പ്രതീകാത്മക ചിത്രം
കൊച്ചി: എറണാകുളം മാർക്കറ്റിലെ ജൂത ആരാധനാലയമായ കടവുഭാഗം സിനഗോഗിന് മുന്നിലുണ്ടായ തീവയ്പ് കേസിൽ പ്രതി എബിൻ പോളുമായി പൊലിസ് തെളിവെടുപ്പ് നടത്തി. എറണാകുളം മാർക്കറ്റിനുള്ളിലെ ജൂതപ്പള്ളിക്ക് സമീപം എത്തിച്ചായിരുന്നു തെളിവെടുപ്പ്. സിനഗോഗിന് മുന്നിൽ തീകൊളുത്തിയതെങ്ങനെയെന്ന് എബിൻ പൊലിസിനോട് വിശദീകരിച്ചു.
കസ്റ്റഡി കാലാവധി അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെയാണ് തെളിവെടുപ്പ് നടത്തിയത്. അവധി ദിവസമായതിനാൽ മാർക്കറ്റിനുള്ളിൽ തിരക്ക് കുറവായിരിക്കുമെന്ന വിലയിരുത്തലിലാണ് ഞായറാഴ്ച തെളിവെടുപ്പ് നടത്താൻ പൊലിസ് തീരുമാനിച്ചത്. ഉച്ചയ്ക്ക് മൂന്നോടെ പ്രതിയുമായി സിനഗോഗിന് മുന്നിലെത്തിയ പോലീസ്, എബിൻ തീകൊളുത്തിയതായി പറയപ്പെടുന്ന സ്ഥലത്തിന് സമീപത്തെ ഹോർട്ടികൾച്ചർ നഴ്സറിയിലാണ് തെളിവെടുപ്പ് നടത്തിയത്.
ബാനറുകളും ഫ്ലക്സുകളും ഉൾപ്പെടെയുള്ളവയ്ക്ക് തീകൊളുത്തിയതെങ്ങനെയെന്ന് പ്രതി പൊലിസിനോട് വിശദീകരിച്ചു. എറണാകുളം സെൻട്രൽ എസിപി സി.ബി. ടോമിയുടെ നേതൃത്വത്തിലുള്ള 20 അംഗ അന്വേഷണ സംഘമാണ് തെളിവെടുപ്പ് നടത്തിയത്. പത്ത് മിനിറ്റ് മാത്രമാണ് നടപടികൾ നീണ്ടത്.
Tags : Synagogue Fire Incident Police Investigation Evidence Collection