റഷ്യൻ സംഘത്തെ നയിച്ച വ്ലാദിമിർ മെഡിൻസ്കി വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു.
അബുദാബി: അമേരിക്കയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും ഇന്നലെയും ചർച്ച നടത്തി. പരസ്പരം യുദ്ധത്തടവുകാരെ കൈമാറാൻ ഇരുവരും ധാരണയായി. ഇതിന്റെ വിശദാംശങ്ങൾ വൈകാതെ അറിയിക്കും.
ചർച്ച തുടരാൻ ഇരുവരും സന്നദ്ധത അറിയിച്ചുവെന്നാണു സൂചന. അബുബാദിയിൽ ഇന്നലെ നടന്ന രണ്ടാംദിന ചർച്ച രണ്ടു മണിക്കൂറിൽ താഴെയേ നീണ്ടുള്ളൂ. ചൊവ്വാഴ്ച അഞ്ചു മണിക്കൂറിലധികം ചർച്ച നടത്തിയതാണ്.
ചില വിഷയങ്ങളിൽ പരസ്പര ധാരണയിലെത്തിയെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ തുടരുന്നതായി റഷ്യൻ പ്രതിനിധിസംഘത്തിന്റെ തലവനും പ്രസിഡന്റ് പുടിന്റെ ഉപദേഷ്ടാവുമായ വ്ലാദിമിർ മെഡിൻസ്കി അറിയിച്ചു. യൂറോപ്പിന്റെ സുരക്ഷ ചർച്ചയിലെ മുഖ്യവിഷയമായിരുന്നു. യൂറോപ്പിന് സമഗ്ര സുരക്ഷാസംവിധാനം ആവശ്യമാണെന്നും എന്നാൽ, അത് മറ്റു രാജ്യങ്ങളുടെ ചെലവിൽ ആകരുതെന്നും മെഡിൻസ്കി അഭിപ്രായപ്പെട്ടു.
സമാധാന ചർച്ചയിൽ പങ്കാളിത്തം വേണമെന്ന യൂറോപ്യൻ രാജ്യങ്ങളുടെ ആവശ്യം മെഡിൻസ്കി നിരസിച്ചു. റഷ്യൻ സംഘം അബുദാബിയിൽ യൂറോപ്യൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയില്ല. യൂറോപ്യൻ നേതൃത്വത്തിന്റെ സമാധാന നീക്കങ്ങളെ സ്വാഗതം ചെയ്യുന്നു. പക്ഷേ, യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള സമാധാന നിർദേശങ്ങൾ റഷ്യക്കു ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്നിൽനിന്ന് ഇന്റലിജൻസ് മേധാവി റസ്തം ഉമാറോവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ചയിൽ പങ്കെടുത്തത്. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, പ്രസിഡന്റ് ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ എന്നിവരും പങ്കെടുത്തു. അഭിപ്രായ ഭിന്നതകൾ നീങ്ങിവരുന്നതായി ഒന്നാംദിന ചർച്ചയിൽ കുഷ്നർ അഭിപ്രായപ്പെട്ടിരുന്നു. യുക്രെയ്ൻ സംഘം കഴിഞ്ഞദിവസം അബുദാബിയിൽ യൂറോപ്യൻ, നാറ്റോ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
Tags : Agreement Russaia Ukraine Talks Abu Dabi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash