സുരേന്ദ്ര കോലി
ഹരിദ്വാർ: രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊലക്കേസിൽ സുപ്രീംകോടതി വെറുതെവിട്ട സുരേന്ദ്ര കോലിയെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും പൊലിസ് പറഞ്ഞു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഹരിദ്വാറിൽ ചായക്കട നടത്തിവരികയായിരുന്നു സുരേന്ദ്ര കോലി. പൊലിസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മരിച്ചത് സുരേന്ദ്ര കോലിയാണെന്ന് തിരിച്ചറിഞ്ഞത്. 2006 ലാണ് രാജ്യത്തെ നടുക്കിയ നിഥാരി കൊലപാതക പരമ്പര അരങ്ങേറിയത്.
കേസിൽ സുരേന്ദ്ര കോലിയും വ്യവസായി മോനീന്ദർ സിംഗ് പന്ഥറും പ്രതികളായിരുന്നു. പന്ഥറിന്റെ നോയിഡയിലെ വീടിനു പിന്നിലെ അഴുക്കുചാലിൽനിന്ന് കുട്ടികളുടെയും യുവതികളുടെയും അസ്ഥികൂടങ്ങൾ ലഭിച്ചതോടെയാണ് കൊലപാതക വിവരങ്ങൾ പുറത്തുവന്നത്.
പന്ഥറിന്റെ വീട്ടിൽ ജോലിക്കാരനായിരുന്നു സുരേന്ദ്ര കോലി. വിചാരണക്കോടതി സുരേന്ദ്ര കോലിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും തുടർന്ന് നടന്ന അപ്പീലുകളിൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.
Tags : Surender Kohli Nithari Murder Haridwar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews