ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിൽ നിന്ന്.
ഗുവാഹത്തി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെ തകർത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിനെ തകർത്തത്. നോർത്ത് ഈസ്റ്റിനായി മൊറോക്കൻ താരം അലാഉദ്ദീൻ അജറൈ ഇരട്ടഗോൾ നേടിയപ്പോൾ സ്പാനിഷ് താരം അന്റോണിയോ മൊയാനോയും മലയാളിതാരം സി.കെ.അമനും ഓരോ ഗോൾ വീതം നേടി.
ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസഗോൾ മോമോ യാൻസാനെയുടെ വകയായിരുന്നു. മത്സരത്തിന്റെ 15-ാം മിനിറ്റിൽ അജറൈയാണ് നോർത്ത് ഈസ്റ്റിനായി ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മൊയാനോ കൂടി ലക്ഷ്യം കണ്ടതോടെ നോർത്ത് ഈസ്റ്റ് രണ്ട് ഗോളിന് മുന്നിലെത്തി. രണ്ടാം പകുതിയിൽ തിരിച്ചടിക്കാനുള്ള ശ്രമങ്ങളുമായി ബ്ലാസ്റ്റേഴ്സ് കളം നിറഞ്ഞു.
60-ാം മിനിറ്റിൽ മോമോ യാൻസാനെ ഗോൾ നേടിയതോടെ മഞ്ഞപ്പട പ്രതീക്ഷ വീണ്ടെടുത്തു. എന്നാൽ ആ പ്രതീക്ഷയ്ക്ക് പത്ത് മിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 70-ാം മിനിറ്റിൽ അജറൈ വീണ്ടും വലകുലുക്കിയതോടെ നോർത്ത് ഈസ്റ്റ് 3-1ന് മുന്നിലെത്തി. 82-ാം മിനിറ്റിൽ മലയാളി താരം സി.കെ. അമൻകൂടി ഗോൾ നേടിയതോടെ നോർത്ത് ഈസ്റ്റിന്റെ വിജയം ഉറപ്പായി.
തിരിച്ചുവരവിനായി പൊരുതിയെങ്കിലും നോർത്ത് ഈസ്റ്റിന്റെ കൊമ്പൻമാർ എല്ലാ ശ്രമങ്ങളും തടഞ്ഞു. ആദ്യ മത്സരത്തിൽ ഇന്റെർ കാശി എഫ്സിയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ മഞ്ഞപ്പടയ്ക്ക് ഇത്തവണ പിഴച്ചു. തുടർച്ചയായ രണ്ടാം ജയത്തോടെ ആറ് പോയിന്റുമായി നോർത്ത് ഈസ്റ്റ് പട്ടികയിൽ ഒന്നാമതെത്തി. മൂന്ന് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്താണ്.
Tags : Indian Super League Kerala Blasters NorthEast United Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash