മന്ത്രി രമേശ് ചെന്നിത്തല.
തിരുവനന്തപുരം: റിപ്പോർട്ടർ ടിവി ഓഫീസിൽ പൊലിസ് നടത്തിയ പരിശോധനയിൽ പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല. പൊലിസ് അന്വേഷണം നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് നടത്തിയത്. പരിശോധനയ്ക്കിടെ ഒരു മാധ്യമപ്രവർത്തകനോടും പൊലിസ് മോശമായി പെരുമാറിയിട്ടില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി ചാനൽ ഓഫീസിലുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനകൾ പൂർണമായും നിയമാനുസൃതമാണ്. കോടതിയിൽ നിന്ന് സെർച്ച് വാറന്റ് നേടിയ ശേഷമാണ് ഒരേസമയം അഞ്ച് സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. പരിശോധനയുടെ മുഴുവൻ നടപടികളും വീഡിയോഗ്രാഫ് ചെയ്തതായും സ്വതന്ത്ര സാക്ഷികളെ പങ്കെടുപ്പിച്ചാണ് പരിശോധന പൂർത്തിയാക്കിയത്.
ചാനലിന്റെ സംപ്രേഷണം ഒരു സെക്കൻഡ് പോലും തടസപ്പെട്ടില്ല. സംപ്രേഷണത്തെ ബാധിക്കാത്ത രീതിയിലാണ് പൊലിസ് പരിശോധന പൂർത്തിയാക്കിയത്. അതിനാൽ പൊലിസിന്റെ ഭാഗത്തുനിന്ന് കൃത്യവിലോപമോ അധികാര ദുർവിനിയോഗമോ ഉണ്ടായിട്ടില്ല. ഏതെങ്കിലും മാധ്യമസ്ഥാപനത്തെ കരിവാരിത്തേക്കാനോ മാധ്യമവേട്ട നടത്താനോ ശ്രമമുണ്ടായിട്ടില്ല.
അസിസ്റ്റന്റ് കമ്മീഷണർ മാധ്യമപ്രവർത്തകർ ഉപയോഗിക്കുന്ന കസേരയിൽ ഇരുന്നതിനെയും മന്ത്രി ന്യായീകരിച്ചു. പരിശോധന കഴിയുന്നതുവരെ അസിസ്റ്റന്റ് കമ്മീഷണർ നിൽക്കണോയെന്നും മന്ത്രി ചോദിച്ചു. മെസിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കായികവകുപ്പ് സമർപ്പിച്ച റിപ്പോർട്ട് മുഖ്യമന്ത്രി പരിശോധിച്ചശേഷം ആഭ്യന്തരവകുപ്പിന് കൈമാറിയിരുന്നു.
തുടർന്ന് നിയമവശങ്ങൾ പരിശോധിക്കുകയും ലോ ആൻഡ് ഓർഡർ എഡിജിപി പി. വിജയന്റെ നേതൃത്വത്തിൽ ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുകയും ചെയ്തു. അവരാണ് തുടർ നടപടികൾക്ക് നേതൃത്വം നൽകുന്നത്. ഇതിൽ സർക്കാർ ഇടപെടില്ലെന്നും ചെന്നിത്തല പറഞ്ഞു.
Tags : RameshChennithala ReporterTV PoliceRaid Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews