നടൻ ടൈഗർ ഷ്റോഫിനുനേരെ നടന്ന വധശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ
മുംബൈ: നടൻ ടൈഗർ ഷ്റോഫിനുനേരെ മുംബൈയിൽ നടന്ന വധശ്രമത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ഫുട്ബോൾ ഗ്രൗണ്ടിൽനിന്ന് കാറിൽ മടങ്ങുന്നതിനിടെ കാറിന്റെ മുൻവശത്തെ ഗ്ലാസിലൂടെയും വശത്തെ ഡോറിലൂടെയും രണ്ട് പേർ വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഞായറാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തിൽ ടൈഗർ ഷ്റോഫി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
എന്നാൽ അദ്ദേഹത്തിന്റെ ഡ്രൈവർക്ക് വെടിയേറ്റു. പുറത്തുവന്ന 18 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ രണ്ട് അക്രമികൾ കാറിന് നേരെ വെടിയുതിർക്കുന്നത് വ്യക്തമാണ്. ഡോറിന്റെ അടുത്തെത്തിയ അക്രമികളിലൊരാൾ വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും തോക്ക് ജാമായതിനെത്തുടർന്ന് ശ്രമം പരാജയപ്പെട്ടതായാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. തുടർന്ന് ഡ്രൈവർ കാറിൽനിന്ന് പുറത്തിറങ്ങി ഓടുന്നതും അക്രമികൾ ബൈക്കിൽ രക്ഷപ്പെടുന്നതും കാണാം.
ഡ്രൈവർ ഫിർദൗസിന് പരിക്കേറ്റതോടെ താരം ഡ്രൈവിംഗ് സീറ്റിലേക്ക് മാറുന്നതും കാണാം. ഇതിനിടെ പരിസരത്തുണ്ടായിരുന്നവർ പരിഭ്രാന്തരായി നിലവിളിക്കുന്നുണ്ട്. പരിക്കേറ്റ ഡ്രൈവറെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ ഒരു സ്ത്രീ ടൈഗറിനോട് ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. പരിക്കേറ്റ ഡ്രൈവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സമീപത്തുണ്ടായിരുന്ന മറ്റൊരാൾക്കും ആക്രമണത്തിൽ പരിക്കേറ്റതായാണ് വിവരം.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ പേരിൽ ഏറ്റെടുത്തിരുന്നു. സംഭവത്തിൽ ബിഷ്ണോയി സംഘത്തിനെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ആക്രമണത്തിന് പിന്നിലെ പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
Tags : Tiger Shroff Attack Assassination Attempt CCTV Footage Mumbai Firing Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash