പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഫുട്ബോള്‍ താരം മെസിയെയും അർജന്റൈൻ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ തട്ടിപ്പു നടത്തിയെന്ന കേസിൽ മുന്‍ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരേ പ്രോസിക്യൂഷൻ അനുമതി. അബ്ദുറഹ്മാനെ അഴിമതിതടയൽ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ ഗവര്‍ണർ അനുമതി നൽകി. അബ്ദുറഹ്മാനും റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനുമടക്കം നാലുപേരുമാണ് കേസിലെ പ്രതികള്‍.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാൻ അബ്ദുറഹ്മാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് എസ്ഐടി കണ്ടെത്തൽ.
നേരത്തേ സർക്കാരും മുഖ്യമന്ത്രിയും അനുമതി തേടി രാജ്ഭവനു കൈമാറിയ ഫയലിലാണ് ഗവർണറുടെ സുപ്രധാന തീരുമാനം. മുൻ ഗവർണർ രാജേന്ദ്ര അർലേക്കറുടെ ഭരണകാലത്താണ് വി. അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടി സർക്കാർ രാജ്ഭവനെ സമീപിച്ചിരുന്നത്. എന്നാൽ, സ്ഥാനം ഒഴിയുന്നതുവരെ ഫയലിൽ അദ്ദേഹം തീരുമാനമെടുത്തിരുന്നില്ല. തുടർന്ന് പുതിയ ഗവർണറായി ചുമതലയേറ്റ ഓംപ്രകാശ് മാഥുർ വിഷയം പരിശോധിക്കുകയും നിയമോപദേശം തേടുകയുമായിരുന്നു.
ഗവർണറുടെ പ്രോസിക്യൂഷൻ അനുമതി ലഭിച്ചതോടെ വി. അബ്ദുറഹ്മാനെ കേസിൽ പ്രതിചേർക്കാനും ചോദ്യംചെയ്യൽ, അറസ്റ്റ് അടക്കമുള്ള നിയമനടപടികളുമായി മുന്നോട്ടു പോകാനും പ്രത്യേക അന്വേഷണ സംഘത്തിനു സാധിക്കും. വിശദമായ അന്വേഷണത്തിനു ശേഷം എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിൽ വി. അബ്ദുറഹ്മാൻ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഉടമ ആന്റോ അഗസ്റ്റിൻ, യു. ഷറഫലി, സി. സത്യപാലൻ എന്നിവരെ പ്രതിചേർക്കുന്നതിനാണ് അനുമതി തേടിയിരുന്നത്. കേസിൽ ആഭ്യന്തര വകുപ്പിന്റെ അനുമതി മാത്രം മതിയെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിർദേശിച്ചിരുന്നെങ്കിലും, കൂടുതൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്ഭവന്റെ അനുമതി തേടിയത്.
മാനദണ്ഡങ്ങളും കൃത്യമായ നടപടിക്രമങ്ങളും ലംഘിച്ച് അനധികൃതമായി ടെൻഡർ നൽകി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് സ്പോൺസർഷിപ്പ് അനുവദിച്ചു, വകുപ്പുകളെ ഇരുട്ടിൽ നിർത്തി, ഔദ്യോഗിക പദവിയും സർക്കാർ രേഖകളും ദുരുപയോഗം ചെയ്തു തുടങ്ങി നിരവധി ഗുരുതരമായ വീഴ്ചകളാണ് എസ്ഐടി അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതോടൊപ്പം ജിഎസ്ടി തട്ടിപ്പും കോടികളുടെ ക്രമക്കേടും നടന്നതായി എസ്ഐടി വിലയിരുത്തിയിട്ടുണ്ട്.
അതേസമയം, മന്ത്രി ആവശ്യപ്പെട്ട പ്രകാരമാണ് സ്പോൺസർഷിപ്പ് റിപ്പോർട്ടർ കമ്പനിക്കു നൽകിയതെന്ന് മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ പ്രത്യേക അന്വേഷണസംഘത്തിനു മൊഴി നൽകിയിരുന്നു.
Tags : V. Abdurahman Trouble Governor Grants Permission Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash