കോഴിക്കോട്-കണ്ണൂർ റൂട്ടിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച് കൃതിക ബസ് സർവീസ് നടത്തിയപ്പോൾ.
കോഴിക്കോട്: ആറുവരിപ്പാതയിൽ ഗതാഗത നിയമങ്ങൾ കാറ്റിൽപ്പറത്തി റോംഗ് സൈഡിലൂടെ അപകടകരമായി സർവീസ് നടത്തിയ കൃതിക ബസിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. കോഴിക്കോട്-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന് 7,500 രൂപ പിഴ ചുമത്തി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡും ചെയ്തു.
ഡ്രൈവർ എടപ്പാളിലെ മോട്ടോർ വാഹന പരിശീലന കേന്ദ്രത്തിൽ നിർബന്ധിത പരിശീലനം നേടണമെന്നും അധികൃതർ നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടിക്ക് സമീപം ചേമഞ്ചേരിയിൽ തിരക്കേറിയ ആറുവരിപ്പാതയിൽ കൃതിക ബസ് അപകടകരമായി സർവീസ് നടത്തിയത്. തെറ്റായ ദിശയിൽ ഏകദേശം അഞ്ച് കിലോമീറ്ററോളം ബസ് സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് എംവിഡി നടപടി സ്വീകരിച്ചത്. കഴിഞ്ഞയാഴ്ചയും കൃതിക ബസ് വിവാദത്തിൽപ്പെട്ടിരുന്നു. പയ്യോളിയിൽ ഇറങ്ങേണ്ട യാത്രക്കാരിയെ സർവീസ് റോഡിലെ സ്റ്റോപ്പിൽ ഇറക്കാതെ രാത്രിയിൽ ആറുവരിപ്പാതയിൽ ഇറക്കിവിട്ടെന്നായിരുന്നു പരാതി. തുടർന്ന് നാട്ടുകാർ കോണി എത്തിച്ചാണ് യാത്രക്കാരിയെ ഹൈവേയിൽനിന്ന് താഴെയിറക്കിയത്.
Tags : Traffic Violations Wrong Side Bus Mvd Kozhikode