്കി.
Tags : Swimming Luan Viral Session Kannur DeepikaNewspaper BreakingNews NewsUpdate Headlines