Kerala
കണ്ണൂർ. ട്രെയിനിൽ യുവതിയെ ശല്യം ചെയ്തെന്ന പരാതിയിൽ നാല് സൈനികർക്കെതിരെ കേസെടെുത്തു. കണ്ണൂർ സ്വദേശികളായ മിഥുൻ,പ്രതീഷ് കുമാർ,തിരുവനന്തപുരം സ്വദേശി വിഷ്ണു, മുക്കം സ്വദേശി ബോണി എന്നിവർക്കെതിരെയാണ് കേസെടുത്തത്.
രാജധാനി എക്സ്പ്രസിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം . നാട്ടിലേക്ക് വരുകയായിരുന്ന വിദ്യാർഥിനിയോട് അതേ ബോഗിയിൽ യാത്ര ചെയ്ത സൈനികർ മോശമായി പെരുമാറിയെന്നാണ് പരാതി. മദ്യപിച്ച് പെൺകുട്ടിയെ ശല്യം ചെയ്തെന്നാണ് പരാതിയിലുള്ളത്.
പെണ്ടകുട്ടി ആദ്യം ടിടിയോട് പരാതി പറഞ്ഞു. പിന്നീട് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ പൊലിസ് കേസെടുക്കുകയായിരുന്നു. സൈനികരെ കസ്റ്റഡിയിൽ എടുത്ത ശേഷം നോട്ടീസ് നൽകി വിട്ടയച്ചു.ടെറിട്ടോറിയിൽ ആർമിയിൽ ഉൾപ്പടെ പ്രവർത്തിക്കുന്ന സൈനികർ അവധിക്ക് നാട്ടിലേക്ക് വരുകയായിരുന്നു.
National
മുംബൈ: മുംബൈയിൽ ട്രെയിനിനു നേരെ ഉണ്ടായ കല്ലേറിൽ ട്രെയിനിന്റെ ജനൽച്ചില്ലുകൾ തകർന്നു. നാഗ്പൂർ-മുംബൈ ദുരന്തോ എക്സ്പ്രസിന്റെ മൂന്ന് കോച്ചുകളുടെ ചില്ലുകൾ തകർന്നു. സംഭവത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല. വെള്ളിയാഴ്ച രാത്രി എട്ടരയ്ക്കാണ് സംഭവം.
ട്രെയിൻ ബോർഖേഡി സ്റ്റേഷൻ പിന്നിട്ട് ബോർഖേഡി-സിന്ധി സെക്ഷനിലൂടെ കടന്നുപോകുമ്പോഴായിരുന്നു ആക്രമണം. വിവരമറിഞ്ഞ ഉടൻ തന്നെ റെയിൽവേ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളായ ബോർഖേഡി, ബ്രാഹ്മണി എന്നീ ഗ്രാമങ്ങളിലും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കൊച്ചി: വിവാഹാഭ്യര്ഥന നിരസിച്ചതിനു കോഴിക്കോട് എന്ഐടിയിലെ ഗവേഷണ വിദ്യാര്ഥിനിയായിരുന്ന തിരുവനന്തപുരം കുമാരപുരം സ്വദേശിനി കെ. ഇന്ദുവിനെ ട്രെയിനില്നിന്നു തള്ളിയിട്ടു കൊന്നുവെന്ന കേസിലെ വിചാരണ ആരംഭിച്ചു.
ഇന്ദുവിന്റെ പിതാവ് കൃഷ്ണന് നായര്, അമ്മ ഓമന കുഞ്ഞമ്മ, മാതൃ സഹോദരി ബേബിക്കുട്ടിയമ്മ, ഭര്ത്താവ് ഗോപിനാഥന് നായര് എന്നിവരെ എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയില് ഇന്നലെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല് പബ്ലിക് പ്രോസിക്യൂട്ടര് എം.എ. ജോസ് മണവാളന് ഹാജരായി.
ട്രെയിനില് വച്ച് 2011 ഏപ്രില് 25ന് പുലര്ച്ചെ രണ്ടിനായിരുന്നു സംഭവം. ഇന്ദുവിനൊപ്പം ട്രെയിനില് യാത്ര ചെയ്ത കോഴിക്കോട് എന്ഐടി അസി.പ്രഫസര് കെ.സുഭാഷിനെ ക്രൈംബ്രാഞ്ച് കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കു മംഗലാപുരം എക്സ്പ്രസില് യാത്ര ചെയ്യുന്നതിനിടയിലാണ് ഇന്ദുവിനെ കാണാതായത്. ആലുവ പുഴയില്നിന്ന് ഇന്ദുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആദ്യം ആത്മഹത്യയാണെന്ന് കരുതിയ മരണം വിശദ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു കണ്ടെത്തിയത്.
ഇന്ദുവിന്റെ വിവാഹം അഭിഷേക് എന്നയാളുമായി ഉറപ്പിച്ചതിലുള്ള വിരോധമാണു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണു പൊലിസ് കണ്ടെത്തല്.
തിരുവനന്തപുരത്തുനിന്ന് ഇന്ദുവുമായി ട്രെയിനില് കയറിയ സുഭാഷ് കോഴിക്കോട്ടെത്തി ഉടന് രജിസ്റ്റര് വിവാഹം കഴിഞ്ഞ് സിക്കിമിലേക്കു പോകണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്, ഇന്ദു ആവശ്യം നിരസിച്ചതാണ് കൊലപാതകത്തിനു കാരണമായത്. സുഭാഷ് ഇന്ദുവിനെ ട്രെയിനില്നിന്ന് ആലുവ പാലത്തിനു മുകളില്വച്ച് പുഴയിലേക്കു തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നെന്നു കുറ്റപത്രത്തില് പറയുന്നു.
Kerala
കോഴിക്കോട്: കൊയിലാണ്ടിയിൽ മധ്യവയസ്കൻ ട്രയിൻ തട്ടി മരിച്ചു. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല.
വൈകുന്നേരം ആറരയോടെ ചെങ്ങോട്ടുകാവിലാണ് അപകടം നടന്നത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Kerala
കൊച്ചി: പൊന്നുരുന്നിയില് ട്രെയിനില് നിന്നു വീണ് 18കാരന് ദാരുണാന്ത്യം. കൊല്ലം സ്വദേശി രാഹുല് ആണ് മരിച്ചത്. പുലര്ച്ചെ 3.30 ഓടെയായിരുന്നു അപകടം. കണ്ണൂരില് നിന്നും കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു.
വൈറ്റില പൊന്നുരുന്നി റെയില്വേ ട്രാക്കില് രാവിലെ എട്ടരയോടെയാണ് രാഹുലിന്റെ മൃതദേഹം കണ്ടെത്തിയത്. കടവന്ത്ര പൊലിസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. മൃതദേഹം എറണാകുളം ജനറല് ആശുപത്രിയിലേക്ക് മാറ്റി.
Kerala
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെ കാൽ വഴുതിവീണ് യുവാവ് മരിച്ചു. പാലക്കാട് പിരായിരി പള്ളിക്കുളം പൂച്ചങ്ങൽ പി.കെ. ഉമ്മറിന്റെ മകൻ ഷുഹൈബ്(32) ആണു മരിച്ചത്. ഇന്നലെ രാവിലെ ഒന്പതോടെ ഒന്നാം നന്പർ പ്ലാറ്റ്ഫോമിലായിരുന്നു അപകടം.
പാലക്കാട് ജംഗ്ഷനിൽനിന്ന് എറണാകുളം ജംഗ്ഷനിലേക്കു പോവുകയായിരുന്ന മെമു ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
ട്രെയിനിൽനിന്നു പ്ലാറ്റ്ഫോമിലേക്കു തെറിച്ചുവീണ ഇയാൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വിവരമറിഞ്ഞ് തൃശൂർ റെയിൽവേ പൊലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
മരിച്ച ഷുഹൈബിന്റെ ബന്ധു മുഹമ്മദ് ജാബിർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ തൃശൂർ റെയിൽവേ പൊലിസ് കേസെടുത്തു.
Kerala
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെ കാൽ വഴുതിവീണ് യുവാവ് മരിച്ചു. പാലക്കാട് പിരായിരി പള്ളിക്കുളം പൂച്ചങ്ങൽ പി.കെ. ഉമ്മറിന്റെ മകൻ ഷുഹൈബ്(32) ആണു മരിച്ചത്.
ഇന്ന് രാവിലെ ഒമ്പതോടെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു അപകടം. പാലക്കാട് ജംഗ്ഷനിൽനിന്ന് എറണാകുളം ജംഗ്ഷനിലേക്കു പോവുകയായിരുന്ന മെമു ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
ട്രെയിനിൽനിന്നു പ്ലാറ്റ്ഫോമിലേക്കു തെറിച്ചുവീണ ഇയാൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വിവരമറിഞ്ഞ് തൃശൂർ റെയിൽവേ പൊലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
മരിച്ച ഷുഹൈബിന്റെ ബന്ധു മുഹമ്മദ് ജാബിർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ തൃശൂർ റെയിൽവേ പൊലിസ് കേസെടുത്തു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
Kerala
കൊച്ചി: അങ്കമാലിയില് ട്രെയിന് തട്ടി കൊല്ലം സ്വദേശികളായ രണ്ടു പേര് മരിച്ചു. കൊല്ലം വളത്തൂങ്കല് ആക്കോലില് സ്വദേശിയായ വിസ്മയ (15), ബന്ധുവായ കൊല്ലം കണ്ണനല്ലൂര് സ്വദേശിയായ അഭിലാഷ് (21) എന്നിവരെയാണ് മരിച്ചനിലയില് കണ്ടെത്തിയത്. ഇന്ന് പുലര്ച്ചെ 1.30 ഓടെയാണ് ഇരുവരും റെയില്വേ ട്രാക്കില് മരിച്ചു കിടക്കുന്നത് കണ്ടെത്തിത്.
തൃശൂര് ഭാഗത്തേക്ക് പോയ ട്രെയിന് ആണ് ഇടിച്ചത്. നിലവില് അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. ഇവര് രണ്ടുപേരെയും കാണാനില്ല എന്ന് കാട്ടി കഴിഞ്ഞ ദിവസം പൊലിസ് കേസ് എടുത്ത്, മൊബൈല് ഫോണ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.
International
ന്യൂയോർക്ക്: മാൻഹാട്ടൻ ഡൗൺടൗണിലെ സ്പ്രിംഗ് സിറ്റി റെയിൽവേ സ്റ്റേഷനിൽ സബ്വേ ട്രാക്കിലിരുന്ന രണ്ട് ഇന്ത്യൻ വംശജരായ യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. മലൈക ചിത്ര (24), നവം കൗൾ (24) എന്നിവരാണ് മരിച്ചത്.
പ്രാദേശിക സമയം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന് താഴെയുള്ള ട്രാക്കിൽ ഇരിക്കുകയായിരുന്ന ഇരുവരെയും സബ്വേ ട്രെയിൻ ഇടിക്കുകയായിരുന്നു. ഡ്രൈവർ ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അപകടകരമായ രീതിയിൽ ഇവർ എന്തിനാണ് റെയിൽവേ ട്രാക്കിൽ ഇരുന്നത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് ന്യൂയോർക്ക് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഈ മേഖലയിലെ സബ്വേ ഗതാഗതം ഏറെ നേരം തടസപ്പെടുകയും ട്രെയിനുകൾ മറ്റ് റൂട്ടുകളിലേക്ക് തിരിച്ചുവിടുകയും ചെയ്തു.
Kerala
ഷൊർണൂർ: ട്രെയിനിൽ യാത്രക്കാരിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ ടിടിഇയെ ഷൊർണുർ റെയിൽവേ പൊലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഡിവിഷനിലെ ടിടിഇ കൊല്ലം കടയ്ക്കൽ ഷിജു ആണ് അറസ്റ്റിലായത്. നിസാമുദ്ദീൻ എക്സ്പ്രസിലാണു സംഭവം.
തൃശൂരിനും വള്ളത്തോൾ റെയിൽവേ സ്റ്റേഷനും ഇടയിൽവച്ചാണ് കണ്ണൂർ സ്വദേശിനിക്കു നേരേ ലൈംഗികാതിക്രമം നടന്നത്. ഭർത്താവുമൊത്തു യാത്ര ചെയ്യുകയായിരുന്ന യുവതി ഉടൻ ഷൊർണൂർ റെയിൽവേ പൊലിസിൽ ഫോണിൽ പരാതിപ്പെടുകയായിരുന്നു. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നു എന്നാണു പൊലിസ് പറയുന്നത്. ഇയാളെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു.
Kerala
ആലുവ: ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ ഗോവ സ്വദേശി മരിച്ചു. ഗോവയില് നിന്ന് എറണാകുളത്തേക്ക് വരുന്നതിനിടെ സെബാസ്റ്റിയോ മാതോസ് (72) ആണ് മരിച്ചത്. ട്രെയിനില് കുഴഞ്ഞുവീണതിനെ തുടര്ന്ന് ഇയാളെ ആലുവ ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചുവെങ്കിലും മരണമടഞ്ഞു.
ഗോവ വൈദ്യുതി ബോര്ഡില് നിന്നും വിരമിച്ച സെബാസ്റ്റിയോ മാതോസ് ഗോവ സ്വദേശിനിയായ പെണ് സുഹൃത്ത് ലൂര്ദിനാ എര്മലീനയ്ക്കൊപ്പമാണ് കേരളത്തിലേക്ക് വന്നത്. ബന്ധുക്കള് എത്തിയ ശേഷം ഇന്ക്വസ്റ്റ് നടപടികള് പൂര്ത്തിയാക്കി മൃതദേഹം വിട്ടുനല്കും.
International
പാരീസ്: ഫ്രാൻസിലെ നോർമണ്ടിയിൽ ട്രെയിൻ പാളം തെറ്റി 44 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 7:30 ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.
റെയിൽവേ പാളത്തിലുണ്ടായിരുന്ന എന്തോ വസ്തുവിൽ തട്ടിയ ശേഷമാണ് ട്രെയിൻ പാളം തെറ്റിയതെന്ന് ഫ്രഞ്ച് പൊലിസ് വ്യക്തമാക്കി. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏകദേശം 180 യാത്രക്കാരുമായി സഞ്ചരിച്ച ട്രെയിനാണ് ക്ലിയോൺ നഗരത്തിന് സമീപം അപകടത്തിൽപ്പെട്ടത്.
അപകടത്തെ തുടർന്ന് റൂവൻ - കെയ്ൻ, കെയ്ൻ - ലെ ഹാവ്രെ വഴിയുള്ള ട്രെയിൻ സർവീസുകൾ താത്കാലികമായി നിർത്തിവച്ചു. യാത്രക്കാരുടെ സൗകര്യത്തിനായി ബസ് സർവീസുകൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
National
മുംബൈ: ട്രെയിനിൽ നിന്ന് കാൽതെറ്റി പാളത്തിലേക്ക് വീണ് യുവതിക്ക് പരിക്ക്. മുംബൈയിലെ ദിവയ്ക്കും മുമ്ബ്രയ്ക്കും ഇടയിലാണ് സംഭവം നടന്നത്. തിരക്കേറിയ സമയത്ത് മുംബൈയിലേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിനിൽ നിന്നാണ് യുവതി വീണത്.
ദിവയ്ക്കും മുമ്ബ്രയ്ക്കും ഇടയിൽ ട്രെയിൻ നിർത്തിയപ്പോഴായിരുന്നു അപകടം. ട്രെയിനിൽ തിരക്കായതിനാൽ യുവതി വാതിലിനോട് ചേർന്നാണ് നിന്നിരുന്നത്. ട്രെയിൻ നിർത്തിയിട്ടിരുന്ന സമയത്ത് കാൽതെറ്റി റെയിൽപാളത്തിന് സമീപത്തെ ഓടയിലേക്ക് വീഴുകയായിരുന്നു. ട്രെയിൻ നിർത്തിയിട്ടിരുന്ന സമയത്തായതിനാലും ഓടയിലേക്ക് വീണതിനാലും യുവതി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Kerala
പാലക്കാട്: ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സെപ്റ്റംബർ 24നും 25നും ചില ട്രെയിനുകൾ വഴി മാറിയോടും. 24നു പുറപ്പെടുന്ന ടാറ്റാ നഗർ – എറണാകുളം എക്സ്പ്രസ് (18189) ആലുവ വരെ മാത്രമായിരിക്കും സർവീസ് നടത്തുക.
25ലെ മംഗളൂരു സെൻട്രൽ-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603) കോട്ടയം വഴിയായിരിക്കും. എറണാകുളം ജംക്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ അന്നു സ്റ്റോപ് ഉണ്ടായിരിക്കില്ല. പകരം, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ടാകും.
25നു ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസും (22207) കോട്ടയം വഴിയാകും സർവീസ്. എറണാകുളം ജംക്ഷൻ, ആലപ്പുഴ എന്നീ സ്റ്റോപ്പുകൾ ഉണ്ടാകില്ല. പകരം, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.
District News
ചാലകുടി: റിട്ടയേർഡ് പ്രഫസറെ റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. മാള പൂവത്തുശേരി പുളിക്കൻ വീട്ടിൽ സുരേഷ് ബാബു(70)വിനെയാണ് ചാലക്കുടി റെയിൽവേ സ്റ്റേഷനു സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഓട്ടോറിക്ഷയിൽ മാളയിലെത്തിയ സുരേഷ് ബാബു ഒരു കവർ ഓട്ടോറിക്ഷാ ഡ്രൈവറെ ഏൽപ്പിക്കുകയും അത് ഭാര്യയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കവർ വീട്ടിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ മാള പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചാലക്കുടി റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിയ മൃതദേഹം സുരേഷ് ബാബുവിന്റേതാണെന്ന് തിരിച്ചറിഞ്ഞു.
Kerala
പത്തനംതിട്ട: പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തതിനു പിന്നാലെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ പ്ലാങ്കൂട്ടത്തിൽ പ്രവീൺ (21) ആണ് എറണാകുളത്ത് ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്.
പ്രവീണുമായി സ്നേഹത്തിലായിരുന്ന എലിമുള്ളുംപ്ലാക്കൽ കുപ്പക്കര വീട്ടിൽ വീണ പ്രകാശ് (16) ശനിയാഴ്ച വൈകുന്നേരം ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് പ്രവീൺ ആത്മഹത്യ ചെയ്തത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471- 2552056)
National
താനെ: നിർത്തിയിട്ടിരുന്ന ട്രെയിനിനു മുകളിൽ കയറി സെൽഫിയെടുക്കാൻ ശ്രമിച്ച 14 വയസുകാരൻ വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റു മരിച്ചു.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
യഗ്യ സുരേഷ് ഷെട്ടി ആണു മരിച്ചത്. കൂട്ടുകാർക്കൊപ്പം പതിവുപോലെ കോച്ചിംഗ് ക്ലാസിൽ കയറാതെ തകുരുളി ട്രെയിൻ യാർഡിലേക്കു പോയ ഷെട്ടി, നിർത്തിയിട്ടിരുന്ന ട്രെയിനിനു മുകളിൽ കയറി നിവർന്നതും തലയ്ക്കു മുകളിലെ വൈദ്യുതലൈനിൽ തല തട്ടി ഗാരേജിലെ മേൽക്കൂരയ്ക്കു മുകളിലേക്കു തെറിച്ചുവീഴുകയായിരുന്നു.
ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷ്ണുനഗർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ആന്ധ്രപ്രദേശിൽനിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 19 കിലോഗ്രാം കഞ്ചാവുമായി യുവതി പിടിയിൽ.
പശ്ചിമ ബംഗാൾ നോർത്ത് പർഗനാസ് സ്വദേശി മിനോതി സർദാറാണ് (35) റെയിൽവേ പോലീസിന്റെയും ആർപിഎഫിന്റെയും സംയുക്ത പരിശോധനയിൽ അറസ്റ്റിലായത്.
ചെന്നൈ–മംഗലാപുരം എക്സ്പ്രസ് ട്രെയിനിലെ ജനറൽ കോച്ചിലാണ് ഇവർ നിരോധിത ലഹരിവസ്തു ഒളിപ്പിച്ചു കടത്തിയത്. പ്രതി ഇതിനു മുൻപും സമാനമായ രീതിയിൽ കോഴിക്കോട്ടേക്ക് കഞ്ചാവ് എത്തിച്ചിട്ടുണ്ടോയെന്ന കാര്യം പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.
National
ഖാണ്ഡവ: ഡല്ഹി ഹസ്രത് നിസാമുദ്ദീനില്നിന്നു കേരളത്തിലേക്കുള്ള മംഗള എക്സ്പ്രസില് ഭക്ഷ്യവിഷബാധ.
ഇതേത്തുടര്ന്ന് തൃശൂരില്നിന്നുള്ള 50 ഓളം സ്കൂള്വിദ്യാർഥികൾ മധ്യപ്രദേശിലെ ഖാണ്ഡ്വയില് ചികിത്സ തേടി. ട്രെയിന് വെള്ളിയാഴ്ച ഇറ്റാര്സിയില് എത്തിയതോടെ കുട്ടികള്ക്കു ഛര്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.
ട്രെയിൻ പൈലറ്റ് വിവരം നൽകിയതോടെ ഖാണ്ഡ്വ സ്റ്റേഷനിൽ മെഡിക്കൽ സംഘം തയാറായി നിന്നു. രാത്രി ഒമ്പതോടെയാണു ട്രെയിന് ഖാണ്ഡ്വയില് എത്തിയത്. കുട്ടികള്ക്കു പ്രഥമശുശ്രൂഷ നല്കിയശേഷം 9.45ന് ട്രെയിന് യാത്ര തുടരുകയും ചെയ്തു.
80 ഓളം വിദ്യാര്ഥികളും അധ്യാപകരുമാണ് യാത്രാസംഘത്തില് ഉണ്ടായിരുന്നത്. യാത്രയിലുടനീളം ട്രെയിനിലെ പാന്ട്രിയില്നിന്നുള്ള ഭക്ഷണമാണു കഴിച്ചതെന്ന് അധ്യാപകര് പറഞ്ഞു.ട്രെയിൻ ഇന്നു രാവിലെ തൃശൂരിൽ എത്തും.
National
ചെന്നൈ: ചെന്നൈ നഗരത്തിലെ താമസസ്ഥലത്ത് സ്ത്രീയെ കൊലപ്പെടുത്തി തുണ്ടംതുണ്ടമാക്കി സ്യൂട്ട്കേസിലാക്കി ആഗ്രയിൽ ട്രെയിനിൽ ഉപേക്ഷിച്ച കേസിലെ പ്രതിയെ തമിഴ്നാട് പോലീസ് മണിപ്പുരിൽനിന്നു പിടികൂടി.
കുറ്റാന്വേഷണ സിനിമകളിലേതുപോലെ ഉദ്വേഗങ്ങൾ നിറഞ്ഞ സംഭവത്തിൽ ഒട്ടേറെ സൂചനകൾ പിന്തുടർന്നും വിവിധ സിസി ടിവി ദൃശ്യങ്ങൾ വിശകലനം ചെയ്തുമാണ് ചെന്നൈ സംഘം പ്രതിയിലേക്ക് എത്തിയത്.
പ്രധാന പ്രതി മണിക് ഉദ്ദീൻ ലസ്കാർ(22)നെ അറസ്റ്റ് ചെയ്ത പോലീസ് തുടർന്ന് ഇയാളെ ചെന്നൈയിലെത്തിച്ചു. ഗുഡുവാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധയിൽ നടന്ന കുറ്റകൃത്യത്തിൽ പ്രതിയെ ചോദ്യംചെയ്തുവരികയാണ്.
കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഭഗവതി മാജു എന്ന യുവതിയെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട യുവതിയുടെ തലയുടെ ഭാഗം കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്. കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിയുന്നതിനും കൊലയ്ക്കു പിന്നിലെ ലക്ഷ്യം കണ്ടെത്താനുമാണിതെന്ന് പോലീസ് പറഞ്ഞു.
ഓഗസ്റ്റ് അഞ്ചിനാണ് ആഗ്ര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ന്യൂഡൽഹി-തമിഴ്നാട് എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിൽ സ്ത്രീയുടെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹം പൊതിഞ്ഞിരുന്ന പൊളിത്തീൻ കവറിലെ വസ്ത്രവ്യാപര സ്ഥാപനത്തിന്റെ പേരാണ് കൊലപാതകത്തെ ചെന്നൈയിലെ തെക്കൻ ഗ്രാമമായ ഗുഡുവാഞ്ചേരിയിലേക്ക് എത്തിച്ചത്.
ആഗ്ര റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്ത് ആന്വേഷണം ആരംഭിച്ച കേസിൽ തുടർന്ന് ചെന്നൈ-താന്പരം പോലീസിന്റെ സഹകരണത്തോടെ പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കുകയായിരുന്നു.
രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച സംഘം സമാന സ്യൂട്ട്കേസുമായി ഒരു സത്രീയും പുരുഷനും യാത്രയ്ക്കെത്തുന്നത് കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. തുടർ അന്വേഷണത്തിൽ കൊലപാതകം നടന്നത് ഗുഡുവാഞ്ചേരിയിലെ ഒരു ഓട് പാകിയ വീട്ടിലാണെന്നും കണ്ടെത്തിയതോടെ താന്പരം പോലീസ് വീടു കണ്ടെത്തി പൂട്ടുപൊളിച്ചു പരിശോധിച്ചു.
ഒഡീഷ സ്വദേശികളായ ഒരു പുരുഷനും രണ്ടു സ്ത്രീകളും ഇവിടെ താമസിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ശേഷിക്കുന്ന ശരീരഭാഗങ്ങൾ അടക്കം കണ്ടെടുക്കേണ്ടതുള്ളതിനാൽ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ പോലീസ് തയാറായിട്ടില്ല.
International
ടോക്കിയോ: ജപ്പാനിൽ റെയിൽവേ ട്രാക്കിൽ കള നശിപ്പിക്കുന്ന ജോലിയിലേർപ്പെട്ടിരുന്ന നാല് ജീവനക്കാർ എക്സ്പ്രസ് ട്രെയിൻ ഇടിച്ചു മരിച്ചു. ഷിൻ-കനുമ സ്റ്റേഷനിലായിരുന്നു അപകടം.
ടോക്കിയോയിലേക്ക് പോവുകയായിരുന്ന സ്പേഷ്യ എക്സ്പ്രസ് ട്രെയിനാണ് ട്രാക്കിൽ നിന്ന് ജോലി ചെയ്തിരുന്നവരെ ഇടിച്ചത്. മൂന്ന് തൊഴിലാളികളും ഒരു സൂപ്പർവൈസറും ഉൾപ്പെടെ നാല് മരിച്ചത്. പരിക്കേറ്റരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പത്ത് പേരാണ് റെയിൽവേ ട്രാക്കിൽ കളനാശിനി തളിക്കുന്ന ജോലി ചെയ്തിരുന്നത്. ആറ് പേർ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. പോലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
മലപ്പുറം: നിലമ്പൂരിൽ ട്രെയിൻ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം. നിലമ്പൂർ റെയിൽവേ സ്റ്റേഷന് സമീപം വട്ടപ്പാടത്ത് പാളം മുറിച്ചുകടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ചിറക്കൽ ഖദീജ (85) ആണ് മരിച്ചത്.
മകളുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് നിലമ്പൂർ പോലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
National
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന അമ്മയെ വീൽചെയറോടെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ആവഡി ഹെവി വെഹിക്കിൾസ് ഫാക്ടറിയിലെ കരാർ ജീവനക്കാരൻ പാർത്ഥസാരഥി (44) ആണ് അമ്മ പദ്മാവതിയെ (71) കൊലപ്പെടുത്തിയത്.
ആദ്യം ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് അമ്മ മരിച്ചതെന്നായിരുന്നു കരുതിയത്. എന്നാൽ ട്രാക്കിനു സമീപം പോലീസ് വീൽചെയർ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധച്ചതിനെ തുടർന്നാണ് മകൻ തന്നെയാണ് കൊലപാതകം ചെയ്തതെന്ന് വ്യക്തമായത്.
യേലഗിരി എക്സ്പ്രസ് ട്രെയിൻ കടന്നുവരുന്നതിനിടയിലാണ് പാർത്ഥസാരഥിയെ വീൽചെയറോടെ ട്രാക്കിലേക്ക് തള്ളിയിട്ടത്. അമ്മയെയും ശാരീരിക പരിമിതികൾ നേരിടുന്ന സഹോദരനെയും നോക്കാൻ ബുദ്ധിമുട്ടുകൾ നേരിട്ടതിനാലാണ് കൊലപാതകം ചെയ്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
കേന്ദ്ര സർക്കാർ ജീവനക്കാരനായിരുന്ന പദ്മാവതി ഭർത്താവ് 2007-ൽ മരണമടഞ്ഞിരുന്നു. ഇതേതുടർന്ന് മാസംതോറും 15,000 രൂപ പെൻഷൻ ലഭിച്ചുവരികയായിരുന്നു.
ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന പാർത്ഥസാരഥിയായിരുന്നു ശാരീരിക ബുദ്ധിമുട്ടുകളുള്ള സഹോദരനെയും അമ്മയേയും പാർത്ഥസാരഥിയായിരുന്നു പരിചരിച്ചിരുന്നത്. 12,000 രൂപ മാസ ശമ്പളത്തിന് കരാർ ജോലി ചെയ്തിരുന്ന ഇയാൾ കടുത്ത മദ്യപാനിയായിരുന്നുവെന്നും കടുത്ത സാമ്പത്തിക ഞെരുക്കം നേരിട്ടിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
സൂറത്ത്: സഹയാത്രികരുമായുള്ള തകർക്കത്തെത്തുടർന്ന് ദീർഘദൂര ട്രെയിനിൽനിന്ന് ഇറക്കിവിട്ട വിദേശ പൗരൻ സൂററ്റിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്(ആർപിഎഫ്) പോസ്റ്റിൽ ചോദ്യംചെയ്യലിനിടെ മരിച്ചതായി ഗവൺമെന്റ് റെയിൽവേ പോലീസ്(ജിആർപി) അറിയിച്ചു.
മരണം സംഭവിച്ചതിനെക്കുറിച്ച് അറിയാനായി ജിആർപി ഇതിനോടകംതന്നെ കസ്റ്റഡി മരണം സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. 40 വയസ് തോന്നിക്കുന്ന വിദേശി ഗോൾഡൻ ടെന്പിൾ എക്സ്പ്രസിൽ മുംബൈയിൽനിന്നു ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. കഴിഞ്ഞ 17ന് രാത്രി ഗുജറാത്തിലൂടെ കടന്നുപോകുന്പോഴാണ് ഇയാൾ സഹയാത്രികരുമായി തർക്കത്തിലേർപ്പെട്ടത്.
തുടർന്ന് ഇയാൾ യാത്രക്കാരുടെ മേൽ ഫയർ എക്സ്റ്റിൻക്യുഷർ സ്പ്രേ ചെയ്തു. ട്രെയിൻ സൂറത്തിറിൽ എത്തിയപ്പോൾ ഇയാളെ ഇറക്കുകയും ചോദ്യം ചെയ്യുന്നതിനായി ആർപിഎഫ് പോസ്റ്റിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് ചോദ്യംചെയ്യലിനിടെ അബോധാവസ്ഥയിലായ ഇയാൾ മരണപ്പെടുകയായിരുന്നെന്ന് പശ്ചിമ റെയിൽവേ എസ്പി അഭയ് സോണി പറഞ്ഞു. പാസ്പോർട്ടോ മറ്റ് തിരിച്ചറയിൽ രേഖകളോ ഇയാളുടെ പക്കൽനിന്നു കണ്ടെടുത്തിട്ടില്ലാത്തതിനാൽ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമായിട്ടില്ല.
Kerala
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്ന് പോലീസ്. ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. കുട്ടി താഴെനിന്ന് റെയിൽവേ ട്രാക്കിലേക്ക് ഓടിക്കയറുന്നത് കണ്ടെന്നാണ് ലോക്കോ പൈലറ്റിന്റെ മൊഴി.
അമ്പലപ്പുഴ കാക്കാഴം പുതുവൽ വീട്ടിൽ വിനീതിന്റെയും സൂര്യാ ബാബുവിന്റെയും മകൻ ദൃണവ് ആണ് ചൊവ്വാഴ്ച വൈകുന്നേരം അപകടത്തിൽപ്പെട്ടത്. ദൃണവ് കയറുന്നത് കണ്ട് ട്രെയിനിന്റെ വേഗത കുറയ്ക്കാൻ ലോക്കോ പൈലറ്റ് ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.
മൊഴിയുടെ അടിസ്ഥാനത്തിൽ സംശയിക്കത്തക്കതായ മറ്റ് സാഹചര്യങ്ങൾ നിലവിലില്ലെന്ന നിഗമനത്തിലാണ് അമ്പലപ്പുഴ പോലീസ്. ദൃണവ് റെയിൽവേ ട്രാക്കിലേക്ക് കയറിയതിൽ നാട്ടുകാർ അസ്വാഭാവികത സംശയിച്ചിരുന്നു.
District News
ചാലക്കുടി: വെള്ളാഞ്ചിറ റെയിൽവേ ഗേറ്റിനു സമീപം ട്രെയിനിടിച്ച് യുവാവ് മരിച്ചു മോതിരക്കണ്ണി സ്വദേശി മനയ്ക്കലാൻ ജോയ് മകൻ ജിതിൻ (28) മരിച്ചത്. ഇന്നലെ നാലിനാണ് അപകടം ഉണ്ടായത്. പോലീസെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം ചാലക്കുടി ഗവ. താലുക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ശിൽപ. മകൻ: എണസ്റ്റോ.
District News
ആലപ്പുഴ: ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോർത്ത് റൂട്ടിൽ അധിക ഓണം സ്പെഷൽ ട്രെയിനിന് കരുനാഗപ്പള്ളി, കായംകുളം സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചതായി കെ.സി. വേണുഗോപാൽ എംപി അറിയിച്ചു.
06569-ാം നമ്പർ എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോർത്ത് ഓഗസ്റ്റ് 20ന് പുറപ്പെട്ട് 21ന് തിരുവനന്തപുരത്ത് എത്തും വിധവും തിരികെയുള്ള ട്രെയിൻ (06570) ഓഗസ്റ്റ് 22ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 23ന് ബംഗളൂരു എത്തും വിധവുമാണ് ക്രമീകരിച്ചിരിക്കുന്നത്.
ഓണക്കാലത്തെ യാത്രക്കാരുടെ അധിക തിരക്ക് പരിഗണിച്ച് അധിക സർവീസ് അനുവദിച്ചത് കേരളത്തിലെ യാത്രക്കാർക്ക് വലിയ ആശ്വാസമാകും. ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് എത്തുന്ന യാത്രക്കാർക്കും കേരളത്തിൽനിന്ന് ബംഗളൂരുവിലേക്ക് മടങ്ങുന്നവർക്കും കൂടുതൽ യാത്രാസൗകര്യം ലഭിക്കും.
National
മുംബൈ: ട്രെയിനിൽ സീറ്റ് തർക്കത്തെത്തുടർന്ന് ഇടപെട്ട ആർപിഎഫ് ഉദ്യോഗസ്ഥരെ ബ്ലേഡ് കൊണ്ട് ആക്രമിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്ത സംഭവത്തിൽ പ്രമുഖ ടെലിവിഷൻ നടിയും മോഡലുമായ അന്തര ബാനർജി (31) അറസ്റ്റിൽ. കഴിഞ്ഞ 12ന് രാത്രി ബാന്ദ്ര-ഗംഗാനഗർ ആരവല്ലി എക്സ്പ്രസിലായിരുന്നു സംഭവം.
ചിത്രീകരണത്തിനായി ഗുജറാത്തിലെ സൂറത്തിലേക്കു യാത്ര ചെയ്യുകയായിരുന്നു അന്തര. സ്ലീപ്പർ ക്ലാസ് ടിക്കറ്റ് മാത്രം കൈവശമുണ്ടായിരുന്ന നടി എസി കോച്ചിൽ പ്രവേശിച്ച് മറ്റൊരാളുടെ റിസർവ്ഡ് സീറ്റിൽ ഇരുന്നതാണ് തർക്കത്തിനു കാരണമായത്.
സീറ്റ് ഒഴിഞ്ഞുനൽകാൻ യാത്രക്കാരൻ ആവശ്യപ്പെട്ടെങ്കിലും ഇവർ തയാറായില്ല. തുടർന്ന് ടിക്കറ്റ് പരിശോധകനും ആർപിഎഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സീറ്റിൽനിന്നു മാറാൻ ആവശ്യപ്പെട്ടതോടെ നടി അക്രമസ്വഭാവം കാണിക്കുകയായിരുന്നു.
ആർപിഎഫ് അസി. സബ് ഇൻസ്പെക്ടർ യാമിനികാന്ത് മിശ്ര, ടിക്കറ്റ് പരിശോധകൻ ഹരികേശ് ത്രിപാഠി എന്നിവരെ നടി ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയും വസ്ത്രങ്ങൾ അഴിച്ചുമാറ്റി ബഹളം വയ്ക്കുകയും ചെയ്തതായി പോലീസ് എഫ്ഐആറിൽ പറയുന്നു. ആക്രമണത്തിൽ ഉദ്യോഗസ്ഥർക്കും നടിക്കും പരിക്കേറ്റു.
കൂടാതെ ഉദ്യോഗസ്ഥരുടെ യൂണിഫോമും മൊബൈൽ ഫോണും ഇവർ നശിപ്പിച്ചു. കോച്ചിന്റെ ജനൽചില്ലുകൾ തകർത്തു രക്ഷപ്പെടാൻ ശ്രമിച്ച നടിയെ ദഹാനു സ്റ്റേഷനിൽ വച്ചാണ് റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തത്.
വിവിധ വകുപ്പുകൾ ചുമത്തി ബോറിവലി റെയിൽവേ പോലീസ് കേസെടുത്ത നടിയെ പിന്നീട് നോട്ടീസ് നൽകി ജാമ്യത്തിൽ വിട്ടയച്ചു.
എസി കോച്ചിൽ ടിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്നുണ്ടായ മാനസിക സമ്മർദമാണ് നടിയെ ഇത്തരമൊരു പ്രവൃത്തിക്കു പ്രേരിപ്പിച്ചതെന്ന് ബോറിവലി റെയിൽവേ പോലീസ് ഇൻസ്പെക്ടർ കുന്ദ ഗവാഡെ അറിയിച്ചു.
ബന്ധുക്കളെയോ അഭിഭാഷകരെയോ ബന്ധപ്പെടാൻ തയാറാകാതിരുന്ന നടി, തന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും ഗവാഡെ പറഞ്ഞു. പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തശേഷമാണ് ഇവർ ശാന്തയായതെന്നും പോലീസ് കൂട്ടിച്ചേർത്തു.
കോൽക്കത്തയിലെ ഒരു ബംഗാളി കുടുംബത്തിലാണ് അന്തര ബാനർജി ജനിച്ചത്. അഭിനയമോഹവുമായി 2013ൽ മാതാപിതാക്കൾക്കൊപ്പമാണ് ഇവർ മുംബൈയിലേക്ക് കുടിയേറിയത്.
Kerala
കാഞ്ഞങ്ങാട്: ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നൽകി പോലീസിനെയും സുരക്ഷാസേനയെയും യാത്രക്കാരെയും മണിക്കൂറുകളോളം ആശങ്കയിലാഴ്ത്തിയ പ്രതി അറസ്റ്റിൽ. ബങ്കളം സ്വദേശി പി.വി. രതീഷ് (42) ആണ് ഹൊസ്ദുർഗ് പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ഹൊസ്ദുർഗ്, കാസർഗോഡ് പോലീസ് സ്റ്റേഷനുകളിലേക്കും കാസർഗോഡ് റെയിൽവേ പോലീസിലേക്കും എമർജൻസി നമ്പറായ 112 വഴിയാണ് ഇയാൾ വ്യാജ സന്ദേശം നൽകിയത്. ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് അറിയിച്ചെങ്കിലും വിളിക്കുന്നത് ആരാണെന്നോ എവിടെയാണെന്നോ വ്യക്തമാക്കാൻ ഇയാൾ തയാറായിരുന്നില്ല.
സന്ദേശം ലഭിച്ചതിനെ തുടർന്ന് പോലീസ് വ്യാപകമായ സുരക്ഷാ പരിശോധനകളാണ് നടത്തിയത്. നേത്രാവതി, മലബാർ, പരശുറാം എക്സ്പ്രസ് ട്രെയിനുകളിൽ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിർത്തിയാണ് പോലീസും റെയിൽവേ സുരക്ഷാസേനയും പരിശോധന നടത്തിയത്. മണിക്കൂറുകൾ നീണ്ട പരിശോധനകൾക്കൊടുവിൽ ട്രെയിനുകളിൽ നിന്ന് ബോംബോ മറ്റ് സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്താനായില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാഞ്ഞങ്ങാട് ഭാഗത്തുനിന്നാണ് കോൾ വന്നതെന്ന് പോലീസ് കണ്ടെത്തി. മാവുങ്കാലിൽ വച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഉത്തരേന്ത്യക്കാരായ രണ്ട് സ്ത്രീകൾ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചുവെന്നും, അവരുടെ കൈവശം ബോംബ് ഉണ്ടെന്ന് സംശയിച്ചാണ് താൻ ഇത്തരത്തിൽ വിവരം അധികൃതരെ അറിയിച്ചതെന്നുമാണ് പ്രതിയുടെ മൊഴി.
National
ബെംഗളൂരു: അപകടം നിറഞ്ഞതും ദുർഘടവുമായ ബെംഗളൂരു - മംഗളൂരു ഘട്ട് പാതയിൽ ട്രയൽ റൺ നടത്തി വന്ദേഭാരത് എക്സ്പ്രസ്. ബാങ്കർ എൻജിനുകളുടെ സഹായമില്ലാതെയാണ് പശ്ചിമഘട്ടത്തെ വന്ദേഭാരത് കീഴടക്കിയത്. നിലവിൽ ഈ പാതയിലൂടെ കടന്നുപോകുന്ന എക്സ്പ്രസ് ട്രെയിനുകൾക്കും ചരക്ക് വണ്ടികൾക്കും കുത്തനെയുള്ള മലകയറാൻ മുന്നിലെ എൻജിന് പുറമെ, പിന്നിൽ നിന്ന് തള്ളാനായി ‘ബാങ്കർ ലോകോമോട്ടീവ്' എന്ന പ്രത്യേക എൻജിനുകൾ ഘടിപ്പിക്കാറുണ്ട്. എന്നാൽ അത്യാധുനിക ബ്രേക്കിംഗ് സംവിധാനങ്ങളാണ് ഈ പാതയിലൂടെയുള്ള വന്ദേഭാരതിന്റെ യാത്രയ്ക്ക് തുണയായത്.
സഖ്ലേഷ്പുരയ്ക്കും സുബ്രമണ്യ റോഡിനും ഇടയിലുള്ള പശ്ചിമഘട്ടത്തിലെ സുന്ദരമായ 55 കിലോമീറ്റർ ദൂരം കാഴ്ചക്കാരുടെ മനം കവരുമെങ്കിലും ട്രെയിൻ ഗതാഗതത്തിന് വെല്ലുവിളികളുടെ പാതയാണ്. 57 തുരങ്കങ്ങളും, 226ലധികം പാലങ്ങളും, 108 വളവുകളും നിറഞ്ഞ പാത. ഓരോ 50 മീറ്റർ മുന്നോട്ട് പോകുമ്പോഴും ട്രാക്കിൽ ഒരു മീറ്റർ വീതം ഉയർച്ചയോ താഴ്ചയോ അനുഭവപ്പെടുന്ന 1 ഇൻ 50 ഗ്രേഡിയന്റ് എന്ന പ്രതിഭാസം നേരിടുന്ന പാത.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പ്രത്യേകം സജ്ജമാക്കിയ ‘ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്' സിസ്റ്റം ഘടിപ്പിച്ച 20 കോച്ചുകളുള്ള റേക്കാണ് പരീക്ഷണ ഓട്ടത്തിനായി റെയിൽവേ ഉപയോഗിച്ചത്. സഖ്ലേഷ്പുരയ്ക്കും സുബ്രഹ്മണ്യ റോഡിനും ഇടയിലെ പരമാവധി വേഗത 30 കിലോമീറ്ററാണ്. ഈ വേഗപരിധിയിൽ വേണം ഈ ഭാഗത്ത് കൂടി വന്ദേഭാരത് കടന്നുപോകാൻ. ഓഗസ്റ്റ് 20 വരെയാണ് പരീക്ഷണ ഓട്ടം.
International
ലണ്ടൻ: യുകെയിൽ ട്രെയിൻ പാളം തെറ്റി 18 യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഈസ്റ്റ് സസക്സിലെ ലൂയിസ് റെയിൽവേ സ്റ്റേഷന് സമീപം പ്രാദേശിക സമയം വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം.
ലണ്ടനിലെ വിക്ടോറിയ സ്റ്റേഷനിൽനിന്ന് ഈസ്റ്റബേണിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ മൂന്ന് കോച്ചുകളാണ് പാളംതെറ്റിയത്. ഏകദേശം 150-ഓളം യാത്രക്കാർ ട്രെയിനിലുണ്ടായിരുന്നു.
അപകടത്തിന് പിന്നാലെ ഫയർ ഫോഴ്സും എമർജൻസി സർവീസസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ യുകെ റെയിൽ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
NRI
ബെർലിൻ: ജർമനിയിലെ ബവേറിയയിൽ ഇൻഗോൾസ്റ്റാറ്റിൽ നിന്ന് റേഗൻസ്ബർഗിലേക്ക് പോകുകയായിരുന്ന റീജിയണൽ ട്രെയിൻ കാറുമായി കൂട്ടിയിടിച്ച് വൻ അപകടം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൻചിംഗിന് സമീപത്തെ റെയിൽവേ ക്രോസിംഗിലാണ് അപകടമുണ്ടായത്. കൂട്ടിയിടിയെ തുടർന്ന് 30 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള കടുത്ത ചൂടിൽ 150ഓളം യാത്രക്കാർ മണിക്കൂറുകളോളം ട്രെയിനിനുള്ളിൽ കുടുങ്ങി.
മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച ട്രെയിൻ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പാളത്തിന് പുറത്തേക്ക് തെറിച്ചുവീണു.
കാറിനുള്ളിൽ കുടുങ്ങിയ 65 വയസുകാരനായ ഡ്രൈവറെ അഗ്നിശമന സേനാംഗങ്ങൾ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നിസാര പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാട്ടിനുള്ളിൽ കുടുങ്ങി ട്രെയിൻ
അപകടത്തിന് പിന്നാലെ ഏകദേശം 250 മീറ്ററോളം മുന്നോട്ട് നീങ്ങിയ ട്രെയിൻ സമീപത്തെ കാട്ടിനുള്ളിലാണ് നിന്നത്. പുറത്ത് കടുത്ത ചൂടായിരുന്നെങ്കിലും ട്രെയിനിലെ എയർ കണ്ടീഷനിംഗ് സംവിധാനം പ്രവർത്തിച്ചിരുന്നതിനാൽ യാത്രക്കാർക്ക് വലിയ ദുരിതം ഒഴിവായി.
രക്ഷാപ്രവർത്തനം
രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി യാത്രക്കാർക്ക് കുടിവെള്ളം വിതരണം ചെയ്തു. തുടർന്ന് മരങ്ങൾ മുറിച്ചുമാറ്റി വഴി ഒരുക്കിയ ശേഷമാണ് ഏകദേശം ഒരു മണിക്കൂറിന് ശേഷം 150ഓളം യാത്രക്കാരെയും സുരക്ഷിതമായി ട്രെയിനിൽ നിന്ന് പുറത്തെത്തിച്ചത്. യാത്രക്കാർക്കായി പ്രത്യേക ബസ് സൗകര്യവും ഏർപ്പെടുത്തി.
അതേ സ്ഥലത്ത് വീണ്ടും അപകടം
റെയിൽവേ ഗേറ്റ് തുറന്നുകിടന്നിരുന്നതിനാൽ ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തതാണോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. നേരത്തെയും ഇതേ സ്ഥലത്ത് സമാനമായ രീതിയിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ജൂണിൽ ചരക്ക് ട്രെയിനുമായി കാർ കൂട്ടിയിടിച്ച് 33കാരൻ മരിച്ചിരുന്നു. 2025 ഓഗസ്റ്റിലും ഇതേ സ്ഥലത്തുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
നിലവിൽ റെയിൽവേ ഗേറ്റിന് സാങ്കേതിക തകരാറുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ട്രെയിൻ ഗതാഗതം തടസപ്പെടുത്തിയ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
District News
ഗാന്ധിനഗർ: ട്രെയിനിൽനിന്നു വീണ് ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്ക്. സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്ത ഒഡീഷ സ്വദേശി ശബത് ബോയി (52) എന്നയാളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം അടിച്ചിറ റെയിൽവേ ക്രോസിന് സമീപമായിരുന്നു അപകടം. പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
National
മുംബൈ: ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യാത്രക്കാരിയെ മർദിച്ച യുവാവ് അറസ്റ്റിൽ. മുഹമ്മദ് റിസ്വാൻ അൻസാരി (36) എന്ന യുവാവിനെയാണ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. ഹാർബർ ലൈൻ പാതയിൽ സർവീസ് നടത്തുന്ന ലോക്കൽ ട്രെയിനിലാണ് സംഭവം.
സീറ്റിനെച്ചൊല്ലിയാണ് സ്ത്രീയും പ്രതിയും തമ്മിൽ തർക്കമുണ്ടായത്. ഇതിനിടെയാണ് യുവാവ് സ്ത്രീയെ കൈകൊണ്ട് മർദിച്ചത്. പിന്നാലെ ഇയാൾ ധരിച്ചിരുന്ന ബെൽറ്റ് ഊരുകയും ബെൽറ്റ് കൊണ്ട് അടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് റെയിൽവേ പോലീസ് അന്വേഷണം നടത്തിയത്. തുടർന്ന് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Kerala
കൊല്ലം: കൊല്ലം - ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പുനലൂർ സ്വദേശി മരിച്ചു. പുനലൂർ പത്തേക്കർ ചേരിക്കോണം ഇട്ടിവിള വീട്ടിൽ അജി (43) ആണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
പുനലൂർ പത്തേക്കർ ഭാഗത്തുവെച്ചാണ് അപകടം സംഭവിച്ചത്. പുനലൂരിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന മെമു ട്രെയിനാണ് അജിയെ ഇടിച്ചത്.
അപകടത്തിൽ കൈകൾക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
NRI
കാൾസ്റൂഹെ: ജർമനിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ടിക്കറ്റ് പരിശോധനയ്ക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് റെയിൽവേ സുരക്ഷാ ജീവനക്കാരനെ പുറത്തേക്ക് തള്ളിയിട്ടു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയായിരുന്ന റീജിയണൽ എക്സ്പ്രസ് (RE) ട്രെയിനിൽ നിന്നാണ് "ഡിബി സെക്യൂരിറ്റി' ജീവനക്കാരനായ 26 വയസുകാരൻ തെറിച്ചുവീണത്.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം നിലവിൽ ജീവന് വേണ്ടി പോരാടുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് 36 വയസുകാരനായ ജർമൻ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം 7.35ഓടെ ഒഫൻബുർഗിൽ നിന്ന് കാൾസ്റൂഹെയിലേക്കുള്ള റെയിൽവേ പാതയിലാണ് ദാരുണമായ ഈ സംഭവം നടന്നത്.
പ്രോസിക്യൂഷനും കാൾസ്റൂഹെ പോലീസും സംയുക്തമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് വിവരങ്ങൾ വ്യക്തമാക്കിയത്.
പരിശോധനയ്ക്കിടെ തർക്കവും കൈയാങ്കളിയും
ട്രെയിനിലെ ടിക്കറ്റ് പരിശോധകർ ഒരു യാത്രക്കാരനെ പരിശോധിക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. മദ്യപിച്ച അവസ്ഥയിലായിരുന്ന യാത്രക്കാരൻ പരിശോധകരോട് കയർക്കുകയും അസഭ്യം പറയുകയും ചെയ്തു.
തുടർന്ന് ഇവർ റെയിൽവേ സുരക്ഷാ വിഭാഗത്തിലെ രണ്ട് ജീവനക്കാരെ സഹായത്തിനായി വിളിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ ജീവനക്കാരനും യാത്രക്കാരനും തമ്മിൽ ട്രെയിനിനുള്ളിൽ വച്ച് കടുത്ത കൈയാങ്കളിയുണ്ടായി.
മൽപ്പിടുത്തത്തിനിടയിൽ ഇരുവരും നിലത്തു വീഴുകയും, ഇതിനിടെ ട്രെയിനിന്റെ വാതിൽ പെട്ടെന്ന് തുറക്കപ്പെടുകയുമായിരുന്നു. എറ്റ്ലിംഗൻ-ബ്രൂഹ്ഹൗസൻ ഭാഗത്ത് വച്ച് 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയായിരുന്ന ട്രെയിനിൽ നിന്ന് സുരക്ഷാ ജീവനക്കാരൻ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.
രണ്ടു കിലോമീറ്റർ അകലെ ട്രാക്കിൽ കണ്ടെത്തി
സംഭവമറിഞ്ഞയുടൻ ട്രെയിനിലെത്തിയ പോലീസ് പ്രതിയായ 36 വയസുകാരനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് റെയിൽവേ പാതയിൽ നടത്തിയ തിരച്ചിലിൽ, സംഭവം നടന്ന സ്ഥലത്തുനിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെ ട്രാക്കിൽ മാരകമായി പരിക്കേറ്റ നിലയിൽ സുരക്ഷാ ജീവനക്കാരനെ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ ഇദ്ദേഹത്തെ അത്യാഹിത വിഭാഗം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിൽ എങ്ങനെ തുറന്നു എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തതയില്ല. കാൾസ്റൂഹെ ക്രിമിനൽ പോലീസ് കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തെളിവെടുപ്പിന്റെ ഭാഗമായി ട്രെയിൻ പോലീസ് കസ്റ്റഡിയിലെടുത്തു.
വീണ്ടും ചർച്ചയായി റെയിൽവേ ജീവനക്കാരുടെ സുരക്ഷ
ജർമ്മനിയിൽ റെയിൽവേ ജീവനക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ അക്രമവും നടന്നിരിക്കുന്നത്. കൈസേർസ്ലൗട്ടേണിൽ (Kaiserslautern) നിന്ന് ഹോംബർഗിലേക്കുള്ള ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ, സെർകാൻ സലാർ എന്ന 36 വയസുകാരനായ ട്രെയിൻ ഗാർഡിനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം ജർമനിയെ ഒന്നാകെ നടുക്കിയിരുന്നു.
ഈ കേസിൽ പ്രതിക്ക് തടവുശിക്ഷ വിധിച്ചിരുന്നു. ഈ സംഭവം സൃഷ്ടിച്ച ആഘാതം മാറുന്നതിന് മുൻപാണ് റെയിൽവേ മേഖലയെ വീണ്ടും ഭീതിയിലാഴ്ത്തി പുതിയ അക്രമം നടന്നിരിക്കുന്നത്.
Kerala
കൊച്ചി: ട്രെയിന് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സ തേടിയ വിദ്യാര്ഥിനി മരിച്ചു.
കൊല്ലം പൂതക്കുളം സ്വദേശിനി സ്നേഹ (22) യാണു മരിച്ചത്. മൈസൂരു രാമന് കോളജ് ഓഫ് നഴ്സിംഗിലെ അവസാനവര്ഷ വിദ്യാര്ഥിനിയാണ്.
ഞായറാഴ്ച മൈസൂരുവില്നിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്ന്ന് ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടെങ്കിലും ലഭ്യമായില്ല. തുടർന്ന് എറണാകുളം സൗത്ത് സ്റ്റേഷനിലിറങ്ങി സഹായം തേടി.
സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരത്തോടെ ആരോഗ്യനില മോശമായി. ഹൃദയാഘാതമാണു മരണകാരണമെന്ന് ആശുപത്രി അധികൃതര് അറിയിച്ചു.
എറണാകുളം ജനറല് ആശുപത്രിയില് പോസ്റ്റ്മോര്ട്ടത്തിനു ശേഷം ഇന്നലെ വൈകുന്നേരം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുനല്കി. സംസ്കാരം രാത്രി വീട്ടുവളപ്പില് നടത്തി.
District News
വടക്കാഞ്ചേരി: റെയിൽവേ സ്റ്റേഷനിൽ കോവിഡിന് മുൻപുണ്ടായിരുന്ന ട്രെയിൻ സ്റ്റോപ്പുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്നും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കെ. രാധാകൃഷ്ണൻ എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം സമർപ്പിച്ചു. റെയിൽവേ മന്ത്രാലയത്തിന്റെ അമൃത് ഭാരത് സ്റ്റേഷൻ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കുകയും യാത്രക്കാർക്കായി മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, മതിയായ ട്രെയിൻ സ്റ്റോപ്പുകൾ ഇല്ലാത്തതുമൂലം ഈ സൗകര്യങ്ങളുടെ പ്രയോജനം യാത്രക്കാർക്ക് പൂർണ്ണമായി ലഭിക്കുന്നില്ലെന്ന് എം.പി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
റെയിൽവേ മന്ത്രിയെ കൂടാതെ റെയിൽവേ ബോർഡ് ചെയർമാൻ, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, ഡിവിഷണൽ റെയിൽവേ മാനേജർ എന്നിവർക്കും അദ്ദേഹം നിവേദനത്തിന്റെ പകർപ്പുകൾ അയച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി താൽക്കാലികമായി നിർത്തലാക്കിയ കാരയ്ക്കൽ എക്സ്പ്രസ് , പൂനെ-കന്യാകുമാരി എക്സ്പ്രസ് , മലബാർ എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ സ്റ്റോപ്പുകൾ എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നതാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്.
National
മുർഷിദാബാദ്: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ട്രെയിൻ സ്കൂൾ വാനിലിടിച്ച് മൂന്ന് വിദ്യാർത്ഥികളടക്കം നാല് പേർ മരിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെ അസിംഗഞ്ച്-കട്വ റെയിൽവേ സെക്ഷനിലെ കർണസുബർണ സ്റ്റേഷനും ഗോബിന്ദപുർ റെയിൽ ഗേറ്റിനും ഇടയിലായിരുന്നു അപകടം. നിംതിത-കട്വ ലോക്കൽ ട്രെയിനാണ് സ്കൂൾ വാനിനെ ഇടിച്ചത്.
റെയിൽ ഗേറ്റ് തുറന്നിട്ടിരുന്നതിനെത്തുടർന്ന് വിദ്യാർത്ഥികളുമായി പോവുകയായിരുന്ന വാനും ഒരു സൈക്കിൾ യാത്രക്കാരനും പാളത്തിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ട്രെയിൻ വാനിൽ ഇടിച്ചത്. തൊട്ടുമുമ്പ് മറ്റൊരു ട്രെയിൻ കടന്നുപോയതിന് ശേഷവും റെയിൽ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നുവെന്നും ഗേറ്റ്മാന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നും നാട്ടുകാർ ആരോപിക്കുന്നു.
അപകടത്തിൽ വാനിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചു. നാട്ടുകാർ ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ കർണസുബർണ ബ്ലോക്ക് ആശുപത്രിയിലും പിന്നീട് ഗുരുതരാവസ്ഥയിലുള്ളവരെ ബെർഹാംപൂരിലെ മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
സംഭവത്തിൽ പോലീസും റെയിൽവേ അധികൃതരും വെവ്വേറെ അന്വേഷണം ആരംഭിച്ചു. ഗേറ്റ്മാന്റെ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ ഈസ്റ്റേൺ റെയിൽവേ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. റെയിൽവേ ഗേറ്റ് തുറന്നുകിടന്നു; സ്കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്ന് വിദ്യാർത്ഥികളുടെ മരണം.
National
മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പരേൽ-അംബർനാഥ് ലോക്കൽ ട്രെയിനിന്റെ ലഗേജ് കോച്ചിൽ വ്യാഴാഴ്ച പുലർച്ചെ 12:30 ഓടെയായിരുന്നു സംഭവം.
ട്രെയിൻ യാത്രയ്ക്കിടയിൽ രണ്ട് യാത്രക്കാർ തമ്മിൽ തർക്കമുണ്ടാകുകയും, ഇത് പിന്നീട് കടുത്ത അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിൽ ഇരുവർക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ട്രെയിൻ കല്യാൺ സ്റ്റേഷനിൽ എത്തിയപ്പോൾ ആർപിഎഫും ഗവൺമെന്റ് റെയിൽവേ പോലീസും ലഗേജ് കോച്ചിലേക്ക് എത്തി. തമ്മിലടിച്ച രണ്ട് പേരെയും ശാന്തരാക്കി. പരിക്കേറ്റ ഇരുവർക്കും ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി. പിന്നീട് സ്ട്രെച്ചറുകളെത്തിച്ച് ആംബുലൻസിൽ രുക്മാഭായ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിൽ ഒരാളുടെ തലയ്ക്കേറ്റ പരിക്ക് അതീവ ഗുരുതരമാണ്. ഇയാളെ പിന്നീട് സയൺ ആശുപത്രിയിലേക്ക് മാറ്റി.
ഇടിവള ഉപയോഗിച്ചാണ് ആക്രമണമെന്നാണ് വിവരം. റെയിൽവേ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇരുവരുടെയും കൈയിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. വഴക്കിനിടയിൽ ഒരാളുടെ കൈയിലുണ്ടായിരുന്ന വലിയ ഇരുമ്പ് കൈവള മറ്റേയാളുടെ തലയിൽ ആഞ്ഞടിച്ചതാണ് ഗുരുതര പരിക്കിന് കാരണമായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ കല്യാൺ റെയിൽവേ പോലീസ് കേസെടുത്ത് നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും.
ഹരിയാനയിലെ ജിന്ദ് മുതൽ സോണിപത്ത് വരെയുള്ള ട്രെയിൻ ജിന്ദ് റെയിൽവേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. 89 കിലോമീറ്ററാണ് ഹൈഡ്രജൻ ട്രെയിനിന്റെ യാത്രാദൂരം.
കാർബൺ ബഹിർഗമനം കുറച്ച് പരിസ്ഥിതിസൗഹൃദ ഗതാഗതം വികസിപ്പിച്ചെടുക്കാനുള്ള ഇന്ത്യൻ റെയിൽവേയുടെ ശ്രമത്തിന്റെ ഭാഗമാണ് ഹൈഡ്രജൻ ട്രെയിൻ പദ്ധതി. ഹൈഡ്രജൻ ഇന്ധന സെല്ലുകളാണ് വൈദ്യുതി ഉത്പാദിപ്പിക്കാനായി ഈ ട്രെയിനിൽ ഉപയോഗിക്കുന്നത്.
ഹാനികരമായ വാതകങ്ങൾ പുറന്തള്ളുന്നതിനു പകരം നീരാവിയും ചൂടുമാണ് ഹൈഡ്രജൻ ട്രെയിനുകൾ പുറന്തള്ളുന്നത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് ഹൈഡ്രജൻ ട്രെയിൻ വികസിപ്പിച്ചത്.
Kerala
ഏറ്റുമാനൂർ: രാവിലെ എറണാകുളത്തേയ്ക്കുള്ള ട്രെയിൻ യാത്ര ദുരിതയാത്രയായി തുടരുന്നു. തിങ്കളാഴ്ചകളിൽ തിരക്ക് പതിന്മടങ്ങ് വർധിക്കും. ട്രെയിനിനുള്ളിൽ ശ്വാസം കിട്ടാതെ യാത്രക്കാർ മോഹാലസ്യപ്പെട്ട് വീഴുന്നത് തിങ്കളാഴ്ചകളിലെ പതിവ് കാഴ്ചയാണ്.
തിങ്കളാഴ്ചകളിൽ രാവിലെ എറണാകുളം ഭാഗത്തേയ്ക്കുള്ള ട്രെയിനുകളിൽ കയറിപ്പറ്റുക അത്ര എളുപ്പമല്ല. മെമുവിലും പാലരുവിയിലും വൻ തിരക്കാണ്. കോട്ടയം മുതൽ ട്രെയിനിന് ഉള്ളിൽ പ്രവേശിക്കാൻ സാധിക്കാതെ സ്ത്രീകളും വിദ്യാർഥികളുമടക്കം യാത്രക്കാർ വാതിൽപ്പടിയിൽ നിന്നാണ് യാത്ര ചെയ്യുന്നത്.
മെമുവിന് കോച്ചുകൾ കുറവായതിനാൽ ചിങ്ങവനം മുതൽ ചോറ്റാനിക്കര വരെ അഞ്ചുസ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ നിഷേധിച്ചിരിക്കുകയാണ്. കോട്ടയത്തു നിന്ന് രാവിലെ ഒരു മെമു അനുവദിക്കണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. കോട്ടയത്ത് നിന്നുള്ള തിരക്കാണ് ട്രെയിനിൽ വായുസഞ്ചാരം പോലും നഷ്ടപ്പെടുത്തി യാത്ര ഏറെ ദുസഹമാക്കുന്നത്. ഇതിന് പരിഹാരം ഉണ്ടാകണമെങ്കിൽ രാവിലെ കോട്ടയത്ത് നിന്ന് പുതിയ ഒരു സർവീസ് ആരംഭിക്കണം
വൈകുന്നേരം എറണാകുളത്ത് നിന്നുള്ള മടക്കയാത്രയും അതീവ ദുരിതമാണ്. തൃപ്പൂണിത്തുറയിൽ നിന്നും യാത്രക്കാർ വാതിൽപ്പടിയിൽ തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് ട്രെയിൻ നീങ്ങി തുടങ്ങുന്നത്. ഗുരുവായൂർ - എറണാകുളം പാസഞ്ചർ കോട്ടയത്തേയ്ക്ക് ദീർഘിപ്പിച്ചാൽ തിരക്കിന് കുറവുണ്ടാകും.എന്നാൽ ഈ ആവശ്യം റെയിൽവേ പരിഗണിക്കുന്നില്ല.
അഞ്ചു പ്ലാറ്റ്ഫോമുകളുമായി കോട്ടയം റെയിൽവേ സ്റ്റേഷൻ നവീകരിച്ചെങ്കിലും പുതുതായി ഒരു ട്രെയിൻ പോലും കോട്ടയത്തിന് ലഭിച്ചില്ല. എറണാകുളം ഭാഗത്തേയ്ക്ക് മെമു സർവീസുകൾക്കായി നിർമ്മിച്ച 1എ പ്ലാറ്റ്ഫോം നാലു വർഷമായി വെറുതെ കിടക്കുകയാണ്. എറണാകുളത്ത് അവസാനിക്കുന്ന ഒരു ട്രെയിൻ പോലും കോട്ടയത്തേയ്ക്ക് ദീർഘിപ്പിക്കാനും റെയിൽവേ തയ്യാറാകുന്നില്ല.
കോട്ടയത്തിനും എറണാകുളത്തിനുമിടയിൽ റെയിൽവേ യാത്രക്കാർ അനുഭവിക്കുന്ന ദുരിതമകറ്റാൻ ജനപ്രതിനിധികൾ അടിയന്തരമായി ഇടപെടണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
National
ചണ്ഡിഗഡ്: പഞ്ചാബിൽ ട്രയിനിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം കണ്ടെത്തിയതിനെക്കുറിച്ച് സുരക്ഷാ ഏജൻസികൾ അന്വേഷണം തുടങ്ങി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഈയാഴ്ച സംസ്ഥാനസന്ദർശനം നടത്തുന്ന സാഹചര്യത്തിൽ ഫിറോസ്പുർ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ കണ്ടെത്തിയ ചുവരെഴുത്തുകളെക്കുറിച്ച് അതീവഗൗരത്തിലാണ് അന്വേഷണം.
ഡൽഹിയിലേക്കുള്ള ട്രെയിനിൽ രേഖപ്പെടുത്തിയ മുദ്രാവാക്യത്തിന്റെ വീഡിയോ ദൃശ്യങ്ങൾ നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റീസ് (എസ്എഫ്ജെ) പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
Kerala
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയൊരധ്യായം കുറിച്ചുകൊണ്ട് ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ട്രെയിനുകളും. ഹരിയാനയിലെ ജിംഗ്-സോണിപത് റൂട്ടിലാണ് രാജ്യത്തെ ആദ്യ ഹൈഡ്രജൻ പാസഞ്ചർ ട്രെയിൻ സർവീസ് നടത്തുന്നത്. പരിസ്ഥിതിമലീനികരണം പൂർണമായി ഒഴിവാക്കുന്ന ഈ അത്യാധുനിക ഹരിത ട്രെയിനിന്റെ പരീക്ഷണയോട്ടം റെയിൽവേ വിജയകരമായി പൂർത്തിയാക്കി. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഈ ട്രെയിൻ രൂപകല്പന ചെയ്തിരിക്കുന്നത്.
ലോകത്തിലെ ഒന്നാമൻ
ഇലക്ട്രിക് ട്രെയിനുകളെപ്പോലെ ഹൈഡ്രജൻ ട്രെയിനുകൾക്ക് വൈദ്യുത ലൈനുകളുടെ ആവശ്യമില്ല. ഡീസൽ ട്രെയിനുകളെപ്പോലെ പുകയും പുറന്തള്ളുന്നില്ല.
ട്രെയിനിലെ ഡൈവിംഗ് പവർ കാറുകളിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഹൈഡ്രജൻ ഫ്യൂവൽ സെല്ലുകളിലേക്ക് ഉയർന്ന മർദത്തിൽ സൂക്ഷിച്ചിരിക്കുന്ന ഹൈഡ്രജനും അന്തരീക്ഷത്തിൽനിന്നുള്ള ഓക്സിജനും കടത്തിവിടും. ഇവ സംയോജിപ്പിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണു ട്രെയിൻ പ്രവർത്തിക്കുന്നത്. ഈ രാസപ്രവർത്തനത്തിന്റെ ഉപോത്പന്നമായി ജലബാഷ്പം മാത്രമാണ് പുറന്തള്ളപ്പെടുന്നത്. അതുകൊണ്ട് ഈ ട്രെയിനുകൾ നൂറു ശതമാനം പരിസ്ഥിതിസൗഹൃദമാണ്.
1200 കിലോവാട്ട് ഹൈഡ്രജൻ ഫ്യുവൽ സെൽ പ്രൊപ്പൽഷൻ സിസ്റ്റത്തിലാണു ട്രെയിൻ പ്രവർത്തിക്കുന്നത്. ലോകത്തിലെതന്നെ ഏറ്റവും നീളമേറിയതും ഏറ്റവും ശക്തവുമായ ഹൈഡ്രജൻ പാസഞ്ചർ ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേ വികസിപ്പിച്ചിട്ടുള്ളത്.
ട്രെയിൻഘടന
മൊത്തം പത്തു കോച്ചുകളാണ് ട്രെയിനിലുള്ളത്. ഇതിൽ എട്ട് പാസഞ്ചർ കോച്ചുകളും രണ്ട് ഡൈവിംഗ് പവർ കാറുകളും ഉൾപ്പെടുന്നു. ട്രെയിനിൽ മൊത്തം 682 സീറ്റുകളുണ്ട്. ഒരേസമയം 2000 യാത്രക്കാരെവരെ വഹിക്കാനാകും.
വേഗത
മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വേഗതയിലാണ് ട്രെയിനുകൾ സർവീസ് നടത്തുന്നത്. മൊത്തം 2400 കിലോവാട്ട് പവർ ഉത്പാദിക്കാൻ ഈ ട്രെയിനിനാകും.
സർവീസ് എവിടെ
ഉത്തരറെയിൽവേയുടെ കീഴിലുള്ള ജിംഗ്-സോണിപത് റൂട്ടിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. മൊത്തം 89 കിലോമീറ്റർ രണ്ട് മണിക്കൂർ കൊണ്ട് ട്രെയിൻ പിന്നിടും. ഒരുദിവസം രണ്ടു റൗണ്ട് ട്രിപ്പുകളായി (356 കിലോമീറ്റർ) സർവീസ് നടത്താൻ ഏകദേശം 300 കിലോഗ്രാം ഹൈഡ്രജൻ ആവശ്യമായി വരും. രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസുകൾ ഈമാസം 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും.
Kerala
പരവൂര്: ട്രെയിനുകളിലെ പാചകപ്പുരകളായ പാന്ട്രികളില് ശുചിത്വമില്ലായ്മയും എലിശല്യവും വര്ധിക്കുന്നതായി വിവിധ കോണുകളില്നിന്ന് പരാതി ഉയര്ന്ന പശ്ചാത്തലത്തില് കര്ശന നടപടികളുമായി റെയില്വേ മന്ത്രാലയം.
2010 മുതല് വിവിധ കാലയളവുകളിലായി പുറപ്പെടുവിച്ചിട്ടുള്ള ക്ലീനിംഗ് പ്രോട്ടോകോളുകള് രാജ്യത്തെ എല്ലാ റെയില്വേ സോണുകളും വിട്ടുവീഴ്ചയില്ലാതെ കര്ശനമായി പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.
പാന്ട്രികളിലെയും കോച്ചുകളിലെയും മോശം അവസ്ഥകള് യാത്രക്കാരുടെ സുഖസൗകര്യങ്ങളെയും ആരോഗ്യത്തെയും ബാധിക്കുന്നതിനൊപ്പം ഇന്ത്യന് റെയില്വേയുടെ പ്രതിച്ഛായയെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് സോണല് റെയില്വേകള്ക്ക് അയച്ച കത്തില് ചൂണ്ടിക്കാട്ടി.
Kerala
കോഴിക്കോട്: കോഴിക്കോട് റെയില്വേ സ്റ്റേഷനിലെ തകര്ന്നുവീണ ക്ലോക്ക് ടവറിന്റെ അവശിഷ്ടങ്ങള് പൂര്ണമായും നീക്കി ട്രെയിന് ഗതാഗതം പൂര്ണതോതില് പുനഃസ്ഥാപിക്കാന് റെയില്വേയുടെ തീവ്രശ്രമം.
ക്ലോക്ക് ടവറിന്റെ ഒരു വശമാണു വ്യാഴാഴ്ച രാവിലെ തകര്ന്നുവീണത്. ശേഷിക്കുന്ന ഭാഗം പൂര്ണമായും പൊളിച്ചുനീക്കിയാലേ ട്രെയിന് ഗതാഗതം പഴയപടിയിലാക്കാന് കഴിയൂ. അപകടത്തെത്തുടര്ന്ന് നാലാം ട്രാക്കിലൂടെ മാത്രമാണ് വ്യാഴാഴ്ച ട്രെയിനുകള് കടന്നുപോയത്. ഒന്ന്, രണ്ട്, മൂന്ന് ട്രാക്കുകള് അടച്ചിട്ടു. ട്രെയിന് സര്വീസുകള് പുനഃക്രമീകരിക്കുകയും ചെയ്തു.
ഇതേത്തുടര്ന്ന് പല ട്രെയിനുകളും മണിക്കൂറുകള് വൈകിയാണ് ഓടിയത്. ടവറിന്റെ ശേഷിക്കുന്ന ഭാഗം പൊളിച്ചു നീക്കിത്തുടങ്ങിയതോടെ ഇന്നലെ ഒന്നാം ട്രാക്കിലൂടെയുള്ള സര്വീസ് പുനഃസ്ഥാപിച്ചു. ഉയരത്തില് സ്ഥിതി ചെയ്യുന്ന ടവറിന്റെ ശേഷിക്കുന്ന ഭാഗം മഴയത്ത് തകര്ന്നുവീഴാന് സാധ്യതയുള്ളതിനാല് വ്യാഴാഴ്ച രാത്രി അഗ്നിരക്ഷാസേനയുടെ സഹായം തേടിയിരുന്നു. അഗ്നിരക്ഷാസേന വടംകെട്ടി ടവര് താഴേക്കു വലിച്ചിടാന് നടത്തിയ ശ്രമം പരാജപ്പെട്ടു.
ഇതേത്തുടര്ന്ന് ഇന്നലെ രാവിലെ ഇരുമ്പു പൈപ്പുകളുടെ സഹായത്തോടെ ടവറിന്റെ അത്രയും ഉയരത്തില് താത്കാലിക ഗോവണി നിര്മിച്ച് ഇതരസംസ്ഥാന തൊഴിലാളികള് അതില് കയറി ഘട്ടംഘട്ടമായി ടവര് പൊളിച്ചുനീക്കാന് തുടങ്ങി.
അവശിഷ്ടങ്ങള് പൂര്ണമായി നീക്കി ഇന്നോ നാളെയോ ട്രെയിന് സര്വീസ് പഴയപടിയാക്കാന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര് പറഞ്ഞു. ഇന്നലെ രാവിലെ മുതല് ഒന്ന്, നാല് നമ്പര് പ്ലാറ്റ്ഫോമുകളിലൂടെ ട്രെയിനുകള് തടസമില്ലാതെ കടന്നുപോയതായി കോഴിക്കോട് റെയില്വേ സ്റ്റേഷന് മാനേജര് ഹരീഷ് അറിയിച്ചു.
Kerala
കോഴിക്കോട്: കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിന്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കിത്തുടങ്ങി. ഇന്നലെ രാത്രി വടം ഉപയോഗിച്ച് മൂന്ന് തവണ കെട്ടിടാവശിഷ്ടങ്ങൾ വലിച്ചു താഴെയിടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
അപകടാവസ്ഥയിലുള്ള കോൺക്രീറ്റ് ഭാഗങ്ങൾ പൂർണമായും നീക്കം ചെയ്താൽ മാത്രമേ രണ്ട്, മൂന്ന് ട്രാക്കുകളിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കൂ. നിലവിൽ ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ ഒന്നാം പ്ലാറ്റ്ഫോമിലൂടെയും മംഗലാപുരം ഭാഗത്തേക്കുള്ളവ നാലാം പ്ലാറ്റ്ഫോമിലൂടെയുമാണ് തിരിച്ചുവിടുന്നത്.
നിയന്ത്രണങ്ങൾ ഉള്ളതിനാൽ സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. യാത്രാക്ലേശം പരിഹരിച്ച് ഗതാഗതം പൂർണസ്ഥിതിയിലാക്കിയ ശേഷം ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് റെയിൽവേയുടെ തീരുമാനം.
National
മുംബൈ: ഓടുന്ന ട്രെയിനിലെ ഫസ്റ്റ് ക്ലാസ് എസി കാബിന് അലങ്കരിച്ച് ‘ഹണിമൂണ് സ്യൂട്ട്’രൂപത്തിലാക്കി. കഴിഞ്ഞ ആറിന് മുംബൈയിൽനിന്നും ബാൽഹർഷയിലേക്കുള്ള നന്ദിഗ്രാം എക്സ്പ്രസിൽ യാത്ര ചെയ്ത മഹാരാഷ്ട്രയിലെ ജല്ന സ്വദേശികളായ ദമ്പതികളാണ് ഓൺലൈൻ വഴി ഡെക്കറേറ്ററെ ഏർപ്പാടാക്കി തങ്ങളുടെ ഫസ്റ്റ് എസി കാബിൻ പൂർണമായും അലങ്കരിച്ചത്.
ദമ്പതികള് ഔറംഗബാദില്നിന്ന് ജല്ന റെയില്വേ സ്റ്റേഷനിലേക്കു കാറില് യാത്ര ചെയ്യുന്ന സമയത്ത് റാഹത്ത് റൂം ഡെക്കറേഷന് എന്ന സ്വകാര്യ ഡെക്കറേറ്റിംഗ് എജൻസിയിലെ ജീവനക്കാർ മുന്കൂട്ടി ട്രെയിന് കോച്ചിനുള്ളില് കയറി അലങ്കാരപ്പണികള് പൂര്ത്തിയാക്കുകയായിരുന്നു.
പൂക്കൾ, ഹൃദയാകൃതിയിലുള്ള ബലൂണുകൾ, മെഴുകുതിരികൾ, ‘ലവ് യു ' എന്ന് ഇംഗ്ലീഷിൽ എഴുതിയ ബോർഡ് എന്നിവയൊക്കെ ഉപയോഗിച്ചായിരുന്നു അലങ്കാരം. ഇതുസംബന്ധിച്ച് ‘ഹണിമൂൺ ഓൺ വീൽസ്’ എന്നപേരിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലാകുകയും ചെയ്തു.
സംഭവം വിവാദമായതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് ടിക്കറ്റ് ഇന്സ്പെക്ടർ ഗിരീഷ് കുമാറിനെ റെയില്വേ സസ്പെന്ഡ് ചെയ്തു. റെയില്വേ ചട്ടങ്ങള് ലംഘിച്ച് കോച്ചിനുള്ളില് അതിരുകടന്ന അലങ്കാരങ്ങള് നടത്താന് അനുവാദം നല്കിയതിനാണു നടപടി. സൗത്ത് സെൻട്രൽ റെയിൽവേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ഹണിമൂൺ സ്യൂട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ബോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന ഈ അലങ്കാരത്തെ ട്രോളുകളിലൂടെയും മീമുകളിലൂടെയും പലരും തമാശയായി എടുത്തപ്പോൾ, ഒരുവിഭാഗം ആളുകൾ ട്രെയിനിനുള്ളിൽ മെഴുകുതിരികൾ ഉപയോഗിച്ചതിലെ സുരക്ഷാപ്രശ്നങ്ങളെക്കുറിച്ചും യാത്രക്കാർ വരുത്തിവയ്ക്കുന്ന മാലിന്യങ്ങൾ വൃത്തിയാക്കേണ്ടി വരുന്ന ജീവനക്കാരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും ആശങ്ക ഉന്നയിച്ചു.
Kerala
ഡൽഹി: മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് പശ്ചിമ റെയിൽവേ പാതയിൽ ട്രെയിൻ ഗതാഗതം താറുമാറായി. ഇതോടെ കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകൾ ഉൾപ്പെടെയുള്ള സർവീസുകൾ റെയിൽവേ വഴിതിരിച്ചുവിടുകയാണ്. മുംബൈയിലെ പാൽഘർ, വസയ് മേഖലകളിലും ഗുജറാത്തിലെ നവ്സാരിയിലും റെയിൽവേ ട്രാക്കുകളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നാണ് ഈ അടിയന്തിര നടപടിക്ക് കാരണമായത്.
ഗതാഗത തടസത്തെ തുടർന്ന് ഇൻഡോർ- കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സൂറത്തിൽ നിന്നും പൻവേൽ വഴി തിരിച്ചുവിട്ടു. പിന്നാലെ ഹസ്രത് നിസാമുദ്ദീൻ- തിരുവനന്തപുരം രാജധാനി എക്സ്പ്രസും വഴിതിരിച്ചുവിട്ടു. രാജധാനി എക്സ്പ്രസ് 12 മണിക്കൂറിലധികം വൈകിയാണ് ഓടുന്നത്. വരും മണിക്കൂറുകളിൽ ഗംഗാനഗർ- കൊച്ചുവേളി എക്സ്പ്രസും സൂറത്തിൽ നിന്നും വഴിതിരിച്ചുവിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ട്രാക്കുകളിലെ വെള്ളക്കെട്ടും ട്രെയിനുകളുടെ സമയക്രമത്തിലെ മാറ്റവും കാരണം വാപ്പി, ബോയ്സർ, വസായി റോഡ് എന്നീ സ്റ്റേഷനുകളിലെ യാത്രക്കാർ നിലവിൽ വലിയ ദുരിതത്തിലാണ്. രാജധാനി ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ വൈകിയതും റൂട്ട് മാറ്റിയതും കാരണം കേരളത്തിലേക്ക് പോകേണ്ട മലയാളി യാത്രക്കാരാണ് വിവിധ സ്റ്റേഷനുകളിലായി കുടുങ്ങിക്കിടക്കുന്നത്. മേഖലയിൽ അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. അതിനാൽ യാത്രക്കാർ റെയിൽവേയുടെ ഔദ്യോഗിക വിവരങ്ങൾ പരിശോധിച്ച ശേഷം മാത്രം സ്റ്റേഷനുകളിലേക്ക് ഇറങ്ങണമെന്ന് അധികൃതർ അഭ്യർഥിച്ചു.
National
മുംബൈ: കനത്ത മഴയിൽ മുംബൈ-പൂന റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ. കർജത്തിന്നും ലോണാവലയ്ക്കും ഇടയിലുള്ള ഘട്ട് മേഖലയിലാണ് തിങ്കളാഴ്ച പുലർച്ചെ മൂന്നിന് മണ്ണിടിഞ്ഞ് വീണത്.
സെൻട്രൽ റെയിൽവേയുടെ മുംബൈ ഡിവിഷനിലെ താക്കൂർവാടിക്കും മങ്കി ഹില്ലിനും ഇടയിലാണ് റെയിൽവേ ട്രാക്കുകളിലേക്ക് മണ്ണും പാറക്കല്ലുകളും ഇടിഞ്ഞുവീണത്. ഇതോടെ മുംബൈ-പൂന റൂട്ടിലെ ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. അപകടത്തെത്തുടർന്ന് ഈ റൂട്ടിലോടുന്ന നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.
ഖണ്ഡാലക്കും മങ്കി ഹില്ലിനും ഇടയിൽ ഉരുൾപൊട്ടലുണ്ടായതായി അധികൃതർ അറിയിച്ചു. ഇതേതുടർന്ന് മുംബൈയിലേക്കുള്ള അപ് ലൈൻ, പൂനയിലേക്കുള്ള ഡൗൺ ലൈൻ, മിഡിൽ ലൈൻ എന്നിങ്ങനെ മൂന്ന് പാതകളിലെയും ഗതാഗതം തടസപ്പെട്ടു.
Kerala
കാഞ്ഞങ്ങാട്: ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
വെള്ളിക്കോത്ത് ആലിങ്കാലിലെ അനീഷ് (37) ആണ് മരിച്ചത്. പുതിയകോട്ടയിലെ പച്ചക്കറിക്കടയിൽ ജോലിചെയ്തുവരികയായിരുന്നു. അഞ്ചുദിവസം മുമ്പ് കാഞ്ഞങ്ങാട് കുശാൽ നഗറിലെ റെയിൽപാളത്തിലാണ് അനീഷിനെ പരിക്കേറ്റ നിലയിൽ കണ്ടത്.
ജില്ലാ ആശുപത്രിയിലും തുടർന്ന് കാസർഗോട്ടെയും കാഞ്ഞങ്ങാട്ടെയും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിൽ കഴിയുകയായിരുന്നു.
പരേതനായ പി. കുഞ്ഞിരാമന്റെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ: സിന്ധു. മകൾ: ശ്രാവണിക. സഹോദരങ്ങൾ: മിനി (പ്ലാച്ചിക്കര) സുനിൽ.
Kerala
കൊല്ലം: ഹെഡ്ഫോൺ ഉപയോഗിച്ച് റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവിന്റെ ഒരു കൈ അറ്റു. കൊല്ലം ആര്യങ്കാവ് കോട്ടവാസിലിന് സമീപം വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ ജോൺ എന്ന യുവാവാണ് ഗുരുതരമായി പരിക്കേറ്റത്.
മധുരൈ - ഗുരുവായൂർ എക്സ്പ്രസ് ട്രെയിനാണ് യുവാവിനെ തട്ടിയത്. ജോൺ ഹെഡ്ഫോൺ ഉപയോഗിച്ചിരുന്നതിനാൽ ട്രെയിൻ വരുന്നത് അറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. അപകടം നടന്നയുടൻ തന്നെ ലോകോ പൈലറ്റ് അധികൃതരെ വിവരം അറിയിച്ചു.
തുടർന്ന് റെയിൽവേ ജീവനക്കാർ യുവാവിനെ പുനലൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. റെയിൽവേ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
കോഴിക്കോട്: ട്രെയിൻ തട്ടി എട്ടു വയസുകാരന് ഗുരുതര പരിക്ക്. വെള്ളിയാഴ്ച രാവിലെ എട്ടിന് വെസ്റ്റ് കണ്ണഞ്ചേരിയിലുണ്ടായ സംഭവത്തിൽ കണ്ണഞ്ചേരി സ്വദേശി അഹമ്മദിന്റെ മകൻ ഫൈസാനാണ് പരിക്കേറ്റത്.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ നിലയിൽ റെയിൽവേ പാളത്തിനു സമീപം കണ്ടെത്തിയ കുട്ടിയെ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്ന് അധികൃതർ പറഞ്ഞു.
റെയിൽവേ ട്രാക്കിന് സമീപത്താണ് കുട്ടിയുടെ വീട്. യശ്വന്ത്പുരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന 16527 യശ്വന്ത്പുർ - കണ്ണൂർ എക്സ്പ്രസ് കടന്നുപോയതിനു പിന്നാലെയാണ് കുട്ടിയെ ട്രാക്കിനു സമീപം പരിക്കേറ്റ നിലയിൽ കണ്ടത്.
NRI
മ്യൂണിക്: ജർമനിയിലെ മ്യൂണിക് നഗരത്തിലുണ്ടായ ട്രെയിൻ അപകടത്തിൽ ഒരാൾ മരിച്ചു. ശനിയാഴ്ച പുലർച്ചെയോടെ രണ്ട് ഗുഡ്സ് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കുകയും ആഘാതത്തിൽ രണ്ട് ട്രെയിൻ വാഗണുകൾ റെയിൽവേ പാലത്തിൽ നിന്നും അഞ്ച് മീറ്റർ താഴെയുള്ള റോഡിലേക്ക് പതിക്കുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് പോലീസും ഫയർഫോഴ്സും വൻ സന്നാഹത്തോടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
ഷണ്ടിംഗ് ജോലികൾക്കിടെ വൻ കൂട്ടിയിടി
മ്യൂണിക്കിലെ മിൽബെർട്ഷോഫൻ (Milbertshofen) മേഖലയിലെ ഷ്ലൈസ്ഹൈമർ സ്ട്രീറ്റിലുള്ള റെയിൽവേ ഓവർബ്രിഡ്ജിൽ ശനിയാഴ്ച പുലർച്ചെ 1.40 ഓടെയായിരുന്നു അപകടം. പാലത്തിന് മുകളിൽ രണ്ട് ഗുഡ്സ് ട്രെയിനുകൾ ഒരേസമയം ഷണ്ടിംഗ് നടത്തുകയായിരുന്നു.
ഇതിനിടയിൽ ഉണ്ടായ ശക്തമായ കൂട്ടിയിടിയെ തുടർന്ന്, ഒരു ട്രെയിൻ പിന്നോട്ട് ആഞ്ഞുപോവുകയും അതിന്റെ രണ്ട് വലിയ വാഗണുകൾ പാലത്തിന്റെ കൈവരികൾ തകർത്ത് താഴെയുള്ള റോഡിലേക്ക് കുത്തനെ പതിക്കുകയുമായിരുന്നു.
പാലത്തിന്റെ അരികിൽ നിന്നും റോഡിലേക്ക് "വി' ആകൃതിയിൽ ചരിഞ്ഞു നിൽക്കുന്ന നിലയിലാണ് വാഗണുകൾ ഉള്ളത്. അപകടത്തിൽ പെട്ട ഒരാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടതായി ശനിയാഴ്ച രാവിലെ പോലീസ് ഒഫീഷ്യലായി സ്ഥിരീകരിച്ചു.
അപകടസാധ്യതയില്ല; രക്ഷാപ്രവർത്തനം തുടരുന്നു
റോഡിലേക്ക് പതിച്ച ഗുഡ്സ് വാഗണുകളിൽ സാധനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് (Unbeladen) പോലീസ് വ്യക്തമാക്കി. അതിനാൽ രാസവസ്തുക്കളോ മറ്റ് ഇന്ധനങ്ങളോ ചോരാനുള്ള സാധ്യതകൾ ഇല്ലാത്തത് വലിയൊരു അപകടമൊഴിവാക്കി.
ഫെഡറൽ പോലീസ്, സ്റ്റേറ്റ് പോലീസ്, ഫയർഫോഴ്സ്, മറ്റ് അടിയന്തിര രക്ഷാപ്രവർത്തകർ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടസ്ഥലത്തിന്റെ കൃത്യമായ വിവരങ്ങൾ ശേഖരിക്കാനായി അത്യാധുനിക ഡ്രോണുകളും ഉപയോഗിച്ചു.
അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ (Gutachter) നിയോഗിച്ചിട്ടുണ്ട്.
ഗതാഗതം പൂർണമായി തടസപ്പെട്ടു; റെയിൽ യാത്രക്കാരെ ബാധിക്കില്ല
അപകടത്തെ തുടർന്ന് ഫ്രാങ്ക്ഫർട്ടർ റിങ്ങിനും മാക്സ് ഡയമണ്ട് സ്ട്രീറ്റിനും ഇടയിലുള്ള ഷ്ലൈസ്ഹൈമർ റോഡ് ഇരുവശത്തേക്കും പൂർണമായി അടച്ചിട്ടിരിക്കുകയാണ്.
ഭാരമേറിയ വൻ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് മാത്രമേ ഈ വാഗണുകൾ റോഡിൽ നിന്നും മാറ്റാൻ സാധിക്കൂ. അതിനാൽ ഈ പാതയിലെ റോഡ് ഗതാഗതം പുനഃസ്ഥാപിക്കാൻ ശനിയാഴ്ച രാത്രിയോ അല്ലെങ്കിൽ ഞായറാഴ്ച വരെയോ സമയമെടുത്തേക്കുമെന്ന് പോലീസ് വക്താവ് അറിയിച്ചു.
എന്നാൽ, ഈ റെയിൽവേ ട്രാക്ക് ചരക്ക് തീവണ്ടികൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നതായതിനാൽ ജർമനിയിലെ മറ്റ് റീജിയണൽ, ദീർഘദൂര പാസഞ്ചർ ട്രെയിൻ സർവീസുകളെ (DB) ഈ അപകടം ഒരു രീതിയിലും ബാധിക്കില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
National
ന്യൂഡൽഹി: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ തുക ഉയർത്തി റെയിൽവേ. കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 ആക്കി ഉയർത്തി. ടിക്കറ്റ് എടുക്കാതെയുള്ള യാത്രകള് പൂര്ണ്ണമായി തടയുന്നതിനാണ് ഈ കടുത്ത നടപടിയെന്ന് റെയില്വേ മന്ത്രാലയം അറിയിച്ചു.
യാത്ര പുറപ്പെടുന്നതിന് മുന്പ് തന്നെ യാത്രക്കാര് കൃത്യമായ ടിക്കറ്റ് എടുക്കണം. ടിക്കറ്റില്ലാത്ത യാത്രക്കാരുടെ എണ്ണം വര്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ അടിയന്തര ഇടപെടലെന്നും റെയിൽവേ അറിയിച്ചു.
സെന്ട്രല് റെയില്വേ സോണില് മാത്രം കഴിഞ്ഞ മേയില് 4.96 ലക്ഷം ടിക്കറ്റില്ലാ യാത്രക്കാരെയാണ് പിടികൂടിയത്. ഇവരില് നിന്നായി റെയില്വേ ഈ ഒരൊറ്റ മാസം കൊണ്ട് മാത്രം 40.85 കോടി രൂപയാണ് പിഴയായി ഈടാക്കിയത്.
വലിയ രീതിയിലുള്ള വരുമാന നഷ്ടവും യാത്രക്കാരുടെ തിരക്കും നിയന്ത്രിക്കാന് കടുത്ത പിഴ ആവശ്യമാണെന്ന നിലപാടിലാണ് റെയിൽവേ.
District News
ആലുവ: ആലുവ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് സമീപം ഇതര സംസ്ഥാന തൊഴിലാളിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആസം നാഗോൺ സ്വദേശി സഹാബുദ്ദീൻ ഖാനെ(26)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
National
പാറ്റ്ന: ബിഹാറിലെ പാറ്റ്നയിലെ പാടലിപുത്ര റെയിൽവേ സ്റ്റേഷനിൽ പോലീസ് പരീക്ഷക്കെത്തിയവരും പോലീസും തമ്മിൽ വൻ സംഘര്ഷം. പോലീസ് ആകാശത്തേക്ക് വെടിവച്ചു.
പോലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്കെത്തിയ നൂറുകണക്കിന് ഉദ്യോഗാർഥികൾ റെയിൽവേ സ്റ്റേഷനിൽ ഉപരോധവും കല്ലേറും നടത്തി. അധികൃതർ ആവശ്യത്തിന് യാത്രാ സൗകര്യങ്ങളോ മറ്റ് ക്രമീകരണങ്ങളോ ഒരുക്കിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ട്രെയിനുകൾ തടഞ്ഞും റെയിൽവേ ട്രാക്കിലിറങ്ങിയും ഉദ്യോഗാർഥികൾ മണിക്കൂറുകളോളം സ്റ്റേഷന്റെ പ്രവർത്തനം തടസപ്പെടുത്തി. ഇതിനിടെ ട്രാക്കിലും പരിസരത്തും ഉണ്ടായിരുന്ന കല്ലുകൾ ട്രെയിനുകൾക്ക് നേരെ എറിഞ്ഞത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. പ്രതിഷേധക്കാർ ഒരു ട്രെയിൻ അടിച്ചു തകർത്തു.
വിവരമറിഞ്ഞ് വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഘർഷത്തെ തുടർന്ന് ഈ റൂട്ടിലുള്ള പല ട്രെയിൻ സർവീസുകളും വൈകി.
ഉദ്യോഗാർഥികൾക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. സംഘർഷാവസ്ഥയെ തുടർന്ന് സ്റ്റേഷനിൽ വൻ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
പാറ്റ്ന ഇൻസ്പെക്ടർ ജനറൽ (ഐജി) ജിതേന്ദ്ര റാണ ഉൾപ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് സംഘർഷത്തിൽ നിസാര പരിക്കേറ്റു. 250ഓളം ഉദ്യോഗാർഥികളാണ് ട്രെയിൻ തടഞ്ഞിട്ടതെന്ന് ഐജി മാധ്യമങ്ങളോട് പറഞ്ഞു.
National
പാറ്റ്ന: ആർഎസ്എസ് മേധാവി മോഹൻ ഭഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ കല്ലേറ്. ബിഹാറിലെ ഹാജിപൂർ റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചാണ് സംഭവം.
ട്രെയിൻ ഹാജിപൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്പ് അജ്ഞാതരായ ചിലർ ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ ട്രെയിനിലെ ഒരു കോച്ചിന്റെ ജനൽച്ചില്ല് തകർന്നിട്ടുണ്ട്.
ഡൽഹിയിൽനിന്ന് ജൽപായ്ഗുരിയിലേക്ക് പോയ ശതാബ്ദി എക്സ്പ്രസ് ട്രെയിനിലാണ് ആർഎസ്എസ് മേധാവി സഞ്ചരിച്ചിരുന്നത്. ട്രെയിനിലെ ഇ-1 കോച്ചിലാണ് മോഹൻ ഭഗവത് ഉണ്ടായിരുന്നത്. എന്നാൽ ഈ കോച്ചിന്റെ ചില്ലാണോ തകർന്നതെന്ന് വ്യക്തമല്ല. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.
സംഭവത്തിന് പിന്നാലെ ആർപിഎഫും ലോക്കൽ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ കണ്ടെത്താൻ റെയിൽവേ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
National
ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് സർവീസിനൊരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ പരീക്ഷണയോട്ടം ജൂൺ മൂന്നിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. യശ്വന്ത്പൂർ, മംഗളൂരു സെൻട്രൽ സ്റ്റേഷനുകൾക്കിടയിലാണ് പരീക്ഷണയോട്ടം നടക്കുക. ഓട്ടോ എമർജൻസി ബ്രേക്കോടുകൂടിയ എട്ടുകോച്ചുകളുള്ള ട്രെയിനാണ് പരീക്ഷണയോട്ടത്തിന് ഉപയോഗിക്കുക.
നിലവിൽ യശ്വന്ത്പൂരിൽനിന്ന് മംഗളൂരു സെൻട്രൽ വരെ ഏകദേശം 8.5 മണിക്കൂറാണ് യാത്രാ ദൈർഘ്യം. ഹാസൻ, ശകലേഷ്പുർ, സുബ്രഹ്മണ്യ റോഡ് തുടങ്ങിയ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തിയാകും പരീക്ഷണയോട്ടം നടക്കുക.
യശ്വന്ത്പൂരിൽനിന്ന് പുലർച്ചെ ആറിന് പുറപ്പെടുന്ന ട്രെയിൻ ഒൻപതിന് ഹാസനിൽ എത്തിച്ചേരുന്ന വിധത്തിലാണ് പരീക്ഷണയോട്ടം നടക്കുക. തുടർന്ന് 9.10ന് ഹാസനിൽനിന്ന് പുറപ്പെട്ട് 9.55ന് ശകലേഷ്പുരിലും 12.30ന് സുബ്രഹ്മണ്യ റോഡിലും എത്തിച്ചേരും. 2.05ന് പാഡിലിൽ എത്തിച്ചേരുന്ന ട്രെയിൻ, 2.40ന് മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേരും. മംഗളൂരുവിൽനിന്ന് 2.45ന് മടങ്ങുന്ന ട്രെയിൻ രാത്രി 11ന് യശ്വന്ത്പുരിൽ എത്തിച്ചേരും.
57 തുരങ്കങ്ങളും 226 പാലങ്ങളും 108 കൊടുംവളവുകളും ഉൾപ്പെടുന്ന പാതയുടെ വൈദ്യുതീകരണം രണ്ട് വർഷമെടുത്താണ് റെയിൽവേ പൂർത്തിയാക്കിയത്. ഹസൻ - മംഗളൂരു റെയിൽവേ ലൈനിലെ 55 കിലോമീറ്റർ ദൈർഘ്യമുള്ള ശകലേഷ്പുർ - സുബ്രഹ്മണ്യ റോഡ് സെക്ഷൻ ഇന്ത്യയിലെ ഏറ്റവും വലിയ സാങ്കേതിക വെല്ലുവിളികൾ നിറഞ്ഞ റെയിൽവേ പാതകളിലൊന്നാണ്. പരീക്ഷയോട്ടം വിജയകരമായി പൂർത്തിയാകുന്നതോടെ വൈകാതെ ട്രെയിൻ സർവീസ് ആരംഭിച്ചേക്കും. ഇതിന് മുന്നോടിയായി അന്തിമ സമയക്രമവും സ്റ്റോപ്പുകളും റെയിൽവേ പുറത്തിറക്കും.
International
ബ്രസൽസ്: സ്കൂൾ ബസും ട്രെയിനും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം. വടക്കൻ ബെൽജിയത്തിലെ ബഗർനോട്ട് ഗ്രാമത്തിലെ ലെവൽക്രോസിലുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
അപകടസമയത്ത് ഏഴ് വിദ്യാർഥികളും ഒരു സൂപ്പർവൈസറും ഡ്രൈവറുമാണ് ബസിലുണ്ടായിരുന്നതെന്ന് അധികൃതർ പറഞ്ഞു. ഒരു കിലോമീറ്റർ മാത്രം അകലെയുള്ള സ്റ്റേഷനിൽ നിർത്തേണ്ടിയിരുന്ന ട്രെയിനാണ് സ്കൂൾ ബസിലിടിച്ചത്.
ദുരന്തത്തിൽ ബെൽജിയം ആഭ്യന്തരമന്ത്രി ബെർണാഡ് ക്വിന്റിൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചെന്ന് അധികൃതർ വ്യക്തമാക്കി.