District News
പേരാവൂർ: തെരഞ്ഞെടുക്കപ്പെട്ട കർഷകരും കർഷക സംഘടനാ പ്രതിനിധികളും പേരാവൂർ തൊണ്ടിയിൽ നടന്ന രാഹുൽ ഗാന്ധിയുടെ കർഷകസംവാദത്തിൽ അവതരിപ്പിച്ചത് മലയോര മേഖലയിൽ കർഷകരുടെ നിലനില്പിന്റെ നീറുന്ന പ്രശ്നങ്ങളായിരുന്നു. വന്യമൃഗശല്യം മുതൽ വിലത്തകർച്ചവരെ നിവേദനങ്ങളും പരാതികളുമായി ഉയർന്നുവന്നു.
സര്‍ക്കാര്‍ അനൂകൂല്യം സമയബന്ധിതമായി ലഭിക്കാത്തിനെ തുടര്‍ന്നുള്ള കടബാധ്യത കാരണം ആത്മഹത്യ ചെയ്ത മികച്ച പച്ചക്കറി കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നേടിയ ഏലിയാസ് അമ്പാട്ടിന്റെ ഭാര്യ ലൈസമ്മ ഏലിയാസ്, സംസ്ഥാനത്ത് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയെ സംബന്ധിച്ച കുറിപ്പ് രാഹുല്‍ ഗാന്ധിക്ക് പരാതിയായി എഴുതിനല്‍കി.
തുടര്‍ന്ന് രാഹുല്‍ ഗാന്ധി അവരെ വേദിയിലേക്ക് ക്ഷണിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ജനിതക വൈകല്യം നേരിടുന്ന യുവകര്‍ഷകനും മികച്ച കുട്ടിക്കര്‍ഷകനുള്ള പേരാവൂര്‍ പഞ്ചായത്തിന്റെ അവാര്‍ഡ് ജേതാവുമായ സ്കൂള്‍ വിദ്യാർഥി അംബരീഷിനെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു.
ഇന്ത്യയുടെ അടിത്തറ കാർഷിക മേഖല
അടിത്തറയില്ലാതെ മേൽക്കൂര നിർമിക്കാൻ സാധിക്കില്ല. കാർഷിക മേഖലയാണ് ഇന്ത്യയുടെ അടിത്തറ. അടിത്തറ നിർമിക്കുന്നവർക്ക് യാതൊരു ബഹുമാനവും സംരക്ഷണവും ലഭിക്കുന്നില്ല.
എല്ലാ ദിവസവും ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും ഭക്ഷണം തരുന്ന കർഷകരെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. രാജ്യം മുഴുവനുമുള്ള കർഷകർക്ക് പരാതികളുണ്ട്, പ്രശ്നങ്ങളുണ്ട്. വിളകൾ സൂക്ഷിക്കുന്നതിന് ശീതീകരിച്ച സംവിധാനം ഇല്ല. താങ്ങുവില ലഭിക്കുന്നില്ല.
കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം ഉൾപ്പെടുന്ന പ്രകടന പത്രിക തയാറാക്കുന്നുണ്ട്. അടുത്ത യുഡിഎഫ് സർക്കാർ വരുമ്പോൾ അടിത്തറ കർഷകരാണ് എന്നത് ഓർമയുണ്ടാകും. കർഷകർ പ്രശ്നങ്ങളുമായി എത്തിയാൽ അത് പരിഹരിക്കപ്പെടും. അവരുടെ ആവശ്യങ്ങൾ ലളിതമാണ്. വന്യമൃഗശല്യത്തിൽനിന്ന് കേരളത്തിലെ ജനങ്ങളെ രക്ഷിക്കുന്നതിന് നടപടിയുണ്ടാകും. അതിനായി മനുഷ്യസാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും രാഹുൽ പറഞ്ഞു.
കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി കോൺഗ്രസ് ദേശീയതലത്തിൽ നടത്തി വരുന്ന പ്രക്ഷോഭങ്ങളുടെ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി പേരാവൂരിൽ കർഷകരുമായി നേരിട്ട് സംവദിക്കാൻ എത്തിയത്.
ഇന്നലെ, രാവിലെ പത്തോടെ രാഹുൽ ഗാന്ധിയെ കാണുവാൻ പേരാവൂർ തൊണ്ടിയിലെ പാരിഷ് ഹാളിന്റെ പരിസരത്തേക്ക് ആളുകൾ എത്തിതുടങ്ങിയിരുന്നു. പേരാവൂർ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും ഇരിട്ടി നഗരസഭയിലും ഉള്ള തെരഞ്ഞെടുക്കപ്പെട്ട കർഷകരെയും കർഷകസംഘടനാ പ്രതിനിധികളെയും മാത്രമാണു ഹാളിനുള്ളിൽ പ്രവേശിപ്പിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധി റോഡ് മാർഗമാണ് 12.10 ഓടെ പേരാവൂരിൽ എത്തിയത്.
അരമണിക്കൂറോളം കർഷകരുമായി സംവാദം നടത്തി. തുടർന്നായിരുന്നു രാഹുലിന്റെ പ്രസംഗം. ഇതിനുശേഷം ഉരുൾപൊട്ടലിനിരകളായവർക്ക് കോൺഗ്രസ് നിർമിച്ചുനൽകുന്ന വീടുകളുടെ ശിലാസ്ഥാപനം നിർവഹിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഹെലികോപ്റ്ററിൽ രാഹുൽ ഗാന്ധി വയനാട്ടിലേക്ക് പോയി.
എംപിമാരായ കെ.സി. വേണുഗോപാൽ, കെ.സുധാകരൻ, ഷാഫി പറന്പിൽ, എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സോണി സെബാസ്റ്റ്യൻ, പി.ടി. മാത്യു, വി.എ. നാരായണൻ, ചന്ദ്രൻ തില്ലങ്കേരി, അബ്ദുൾ കരീം ചേലേരി, പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടനപള്ളി ആർച്ച്പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി എന്നിവരും ജനപ്രതിനിധികളും വൈദികരും കർഷകരും സംവാദസദസിൽ സന്നിഹിതരായിരുന്നു.
കർഷകരുടെ പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞ് ഫാ. ജോസഫ് കാവനാടി
ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി മലയോര കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞു. വന്യമൃഗങ്ങൾ കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾ നശിപ്പിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 285 പേരാണ് വന്യമൃഗങ്ങളുടെ ആക്രമണത്താൽ മരിച്ചത്. വന്യമൃഗങ്ങൾ നശിപ്പിക്കുന്ന വിളകൾക്ക് തുച്ഛമായ നഷ്ടപരിഹാരമാണ് ലഭിക്കുന്നത്.
കായ്ഫലമുള്ള ഒരു തെങ്ങിന് 770 രൂപയാണ് ലഭിക്കുന്നത്. ഇത് വളരെ നിസാരമായ തുകയാണ്. റബർ, കശുവണ്ടി, തേങ്ങ തുടങ്ങിയ കാർഷികോത്പന്നങ്ങൾക്ക് വിലസ്ഥിരതയില്ല. റബറിന് 300 രൂപയെങ്കിലും തറവില വേണം. പഴവർഗങ്ങൾ ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങൾ സൂക്ഷിച്ച് വയ്ക്കാൻ മലയോര പ്രദേശങ്ങളിൽ സംഭരണ ശാലകൾ വേണം.
കർഷകർക്ക് 10000 രൂപയെങ്കിലും പെൻഷൻ അനുവദിക്കണം. കാർഷിക ആവശ്യങ്ങൾക്കുള്ള ലോണുകൾക്ക് മൂന്നുശതമാനം പലിശയെ ഈടാക്കാൻ പാടുള്ളൂ. കർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസത്തിന് മൂന്നുശതമാനത്തിൽ ലോൺ നല്കാൻ തയാറാകണമെന്നും ഫാ. ജോസഫ് കാവനാടി പറഞ്ഞു.
സർക്കാരുകൾ ഒന്നും ചെയ്യുന്നില്ല: സണ്ണി ജോസഫ്
അന്നം നല്കുന്ന കര്ഷകന് കടക്കെണിയില്‍ ആത്മഹത്യ ചെയ്യുമ്പോഴും വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെടുമ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.
കര്‍ഷകന്റെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്നു: കെ.സി. വേണുഗോപാല്‍
ഇന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകന്റെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു. കൃഷിക്കാരന്റെ കൂടെ നില്‍ക്കാതെ ഈ നാടിനെ രക്ഷപ്പെടുത്താനാകില്ലെന്ന് തിരിച്ചറിയുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. റബറിന് വിലയിടവ് നേരിട്ടപ്പോള്‍ 150 രൂപ താങ്ങുവില പ്രഖ്യാപിച്ച് കര്‍ഷകര്‍ക്ക് ആശ്വാസമേകിയത് യുഡിഎഫ് സര്‍ക്കാരാണ്.
കാട്ടാന ആക്രമണം വിവരിച്ച് രഞ്ജിനി
കാട്ടാന ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആറളം സ്വദേശിയും സ്കൂള്‍ വിദ്യാര്‍ഥിയുമായ രഞ്ജിനി രതീഷിന് രാഹുല്‍ ഗാന്ധിയോട് പങ്കുവയ്ക്കാനുണ്ടായിരുന്നത് ഞെട്ടിപ്പിക്കുന്ന വന്യമൃഗ ആക്രമണത്തിന്റെ നേര്‍ചിത്രമായിരുന്നു. അതിനു പരിഹാരം കാണേണ്ടതിന്റെ പ്രധാന്യവും അതിനായി ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണമെന്നും രഞ്ജിനി രതീഷിന്റെ അനുഭവവും തന്റെ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
ഓടന്തോട് ഫാം സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ രഞ്ജിനിയെ 2025 ജനുവരി ഏഴിനാണ് സ്കൂളിലേക്ക് പോകുന്നതിനിടെ കാട്ടാന ആക്രമിച്ച് പരിക്കേറ്റത്. 72,000 രൂപ ചികിത്സായിനത്തിൽ ചെലവായെങ്കിലും സർക്കാരിന്റെയും വനംവകുപ്പിന്റെയും പക്കൽനിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് രഞ്ജിനി രാഹുലിനോട് പറയുകയും നിവേദനമായി നല്‍കുകയും ചെയ്തു.
National
ന്യൂഡൽഹി: പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഏഴാണ്ട്. ഭീകരാക്രമണങ്ങളോട് സർക്കാർ എങ്ങനെയാണു പ്രതികരിക്കുന്നതെന്ന് ലോകം കണ്ടുവെന്ന് പുൽവാമ ആക്രമണത്തെ അനുസ്മരിച്ച് സമൂഹമാധ്യമത്തിലെ പോസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
സൈനികരുടെ ജീവത്യാഗം രാജ്യം ഒരിക്കലും വിസ്മരിക്കില്ലെന്നായിരുന്നു ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ പ്രതികരണം. പുതുച്ചേരിയിൽ നടന്ന റാലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഭീകരവിരുദ്ധ നടപടികളെക്കുറിച്ച് വിശദീകരിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരും സൈനികരുടെ ജീവത്യാഗത്തെ അനുസ്മരിച്ചു.
2019 ഫെബ്രുവരി 14നാണ് സ്ഫോടകവസ്തു നിറച്ച വാഹനവുമായി ചാവേർ സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന ബസിലേക്ക് ഇടിച്ചുകയറിയത്. ഏതാനുംദിവസങ്ങൾക്കുശേഷം ബാലാകോട്ടിൽ മിന്നലാക്രമണം നടത്തിയായിരുന്നു ഇന്ത്യയുടെ ആദ്യ പ്രതികരണം.
Kerala
കോട്ടയം: പത്മഭൂഷൻ മമ്മൂട്ടിക്ക് കിട്ടാൻ അർഹനാണെന്നും പാവങ്ങളുടെ കണ്ണീർ ഒപ്പിയത് കൊണ്ടാണ് നമുക്ക് അംഗീകാരം ലഭിച്ചതെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈ പത്മഭൂഷൻ സമുദായത്തിൽപ്പെട്ട എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കിട്ടിയതിന്റെ പേരിൽ അഹങ്കാരമോ കിട്ടാത്തതിന്റെ പേരിൽ ദുഃഖമോ ഇല്ല. തനിക്ക് പാർലമെന്ററി മോഹമില്ല. അതു വരുമ്പോൾ ആണ് പ്രശ്നം. സമുദായത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ മറ്റു കസേരകൾ വേണ്ടി ആഗ്രഹിക്കരുത്.
എസ്എൻഡിപിഐ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. യൂട്യൂബിലൂടെ കാശ് കൊടുത്ത് തന്നെ ചീത്ത പറയിക്കുന്നു. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല. താൻ ഒറ്റയ്ക്ക് നിന്നാൽ സീറോ, നിങ്ങൾ കൂടെ നിന്നപ്പോൾ ഹീറോ എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Leader Page
“കണ്ണീർ പുറത്തുവരാതിരിക്കാൻവേണ്ടി പയ്യൻ ചിരിച്ചു” എന്ന് ‘പയ്യൻ കഥകളി’ലൊന്നിൽ വി.കെ.എൻ. എഴുതിയിട്ടുണ്ട്. തീയിൽ വിരൽതൊട്ടപ്പോഴെന്നപോലെയാണ് എനിക്കാ വാക്യം അനുഭവപ്പെട്ടത്. ഒരുതരം വീർപ്പുമുട്ടൽ. അന്തർസംഘർഷം. ഉള്ളിലെന്തോ എരിഞ്ഞമരുമ്പോഴുള്ള വിങ്ങൽ. ഈ കണ്ണീര് അടക്കിവച്ചുകൊണ്ടാണ് ബുദ്ധൻ ചിരിച്ചത്.

ഗാന്ധിജിയും സോക്രട്ടീസും ചിരിച്ചത്. അങ്ങനെ ചിരിച്ചവരെ ഞാനോർത്തുനോക്കി. അധികംപേരില്ല. ഗദാധരനിൽനിന്നു യാത്രതിരിച്ച് പരമഹംസരിലെത്തിയശേഷം ചൊരിഞ്ഞ കണ്ണീര് ഒരു ചിരിയിൽ അടക്കിവയ്ക്കാനായില്ല. ജീവന്മുക്തരിൽ അതു കണ്ടെത്താനാവില്ല. സഹസ്രനാമത്തിൽ അതിനെക്കുറിച്ച് ആഴമേറിയൊരു നേരുണ്ട്. അതു സ്വപ്നസദൃശമോ ക്ഷണികമോ അല്ല. നമുക്കജ്ഞാതമായ ഏതോ സാങ്കല്പികാനുഭൂതിയാണത്.
ഒരിക്കൽ ഞാനിത് യതിഗുരുവിനോട് ചോദിച്ചു. അദ്ദേഹം ഞങ്ങളെ സന്ധ്യാംബരം എരിഞ്ഞമരുന്നതു കാണിക്കാൻ കൊണ്ടുപോയി. ദൂരെ ചമതപോലെരിയുന്ന ചക്രവാളം. അതു പതിയെ അണഞ്ഞുകെടുമ്പോൾ, അതിൽനിന്നു പടരുന്ന തീനാമ്പുകൾ മേഘങ്ങൾ വാരിയണിയുന്നു. ചുറ്റിലും അഗ്നി പടർത്തിയശേഷം സങ്കടം പുറത്തുവരാതിരിക്കാൻ ആ തേജോഗോളം അവസാനമായി പുഞ്ചിരിക്കുന്നു. പിന്നെ അനന്തതയിൽ അലിയുന്നു. യതിഗുരു ഒന്നും പറഞ്ഞില്ല.
ആ നിശബ്ദതയിൽ വനജ്യോത്സ്ന പൂത്തുനിൽക്കുന്നതുപോലെ തോന്നി. എല്ലാം എരിഞ്ഞടങ്ങുംമുൻപും സാരമായ ചില മുന്തിയ നിമിഷങ്ങളുണ്ടാകും. ആ നിമിഷങ്ങളിലാകണം കണ്ണീർ പുറത്തുവരാതിരിക്കാൻവേണ്ടി നാം ചിരിക്കുന്നത്; അറിയില്ല.
കരയുന്ന പുരുഷന്മാരെ ഞാനധികം കണ്ടിട്ടില്ല. ഒരിക്കൽ ഓച്ചിറ പടനിലത്തുവച്ച് ഒരു ചെറുപ്പക്കാരൻ പൊട്ടിക്കരയുന്നതു കണ്ടിട്ടുണ്ട്. ജീവിതത്തിന്റെ നിരർഥകതയെക്കുറിച്ചുള്ള സങ്കടമായിരിക്കുമെന്നാണ് എനിക്കാദ്യം തോന്നിയത്. പിന്നീടുതോന്നി അതു പ്രണയഭംഗത്താലുണ്ടായ സങ്കടപ്പെയ്ത്തായിരിക്കുമെന്ന്. പക്ഷേ, അതൊന്നുമായിരുന്നില്ല എന്ന് പിന്നീടാണു ബോദ്ധ്യപ്പെട്ടത്. അത് അമ്മ നഷ്ടപ്പെട്ടതിന്റെ തീരാവ്യഥയായിരുന്നു. അമ്മ നഷ്ടപ്പെട്ടവർക്ക് ഒരിക്കലും പഴയതുപോലെ ചിരിക്കാൻ കഴിയില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കണ്ണീര് പുറത്തുവരാതിരിക്കാനാണ് അവർ ചിരിക്കുന്നതെന്നും, അവരെ നിശബ്ദരാക്കാൻ അമ്മയെക്കുറിച്ചു പറഞ്ഞാൽ മതിയെന്നും എനിക്ക് തോന്നിയിട്ടുണ്ട്. അവരുടെ ചിരിയിലെങ്ങോ ഘനീഭൂതബാഷ്പത്തിന്റെ ഒരു നനവു പടർന്നുകിടപ്പുണ്ട്. “കണ്ണുനീർക്കുത്തിൽ ചിരിയുടെ വെള്ളിമീൻചാട്ടം തേടുന്നു” എന്ന് വൈലോപ്പിള്ളി എഴുതിയിട്ടുണ്ട്. അതു വായിക്കുമ്പോൾ ഉള്ളിലെ കടലുകളെല്ലാം വറ്റി ഒടുവിൽ ഉപ്പുപരലുകൾ മാത്രമായി ശേഷിക്കുന്ന ഒരനുഭവം ഉണ്ടാകുന്നു. ഒടുവിൽ മഴത്തുള്ളികളായി പുനർജനിക്കുംവരെ ആ മഹാവ്യഥ ഘനീഭൂതമായി നിൽക്കും. അതുവരെയും ആ കനം ഉള്ളിൽ ചുമന്നേ മതിയാകൂ.
ഉള്ളിലെ സങ്കടങ്ങളെല്ലാം കരഞ്ഞുതീർത്തിട്ട് ഒരു മന്ദസ്മിതത്തോടെ മൃതലോകത്തേക്ക് പോകുന്ന പൂവുകളെ ഞാൻ നോക്കിനിന്നിട്ടുണ്ട്. ഓരോ പൂവിലും സൂര്യചന്ദ്രന്മാർ പ്രകാശിക്കുന്നുവെന്നൊരു കബീർവാണിയുണ്ട്. എന്നാൽ, നമ്മുടെ നഗ്നനേത്രങ്ങളാൽ അതു കാണാനാകുന്നില്ല എന്നേയുള്ളൂ. നമ്മൾ പൂവുകളിൽ കാണുന്നതു പ്രകാശത്തിന്റെ ഒരു തുള്ളിയാണ്.
എന്നാൽ, ആ തുള്ളികളുടെ അനന്തകോടി അടരുകൾക്കുള്ളിൽ ഒരു കണ്ണീർത്തുള്ളിയുണ്ട്. ആ കണ്ണീർത്തുള്ളിയിൽ പ്രകാശം തൊടുമ്പോഴാണ് അതു മന്ദഹസിക്കുന്നതായി നമുക്ക് തോന്നുന്നത്. ആ ചാരുസ്മിതത്തിൽ എല്ലാമുണ്ട്. ജഗദ്ഭക്ഷകനായ കാലത്തിന്റെ വരവിൽ പിടയ്ക്കുന്ന നീൾമിഴിയിതളുകളുണ്ട്. കാണക്കാണെ തിടംവച്ചുണരുന്ന തീക്ഷ്ണസൗരഭ്യമുണ്ട്. മണ്ണിൽ വേരുകളാഴ്ത്തി നിൽക്കുമ്പോഴുള്ള ആദിമമായ അഭിമാനബോധമുണ്ട്. എല്ലാമുണ്ട്.
എത്ര സങ്കടം വന്നാലും കരയാത്ത ചിലരുണ്ട്. സ്ഥിതപ്രജ്ഞർ. ഓളപ്പാത്തിയിൽവീണ ഒരാലിലപോലെയാണ് അവർ. സങ്കടം വരുമ്പോൾ കരയുകയോ സന്തോഷം വരുമ്പോൾ ചിരിക്കുകയോ ചെയ്യാത്തവർ. അവർ അവരിൽത്തന്നെയാണു രമിക്കുന്നതും മദിക്കുന്നതും എരിഞ്ഞടങ്ങുന്നതും. എല്ലാ പുഴയും സമുദ്രോന്മുഖമായി ഒഴുകുന്നതുപോലെ അവരും ഒടുവിൽ അനന്തമായ ജലരാശിയിലെത്തും.
പക്ഷേ, അതിലവർക്കു വ്യഥയില്ല. കാരണം, അവർ ശരീരം മാത്രമാണ് ജലധിയിൽ അലിയിച്ചുകളയുന്നത്. മരണത്തിൽ മാത്രമല്ല, പ്രണയത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. മനോജ്ഞമാണ് ഈ അനുഭവം. പക്ഷേ, ദുർബലരും ഭോഗതത്പരരും ആനന്ദവാദികളുമായ നമുക്കെങ്ങനെ ഇതനുഭവിക്കാനാകും. നമുക്കു കാവ്യാത്മകമായ ഒരു ജീവിതമല്ല ഉള്ളത്. നമ്മുടെ ജീവിതം രഹസ്യാത്മകമാണ്. എല്ലാ രഹസ്യങ്ങൾക്കുള്ളിലും ഒരു മഹാസങ്കടം ഒളിഞ്ഞിരിപ്പുണ്ട്. അതൊളിപ്പിച്ചുവച്ചു ചിരിച്ചാൽ മാത്രമേ കപടലോകത്ത് ജീവിക്കാനാകൂ. നെഞ്ചുകീറി നേരിനെ കാട്ടുമ്പോഴും നമുക്ക് ചിരിച്ചേ മതിയാകൂ. കാരണം നമുക്കുള്ളത് ആത്മാർഥമായൊരു ഹൃദയമാണ്.