ഫിലോമിന
ജിദ്ദ: നിരോധിത മരുന്നുകൾ കൈവശം സൂക്ഷിച്ചെന്നാരോപിച്ച് ജിദ്ദ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്ത മലയാളി നഴ്സ് ഫിലോമിനയെ വിട്ടയച്ചു. പിടിച്ചെടുത്ത മരുന്നുകൾ ലഹരിമരുന്നിന്റെ ഗണത്തിൽപ്പെടുന്നവയല്ലെന്ന് പരിശോധനയിൽ തെളിഞ്ഞതോടെയാണ് ഫിലോമിനയെ വിട്ടയച്ചത്.
സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി- ശെൽവി ദമ്പതികളുടെ മകൾ ഫിലോമിന റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയാണ്. അവധിക്ക് ശേഷം ഒക്ടോബർ 10ന് ആയിരുന്നു സൗദിയിലേക്ക് തിരിച്ചത്.
ജിദ്ദ വിമാനത്താവളത്തിൽ എത്തിയപ്പോൾ കസ്റ്റംസ് നടത്തിയ ലഗേജ് പരിശോധനയിലാണ് ഫിലോമിനയുടെ ബാഗിൽ നിന്ന് നിരോധിത വിഭാഗത്തിലുള്ള മരുന്നുകൾ കണ്ടെത്തിയത്. തുടർന്ന് ജിദ്ദ കസ്റ്റംസ് വിഭാഗം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പിടിച്ചെടുത്ത മരുന്നുകൾ ലാബ് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയിൽ ഫിലോമിനയുടെ പക്കലുണ്ടായിരുന്നത് ലഹരിമരുന്നല്ലെന്നും ചികിത്സാ ആവശ്യങ്ങൾക്കുള്ള മരുന്നുകളാണെന്നും സ്ഥിരീകരിക്കുകയായിരുന്നു.
Tags : Jeddah SaudiArabia NewsUpdate Headlines DailyNews Deepika