നിഷാന്ത് പി. ചന്ദ്രൻ.
പത്തനംതിട്ട: കൊടുംകുറ്റവാളികളുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ പൊലിസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സർവീസിൽനിന്ന് പിരിച്ചുവിടാൻ നീക്കം. തിരുവല്ല സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫീസറായ നിഷാന്ത് പി. ചന്ദ്രനെയാണ് പിരിച്ചുവിടാൻ നടപടി തുടങ്ങിയത്.
പീച്ചി സ്വർണക്കവർച്ചാ കേസിലെ ഗുണ്ടാസംഘം ഉൾപ്പെടെ നിരവധി കൊടുംകുറ്റവാളികളുമായി നിഷാന്തിന് ബന്ധമുണ്ടെന്ന പരാതിയിൽ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ നിഷാന്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സർവീസിൽനിന്ന് പിരിച്ചുവിടാനുള്ള നടപടികളിലേക്ക് കടന്നത്. ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ നിഷാന്ത് മാസങ്ങളായി സസ്പെൻഷനിലാണ്.
സർവീസിൽനിന്ന് പിരിച്ചുവിടാതിരിക്കാൻ എന്തെങ്കിലും വിശദീകരണമുണ്ടെങ്കിൽ 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലിസ് മേധാവി ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നോട്ടീസിന് ലഭിക്കുന്ന മറുപടിയും തുടർനടപടികളും പരിഗണിച്ചായിരിക്കും പിരിച്ചുവിടൽ നടപടിയിൽ അന്തിമ തീരുമാനമുണ്ടാകുക.
Tags : Police Officer Dismissal from Service Thiruvalla Police Nishanth P. Chandran Police Association Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash