രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള പരസ്യസംവാദത്തിനുള്ള വെല്ലുവിളി ആവർത്തിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. തന്നോടുള്ള സംവാദത്തിനുശേഷം മോദിയുടെ രാഷ്ട്രീയജീവിതം അവസാനിക്കുമെന്നും രാഹുൽ പറഞ്ഞു.
മോദി തന്നെ തുടർച്ചയായി രാജ്യവിരുദ്ധനെന്നു വിശേഷിപ്പിക്കുകയാണെന്നും ആരാണു യഥാർഥ രാജ്യവിരുദ്ധനെന്ന് രാജ്യത്തിനു മുന്നിൽ തെളിയിക്കാൻ സംവാദത്തിനു തയാറാകണമെന്നും രാഹുൽ ആവശ്യപ്പെട്ടു. തന്റെ ഫോൺ ചോർത്തുന്നുണ്ടെന്നും അതിലെ തെളിവുകൾ പ്രധാനമന്ത്രിക്ക് അറിയാമെന്നും അദ്ദേഹം ആരോപിച്ചു.
സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പുതിയ വീഡിയോയിലാണ് രാഹുൽ സംവാദ വെല്ലുവിളി ആവർത്തിച്ചത്. മോദിയുടെ മനസിൽ ചെറിയ ഭയമുണ്ടെന്നും അതുകൊണ്ടാണു തന്നെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാത്തതും ആക്രമിക്കാത്തതും - രാഹുൽ പറഞ്ഞു.
കഴിഞ്ഞദിവസം ബിജെപി ആസ്ഥാനത്തു മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ മോദി ടെലിപ്രോംപ്റ്റർ ഉപയോഗിച്ചതിനെതിരേയും രാഹുൽ പരിഹാസമുയർത്തി. “നിങ്ങളുടെ ആളുകൾ, നിങ്ങളുടെ വേദി, നിങ്ങളുടെ സദസ്. എന്നിട്ടും നിങ്ങൾക്ക് ഒരു തിരക്കഥ ആവശ്യമായിവന്നു. സമ്മർദം നിങ്ങളെ ബാധിച്ചുതുടങ്ങിയെന്ന് തോന്നുന്നു” - രാഹുൽ എക്സിൽ കുറിച്ചു. തന്നോടുള്ള സംവാദത്തിന് ടെലിപ്രോംപ്റ്റർ കൂടി കൊണ്ടുവരാമെന്നും പ്രധാനമന്ത്രിക്ക് ഇഷ്ടമുള്ള ഒരാളെ വിധികർത്താവായി ഇരുത്താമെന്നും അദ്ദേഹം പരിഹസിച്ചു.
ഇൻസ്റ്റഗ്രാമിൽ നടത്തിയ ‘ആസ്ക് മീ’ സെഷനിലും രാഹുൽ സംവാദത്തിനുള്ള വെല്ലുവിളി ആവർത്തിച്ചു. സംവാദം പാർലമെന്റിൽ നടത്തണമെന്ന് ബിജെപി ആവശ്യപ്പെടുമ്പോൾ പൊതുവേദിയിൽ സംവാദത്തിനു നിർബന്ധിക്കുന്നതെന്തിനെന്ന ചോദ്യത്തിന്, പ്രധാനമന്ത്രിയുമായി നേരിട്ടുള്ള സംവാദമാണു താൻ ആഗ്രഹിക്കുന്നതെന്നായിരുന്നു മറുപടി.
ഒരുവശത്ത് പ്രധാനമന്ത്രിയും മറുവശത്ത് താനും ഇരുന്ന് പരസ്പരം ചോദ്യങ്ങൾ ചോദിക്കുകയും മറുപടി നൽകുകയും ചെയ്യുന്ന സംവാദമാണു വേണ്ടതെന്ന് രാഹുൽ വ്യക്തമാക്കി. വിധികർത്താവായി അദാനിയെയോ മോഹൻ ഭാഗവതിനെയോ മറ്റാരെയെങ്കിലുമോ പ്രധാനമന്ത്രിക്കു തെരഞ്ഞെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദി വിദേശ ശക്തികളുടെ നിയന്ത്രണത്തിലാണെന്ന ആരോപണത്തിനു തെളിവെവിടെയെന്ന ചോദ്യത്തിന്, തന്റെ മൊബൈൽ ഫോണിലാണു തെളിവെന്നായിരുന്നു രാഹുലിന്റെ മറുപടി. തന്റെ ഫോൺ ചോർത്തുന്നുണ്ടെന്നും ഇക്കാര്യം പ്രധാനമന്ത്രിക്കും അറിയാമെന്നും അദ്ദേഹം ആരോപിച്ചു.
സംവാദം നടന്നാൽ ആരാണു വിദേശ ശക്തികളുടെ നിയന്ത്രണത്തിലുള്ളതെന്നും ആരാണു രാജ്യവിരുദ്ധനെന്നും എപ്പോഴാണ് അത്തരമൊരു മുദ്ര ചാർത്തപ്പെട്ടതെന്നും രാജ്യത്തിന് വ്യക്തമാകുമെന്നും രാഹുൽ പറഞ്ഞു.
Tags : Rahul Gandhi Instagrame Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash