Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ വിമാനത്തിൽ യാത്ര ചെയ്തത് ആരുടെ ചെലവിലാണെന്നു വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
മുഖ്യമന്ത്രിയുടേതു സുതാര്യമായ രാഷ്്ട്രീയ പ്രവർത്തനമല്ല. യാത്രയുടെ ചെലവ് ആരു വഹിച്ചുവെന്ന് അറിയാൻ ജനങ്ങൾക്കു താത്പര്യമുണ്ട്. നിരവധി മന്ത്രിമാർ ഇപ്പോൾ ലോകത്തിന്റെ പല ഭാഗങ്ങളിലാണ്. സർക്കാർ ചെലവിൽ അല്ല യാത്ര എന്നാണു മന്ത്രിമാർ പറയുന്നത്.
സ്പോണ്സർ ആരെന്നു പറയാൻ മുഖ്യമന്ത്രിയും മന്ത്രിമാരും തയാറാകണം.അല്ലെങ്കിൽ അതു നിയമലംഘനം മാത്രമല്ല സത്യപ്രതിജ്ഞാ ലംഘനവുമാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ സ്വകാര്യ കമ്പിനികളിൽ നിന്നും സർക്കാർ വൈദ്യുതി വാങ്ങാൻ ശ്രമിക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
കോർപ്പറേറ്റ് കന്പനികൾക്കു ലാഭം കൊയ്യാനുള്ള നിലപാടാണ് ഇതുവഴി സർക്കാർ സ്വീകരിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ ഏർപ്പെടുത്തിയ കരാർ റദ്ദാക്കിയതാണു പ്രതിസന്ധിക്കു കാരണമെന്നാണു യുഡിഎഫ് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെ കരാർ ഉണ്ടാക്കിയതിന്റെ ഭാഗമായി വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണു കരാർ റദ്ദാക്കിയത്. അതിന്റെ കൃത്യമായ വിവരം ഇപ്പോൾ പുറത്തുവന്നു കഴിഞ്ഞുവെന്നും ഗോവിന്ദൻ പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്തിനു സമാനമായ സാഹചര്യമാണു ഒരു മാധ്യമ സ്ഥാപനത്തിനു നേരെ ഉണ്ടായത്. മാധ്യമത്തിന്റെ മേധാവി തെറ്റുചെയ്തിട്ടുണ്ടെങ്കിൽ ന്യായീകരിക്കേണ്ട കാര്യം സിപിഎമ്മിനില്ല. എന്നാൽ ഒരു മാധ്യമ സ്ഥാപനത്തിന്റെ ന്യൂസ് റൂമിൽ പൊലിസ് കടന്നുകയറുന്ന സ്ഥിതി ഉണ്ടായി. വലതുപക്ഷ മാധ്യമങ്ങൾക്ക് ഇതൊരു പ്രശ്നമായി തോന്നുന്നില്ലെന്നും സർക്കാരിന്റെ ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
Kerala
തളിപ്പറമ്പ്: യഥാർഥ വർഗവഞ്ചകർ പിണറായിയും എം.വി. ഗോവിന്ദനുമെന്ന് ടി.കെ. ഗോവിന്ദൻ എംഎൽഎ. സംസ്ഥാന സമിതിയിൽ എം.വി. ഗോവിന്ദനെ ശാസിച്ചത് താനും കുഞ്ഞികൃഷ്ണനും പറഞ്ഞതു ശരിയെന്ന് തെളിയിക്കുന്നതാണെന്നും ടി.കെ. ഗോവിന്ദൻ മാധ്യമങ്ങളോടു പറഞ്ഞു.
‘പാർട്ടിതാത്പര്യത്തിനു പകരം വ്യക്തിതാത്പര്യം ഉയർത്തിയ വഞ്ചകൻ പാർട്ടി സെക്രട്ടറിയാണ്. സംസ്ഥാനസമിതിയിലെ തീരുമാനങ്ങൾ സിപിഎം അണികളെ കബളിപ്പിക്കുന്നതിന്റെ തെളിവാണ്.
തോമസ് ഐസക്കിനെയും ടി.പി. രാമകൃഷ്ണനെയും ഒഴിവാക്കിയത് അവരുടെ അഭിപ്രായം തുറന്നുപറഞ്ഞത് മേലാളന്മാർക്ക് ഇഷ്ടപ്പെടാത്തതിനാലാണ്. പി. ജയരാജനെ സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്തിയത് അണികളെ താത്കാലികമായി തൃപ്തിപ്പെടുത്താനാണ്.
ഏറെക്കാലം അദ്ദേഹത്തെ പാർട്ടി അവഗണിച്ചെന്ന് അണികൾക്കിടയിൽ അഭിപ്രായം ഉണ്ടായതിനാലാണ് ഇപ്പോൾ പി. ജയരാജനെ ഉൾപ്പെടുത്തിയത്’- ടി.കെ. ഗോവിന്ദൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: തെറ്റുതിരുത്തൽ പ്രക്രിയയിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിനു പൂർണമായി വഴങ്ങാതെ സിപിഎം പോളിറ്റ് ബ്യൂറോ. നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയിലും കഴിഞ്ഞ പത്തുവർഷത്തെ ഭരണത്തിലും പാർട്ടി കേരള ഘടകത്തിനു ഗുരുതരമായ സംഘടനാ വീഴ്ചയുണ്ടായെന്നു സമ്മതിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ട് ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഇന്നലത്തെ പാർട്ടി നടപടികൾ.
സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ പിഴവുകൾ ഒന്നൊന്നായി പ്രത്യേക സംസ്ഥാന കമ്മിറ്റിയിലെ ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ ചൂണ്ടിക്കാണിച്ചതോടെ പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിക്കു കാര്യങ്ങൾ എളുപ്പമായി.
സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും ചില കൂട്ടിച്ചേർക്കലുകൾ നടത്തി. ചില തിരുത്തലുകൾക്കു സിപിഎം മുതിർന്നതു സാധാരണ പാർട്ടി പ്രവർത്തകർക്കു വലിയ പ്രതീക്ഷയാണു നൽകുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്വത്തില്‍നിന്നും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന സിപിഎം പോളിറ്റ് ബ്യൂറോയുടെ നിലപാട് അദ്ദേഹത്തിനും പാർട്ടി സംസ്ഥാന നേതൃത്വത്തിനും കനത്ത പ്രഹരമായി.
കണ്ണൂരിൽ പാർട്ടിയുടെ ഉറച്ച സീറ്റുകളായ പയ്യന്നൂരിലും തളിപ്പറന്പിലും തോറ്റത് എം.വി. ഗോവിന്ദന്റെ പാളിച്ചയാണെന്നു ബേബി ചർച്ചയ്ക്കു മറുപടിയായി പറഞ്ഞതും മേലിൽ ഇത്തരം നടപടികൾ പാർട്ടി സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നു നിർദേശിച്ചതു വാസ്തവത്തിൽ അതു ഗോവിന്ദനുള്ള ശാസനയായി മാറി. മറ്റൊന്നും ഈ അവസരത്തിൽ പാർട്ടി ആലോചിക്കുന്നില്ലെന്നും പാർട്ടി സെക്രട്ടറിയെന്ന നിലയിൽ തിരുത്തിയേ മതിയാകൂവെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
മുതിർന്ന നേതാവെന്ന നിലയിൽ പിണറായി വിജയനും മാറ്റങ്ങൾ ആവശ്യമാണെന്നു പിബി നിർദേശിച്ചു. പിണറായിക്കതിരേ ചർച്ചയിൽ ഉയർന്ന വിമർശനങ്ങൾ അദ്ദേഹവും ഉൾക്കൊണ്ടു തിരുത്താൻ തയാറാകണമെന്നും പിബി നിർദേശിച്ചു.
ചുരുക്കത്തിൽ, ഗോവിന്ദനോടു കടുകട്ടിയായും പിണറായിയോടു കടുപ്പിച്ചും തന്നെയാണു പാർട്ടി പോളിറ്റ് ബ്യൂറോ നിലപാടു സ്വീകരിച്ചത്.
പി. ജയരാജനെയും വി. ശിവൻകുട്ടിയെയും എം.ബി. രാജേഷിനെയും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയതു നേതൃതലത്തിൽ വന്ന ഒരു വലിയ തിരുത്തലായി വ്യാഖ്യാനിക്കാനാകില്ല.
പി. ജയരാജൻ അടുത്ത സമ്മേളനത്തിൽ പ്രായത്തിന്റെ പേരിൽ സംസ്ഥാന കമ്മിറ്റിയിൽനിന്നും ഒഴിയേണ്ടിവരും. അതിനുമുന്പായുള്ള ഒരു പരിഗണനയായി മാത്രമെ പുതിയ നിയോഗത്തെ കാണാനാകൂ. പ്രത്യേക സംസ്ഥാന കമ്മിറ്റിയിൽ നിലവിലെ സംസ്ഥാന സെക്രട്ടേറിയറ്റിനെതിരേ രൂക്ഷമായ വിമർശനമാണുണ്ടായത്. എന്നാൽ ചർച്ചയുടെ ഗൗരവമനുസരിച്ചുള്ള ഒരു തിരുത്തൽ ഉണ്ടായിട്ടില്ലായെന്നു തന്നെ പറയേണ്ടി വരും.
നിയമസഭാ തെരഞ്ഞെടുപ്പു തോൽവിക്കു പൂർണമായും പ്രതിസ്ഥാനത്തു നിൽക്കുന്ന പാർട്ടി നേതൃത്വത്തിനെതിരേ ഒരു നടപടിയും കോഴിക്കോട്ട് സ്വീകരിച്ചുകണ്ടില്ല. ഇനി പ്രത്യേക ജില്ലാ കമ്മിറ്റികൾ ചേർന്നു തെറ്റുതിരുത്തൽ ചർച്ച നടത്തുമെന്നാണു ബേബിയും ഗോവിന്ദനും പറയുന്നത്. അപ്പോഴേക്കും സിപിഎം അതിന്റെ സംഘടനാ സമ്മേളനങ്ങളിലേക്കു കടക്കും.
Kerala
കോഴിക്കോട്: സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ തനിക്കെതിരെയും വിമർശനം ഉയർന്നുവെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വർഗീയ ശക്തികൾക്കെതിരെയും കേന്ദ്ര ഏജൻസിയായ ഇഡിക്കെതിരെയും ശക്തമായ പോരാട്ടത്തിനും പ്രചാരണങ്ങൾക്കും നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ചേർന്ന സിപിഎം വിശാല യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി. മൂന്ന് പ്രധാന പ്രമേയങ്ങൾ യോഗം അംഗീകരിച്ചതായും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെ മാധ്യമങ്ങളെക്കൂടി കൂട്ടുപിടിച്ച് ഇഡി കള്ളപ്രചാരണങ്ങൾ നടത്തുകയാണെന്നും എസ്എഫ്ഐ പ്രവർത്തകരുടെ വീടുകളിൽ പോലും റെയ്ഡ് നടത്തുന്ന ഇഡിയുടെ കടന്നാക്രമണങ്ങളെ പാർട്ടി ഒറ്റക്കെട്ടായി പ്രതിരോധിച്ച് തോൽപിക്കുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: മാസപ്പടി കേസിൽ പിണറായി വിജയനെ പിന്തുണച്ച് ടി.കെ.ഗോവിന്ദൻ എംഎൽഎ. പിണറായിക്ക് മകള്‍ മുഖേന മൂന്ന് കോടി വാങ്ങേണ്ട ആവശ്യമില്ലെന്ന് ടി.കെ.ഗോവിന്ദൻ പറഞ്ഞു. ബിജെപിക്ക് ആളെ ചേര്‍ക്കുന്ന പണിയാണ് ഇഡി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ആയുധം നിലവാരം ഇല്ലാത്ത ഏജന്‍സിയാണെന്നും ഇഡിയുടേത് രാഷ്ട്രീയ പക പോക്കാലാണെന്നും എംഎല്‍എ പറഞ്ഞു. കേസില്‍ പിണറായിക്കെതിരെ അന്വേഷണം നടക്കട്ടെയെന്നും കുറ്റമുണ്ടെങ്കില്‍ ശിക്ഷിക്കട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇഡി പറയുന്ന കാര്യങ്ങള്‍ അന്നം തിന്നുന്നവര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കില്ലെന്നും ടി.കെ.ഗോവിന്ദൻ വ്യക്തമാക്കി. അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ എംഎല്‍എ രൂക്ഷവിമർശനം ഉന്നയിച്ചു.
സംസ്ഥാന സെക്രട്ടറി പരമ യോഗ്യന്‍ ആണെന്ന നിലപാട് തനിക്കില്ലെന്ന് പറഞ്ഞ എംഎൽഎ സംസ്ഥാന സെക്രട്ടറിയാകാന്‍ യോഗ്യതയുള്ള നിരവധി ആളുകള്‍ പാര്‍ട്ടിയിലുണ്ടെന്നും കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: തെറ്റുകള്‍ തിരുത്തി സംഘടനാപരമായ ശക്തി വര്‍ധിപ്പിച്ച് പാര്‍ട്ടി ശക്തമായി തിരിച്ചുവരുമെന്നും പ്രാദേശികമായുള്ള വിഷയങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം താഴെത്തട്ടിലേക്കു നേരിട്ടിറങ്ങുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
കോഴിക്കോട്ട് തുടക്കം കുറിച്ച മൂന്നു ദിവസത്തെ സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ ആദ്യദിനം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് പരാജയം അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര- സംസ്ഥാന കമ്മിറ്റികള്‍ വിലയിരുത്തിയ ഘടകങ്ങള്‍ ഓരോന്നായി വിപുലീകൃത സംസ്ഥാന യോഗത്തില്‍ ചര്‍ച്ച ചെയ്യും. നേതൃതലം മുതല്‍ താഴെത്തട്ടുവരെ എന്തെല്ലാം തിരുത്തലുകളാണ് വരുത്തേണ്ടത് എന്നതിനെക്കുറിച്ച് യോഗത്തില്‍ വിശദമായ ചര്‍ച്ച നടക്കും.
പാര്‍ട്ടിയില്‍ ശക്തീകരണം ഉറപ്പുവരുത്തും. സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുകയും ഭരണപരമായി സംഭവിച്ച വീഴ്ചകള്‍ തിരുത്താനുള്ള കൃത്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളും തെറ്റുതിരുത്തലും സംബന്ധിച്ച വിവരം രേഖാമൂലം പ്രവര്‍ത്തകരെ അറിയിക്കുമെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍, വര്‍ഗ-ബഹുജന സംഘടനാ ഭാരവാഹികള്‍ ഉള്‍പ്പെടെ മുന്നൂറിലധികം പ്രതിനിധികളാണു മൂന്നു ദിവസത്തെ യോഗത്തില്‍ പങ്കെടുക്കുന്നത്.
ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കും പൊതു ചര്‍ച്ചകള്‍ക്കും ശേഷം മൂന്നാം ദിവസം ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കും. ചൊവ്വാഴ്ച വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തോടും ബഹുജന റാലിയോടും കൂടി യോഗം സമാപിക്കും.
Kerala
കോഴിക്കോട്: പാർട്ടി നേരിടുന്ന ദൗർബല്യങ്ങളും പോരായ്മകളും ഗൗരവത്തോടെ തിരുത്തുമെന്നും ഉയർന്നുവരുന്ന വിമർശനങ്ങൾ തുറന്ന മനസോടെ ചർച്ച ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പുതിയ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് പാർട്ടി പ്രവർത്തന ശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ തിരിച്ചടികളിലേക്ക് നയിച്ച ഘടകങ്ങൾ സംസ്ഥാന, കേന്ദ്ര ഘടകങ്ങൾ നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും ഇവ എങ്ങനെ പരിഹരിക്കാമെന്നത് വിശാലയോഗം ഗൗരവമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി കേരള രാഷ്ട്രീയത്തിൽ പിടിമുറുക്കാൻ നടത്തുന്ന ശ്രമങ്ങളെയും വലതുപക്ഷത്തിന്റെ മേൽക്കൈ സ്ഥാപിക്കാനുള്ള നീക്കങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കാനാണ് പാർട്ടിയുടെ നീക്കം.
ഭരണ പങ്കാളിത്തം ഉള്ളതുകൊണ്ട് മാത്രം വർഗീയ ശക്തികളോട് ചേർന്നുനിൽക്കാൻ മുസ്ലിം ലീഗ് കാണിക്കുന്ന സമീപനത്തെ ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. ന്യൂനപക്ഷ അവകാശങ്ങളുടെ പേരുപറയുകയും എന്നാൽ വർഗീയ ശക്തികളുമായി കൂട്ടുകൂടുകയും ചെയ്യുന്നതാണ് ലീഗിന്റെ രീതിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സമീപനങ്ങൾ ഉൾപ്പെടെയുള്ളവ ഇതിന് തെളിവാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പേരിൽ വർഗീയ പ്രീണനം നടത്തുന്ന നിലപാടുകൾക്കെതിരെ ജനങ്ങൾക്കിടയിൽ ആശയവിനിമയം ശക്തമാക്കുമെന്നും പാർട്ടി വിലയിരുത്തുന്നു.
തെറ്റായ പ്രവണതകളും പോരായ്മകളും പരിഹരിക്കാൻ പാർട്ടിയിൽ താഴെത്തട്ട് മുതൽ ഗൗരവകരമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജില്ലാ-പ്രാദേശിക ഘടകങ്ങളുടെ പ്രവർത്തനം കൂടുതൽ ജനകീയവും ഫലപ്രദവുമാക്കും.
ഇതിന്റെ ഭാഗമായി പാർട്ടി അംഗങ്ങളുടെ സൈദ്ധാന്തികവും സംഘടനാപരവുമായ നിലവാരം ഉയർത്തേണ്ടതുണ്ടെന്നും, സമകാലിക രാഷ്ട്രീയ വെല്ലുവിളികളെ നേരിടാൻ പാർട്ടിയെ നവീകരിക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
കണ്ണൂര്‍: പാര്‍ട്ടിയെ തകര്‍ക്കുന്നതിനുവേണ്ടി നേതൃത്വത്തിനെതിരേ നടത്തുന്ന എല്ലാ കടന്നാക്രമണങ്ങളെയും ഫലപ്രദമായി പ്രതിരോധിച്ച് മുന്നോട്ടു പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. പിണറായി വിജയനെതിരേ നടത്തുന്ന നീക്കങ്ങളെ പാര്‍ട്ടിക്കെതിരായ കടന്നാക്രമണമായി തന്നെയാണ് പാര്‍ട്ടി കാണുന്നത്.
ഇഡിയുടെ കൈയിൽ ഒരു തെളിവുമില്ല. പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും പിടിക്കുകയാണ് ഇപ്പോഴത്തെ ഉന്നം. കണ്ണൂര്‍ സ്റ്റേഡിയം കോർണറില്‍ സിപിഎം സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധിക്കെതിരേ ഇഡിയുടെ രാഷ്ട്രീയ പ്രേരിതമായ നടപടിയുണ്ടായപ്പോള്‍ എതിര്‍ത്തവരാണ് സിപിഎമ്മും ഇടത് പാര്‍ട്ടികളാകെയും. എന്നാല്‍ പിണറായി വിജയനെ എന്തുകൊണ്ട് ഇഡി അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് മുന്‍പ് രാഹുൽ ഗാന്ധി ചോദിച്ചത്.
ബിജെപിയുടെ ഉപകരണമായിട്ടാണ് ഓരോ ഘട്ടത്തിലും ഇഡി പ്രവര്‍ത്തിച്ചത്. കേരളത്തിലെ സര്‍ക്കാരിനെ ഉപയോഗപ്പെടുത്തി പുകമറ സൃഷ്ടിക്കാനാകുമോയെന്നാണ് ഇപ്പോള്‍ നോക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു.
Kerala
തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യംവച്ച് എന്ത് വൃത്തികേട് ചെയ്യാനും ഇഡിക്ക് മടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. 1956 ൽ രൂപപ്പെടുത്തിയ ഒരു സംവിധാനം ആണ് ഇഡി. ഇഡിക്ക് വലിയ അധികാര അവകാശങ്ങളൊന്നും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണം വരുന്നതെങ്ങനെ എന്ന് വിലയിരുത്തലായിരുന്നു ഇഡിയുടെ പണി. പി. ചിദംബരത്തിന്റെ കാലത്താണ് ഇഡിക്ക് എന്തിലും ഇടപെടാനുള്ള അവകാശം നൽകിയത്. ആ ചിദംബരത്തിന് തന്നെ പിന്നീട് പണിയായി. വേണ്ടതിലും വേണ്ടാത്തതിലും ഇടപെടാനുള്ള അവകാശം ഇഡിക്ക് ഉണ്ടോ എന്ന് കോടതി പരിഗണിക്കുകയാണ്. പുതിയ കേസ് പിണറായിക്കെതിരെ എടുക്കാനാണ് നീക്കമെന്നും ഗോവിന്ദൻ പറഞ്ഞു.
കരുവന്നൂർ ബാങ്കാണ് ഏറ്റവും വലിയ ഉദാഹരണം. മാനേജറും സെക്രട്ടറിയും ജയിലിലായി. സംസ്ഥാനത്ത് കൃത്യമായി കേസ് കൈകാര്യം ചെയ്തു. എന്നാൽ പ്രശ്നം അവസാനിക്കുമെന്ന ഘട്ടത്തിൽ ഇഡി വന്നു. ജയിലിൽ കിടക്കുന്നവരെ മാപ്പുസാക്ഷിയാക്കാം എന്ന് ഇഡി പറഞ്ഞു. പാർട്ടിക്കാരാണ് ഇതെല്ലാം ചെയ്തതെന്ന് പറഞ്ഞാൽ മതി എന്നാണ് അവരോട് ഇഡി ആവശ്യപ്പെട്ടതെന്നും ഗോവിന്ദൻ ആരോപിച്ചു.
Kerala
തിരുവനന്തപുരം: വിശാല സംസ്ഥാന സമിതിയിൽ നിന്ന് വാർത്തകൾ ചോരാതിരിക്കാൻ ഫോൺ വിവരങ്ങൾ ശേഖരിക്കാനുള്ള സമ്മതപത്രം ഒപ്പിട്ട് വാങ്ങിയ സംഭവത്തെ കുറിച്ച് അറിവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
സമ്മതപത്രം ഒപ്പിട്ട് വാങ്ങിയ സംഭവത്തിന് വിശാല സംസ്ഥാന സമിതിയുമായി ബന്ധമില്ലെന്നും പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ നിന്നാണ് തിരുവനന്തപുരം ജില്ലാ നേതൃത്വം സമ്മതപത്രം ഒപ്പിട്ട് വാങ്ങിയത്.
തെറ്റുതിരുത്തൽ ചർച്ചകൾക്ക് വിശാല സംസ്ഥാന സമിതി ചേരുമ്പോൾ ഒരു വിവരവും ചോരരുതെന്നാണ് കർശന നിർദേശം. ഫോൺ പരിശോധിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ഫോൺ വിവരങ്ങൾ ലഭിക്കാൻ ടെലിഫോൺ കമ്പനിയോട് സ്വയം ആവശ്യപ്പെടുന്ന തരത്തിലാണ് അപേക്ഷ.
Kerala
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സംസ്ഥാന പൊലിസ് മേധാവിക്ക് കത്തുനൽകിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
പിണറായി വിജയനിലേക്ക് അന്വേഷണം എത്തിക്കാന്‍ നേരത്തെ ശ്രമം നടന്നു. കേസ് എങ്ങോട്ടേക്കാണ് നീങ്ങുന്നതെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നുവെന്നും എം.വി. ഗോവിന്ദന് പറഞ്ഞു. ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
182 കോടി വിവിധ ആളുകൾക്ക് നല്കിയ ഡയറി ലഭിച്ചുവെന്ന് ഇഡി പറഞ്ഞു. ഇപ്പോഴത്തെ ഭരണകക്ഷി നേതാക്കളുടെ പേരും അതിലുണ്ട്. അവര്‍ അത് സമ്മതിച്ചതാണ്. 182 കോടിയില്‍ കുറഞ്ഞ തുക മാത്രമാണ് വീണയ്ക്ക് എതിരായ കേസില്‍ ഉള്ളത്. മറ്റുള്ളവരെ എന്തുകൊണ്ട് കൈാകാര്യം ചെയ്യുന്നില്ലെന്നും ഗോവിന്ദൻ ചോദിച്ചു.
നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണ്. സിഎംആര്‍എല്‍ കമ്പനിക്ക് എക്സാലോജിക്ക് ഇടപാടില്‍ നഷ്ടം സംഭവിച്ചിട്ടില്ല. ഒന്നും മറച്ചുവയ്ക്കാന്‍ രണ്ട് കൂട്ടര്‍ക്കുമില്ല. അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന ഒന്നല്ല ഇടപാടെന്നും അദ്ദേഹം ആരോപിച്ചു.
Kerala
തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിലും പയ്യന്നൂരിലും പാർട്ടി സ്ഥാനാർഥികൾ പരാജയപ്പെട്ടതിൽ ജനങ്ങൾക്കാണു തെറ്റുപറ്റിയതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പാർട്ടി പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ കണ്ണൂരിലെ പൊതുയോഗങ്ങളിൽ ഇതുമായി ബന്ധപ്പെട്ടു നടത്തിയ പ്രസംഗത്തിൽ യാതൊരു പിശകും സംഭവിച്ചിട്ടില്ല. ജനം തെറ്റിദ്ധരിക്കപ്പെട്ടുവെന്നു പിണറായി പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്നും അദ്ദേഹം പറഞ്ഞതു തന്നെയാണു സിപിഎമ്മിന്റെ നിലപാടെന്നും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ ഗോവിന്ദൻ വ്യക്തമാക്കി.
പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലെ കാര്യങ്ങൾ തന്നെയാണു സംസ്ഥാന കമ്മിറ്റിയും അംഗീകരിച്ചു മുന്നോട്ടുപോകുന്നത്. പിണറായി വിജയൻ യോഗങ്ങളിൽ പറഞ്ഞതെല്ലാം തന്നെ പഴയ കാര്യങ്ങളാണ്. പുതുതായി ഒന്നും പറഞ്ഞിട്ടില്ല. ജനങ്ങൾക്കുണ്ടായ തെറ്റുകൾ ചൂണ്ടിക്കാണിച്ചാണു പിണറായി പ്രസംഗിച്ചത്.
ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും വർഗവഞ്ചനയുടെയും ചതിയുടെയും ഭാഗമായാണു കോണ്‍ഗ്രസിലേക്കു പോയതെന്നും ഗോവിന്ദൻ പറഞ്ഞു. കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയോടു യോജിപ്പില്ല. സമൂഹത്തിന്റെ പൊതുമുന്നേറ്റത്തെ തടസപ്പെടുത്തുന്ന പരാമർശങ്ങളോടു സിപിഎം ഒരിക്കലും യോജിക്കില്ല. ആധുനിക കേരളത്തിനു യോജിക്കാത്ത പരാമർശങ്ങൾ പാടില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: എസ്എഫ്ഐ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലുണ്ടായ പൊലിസ് ലാത്തിചാർജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ആര്‍എസ്എസിനെ സന്തോഷിപ്പിക്കാനാണ് വി.ഡി. സതീശന് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എം.വി. ഗോവിന്ദന് പറഞ്ഞു.
ആര്‍എസ്എസിന് മുന്നില്‍ സര്‍വകലാശാലകളെ കാഴ്ചവയ്ക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. വിദ്യാര്‍ഥികളെ ഭയപ്പെടുത്തി അവരെ മര്‍ദിച്ചൊതുക്കി മുന്നോട്ട് പോകാമെന്നാണ് മുഖ്യമന്ത്രിയും യുഡിഎഫും കരുതുന്നതെങ്കില്‍ അവര്‍ക്ക് എസ്എഫ്ഐയുടെയും പൊതുവിദ്യാര്‍ഥി സമൂഹത്തിന്റെയും ചരിത്രം മനസിലായിട്ടില്ലെന്നാണ് അര്‍ഥമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വന്ദേമാതരത്തെ എതിര്‍ക്കുന്നവരെ തല്ലി ഒതുക്കാം എന്നത് വ്യാമോഹമാണ്. ആര്‍എസ്എസിനെ സന്തോഷിപ്പിക്കാം എന്നാണ് മുഖ്യമന്ത്രി കരുതുന്നത്. ഉന്നത വിദ്യാഭ്യാസ മേഖല ആര്‍എസ്എസിന്റെ തട്ടകമായി മാറിയെന്നും എം.വി. ഗോവിന്ദന് കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ എ.എൻ. ഷംസീർ ആരാണെന്ന് വെള്ളാപ്പള്ളി നടേശനല്ല തീരുമാനിക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംസീറിനെക്കുറിച്ചു ഒരിക്കലും പ്രയോഗിക്കാൻ പാടില്ലാത്ത തരത്തിലുള്ള വാക്കുകളാണ് വെള്ളാപ്പള്ളിയിൽനിന്നുണ്ടായത്. അത് പ്രതിഷേധാർഹമാണ്.
എ.എൻ. ഷംസീറിനെ വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയാക്കുകയാണല്ലോ എന്ന ചോദ്യത്തിന് ഇവിടെ വർഗീയമല്ല ലീഗിനെയാണ് പറഞ്ഞത് എന്നായിരുന്നു മറുപടി. വെള്ളാപ്പള്ളിയുടെ പരാമർശത്തിൽ വർഗീയതയുണ്ടോ എന്ന കാര്യത്തെക്കുറിച്ച് ആലോചിച്ച ശേഷം മറുപടി പറയാമെന്നായിരുന്നു ഉത്തരം.
ഷംസീറിനെ വെള്ളാപ്പള്ളി മുസ്ലിം ലീഗുകാരനാക്കുകയാണ് ചെയ്തത്. മുസ്ലിം ലീഗ് ചിലപ്പോഴൊക്കെ പ്രത്യേക നിലപാടുകൾ എടുക്കാറുണ്ടെങ്കിലും വർഗീയ പട്ടികയിലുള്ള പാർട്ടിയല്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കോൺഗ്രസ് ബിജെപിയുടെയും ഇഡിയുടെയും കൂടെ ചേർന്ന് പ്രവർത്തിക്കുകയാണ്. ഈ മൂവർ സംഘമാണ് ഇഡിയുടെ നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നത്. ടി. വീണയുമായി ബന്ധപ്പെട്ട, ഇഡി കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ബിസിനസുമായി ബന്ധപ്പെട്ട കേസിൽ പാർട്ടി ഇടപെടില്ല, എന്നാൽ ഇതിന്റെ പേരിൽ പാർട്ടി നേതാക്കളെ വേട്ടായാടാൻ വന്നാൽ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഗോവിന്ദൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് കേസിലെ ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎമ്മിനെ കടന്നാക്രമിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നും പാര്‍ട്ടിവിരുദ്ധ മനസ് രൂപപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോട് കൂടി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരായി ഇ ഡിയുടെ കടന്നാക്രമണം നടക്കുകയാണ്. കോഴിക്കോട്ട് പി.എ. മുഹമ്മദ് റിയാസുമായി പരിചയമുണ്ടെന്നതിന്റെ പേരില്‍ ഒമ്പത് പേരെ ചോദ്യം ചെയ്തു. സിപിഎമ്മിന്റെ അടുത്ത ബന്ധമുള്ളവരെ ചോദ്യം ചെയ്ത് പുകമറ സൃഷ്ടിച്ച് പാര്‍ട്ടിവിരുദ്ധ മനോഭാവമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
പാർട്ടി ശക്തമായി പ്രതിരോധിക്കും. മുഹമ്മദ് റിയാസിലേക്ക് അന്വേഷണം എത്തിച്ച് അന്വേഷണം നടത്താനാണ് ഇഡി ശ്രമം. ഒരു വസ്തുതയും ഇല്ലാത്ത കാര്യത്തിൽ അന്വേഷണം നടത്തി വസ്തുതയുണ്ട് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ചൊവ്വാഴ്ച സിപിഎം നേതാവിന്റെ വീട്ടില്‍ അടക്കം എട്ടിടങ്ങളില്‍ ഇഡി പരിശോധന നടന്നിരുന്നു. വീണ ടിയും മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലാണ് പരിശോധന നടന്നത്.
Kerala
തിരുവനന്തപുരം: കടലിൽ കാണാതായവരെ കണ്ടെത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ നടത്തിവരുന്ന പ്രവർത്തനം മികച്ചതാണെന്ന തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുടെ പരാമർശത്തിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
നെറ്റോയുടെ പരാമർശം പരിഹാസത്തോടെയാണു കാണുന്നതെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്തുവന്നിരുന്ന സാമൂഹ്യക്ഷേമ പെൻഷൻ അട്ടിമറിക്കാൻ സർക്കാർ ബോധപൂർവം ശ്രമിക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ക്ഷേമപെൻഷൻ ഇനി മുതൽ വീട്ടിലെത്തിക്കില്ലെന്ന സർക്കാർ ഉത്തരവു ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 62 ലക്ഷം പാവപ്പെട്ട മനുഷ്യരുടെ ആശാകേന്ദ്രമാണ് ക്ഷേമ പെൻഷൻ. സർക്കാർ തീരുമാനത്തിനെതിരെ പെൻഷൻ വാങ്ങുന്ന 62 ലക്ഷം ജനങ്ങളെയും അണിനിരത്തി വലിയ പ്രക്ഷോഭം സിപിഎം സംഘടിപ്പിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
കോണ്‍ഗ്രസും യുഡിഎഫും ക്ഷേമപെൻഷൻ നൽകുന്നതിന് എതിരായിരുന്നു. ക്ഷേമ പെൻഷൻ നടപ്പിലാക്കിയതും വർധിപ്പിച്ചതും ഇടതുസർക്കാരുകളാണ്. ഇപ്പോൾ ക്ഷേമ പെൻഷൻ ഇല്ലാതാക്കാനാണു യുഡിഎഫ് സർക്കാർ ശ്രമം നടത്തുന്നത്. ക്ഷേമപെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കളെ എല്ലാം പങ്കെടുപ്പിച്ചു സമരം നടത്താനാണ് ആലോചിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
Kerala
കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ, സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യാൻ നീക്കം. ഇതിന്റെ ഭാഗമായി നേതാക്കൾക്ക് നോട്ടീസ് അയച്ചു തുടങ്ങി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജോൺ ബ്രിട്ടാസ് എംപി, വി. ജോയി, ബിനീഷ് കോടിയേരി അടക്കമുള്ള പ്രമുഖരെയാണ് ചോദ്യം ചെയ്യുന്നത്.
അതേസമയം, കേസിൽ ആറ് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഐ.പി. ബിനു, രേവന്ത്, ഉണ്ണികൃഷ്ണൻ, ദിനകർ, ദിലീപ് നായർ, ഡി.എസ്. ഉണ്ണി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
ബുധനാഴ്ച ഷഹിൻ, നിതിൻ രാജ് എന്നിവർക്കും കോടതി ജാമ്യം നൽകിയിരുന്നു. സർക്കാരിന്റെയും ഇഡിയുടെയും ശക്തമായ എതിർപ്പുകൾ തള്ളിയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
ഇതോടെ ഈ കേസിൽ ആകെ 21 പ്രതികൾക്ക് ജാമ്യം ലഭിച്ചു. പ്രതികൾ 68 ദിവസത്തിലധികമായി ജയിലിൽ കഴിയുന്നുണ്ടെന്നതും കേസിന്റെ നടപടികൾ അവസാനഘട്ടത്തിലേക്ക് കടന്നിട്ടുണ്ടെന്നതും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിക്കാൻ തയ്യാറായത്.
Kerala
തൊടുപുഴ:സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആശ്വാസമില്ലാദുരിതം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
ഇടുക്കി കുടയത്തൂര്‍ അടൂര്‍മലയില്‍ ഉരുള്‍പൊട്ടി മരിച്ച സുമതിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചങ്ങാനാശേരിയിലെ ഒരു ക്യാമ്പില്‍ ഭക്ഷണവും വെള്ളവുമില്ല. മുഖ്യമന്ത്രി വി.ഡി. സതീശന് ചോദിക്കുന്നത് ഞാന്‍ മൂന്നുമണിക്കല്ലേ ഭക്ഷണം കഴിച്ചത് എന്നാണ്.
ഇത് ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ലെന്നും 18 ലക്ഷം പേരെ ഒരു കുഴപ്പവും ഇല്ലാതെ ദുരിതാശ്വാസ ക്യാമ്പില്‍ പാര്‍പ്പിച്ചതാണ് എല്‍ഡിഎഫ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം നല്കാന് സന്നദ്ധ സംഘടനകള്‍ തയാറാണെങ്കിലും ഇതു കൈകാര്യം ചെയ്യുന്നതില്‍ ഏകോപനമില്ലാത്ത സ്ഥിതിയാണ്.
ഒരുദിവസം കളവ് പറഞ്ഞില്ലെങ്കില്‍ ശരിയാകാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രിയുള്ളത്. പ്രിയദര്‍ശിനി പദ്ധതിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ വ്യക്തമാകുന്നത് മന്ത്രിമാരുടെ മനോനിലയാണ്.
ഇതുസ്ത്രീവിരുദ്ധ സമീപനമാണ്. അതിനെ കേരളം അംഗീകരിക്കില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും നിരുത്തരവാദപരമായാണ് പെരുമാറുന്നത്. ഒരു ദുരന്തമുണ്ടായാല്‍ അതിനെ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യണമെന്ന ധാരണ മുഖ്യമന്ത്രിക്കില്ലെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
Kerala
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ വിലമതിക്കാനാകാത്ത ഏടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ആർഎസ്എസും ബിജെപിയും ചേർന്ന് ജനാധിപത്യപരമായ എല്ലാ പ്രതിഷേധങ്ങളെയും ദേശവിരുദ്ധമെന്ന് മുദ്രകുത്തി തകർക്കാനും ജയിലിലടയ്ക്കാനും ശ്രമിച്ചെങ്കിലും, യുവജനത ഇന്ത്യയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
വമ്പിച്ച രീതിയിലുള്ള ജനകീയ മുന്നേറ്റം സൃഷ്ടിക്കാൻ ഈ പോരാട്ടത്തിന് സാധിച്ചുവെന്ന് ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ആദ്യം പ്രക്ഷോഭത്തോടു മുഖംതിരിഞ്ഞു നിന്ന കോൺഗ്രസിന് പോലും പിന്നീട് മാറിനിൽക്കാൻ കഴിയില്ലെന്ന് മനസ്സിലായ സാഹചര്യമാണ് ഉണ്ടായത്. വരുംദിവസങ്ങളിലും യുവാക്കൾ നടത്തുന്ന ഇത്തരം ന്യായമായ സമരങ്ങൾക്ക് സിപിഎമ്മിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.
സിജെപിയുടെ മുന്നേറ്റം സിപിഎമ്മിനെ യാതൊരു രീതിയിലും ആശങ്കപ്പെടുത്തുന്നില്ലെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ജനവിരുദ്ധ ഭരണകൂടത്തിനെതിരെയുള്ള ഏത് സമരവും സജീവമാകട്ടെ എന്നതാണ് പാർട്ടിയുടെ നിലപാട്. വിഷയത്തിൽ പാർട്ടിക്ക് യാതൊരുവിധ ഉത്കണ്ഠയുമില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പാർട്ടിയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി പാർട്ടി സംവിധാനത്തെ അടിമുടി പുതുക്കിപ്പണിയുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയുമായി ബന്ധപ്പെട്ടു സിപിഎം കേന്ദ്ര കമ്മിറ്റി തയാറാക്കിയ റിപ്പോർട്ടിൽ സംഘടനാപരമായ മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്.
സെപ്റ്റംബർ 13 മുതൽ 15 വരെ നടക്കുന്ന പ്രത്യേക സംസ്ഥാന സമിതി റിപ്പോർട്ടുമായി ബന്ധപ്പെട്ടു നിർദേശിച്ചിട്ടുള്ള കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുമെന്നും മാറ്റങ്ങൾ മേൽഘടകം മുതൽ കീഴ്ഘടകങ്ങൾ വരെ നടപ്പാക്കുമെന്നും സംസ്ഥാന സമിതി യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ എം.വി.ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ പിടിപ്പുകേടിൽ സംഭവിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ടു പാർട്ടി നേതാക്കൾ വ്യത്യസ്തമായ അഭിപ്രായങ്ങൾ പറഞ്ഞത് ആശയക്കുഴപ്പമുണ്ടാക്കിയെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ തന്നെ അഭിപ്രായങ്ങൾ പുറത്തുപറഞ്ഞതു നല്ല കീഴ്വഴക്കമല്ലെന്നും ഇത്തരം വിഷയങ്ങളിൽ പഠിച്ചു മാത്രമേ പ്രതികരിക്കാവൂ എന്നും ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. 25 ശതമാനത്തിലേറെ വിഹിതം വില്‍ക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം ആവശ്യമാണെന്ന് പാര്‍ട്ടി ഒറ്റക്കെട്ടായി ചോദിക്കുന്നുവെന്നും ഗോവിന്ദന് പറഞ്ഞു.
ഇത് വാങ്ങാതെ സെബിയെ സമീപിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് തങ്ങള്‍ക്ക് അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ രാഹുല്‍ ഗാന്ധിക്ക് അടക്കം ഉത്തരവാദിത്തമുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മംഗലാപുരം സ്പെഷല്‍ ഫ്ളൈറ്റ് യാത്രയും അദാനിയുടെ പ്രധാനപ്പെട്ട ആള്‍ക്കാരെ കണ്ടതും ചര്‍ച്ചയായെങ്കിലും ഈ ചോദ്യങ്ങള്‍ക്കൊന്നും നാളിതുവരെ മറുപടി പറഞ്ഞിട്ടില്ല. അദാനിക്ക് പിന്തുണ നല്‍കുന്നത് സിപിഎം ആണ് എന്ന് സ്ഥാപിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.
എന്നാല്‍ ഈ കരാറുണ്ടാക്കിയത് ഉമ്മന്‍ ചാണ്ടിയുടെ കാലത്തെന്ന് എല്ലാവര്ക്കും അറിയാം. അദാനി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാതെ നേരിട്ട് കേന്ദ്രത്തിലേക്ക് പോയതിനെക്കുറിച്ച് മറുപടി പറയാന്‍ വി.ഡി.സതീശന് മാത്രമല്ല രാഹുല്‍ ഗാന്ധിയ്ക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് ഭരണകാലത്ത് ചര്‍ച്ചകള്‍ നടന്നില്ലേ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അങ്ങനെ ചര്‍ച്ചകളൊക്കെ പലതും നടക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ആരുമായും ചര്‍ച്ചകള്‍ നടത്തുന്നതിന് തങ്ങളും വിമര്‍ശനം ഉന്നയിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങാതെയുണ്ടാക്കിയ ഡീലിലാണ് വിമര്‍ശനമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.
Kerala
കല്‍പ്പറ്റ: പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വയനാട് കള്ളാടിക്കടുത്ത് ഇന്ന് രാവിലെ മണ്ണിടിഞ്ഞ പ്രദേശം സന്ദര്‍ശിച്ചു. രാവിലെ ഒമ്പതരയോടെയാണ് ഇരുവരും കള്ളാടിയില്‍ മീനാക്ഷി പാലത്തിന് സമീപം എത്തിയത്.
സ്ഥലത്തുണ്ടായിരുന്ന റവന്യു മന്ത്രി എ.പി. അനില്‍കുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരോട് പ്രതിപക്ഷ നേതാവ് സാഹചര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കള്ളാടിയില്നിന്നു മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ പിണറായിയും ഗോവിന്ദനും മണ്ണിടിച്ചിലില്‍ പരിക്കേറ്റ് ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചു. മേപ്പാടി പോളി ടെക്നിക് കോളജിലെ ദുരിതാശ്വാസ ക്യാമ്പിലും ഇവര്‍ എത്തി.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഓഹരി കൈമാറ്റം സംബന്ധിച്ച് വി.ഡി.സതീശന് മുന്‍കൂര്‍ അറിവ് ഉണ്ടായിരുന്നുവെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു.
മുഖ്യമന്ത്രി കള്ളക്കള്ളി തുടരുകയാണ്. സതീശന് എല്ലാം മുന്‍കൂട്ടി അറിയാമായിരുന്നു. മംഗലാപുരം യാത്രയുടെ ലക്ഷ്യം ഇതായിരുന്നു. സര്‍ക്കാര്‍ അറിയാതെയാണെങ്കില്‍ എന്ത് നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
അദാനി ഡീലും മുഖ്യമന്ത്രിയുടെ മംഗലാപുരം യാത്രയുമായും ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി പ്രതികരിക്കണമെന്നും എം.വി. ഗോവിന്ദന് ആവശ്യപ്പെട്ടു. വിഴിഞ്ഞം വിദേശ നിക്ഷേപത്തെ കുറിച്ചുള്ള ദേശാഭിമാനിയിലെ വാര്‍ത്ത തള്ളിയ ഗോവിന്ദന്, ദേശാഭിമാനിയില്‍ അല്ല ആദ്യം വാര്‍ത്ത വന്നതെന്നും കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: പാർട്ടി അനുമതിയില്ലാതെ വിമതരെ തിരിച്ചു വിളിച്ച സംഭവത്തിൽ എം.വി.ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം. വിവാദം ഏറ്റുപിടിച്ച സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും വിമർശനം ഉയർന്നു.
രൂക്ഷ വിമർശനത്തിന് പിന്നാലെ വീഴ്ച സമ്മതിച്ച് എം.വി. ജയരാജൻ രംഗത്തെത്തി. സെക്രട്ടേറിയറ്റ് യോഗത്തിൽ തെറ്റ് ഏറ്റ് പറയുകയായിരുന്നു. അതേസമയം യോഗത്തിൽ വിവാദത്തിനും വിമർശനത്തിനും പിണറായി വിജയൻ മറുപടി പറഞ്ഞില്ല.
തെറ്റ് തിരുത്തിയാൽ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയിൽ വരുന്നതിൽ തടസമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്റെ പ്രസ്താവന.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ നടക്കുന്ന തർക്കത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഈ അടി മുൻകൂട്ടി കണ്ടതാണ്, ഇപ്പോൾ അത് രൂക്ഷമായി തുടരുന്നു എന്ന് മാത്രമേയുള്ളെന്ന് ഗോവിന്ദൻ പ്രതികരിച്ചു.
മൂന്നു വ്യക്തികളും മുഖ്യമന്ത്രിയാകാൻ നേരത്തേ അരങ്ങേറ്റം നടത്തി. ഇക്കാര്യം എല്ലാവരും മനസിലാക്കിയതാണ്. പ്രതിപക്ഷ നേതാവ് ആരെന്ന കാര്യത്തിൽ വേഗം തീരുമാനമുണ്ടാകുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഇതിനിടെ, ജനവിധിയെ പരിഹസിച്ചുകൊണ്ട് കോൺഗ്രസ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണെന്ന് കെ.കെ.ഷൈലജയും ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.
District News
തിരുവനന്തപുരം: സിപിഎം വിശ്വാസികൾക്കൊപ്പമാണെന്ന് പാർട്ടി സംസ്ഥാന സെ ക്രട്ടറി എം.വി. ഗോവിന്ദൻ. ശബരിമലയിലെ യുവതീപ്രവേശന കാലത്തെ നിലപാട് പഴയ കാര്യമാണ്. സർക്കാരിൻ്റെ നയത്തിനുള്ള അംഗീകാരമാണ് എൻഎസ്എസി ന്റെ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണ്. യുഡിഎഫിലെ ഒരു കക്ഷിയെയും ഇടതുമുന്നണിക്കു വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.