പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ ഡിസി : ടെക് ഭീമനായ മൈക്രോസോഫ്റ്റിന്റെ ഔട്ട്ലുക്ക് ഉൾപ്പടെയുള്ള സേവനങ്ങൾ ആഗോളതലത്തിൽ തടസപ്പെട്ടത് സർക്കാരുകളെയും വൻകിട കോർപറേറ്റ് സ്ഥാപനങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കി.
വ്യാഴാഴ്ച ആരംഭിച്ച സാങ്കേതിക തകരാർ ഇന്നലെയും തുടർന്നതോടെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഇമെയിലുകൾ അയയ്ക്കാനോ സ്വീകരിക്കാനോ സാധിക്കാതെയായി.
ഔട്ട്ലുക്ക് ഇ മെയിൽ, മൈക്രോസോഫ്റ്റ് ടീംസ്, കോപൈലറ്റ് ഉൾപ്പടെയുള്ള സേവനങ്ങൾ തടസപ്പെട്ടതോടെ വിവിധ രാജ്യങ്ങളിലെ സർക്കാർ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും വൻകിട കമ്പനികളുടെയും ദൈനംദിന പ്രവർത്തനങ്ങൾ താറുമാറായി.
ഡിജിറ്റൽ ആശയവിനിമയ സംവിധാനങ്ങൾ നിശ്ചലമായതോടെ ചില സ്ഥാപനങ്ങൾക്ക് ഇടപാടുകൾ പൂർത്തിയാക്കാൻ പഴയകാലത്തെ ഫാക്സ് സംവിധാനത്തെപ്പോലും ആശ്രയിക്കേണ്ടിവന്നു.
സാങ്കേതിക തകരാർ നീണ്ടതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോക്താക്കൾക്ക് ഇ മെയിലുകൾ അയയ്ക്കാനോ സ്വീകരിക്കാനോ സാധിക്കാത്ത സാഹചര്യമുണ്ടായി. ഔദ്യോഗിക ആശയവിനിമയത്തിനും ഓൺലൈൻ യോഗങ്ങൾക്കും ആശ്രയിക്കുന്ന സേവനങ്ങൾ നിലച്ചത് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു.
ഡൗൺഡിറ്റക്ടറിന്റെ കണക്കനുസരിച്ച് ആദ്യ മണിക്കൂറുകളിൽ 74 രാജ്യങ്ങളിൽനിന്നായി 1.30 ലക്ഷത്തിലേറെ പരാതികളാണു ലഭിച്ചത്. ഔട്ട്ലുക്കിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള പരാതികൾ സാധാരണ നിലയേക്കാൾ 2,000 ഇരട്ടിയിലേറെയായി ഉയർന്നു.
മൈക്രോസോഫ്റ്റിന്റെ ഇ മെയിൽ, കലണ്ടർ, കോൺടാക്ട് സംവിധാനങ്ങൾ നിയന്ത്രിക്കുന്ന എക്സ്ചേഞ്ച് ഓൺലൈൻ പ്ലാറ്റ്ഫോമിലെ തകരാറാണു പ്രധാനമായും മൈക്രോസോഫ്റ്റ് 365 സേവനങ്ങളെ ബാധിച്ചതെന്നാണ് വിശദീകരണം.
അടിസ്ഥാനസൗകര്യങ്ങളുടെ ഭാഗങ്ങളിലുണ്ടായ തിരക്കും കണക്ടിവിറ്റി പ്രശ്നങ്ങളുമാണ് തടസ കാരണമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.
ഇന്ത്യയിലും തടസം
ന്യൂഡൽഹി: ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ തകരാർ ഇന്ത്യൻ വിമാനക്കമ്പനികളുടെ പ്രവർത്തനങ്ങളെയും ബാധിച്ചു. ഇമെയിൽ സേവനങ്ങൾ തടസപ്പെട്ടതോടെ ഉപയോക്താക്കളുടെ സന്ദേശങ്ങൾ സ്വീകരിക്കുന്നതിനും മറുപടി നൽകുന്നതിനും ബുദ്ധിമുട്ട് നേരിടുന്നതായി ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ കമ്പനികൾ അറിയിച്ചു.
അതേസമയം, തകരാറിനെത്തുടർന്ന് സ്പൈസ് ജെറ്റ് മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി. ഡൽഹിയിൽനിന്ന് പൂന, മുംബൈ, ലേ എന്നിവിടങ്ങളിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളാണ് സ്പൈസ്ജെറ്റ് റദ്ദാക്കിയത്.
നഷ്ടം 700 കോടി ഡോളർ
ഇമെയിൽ സേവനങ്ങൾ സാധാരണനിലയിലാക്കുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. സേവനങ്ങൾ തടസപ്പെട്ടതിലൂടെ ഉണ്ടായ ഉത്പാദനക്ഷമതാനഷ്ടം ഏകദേശം 700 കോടി ഡോളർ (65,989.53 കോടി രൂപ) വരെ എത്തിയേക്കാമെന്ന് അമേരിക്കയിലെ ആൻഡേഴ്സൺ ഇക്കണോമിക് ഗ്രൂപ്പ് വിലയിരുത്തുന്നു.
വ്യാഴാഴ്ച 2.6 കോടി ഉപയോക്താക്കളുടെയും ഇന്നലെ 5.1 കോടി ഉപയോക്താക്കളുടെയും ദൈനംദിന പ്രവർത്തനങ്ങൾ തടസപ്പെട്ട് സാമ്പത്തിക നഷ്ടമുണ്ടായതായാണു പ്രാഥമിക കണക്ക്.
Tags : Microstack Crisis Global disruption Outlook Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash