Image for representation
പേരൂർക്കട: ട്രെയിനിൽ യുവതി ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങൾക്ക് ഇരയായതിന് പിന്നാലെ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും കർശനമായ പരിശോധന ഏർപ്പെടുത്തി റെയിൽവേ പൊലിസും സിറ്റി പൊലിസും. തിരുവനന്തപുരം റെയിൽവേ പൊലിസ്, തമ്പാനൂർ പൊലിസ്, പേട്ട പൊലിസ്, റെയിൽവേ പ്രൊട്ടക്ഷൻ ടീം എന്നിവരാണ് പരിശോധന ഇന്നുമുതൽ ശക്തമാക്കിയിരിക്കുന്നത്.
തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ഓഫീസറായ ചിറയിൻകീഴ് സ്വദേശിനിയായ 31 കാരി ചൊവ്വാഴ്ച ട്രെയിനിന് ഉള്ളിലും പുറത്തും ക്രൂരമായ ആക്രമണങ്ങൾക്ക് ഇരയായ സാഹചര്യത്തിലാണ് ഇത്. വർക്കല സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ വിജീഷ് ആണ് സംഭവവുമായി ബന്ധപ്പെട്ട് പൊലിസിന്‍റെ പിടിയിലായത്.
ചിറയിൻകീഴിൽ നിന്ന് രാവിലെ ഒമ്പതോടെ ആശുപത്രിയിലേക്ക് ഡ്യൂട്ടിക്ക് എത്തുന്നതിനിടെയാണ് യുവതി ആക്രമിക്കപ്പെട്ടത്. മലബാർ എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്‍റിൽ യാത്ര ചെയ്യുകയായ യുവതിയുടെ സമീപം എത്തിയ വിജീഷ് ഇവർക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു.
സഹജീവനക്കാർ ഇടപെട്ടിട്ടും ഇയാൾ ശല്യം ചെയ്യുന്നത് നിർത്തിയില്ല. യുവതി ഇയാൾക്ക് പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും ഇയാൾ ചെവിക്കൊണ്ടില്ല. ഒടുവിൽ പേട്ട റെയിൽവേ സ്റ്റേഷനിൽ യുവതി ഇറങ്ങിയപ്പോൾ ഇയാൾ ഒപ്പമിറങ്ങുകയും പ്രകോപിതനായി യുവതിയുടെ കാരണത്തടിക്കുകയുമായിരുന്നു.
പട്ടാപ്പകലാണ് ഈ സംഭവങ്ങൾ നടക്കുന്നത് എന്നതിനാൽ പൊലിസും റെയിൽവേ പൊലിസും ഇതിനെ ഗൗരവമായാണ് കാണുന്നത്. ട്രെയിനുകളിൽ സ്ത്രീകൾക്ക് വേണ്ടി പ്രത്യേക കോച്ച് ഏർപ്പെടുത്തിയിട്ട് പോലും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തടയാൻ സാധിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം.
ദീർഘദൂര ട്രെയിനുകളിൽ കുറഞ്ഞത് നാല് ജനറൽ കമ്പാർട്ട്മെന്‍റുകൾ എങ്കിലും ഉണ്ടാകും എന്നുള്ളതാണ് വാസ്തവം. പക്ഷേ തിരക്ക് കൂടുന്നത് കാരണം സ്ത്രീകളുടെ കമ്പാർട്ട്മെന്‍റുകളിൽ കയറിപ്പറ്റാൻ ഇവർക്ക് സാധിക്കാറില്ല. അങ്ങനെ വരുന്ന വേളയിലാണ് മറ്റുള്ള ജനറൽ കമ്പാർട്ട്മെന്‍റുകളിലേക്ക് ഇവർ യാത്ര ചെയ്യാൻ നിർബന്ധിതരായിത്തീരുന്നത്.
മുമ്പ് ലോക്കൽ കമ്പാർട്ട്മെന്‍റുകളിൽ ഉൾപ്പെടെ പൊലിസിന്‍റെ ശക്തമായ പരിശോധന ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ അതിന്‍റെ ഗൗരവം കുറഞ്ഞിട്ടുണ്ട്. മലബാർ എക്സ്പ്രസ് പോലെ കൂടുതൽ ലോക്കൽ സ്റ്റേഷനുകളിൽ നിർത്തന്ന ട്രെയിനുകളിൽ സാമൂഹികവിരുദ്ധരും സ്ത്രീവിരുദ്ധരും കയറുന്നത് സ്ഥിരം സംഭവമായിട്ടുണ്ട്.
പേട്ട റെയിൽവേ സ്റ്റേഷനിൽ വച്ച് പരസ്യമായി യുവതിയെ ആക്രമിച്ച പ്രതിയെ പൊലിസ് പിടികൂടി റിമാൻഡ് ചെയ്തുവെങ്കിലും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുമോ എന്ന ഭയത്തിലാണ് സ്ത്രീയാത്രികർ.
സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമം തടയുന്നതിനും കർശനമായി നിരീക്ഷണം നടത്തുന്നതിനും ഇന്നുമുതൽ റെയിൽവേ പൊലിസും തിരുവനന്തപുരം സിറ്റി പൊലിസും റെയിൽവേ സ്റ്റേഷനുകളിൽ ഇടവിട്ട് പരിശോധനകൾ നടത്തും.
പേട്ട സ്റ്റേഷനിൽ കർശനമായ പരിശോധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് പേട്ട എസ്ഐ ഷാനിഫ് അറിയിച്ചു. പ്രത്യേക സംഘങ്ങളായി തിരിഞ്ഞായിരിക്കും പരിശോധന. ട്രെയിൻ വിവിധ സ്റ്റേഷനുകളിൽ നിർത്തിക്കഴിഞ്ഞാൽ യാത്രക്കാർ പുറത്തിറങ്ങി റെയിൽവേ സ്റ്റേഷൻ കടക്കുന്നത് വരെയും പൊലിസിന്‍റെ നിരീക്ഷണം ഉണ്ടാകും. ഓരോ സ്റ്റേഷനിൽ നിന്നും പുതുതായി കയറുന്ന ആൾക്കാരെ ശക്തമായ നിരീക്ഷണങ്ങൾക്ക് വിധേയമാക്കുകയും ചെയ്യും.
Tags : Women Attack Train Inspections