ബിനോയ് വിശ്വം
കോട്ടയം: കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‍റെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും നയങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കള്ള് ചെത്ത് വ്യവസായത്തോടും തൊഴിലാളികളോടും കഴിഞ്ഞ സർക്കാർ തെറ്റായ സമീപനമാണ് സ്വീകരിച്ചതെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
പരമ്പരാഗത തൊഴിലാളികളെ സംരക്ഷിക്കാൻ കടപ്പെട്ട സർക്കാർ അതിനായി ഒന്നും ചെയ്തില്ല. ഷാപ്പുകൾ തുറക്കുന്നതിന് ആരാധനാലയങ്ങളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള ദൂരപരിധി 400 മീറ്ററിൽ നിന്ന് കുറയ്ക്കണമെന്ന് എൽഡിഎഫ് യോഗത്തിൽ സിപിഐ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
എന്നാൽ ബാറുകൾക്ക് ദൂരപരിധി 50 മീറ്റർ മാത്രമാക്കി നൽകിയ എൽഡിഎഫ് സർക്കാർ, ഷാപ്പുകളോടും ബാറുകളോടും രണ്ട് നീതിയാണ് കാണിച്ചതെന്നും ബിനോയ് വിശ്വം തുറന്നടിച്ചു. എൽഡിഎഫ് യോഗത്തിൽ വിഷയം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി ശരിയാണെന്ന് സമ്മതിച്ചെങ്കിലും അഞ്ച് വർഷം ഒന്നും ചെയ്യാതെ കളഞ്ഞുകുളിക്കുകയായിരുന്നെന്നും ശരികൾ പാലിക്കുമ്പോഴാണ് അത് ശരികളാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ തോൽവിയുടെ കാരണങ്ങൾ എൽഡിഎഫ് നേതൃത്വം ആത്മപരിശോധന നടത്തണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‍റെ സ്വന്തം ആളുകൾ പോലും വോട്ട് ചെയ്തില്ലെന്നതാണ് യാഥാർഥ്യം.
പാർട്ടിക്കാർ വോട്ട് ചെയ്യാതിരുന്നത് തെറ്റാണെങ്കിലും, എന്തുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടിവന്നതെന്ന് എൽഡിഎഫ് തിരിച്ചറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് ജനങ്ങൾ അകന്നതെന്ന് തിരിച്ചറിയാൻ മുന്നണി തയാറാകണം. വൈക്കം, തളിപ്പറമ്പ്, പയ്യന്നൂർ, അമ്പലപ്പുഴ തുടങ്ങിയ ഉറച്ച മണ്ഡലങ്ങളിൽ എൽഡിഎഫ് തോൽക്കാൻ പാടില്ലായിരുന്നുവെന്നും മുന്നണിയുടെ വീഴ്ചകളാണ് ജനവിധിയിൽ പ്രതിഫലിച്ചതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Tags : LDF BinoyViswam Criticizes CPM CPI