എം.വി. ഗോവിന്ദൻ
തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിലും പയ്യന്നൂരിലും പാർട്ടി സ്ഥാനാർഥികൾ പരാജയപ്പെട്ടതിൽ ജനങ്ങൾക്കാണു തെറ്റുപറ്റിയതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പാർട്ടി പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ കണ്ണൂരിലെ പൊതുയോഗങ്ങളിൽ ഇതുമായി ബന്ധപ്പെട്ടു നടത്തിയ പ്രസംഗത്തിൽ യാതൊരു പിശകും സംഭവിച്ചിട്ടില്ല. ജനം തെറ്റിദ്ധരിക്കപ്പെട്ടുവെന്നു പിണറായി പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്നും അദ്ദേഹം പറഞ്ഞതു തന്നെയാണു സിപിഎമ്മിന്റെ നിലപാടെന്നും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ ഗോവിന്ദൻ വ്യക്തമാക്കി.
പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലെ കാര്യങ്ങൾ തന്നെയാണു സംസ്ഥാന കമ്മിറ്റിയും അംഗീകരിച്ചു മുന്നോട്ടുപോകുന്നത്. പിണറായി വിജയൻ യോഗങ്ങളിൽ പറഞ്ഞതെല്ലാം തന്നെ പഴയ കാര്യങ്ങളാണ്. പുതുതായി ഒന്നും പറഞ്ഞിട്ടില്ല. ജനങ്ങൾക്കുണ്ടായ തെറ്റുകൾ ചൂണ്ടിക്കാണിച്ചാണു പിണറായി പ്രസംഗിച്ചത്.
ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും വർഗവഞ്ചനയുടെയും ചതിയുടെയും ഭാഗമായാണു കോണ്‍ഗ്രസിലേക്കു പോയതെന്നും ഗോവിന്ദൻ പറഞ്ഞു. കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയോടു യോജിപ്പില്ല. സമൂഹത്തിന്റെ പൊതുമുന്നേറ്റത്തെ തടസപ്പെടുത്തുന്ന പരാമർശങ്ങളോടു സിപിഎം ഒരിക്കലും യോജിക്കില്ല. ആധുനിക കേരളത്തിനു യോജിക്കാത്ത പരാമർശങ്ങൾ പാടില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
Tags : PinarayiVijayan MVGovindan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs