പ്രതീകാത്മക ചിത്രം
മസ്കറ്റ്: അഫ്ഗാനിസ്ഥാനെ എട്ടു വിക്കറ്റിന് തകർത്ത് ഇന്ത്യ അണ്ടർ-19 ഏഷ്യാകപ്പ് ഫൈനലിൽ പ്രവേശിച്ചു. നാളെ നടക്കുന്ന കലാശപ്പോരിൽ ഇന്ത്യ x പാക്കിസ്ഥാൻ ഗ്ലാമർ പോരാട്ടം. ലീഗ് റൗണ്ടിൽ തോൽപ്പിച്ച പാക്കിസ്ഥാനെ വീഴ്ത്തി കിരീടം നേടുകയാണ് നീലപ്പടയുടെ ലക്ഷ്യം. സെമി ഫൈനലിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെയും പാക്കിസ്ഥാൻ ബംഗ്ലാദേശിനെയും തോൽപ്പിച്ചു.
സെമിയിൽ അഫ്ഗാൻ ഉയർത്തിയ 228 റണ്‍സ് വിജയലക്ഷ്യം 36.5 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ലക്ഷ്യ രാജേഷ് റായ്ചന്ദാനി, ആര്യവീർ സെവാഗ്, വി.കെ. വിനീത് എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. സ്കോർ: അഫ്ഗാനിസ്ഥാൻ- 227/8. ഇന്ത്യ- 36.5 ഓവറിൽ 230/2.
തകർത്തടിച്ചു
90 പന്തിൽ ഒരു സിക്സും 13 ഫോറുമടക്കം 93 റണ്‍സെടുത്ത രാജേഷ് റായ്ചന്ദാനി ഇന്ത്യയുടെ ടോപ് സ്കോററായി. സമീപകാലത്ത് മികച്ച ഫോം തുടരുന്ന ആര്യവീർ സെവാഗ് 57 പന്തിൽ 51 റണ്‍സെടുത്തു. നാലു വീതം സിക്സും ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ഓപ്പണിംഗ് വിക്കറ്റിൽ രാജേഷ് റായ്ചന്ദാനി- ആര്യവീർ സഖ്യം 102 പന്തിൽ 117 റണ്‍സ് സ്കോർ ചെയ്തു.
ആര്യവീർ പുറത്തായ ശേഷം വിനീതിനെ കൂട്ടുപിടിച്ച് രാജേഷ് റായ്ചന്ദാനി 77 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ അഫ്ഗാൻ മത്സരം കൈവിട്ടു. 62 പന്തുകൾ നേരിട്ട വിനീത് 57 റണ്‍സുമായി പുറത്താകാതെ നിന്നു. യശ്വര്‍ധന്‍ ചൗഹാൻ 16 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ഇടവേളകളിൽ പിഴുതു
നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 227 റണ്‍സെടുത്തു. നൊമാൻ സലർസായ് (78 പന്തിൽ 51 റണ്‍സ്), ഷാ ഫൈസൽ റാഹിമി (72 പന്തിൽ 51 റണ്‍സ്) എന്നിവരുടെ അർധ സെഞ്ചുറികളാണ് അഫ്ഗാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
ഇന്ത്യൻ ബൗളർമാർ ഇടവേളകളിൽ വിക്കറ്റ് പിഴുത് അഫ്ഗാൻ ബാറ്റർമാരെ സമ്മർദത്തിലാക്കി. നാലാം വിക്കറ്റിൽ ഷാ ഫൈസൽ റാഹിമി - നൊമാൻ സലർസായ് കൂട്ടുകെട്ടിൽ പിറന്ന 57 റണ്‍സും ഏഴാം വിക്കറ്റിൽ ഫൈസൽ റാഹിമി- സൊഹൈൽ ഖാൻ കൂട്ടുകെട്ടിൽ പിറന്ന 60 റണ്‍സുമാണ് അഫ്ഗാനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. സുബാൻ സഖായിൽ (31), സൊഹൈൽ ഖാൻ (36*) എന്നിവരാണ് അഫ്ഗാന്റെ മറ്റ് പ്രധാന സ്കോറർമാർ.
ആബിദുള്ള നദാർജാൻ (14), ഫരീദുള്ള ഇഹ്സാസ് (13), ആമിർ ഹംസ (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇന്ത്യക്കായി ഇഷാൻ സൂദ് മൂന്നും ആര്യൻ സവ്സാനി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
Tags : Cricket India Pakistan Final Sports SportsNews Highlights Tennis Badminton