മൈക്കൽ കോമർ
വാഷിംഗ്ടൺ ഡിസി: യുഎസിലെ സൗത്ത് കാരോലൈനയിൽ കാണാതായ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി. വനപ്രദേശത്ത് നായക്കൂട്ടിനുള്ളിലാക്കി ഒരടിയോളം താഴ്ചയിൽ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. തെരച്ചിലിനൊടുവിൽ രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും കുഞ്ഞ് മണ്ണിനടിയിൽ ഏകദേശം 24 മണിക്കൂറോളം പിന്നിട്ടിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് കോവ ഷാർപ്പ് എന്ന കുഞ്ഞിനെ കാണാതാകുന്നത്. മുത്തശി അത്യാവശ്യ കാര്യത്തിനായി പുറത്തുപോയപ്പോൾ കുഞ്ഞിനെ നോക്കാനായി പിതാവ് മൈക്കൽ കോമർ (25) വീട്ടിലെത്തിയിരുന്നു. എന്നാൽ പിന്നീട് പിതാവിനെയും കുഞ്ഞിനെയും കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൈക്കൽ കോമറെ പൊലിസ് കസ്റ്റഡിയിലെടുത്തെങ്കിലും കുഞ്ഞ് എവിടെയെന്ന വിവരം ഇയാൾ വെളിപ്പെടുത്തിയില്ല.
ഇതോടെ നൂറോളം പൊലിസുകാരും എമർജൻസി റെസ്ക്യൂ പ്രവർത്തകരും ചേർന്ന് തെരച്ചിൽ ആരംഭിച്ചു. കുഞ്ഞിന്റെ മുത്തശന്റെ വീടിന് ഏകദേശം 45 മീറ്റർ അകലെയുള്ള കാട്ടിൽ മണ്ണ് വെട്ടിയിളക്കിയ നിലയിൽ അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു.
രക്ഷാപ്രവർത്തകർ മണ്ണ് നീക്കം ചെയ്യാൻ തുടങ്ങിയതോടെ, നായക്കൂട്ടിനുള്ളിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേൾക്കുകയായിരുന്നു. ടവ്വലിൽ പൊതിഞ്ഞ് കമ്പിവല കൊണ്ടുള്ള നായക്കൂട്ടിനുള്ളിലാക്കിയാണ് കുഞ്ഞിനെ കുഴിച്ചിട്ടിരുന്നത്. കുഞ്ഞിനെ ഉടൻതന്നെ പുറത്തെടുത്ത് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെങ്കിലും, പുറത്തെടുക്കുമ്പോൾ കുഞ്ഞ് കരയുന്നുണ്ടായിരുന്നു എന്ന് ലെക്സിംഗ്ടൺ കൗണ്ടി ഷെരീഫ് ജെയ് കൂൻ പറഞ്ഞു. കുഞ്ഞിനെ പൊതിഞ്ഞിരുന്ന ടവ്വൽ, ശ്വാസമെടുക്കാനാവുംവിധം ചെറിയ രീതിയിൽ വായുസഞ്ചാരം നൽകിയിരിക്കാമെന്നും, അതാവാം കുഞ്ഞിന്റെ ജീവൻ ഇത്രയും മണിക്കൂർ നിലനിർത്തിയതെന്നും ഷെരീഫ് കൂൻ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Tags : Baby Buried DogCage Forest