പ്രതീകാത്മക ചിത്രം - എഐ
ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള വീസ നടപടികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന വീസ കാറ്റഗറികളുടെ എണ്ണം 13ല്‍ നിന്ന് ഒമ്പതായി കുറച്ചു. ഇതിന് പുറമെ വീസ സബ്-കാറ്റഗറികളുടെ എണ്ണം 49ല്‍ നിന്ന് 23 ആയും കുറച്ചു.
അപേക്ഷാ ഫോമുകളില്‍ നല്‍കേണ്ട വിവരങ്ങള്‍ 65 മുതല്‍ 70 ശതമാനം വരെ വെട്ടിക്കുറച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. വിദേശ പൗരന്മാര്ക്ക് ബിസിനസ് ഉൾപ്പടെ വിവിധ ആവശ്യങ്ങൾക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള നടപടിക്രമം എളുപ്പമാക്കുകയാണ് ലക്ഷ്യം.
2025 ഒക്ടോബറില്‍ പ്രധാന വീസ വിഭാഗങ്ങള്‍ 22ല്‍ നിന്ന് 13 ആയും സബ്-കാറ്റഗറികള്‍ 63ല്‍ നിന്ന് 49 ആയും കുറച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടി. 2026 അവസാനത്തോടെ പുതിയ തീരുമാനം നടപ്പാക്കും.
ടൂറിസ്റ്റ് വീസയ്ക്കു പകരം വിസിറ്റർ വീസ
ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് നൽകി വന്നിരുന്ന ടൂറിസ്റ്റ് വീസ ഇനി വിസിറ്റർ വീസ എന്നായിരിക്കും അറിയപ്പെടുക. ഇതിനെ വി-1, വി-2 എന്നിങ്ങനെ രണ്ട് വിഭാഗമായി തിരിച്ചിട്ടുണ്ട്. 30 ദിവസത്തിൽ താഴെയുള്ള സന്ദർശനങ്ങളാണ് വി-1 വിഭാഗത്തിൽ ഉൾപ്പെടുന്നത്.
ബിസിനസ് മീറ്റിംഗുകള്‍, മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകള്‍, വെല്‍നസ് റിട്രീറ്റുകള്‍, ഹ്രസ്വകാല ചികിത്സ എന്നിവ കൂടാതെ ഇന്ത്യന്‍ ഭാഷകള്‍, സംഗീതം, കല, കരകൗശലം എന്നിവയിലെ ഹ്രസ്വകാല കോഴ്സുകളുടെ പഠനം തുടങ്ങി 30 ദിവസത്തിൽ താഴെയുള്ള പ്രവര്‍ത്തനങ്ങള്‍ ഈ വിഭാഗത്തിൽ അനുവദിക്കും. 30 ദിവസത്തിനുള്ളിൽ ഒന്നിലധികം തവണ ഇന്ത്യയിലേക്ക് പ്രവേശിക്കാനും അനുമതിയുണ്ട്.
ദീർഘകാല സന്ദർശങ്ങൾക്കാണ് വി-2 വിഭാഗത്തിൽ വീസ അനുവദിക്കുന്നത്. ബിസിനസ്, നയതന്ത്രം, തൊഴില്‍, മാധ്യമപ്രവര്‍ത്തനം, മെഡിക്കല്‍, ഔദ്യോഗികം, സ്റ്റുഡന്റ് , സന്ദര്ശകം, മറ്റ് വിഭാഗങ്ങൾ എന്നിങ്ങനെയാണ് പുതിയ ഒമ്പത് വീസ വിഭാഗങ്ങൾ.
Tags : Simplify visa procedures India Reduced Ministry of Home Affairs Business Foreign nationals