ആന്റോ അഗസ്റ്റിൻ.
കൊച്ചി: വീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ എക്സൈസിന്റെ മറുപടി തേടിയ ജസ്റ്റീസ് കൗസർ എടപ്പഗത്ത് കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയിൽ ഹർജി നൽകിയത്.
മെസിതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് 43.850 ലീറ്റർ വിദേശനിർമിത മദ്യവും വൈനും ഉൾപ്പെടെ കണ്ടെടുത്തത്. തുടർന്ന് അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും വ്യാഴാഴ്ച രാവിലെ എറണാകുളത്തുനിന്ന് ആന്റോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതിനു പിന്നാലെ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. തുടർന്ന് ജാമ്യം തേടി അതിവേഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിടികൂടിയ മദ്യവുമായി തനിക്ക് ബന്ധമില്ലെന്നാണ് ജാമ്യാപേക്ഷയിലെ പ്രധാന വാദം.
2022 ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സർഫാസി നിയമപ്രകാരം ലേലം ചെയ്ത വസ്തുവാണിതെന്നും രണ്ടു കോടി രൂപയ്ക്ക് ലില്ലി ജോസ് എന്ന വ്യക്തിക്കാണ് ലേലത്തിൽ ഇതു ലഭിച്ചതെന്നും ഹർജിക്കാരൻ പറയുന്നു. കഴിഞ്ഞ നാല് വർഷമായി ഈ വസ്തുവിന്റെ ഉടമസ്ഥതയോ കൈവശാവകാശമോ തനിക്കില്ലെന്നും ഹർജിയിൽ പറയുന്നു.
Tags : Anto Augustine Excise Department High Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews