പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മാറനല്ലൂർ അരുമാളൂരിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പാറശാല കുറുങ്കുണ്ടി സ്വദേശി സുകു, സുഹൃത്ത് ബിജു എന്നിവരാണ് അറസ്റ്റിലായത്.
മാറനല്ലൂർ പൊലിസാണ് ഇരുവരെയും പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെ 12:30 ഓടെയാണ് കരമന നെടുങ്കാട് സ്വദേശിയുടെ അരുമാളൂരിലെ പുരയിടത്തിലെ ചന്ദന മരം മുറിച്ചു കടത്താൻ ശ്രമിച്ചത്. ഇവിടെ ആൾ താമസമില്ലെന്ന് മനസിലാക്കിയായിരുന്നു പ്രതികളുടെ നീക്കം.
മരം വീണ ശബ്ദം കേട്ട് പുരയിടത്തിലെ നോട്ടക്കാരൻ എത്തിയപ്പോഴാണ് രണ്ട് പേർ ചേർന്ന് മരം മുറിച്ചിടുന്നത് കാണുന്നത്. പിന്നാലെ വസ്തുവിന്റെ ഉടമയെയും പൊലിസിനേയും വിവരമറിയിക്കുകയും ചെയ്തു.
പൊലിസ് എത്തി നടത്തിയ പരിശോധനയിൽ സുകു അറസ്റ്റിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാറശാല സ്വദേശി ബിജു ഒപ്പമുണ്ടായിരുന്ന വിവരം ലഭിച്ചത്. പൊലിസ് അന്വേഷണത്തിൽ ഒളിവിലായിരുന്ന ഇയാളെയും ഇന്ന് പിടികൂടുകയായിരുന്നു.
ചന്ദന മരക്കഷണങ്ങൾ കസ്റ്റഡിയിലെടുത്തു വനംവകുപ്പിനു കൈമാറി. ചന്ദനക്കൊള്ള നടത്തുന്ന സംഘങ്ങളുമായി ബന്ധമുള്ളയാളാണ് സുകുവെന്നു പൊലിസ് അറിയിച്ചു.
Tags : Attempt cut smuggle sandalwood tree arrest