ഇന്ത്യ ന്യൂസിലൻഡ് സൗഹൃദ ഫുട്ബോൾ മത്സരത്തിൽ നിന്ന്.
ഓക്ലൻഡ്: ന്യൂസിലൻഡിനെതിരായ സൗഹൃദ ഫുട്ബോളിൽ മത്സരത്തിൽ ഇന്ത്യയ്ക്ക് കനത്ത തോൽവി. മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ന്യൂസിലൻഡിനായി ജെസെ റാൻഡൽ ഇരട്ടഗോൾ നേടി. ബിജോയ് വർഗീസിന്റെ സെൽഫ് ഗോളും ഇന്ത്യയ്ക്ക് തിരിച്ചടിയായി. മത്സരം ആരംഭിച്ച് അഞ്ചാം മിനിറ്റിൽ തന്നെ ന്യൂസിലൻഡ് ലീഡ് നേടി.
പ്രതിരോധ താരം ബിജോയ് വർഗീസിന്റെ സെൽഫ് ഗോളിലൂടെയായിരുന്നു ന്യൂസിലൻഡിന്റെ ആദ്യ മുന്നേറ്റം. എതിർ ടീമിന്റെ ആക്രമണം തടയുന്നതിനിടെ പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമം പാളുകയായിരുന്നു. തുടർന്ന് ഇരുടീമുകളും ആക്രമണങ്ങൾ നടത്തിയെങ്കിലും ന്യൂസിലൻഡിന്റെ മുന്നേറ്റത്തിന് മുന്നിൽ ഇന്ത്യൻ പ്രതിരോധം പതറി. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് 34, 43 മിനിറ്റുകളിൽ ജെസെ റാൻഡൽ വലകുലുക്കി.
ഇതോടെ ന്യൂസിലൻഡ് മൂന്ന് ഗോളിന്റെ ലീഡ് സ്വന്തമാക്കി. രണ്ടാം പകുതിയിൽ തിരിച്ചുവരവിന് ശ്രമിച്ച ഇന്ത്യയ്ക്ക് പക്ഷേ കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താനായില്ല. വിങ്ങുകളിലൂടെ നിരന്തരം ആക്രമണം നടത്തിയ ന്യൂസിലൻഡ് 57-ാം മിനിറ്റിൽ ക്രിസ് വുഡിലൂടെ നാലാം ഗോൾ നേടി. 74-ാം മിനിറ്റിൽ ലക്ലാൻ ബെയ്സ് അഞ്ചാം ഗോളും കണ്ടെത്തി.
Tags : football match India NewZealand Football FriendlyMatch Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash