സഞ്ചീത പ്രധാൻ ഡേ, മമത ബാനർജി
കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് പിളർപ്പിന് പിന്നാലെ മമത ബാനർജിക്ക് വീണ്ടും വൻ തിരിച്ചടി. നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ മമത വിഭാഗത്തിന്റെ സ്ഥാനാർഥിയായി നാമനിർദ്ദേശ പത്രിക നൽകിയ സഞ്ചീത പ്രധാൻ ഡേ മത്സരരംഗത്തുനിന്ന് പിന്മാറി. നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് ഈ നാടകീയ നീക്കം.
മമത വിഭാഗം ഞായറാഴ്ചയാണ് സഞ്ചീത പ്രധാൻ ഡേയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. അധ്യാപക നിയമന അഴിമതിയെത്തുടർന്ന് ജോലി നഷ്ടപ്പെട്ട 26,000 അധ്യാപകരിൽ ഒരാളായ സഞ്ചീതയെ സ്ഥാനാർഥിയാക്കിയത് രാഷ്ട്രീയമായി വലിയ ചർച്ചയായിരുന്നു. ഒക്ടോബർ ആറിനാണ് നന്ദിഗ്രാം, റെജിനഗർ എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
സ്ഥാനാർഥി പിന്മാറ്റത്തിന് പിന്നാലെ സഞ്ചീത പ്രധാൻ ഡേ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കണ്ടുവെന്ന വിവരങ്ങളും ചിത്രങ്ങളും പുറത്തുവന്നു. സ്ഥാനാർഥി പിന്മാറിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരെ രൂക്ഷമായ വിമർശനവുമായി മുൻ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി.
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞ ബുധനാഴ്ചയായിരുന്നു. പാർട്ടി പേരും ചിഹ്നവും അനുവദിക്കാത്തതിന് പിന്നിൽ ബിജെപിയുടെ ഗൂഢാലോചരയുണ്ടെന്ന് ആരോപിച്ച മമത നന്ദിഗ്രാമിൽ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് നടത്തിയ വാർത്താസമ്മേളനത്തിലാണ് അവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Tags : Nandigram Bypoll Sanchita Pradhan Dey Mamata Banerjee Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews