അഭിമന്യു
കൊച്ചി: നിയമപോരാട്ടങ്ങളുടെയും വാദപ്രതിവാദങ്ങളുടെയും ഗൗരവം നിറഞ്ഞ കോടതിമുറിയിൽ, ഒരു നിമിഷം എല്ലാവരുടെയും കണ്ണ് നിറഞ്ഞു. മഹാരാജാസ് കോളജ് വിദ്യാർഥിയായിരുന്ന അഭിമന്യുവിന്റെ കൊലക്കേസ് വിചാരണയ്ക്കിടെയാണ് കണ്ടുനിന്നവരുടെ ഉള്ളുലയ്ക്കുന്ന വൈകാരിക നിമിഷങ്ങൾ അരങ്ങേറിയത്.
വിശപ്പടക്കാൻ ഒരു നേരത്തെ ഭക്ഷണം നൽകിയ സഹപാഠിക്ക് കൊല്ലപ്പെട്ട അഭിമന്യു തന്റെ കൈപ്പടയിൽ എഴുതി നൽകിയ കൃതജ്ഞതാകുറിപ്പാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കപ്പെട്ടത്.
"പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, വയറുനിറയെ ഭക്ഷണം നൽകിയതിന് നന്ദി...” ഒരു നോട്ടുബുക്കിൽനിന്നും കീറിയെടുത്ത കടലാസിൽ കുറിച്ചിട്ട ആ വരികൾ കോടതിയിൽ വായിക്കപ്പെട്ടപ്പോൾ അഭിമന്യു അനുഭവിച്ച കടുത്ത ദാരിദ്ര്യത്തിന്റെയും നിഷ്കളങ്കമായ സ്നേഹത്തിന്റെയും ആഴം എല്ലാവരെയും നൊമ്പരപ്പെടുത്തി. ഭക്ഷണം നൽകിയ സഹപാഠിയുടെ ഒഴിഞ്ഞ പാത്രത്തിനുള്ളിലാണ് അഭിമന്യു ഈ നന്ദിക്കുറിപ്പ് വച്ചിരുന്നത്.
രാഷ്ട്രീയത്തിനതീതമായ സൗഹൃദത്തിന്റെ നേർസാക്ഷ്യം കൂടിയായിരുന്നു ഈ വിചാരണ. എസ്എഫ്ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിന്റെ ഈ ഓർമക്കുറിപ്പ് കോടതിക്കുമുന്നിലെത്തിച്ചത് അന്നു കോളജിൽ എതിർചേരിയായ കെഎസ്യുവിന്റെ ഭാരവാഹിയായിരുന്ന തംജിത്താണ്. സഹപാഠിയുടെ പാത്രത്തിൽ കണ്ട ആ കുറിപ്പ് താൻ മൊബൈൽ ഫോണിൽ പകർത്തി നിധിപോലെ സൂക്ഷിക്കുകയായിരുന്നുവെന്ന് തംജിത്ത് വികാരാധീനനായി കോടതിയിൽ പറഞ്ഞു.
ദാരിദ്ര്യത്തോടു പടപൊരുതിയാണ് അഭിമന്യു തന്റെ പഠനവും സംഘടനാപ്രവർത്തനവും മുന്നോട്ടു കൊണ്ടുപോയിരുന്നത്. രാഷ്ട്രീയ വൈരങ്ങൾക്കപ്പുറം എല്ലാവരോടും സൗഹാർദം പുലർത്തിയിരുന്ന അഭിമന്യു, കെഎസ്യു സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ പങ്കെടുക്കാൻ പോലും ആദ്യമെത്തിയിരുന്നുവെന്ന് തംജിത്ത് ഓർത്തെടുത്തു.
സംഭവദിവസം രാത്രിയിൽ കോളജ് ഗേറ്റിന് സമീപത്തുനിന്ന് ബൈക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി മുഹമ്മദ് വിളിച്ചതും തൊട്ടുപിന്നാലെ പ്രിയപ്പെട്ട സഹപാഠിയുടെ അരുംകൊലയുടെ വാർത്തയറിഞ്ഞതും തംജിത്ത് മൊഴി നൽകി. അഭിമന്യുവിന്റെ അപ്രതീക്ഷിത വിയോഗം ഏൽപ്പിച്ച ആഘാതത്തിൽനിന്നു മുക്തനാകാൻ തനിക്ക് ഒരു വർഷത്തോളം വേണ്ടിവന്നുവെന്നും സാക്ഷി വിങ്ങലോടെ കോടതിയെ അറിയിച്ചു.
എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.കെ. ബാലകൃഷ്ണന് മുമ്പാകെ പൊലിസ് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ഫോറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവരുടെ വിസ്താരം തുടരും.
Tags : Courtroom Heartache Legal battles Tears Brief moment Murder case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash