പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
തിരുവനന്തപുരം: വഖഫ് ബോർഡ് ഭരണസമിതി പിരിച്ചുവിട്ട സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കെ.എസ്. ഹംസ അധ്യക്ഷനായ ഭരണസമിതിയുടെ കാലാവധി പൂർത്തിയാകാതെ ഭരണസമിതി പിരിച്ചുവിട്ടത് അംഗീകരിക്കാനാകില്ല. വഖഫ് നിയമപ്രകാരം നിലവിലെ സമിതിയെ പിരിച്ചുവിടാൻ സർക്കാരിന് അധികാരമില്ലെന്നും പിണറായി പറഞ്ഞു.
ഹൈക്കോടതി വിധി സർക്കാർ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ മുസ്ലിം ലീഗ് നേതാവ് റഷീദലി തങ്ങൾ അധ്യക്ഷനായിരുന്ന വഖഫ് ബോർഡിനെ കാലാവധി പൂർത്തിയാക്കാൻ അനുവദിച്ചിരുന്നു. അന്ന് എൽഡിഎഫ് കാട്ടിയ ജനാധിപത്യ മര്യാദ ഇന്ന് യുഡിഎഫ് സർക്കാർ കാണിക്കുന്നില്ല.
കേന്ദ്ര വഖഫ് നിയമഭേദഗതിക്കെതിരെ കോടതിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടുകളെ ദുർബലപ്പെടുത്തുന്നതാണ് പുതിയ നടപടിയെന്നും പിണറായി ആരോപിച്ചു. അമുസ്ലിം പ്രാതിനിധ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ച നിലപാട് സമുദായത്തോടുള്ള വഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുകയും സംഘപരിവാർ അജണ്ടകളെ സഹായിക്കുകയും ചെയ്യുന്ന നടപടിയാണ് വഖഫ് ബോർഡ് പിരിച്ചുവിടലെന്നും പിണറായി ആരോപിച്ചു. ബോർഡ് പിരിച്ചുവിട്ട ഉത്തരവ് സർക്കാർ അടിയന്തരമായി റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിണറായി വിജയൻ സർക്കാരിന്റെ നടപടിക്കെതിരെ വിമർശനമുന്നയിച്ചത്.
Tags : Pinarayi Vijayan Waqf Board Waqf Board Dissolution Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash