പരവൂർ: രാജ്യത്ത് പരമ്പരാഗത ഐസിഎഫ് കോച്ചുകളുമായി സർവീസ് നടത്തുന്ന അവസാന ജനശതാബ്ദി എക്സ്പ്രസായ തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയും ആധുനിക എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നു.
മേയ് 28-ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന സർവീസ് മുതലാണ് പുതിയ കോച്ചുകൾ അനുവദിക്കുക. ജർമൻ സാങ്കേതികവിദ്യയിൽ നിർമിച്ച സുരക്ഷിതമായ കോച്ചുകൾ എത്തുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് പ്രതീക്ഷ.
പുതിയ എൽഎച്ച്ബി റേക്കിലും 22 കോച്ചുകളുണ്ടാകും. മൂന്ന് എസി ചെയർ കാറുകളിലായി 234 സീറ്റുകളും (ഓരോന്നിലും 78 സീറ്റുകൾ), 17 സെക്കൻഡ് സിറ്റിംഗ് കോച്ചുകളിലായി 1836 സീറ്റുകളും (ഓരോന്നിലും 108 സീറ്റുകൾ) ലഭ്യമാകും. ഇതോടൊപ്പം എസ്എൽആർ കോച്ചുകളിൽ 30 പേർക്കുകൂടി യാത്ര ചെയ്യാം.
യാത്രാസുരക്ഷ വർധിപ്പിക്കുമെങ്കിലും പുതിയ കോച്ചുകളിലെ സീറ്റുകൾ ഏത് രീതിയിലുള്ളതാണെന്ന കാര്യത്തിൽ യാത്രക്കാർക്ക് ആശങ്കയുണ്ട്. നേരത്തേ കണ്ണൂർ ജനശതാബ്ദി എൽഎച്ച്ബിയിലേക്ക് മാറിയപ്പോൾ മെമു വണ്ടികളിലേതിന് സമാനമായ സീറ്റുകൾ നൽകിയത് ദീർഘദൂര യാത്രക്കാർക്ക് വലിയ തിരിച്ചടിയായിരുന്നു.
Tags : Janashatabdi Train LHB Coch