കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ്
വത്തിക്കാൻസിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുമായുള്ള പ്രത്യേക കൂടിക്കാഴ്ച ഉൾപ്പടെ റോമിൽ നടക്കുന്ന കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റിന് ഇന്ന് വത്തിക്കാനിൽ തുടക്കമാകും.
ജൂലൈ മൂന്നിന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറച്ചിലിന് കൈമാറിയ പതാക, 40 രാജ്യങ്ങളിൽ പ്രയാണം നടത്തി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഏറ്റുവാങ്ങുന്നതോടെ ഗ്ലോബൽ മീറ്റിന് ഔദ്യോഗികമായി തുടക്കം കുറിക്കുമെന്ന് ബിഷപ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ജനറൽ സെകട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ജനറൽ കൺവീനർ ബെന്നി പുളിക്കേക്കര എന്നിവർ അറിയിച്ചു. സീറോമലബാർ സഭയുടെയും 109 വർഷത്തെ പ്രവർത്തനപാരമ്പര്യമുള്ള കത്തോലിക്ക കോൺഗ്രസിന്റെയും ചരിത്രത്തിലെ അവിസ്മരണീയമായ സംഗമമാണ് റോം ഗ്ലോബൽ മീറ്റ്.
നാളെ രാവിലെ സമ്മേളനവേദിയിൽ പ്രസിഡന്റ് പതാക ഉയർത്തും. തുടർന്ന് പ്രതിനിധികൾ അവർ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളുടെ പതാകകൾ വഹിച്ചുകൊണ്ടുള്ള പ്രയാണത്തിനുശേഷം സമ്മേളനം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിക്കും. ആർച്ച്ബിഷപ്പുമാർ, ബിഷപ്പുമാർ, സമുദായ നേതാക്കൾ, മന്ത്രിമാർ തുടങ്ങിയവർ പ്രസംഗിക്കും.
തുടർന്നു നടക്കുന്ന വിവിധ സെഷനുകളിൽ മാർ റാഫേൽ തട്ടിൽ, പൗരസ്ത്യ സഭാ കാര്യാലയം പ്രീഫക്ട് കർദിനാൾ ക്ലോഡിയോ ഗുജറോത്തി, ബിഷപ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പാംപ്ലാനി, മാർ തോമസ് തറയിൽ, ബിഷപ്പുമാരായ മാർ സ്റ്റീഫൻ ചിറപ്പണത്ത്, മാർ ജോയ് ആലപ്പാട്ട്, മാർ ജോസ് കല്ലുവേലിൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ പോളി കണ്ണൂകാടൻ, മാർ ജോൺ നെല്ലിക്കുന്നേൽ, മാർ ടോണി നീലങ്കാവിൽ, മാർ ജോസഫ് അരുമച്ചാടത്ത് ഉൾപ്പടെ കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളും മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.
ആഗോള തലത്തിൽ സമുദായ ശക്തീകരണത്തിന്റെ വ്യത്യസ്ത മേഖലകൾ, പ്രതിസന്ധികൾ, സാധ്യതകൾ, ഗ്ലോബൽ കണക്ടിവിറ്റി, ബിസിനസ് നെറ്റ്വർക്കിംഗ് തുടങ്ങിയവയെ ആസ്പദമാക്കിയുള്ള സെഷനുകൾ, ചർച്ചകൾ, സംവാദങ്ങൾ, നയരൂപീകരണങ്ങൾ എന്നിവ സംഗമത്തിന്റെ ഭാഗമായി നടക്കും. 22ന് ലെയോ പതിനാലാമൻ മാർപാപ്പയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും നടക്കും. 23ന് അസീസിയിൽ ലോകസമാധാനത്തിനായി സമ്മേളന പ്രതിനിധികൾ നടത്തുന്ന പ്രാർഥനയോടെ സമ്മേളനം സമാപിക്കും.
ഗ്ലോബൽ മീറ്റ് ചരിത്രസംഭവമാക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ബെന്നി പുളിക്കേക്കര, ഡേവിസ് എടക്കളത്തൂർ, ബെന്നി ആന്റണി എന്നിവർ അറിയിച്ചു.