ജെൻസൻ ഹുവാംഗും ആലിയയും.
ലോകത്തിലെ പ്രമുഖ എഐ കമ്പനികളിലൊന്നായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാംഗും ചൈനീസ് ചാരവനിത ആലീസ് ഹുവാംഗും തമ്മിലുള്ള ബന്ധം പുറത്തുവന്നതിനുപിന്നാലെ അപ്രതീക്ഷിത ട്വിസ്‌റ്റുകളാണു സംഭവിക്കുന്നത്. വിവാദനായിക ആലീസ് ഇപ്പോൾ എവിടെയുണ്ടെന്ന് ആർക്കും അറിയില്ല. ആലീസിന്‍റെ അപ്രത്യക്ഷമാകൽ വൻ ദുരൂഹത ഉയർത്തുന്നതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ആലീസ് ചൈനയിൽ ഒളിവിൽ കഴിയുന്നതായി സൂചനകളുണ്ടെന്ന് അന്താരാഷ്‌ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സിംഗപുർ കേന്ദ്രമായി പ്രവർത്തിക്കുന്ന മെഗാസ്പീഡ് എന്ന ഡാറ്റാ സെന്റർ കമ്പനിയുടെ എക്സിക്യൂട്ടീവ് ആയിരുന്നു ആലീസ്. അത്യാധുനിക എൻവിഡിയ ചിപ്പുകൾ ചൈനയിലേക്കു കടത്താൻ ഇടനില നിന്നുവെന്നാണു അവർക്കെതിരെയുള്ള ഗുരുതരമായ ആരോപണങ്ങളിലൊന്ന്. 2024 ജൂണിൽ തായ്പേയിലെ ബാറിലും, 2025 മേയിൽ നടന്ന സാങ്കേതിക സമ്മേളനത്തിലും ജെൻസൻ ഹുവാംഗിനൊപ്പം ആലീസുണ്ടായിരുന്നു. തുടർന്നാണ് ഇരുവരുടെയും രഹസ്യബന്ധത്തെക്കുറിച്ച് യുഎസ് ഏജൻസികൾ അന്വേഷണം ശക്തമാക്കിയത്.

അതേസമയം, ഇതുവരെ ആലീസ് പ്രതികരണമൊന്നും നടത്താൻ തയാറായിട്ടില്ല. എൻവിഡിയ-യുടെ സ്വതന്ത്ര അന്വേഷണ സമിതിയോടും പ്രതികരിച്ചിട്ടില്ല. അവർ ഇപ്പോഴും മെഗാസ്പീഡിൽ തുടരുന്നുണ്ടോ എന്നതിലും വ്യക്തതയില്ല. വിവാദങ്ങൾ ഉയർന്നതോടെ ഇവർ ചൈനയിലേക്കു മടങ്ങിയിരിക്കാം എന്നാണു കരുതുന്നത്. അതേസമയം, ആലീസ് ഹുവാംഗ് രാജ്യത്തിനായി ചാരവൃത്തി നടത്തിയെന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു.
ജെൻസൻ ഹുവാംഗ് സ്വന്തം തെറ്റു സമ്മതിക്കുകയും എൻവിഡിയ സ്വതന്ത്ര അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ, ആലീസ് ഹുവാംഗ് അപ്രത്യക്ഷമായത് അന്താരാഷ്‌ട്ര ചാരക്കേസിനെ കൂടുതൽ ദുരൂഹമാക്കുന്നു.
Tags : Nvidia International JensenHuang AliceHuang Megaspeed ChineseSpy