ലെയോ പതിനാലാമൻ മാർപാപ്പ
ബുവേനോസ് ഐറിസ്: ലൗകിക ആഡംബരങ്ങളുടെയും വ്യാജസന്തോഷങ്ങളുടെയും പിന്നാലെ പോകാതെ ക്രിസ്തുവിലേക്കു മടങ്ങിവരാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ.
മുൻകാല തെറ്റുകളും വീഴ്ചകളും സഭയിലേക്കു മടങ്ങിവരുന്നതിന് തടസമല്ലെന്നും ദൈവസ്നേഹം സ്വീകരിക്കാൻ എല്ലാവർക്കും അവസരമുണ്ടെന്നും മാർപാപ്പ ഓർമിപ്പിച്ചു. എന്നാൽ അതിന് ആത്മാർഥമായ മാനസാന്തരവും ജീവിതത്തിൽ മാറ്റം വരുത്താനുള്ള സന്നദ്ധതയും അനിവാര്യമാണെന്നും മാർപാപ്പ വ്യക്തമാക്കി.
ബുവേനോസ് ഐറിസിലെ മോന്യുമെന്റോ ദെ ലൊസ് എസ്പാനൊലെസിൽ ചൊവ്വാഴ്ച രാത്രിയിൽ നടന്ന ജാഗരണപ്രാർഥനയിൽ യുവതീ യുവാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
ലഹരിമുക്തി നേടി ജീവിതത്തിലേക്കു തിരിച്ചെത്തിയ ഒരു യുവാവിന്റെ അനുഭവസാക്ഷ്യത്തിനുശേഷമാണ് മാർപാപ്പ സംസാരിച്ചത്. ഏതു വിധേനയുമുള്ള വിജയം, പണം, ബാഹ്യസൗന്ദര്യത്തോടുള്ള കണ്ണുമൂടിയ ആസക്തി, ജനപ്രീതി, അനിയന്ത്രിതമായ സുഖഭോഗങ്ങൾ എന്നിവ നമ്മെ അടിമകളാക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവരുടെ അംഗീകാരം നേടാനായി സമൂഹമാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അപമാനിക്കാനും വഞ്ചിക്കാനും കള്ളം പറയാനും മടിക്കാത്ത പ്രവണത വർധിച്ചുവരുന്നു. മനുഷ്യനെ അടിമകളാക്കുന്ന ലഹരിവസ്തുക്കളും അശ്ലീലതയും വിറ്റ് ലാഭമുണ്ടാക്കുന്ന ഒരു സംഘം തന്നെ ലോകത്തിലുണ്ട്.
ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുക ഓർമിപ്പിച്ചുകൊണ്ട് “ആർക്കും വരാം, സഭയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണ്’’-മാർപാപ്പ പറഞ്ഞു. എത്ര താഴേക്കു പതിച്ചാലും ക്രിസ്തുവിന് നമ്മെ കൈപിടിച്ചുയർത്താൻ സാധിക്കും. സ്നേഹത്തോടെയുള്ള സ്വീകരണം എന്നാൽ പാപങ്ങളോടുള്ള സഹിഷ്ണുതയല്ല. തെറ്റുകൾ തിരുത്താനും മനഃപരിവർത്തനം നടത്താനും ഓരോരുത്തരും തയാറാകണമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
പ്രാർഥന, വിശുദ്ധ കുർബാന, ബൈബിൾ വായന, കുമ്പസാരം എന്നിവയിലൂടെ ആത്മീയജീവിതം ശക്തിപ്പെടുത്താനും മാർപാപ്പ യുവാക്കളെ ആഹ്വാനം ചെയ്തു. വിശക്കുന്നവർക്ക് ഭക്ഷണം നൽകുക, രോഗികളെയും ഏകാന്തത അനുഭവിക്കുന്നവരെയും സന്ദർശിക്കുക തുടങ്ങിയ കാരുണ്യപ്രവൃത്തികളിലൂടെ ക്രൈസ്തവവിശ്വാസം ജീവിതത്തിൽ പ്രകടമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പത്തുലക്ഷത്തിലധികം യുവതീയുവാക്കളാണ് ആവേശത്തോടെയും ഭക്ത്യാദരപൂർവവും ജാഗരണപ്രാർഥനയിൽ പങ്കെടുത്തത്.
അർജന്റീനയിലെ സന്ദർശനത്തിന്റെ അവസാനദിനമായ ഇന്നലെ ലുജാൻ മാതാവിന്റെ പ്രസിദ്ധമായ തീർഥാടനകേന്ദ്രവും ബുവേനോസ് ഐറിസിലെ വില്ല ദേവോതോ ഫെഡറൽ ജയിലും മാർപാപ്പ സന്ദർശിച്ചു. ജയിലിലെ തടവുകാരോട് സംസാരിക്കവേ, കുറ്റബോധത്തിൽനിന്നും മാനസാന്തരത്തിലേക്കുമുള്ള വഴികൾ എപ്പോഴും തുറന്നുകിടക്കുകയാണെന്നും പ്രത്യാശ കൈവെടിയരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ലുജാൻ മാതാവിന്റെ ബസിലിക്കയിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് അർജന്റീനയിലെ പരിപാടികൾക്കു സമാപനമായത്. മാർപാപ്പയെ കാണാൻ ലക്ഷക്കണക്കിനു തീർഥാടകരാണ് അവിടെയെത്തിയത്. തുടർന്ന് ലാറ്റിനമേരിക്കൻ പര്യടനത്തിന്റെ അടുത്ത ഘട്ടത്തിനായി പെറു തലസ്ഥാനമായ ലിമയിലേക്ക് മാർപാപ്പ യാത്രതിരിച്ചു.
Tags : Pope Leo XIV Abandon False Idols Young People Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Buenos Aires