പ്രതീകാത്മക ചിത്രം
ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് രണ്ട് വയസുള്ള കുഞ്ഞിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ജനപ്രതിനിധികളും നാട്ടുകാരും രംഗത്ത്. കാർത്തികപ്പള്ളിയിൽ രാജേഷ്-താര ദമ്പതികളുടെ മകൻ രാഹുൽ ആണ് മരിച്ചത്.
താരയെ പ്രസവത്തിനായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ സമയം രാഹുൽ ഉൾപ്പെടെയുള്ള അഞ്ച് കുട്ടികളും അച്ഛൻ രാജേഷുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രാവിലെ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് രാജേഷ് പറയുന്നത്.
പിന്നാലെ ഓട്ടോറിക്ഷയിൽ മറ്റ് കുട്ടികളെയും കൂട്ടിയാണ് രാജേഷ് ആശുപത്രിയിലെത്തി രണ്ട് വയസുകാരന്റെ മരണം സ്ഥിരീകരിച്ചത്. നേരത്തെയും ദമ്പതികളുടെ മറ്റൊരു ആൺകുട്ടി കൈയിൽ നിന്ന് താഴെ വീണ് മരിച്ചതായി അറിയിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്തംഗം പറഞ്ഞു.
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്തംഗവും നാട്ടുകാരും ആവശ്യപ്പെടുന്നു. ഇതുവരെ ഏഴ് പ്രസവങ്ങളിലായി എട്ട് കുട്ടികൾക്കാണ് താര ജന്മം നൽകിയിട്ടുള്ളത്. കുട്ടികളെ സ്കൂളിൽ വിടാതെ വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് താമസിപ്പിച്ചിരുന്നതെന്നും ആരോപണമുണ്ട്.
Tags : Haripad Death Deepika DeepikaNewspaper Police Investigation CaseFile