മൗറീഷ്യോ പോച്ചെറ്റിനോ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർ തിരിച്ചടികളേറ്റ് തകർച്ചയുടെ വക്കിലെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി പുതിയ പരിശീലകന്റെ കൈത്താങ്ങ്. മൗറീഷ്യോ പോച്ചെറ്റിനോയാണ് ടീമിന്റെ പുതിയ പരിശീലകൻ. രണ്ടര വർഷത്തേക്കാണ് കരാർ. മോശം പ്രകടനത്തെത്തുടർന്ന് പരിശീലകസ്ഥാനത്തുനിന്ന് മൈക്കൽ കാരിക്കിനെ നീക്കിയതിന് പിന്നാലെയാണ് പോച്ചെറ്റിനോയുടെ നിയമനം.
നിലവിൽ യുഎസ് ദേശീയ ടീമിന്റെ പരിശീലകനായിരുന്ന പോച്ചെറ്റിനോ സ്ഥാനം രാജിവെച്ചാണ് യുണൈറ്റഡിന്റെ ചുമതലയേൽക്കുന്നത്. എന്നാൽ അടുത്ത രണ്ട് മത്സരങ്ങളിൽക്കൂടി അദ്ദേഹം യുഎസ് ടീമിനെ പരിശീലിപ്പിക്കും. കോൺകാകാഫ് നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഹെയ്തിക്കെതിരെയാണ് ഈ മത്സരങ്ങൾ.15ന് ആദ്യ പാദവും 18ന് രണ്ടാം പാദവും നടക്കും.
അതിനുശേഷമായിരിക്കും പോച്ചെറ്റിനോ യുണൈറ്റഡിനൊപ്പം ചേരുക.ടോട്ടനം ഹോട്സ്പർ, പിഎസ്ജി തുടങ്ങിയ പ്രമുഖ ടീമുകളെ പരിശീലിപ്പിച്ച പരിചയസമ്പത്തുമായാണ് പോച്ചെറ്റിനോ ഓൾഡ് ട്രഫോർഡിലെത്തുന്നത്. ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തി വിജയവഴിയിലേക്ക് തിരിച്ചെത്തിക്കുകയെന്ന വലിയ വെല്ലുവിളിയാണ് അദ്ദേഹത്തിന് മുന്നിലുള്ളത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിൽ ഏറെ പിന്നിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. പത്ത് മത്സരങ്ങളിൽ ഒരു വിജയം മാത്രമാണ് ടീമിന് നേടാനായത്. അഞ്ച് സമനിലയും നാല് തോൽവിയുമായി പോയിന്റ് പട്ടികയിൽ 18-ാം സ്ഥാനത്താണ് യുണൈറ്റഡ്.
Tags : Manchester United, Manchester United Mauricio Pochettino Football Premier League English Premier League