കരൂര് വൈശ്യ ബാങ്കിന്റെ അറ്റാദായം
കൊച്ചി: സെപ്റ്റംബര് 30ന് അവസാനിച്ച രണ്ടാംപാദത്തില് കരൂര് വൈശ്യ ബാങ്കിന്റെ അറ്റാദായം മുന്വര്ഷത്തെ 574 കോടി രൂപയില്നിന്ന് 37.28 ശതമാനം ഉയര്ന്ന് 788 കോടിയായി. അറ്റപലിശ വരുമാനം 18.72 ശതമാനം വര്ധിച്ച് 1,497 കോടി രൂപയിലെത്തി. പ്രൊവിഷനിംഗിനു മുമ്പുള്ള പ്രവര്ത്തനലാഭം 14.26 ശതമാനം ഉയര്ന്ന് 1,162 കോടി രൂപയായി. ആകെ ബിസിനസ് 17.96 ശതമാനം വാര്ഷികവളര്ച്ചയോടെ 2,39,712 കോടി രൂപയിലെത്തി. നിക്ഷേപങ്ങള് 1,28,123 കോടി രൂപയായും വായ്പകള് 1,11,589 കോടി രൂപയായും വര്ധിച്ചു.
ആദ്യപകുതിയില് അറ്റാദായം 40.91 ശതമാനം വര്ധിച്ച് 1,543 കോടി രൂപയായി. അറ്റപലിശ മാര്ജിന് 4.34 ശതമാനമായി ഉയര്ന്നപ്പോള് കമ്മിഷന്, ഫീസ് വരുമാനം എന്നിവ 11 ശതമാനം വര്ധിച്ച് 561 കോടിയിലെത്തി.
വരുമാനവും ചെലവും തമ്മിലുള്ള അനുപാതം 40.53 ശതമാനമായി കുറഞ്ഞു. മൂലധന പര്യാപ്തതാ അനുപാതം 17.97 ശതമാനമായി ഉയര്ന്നു.
വളര്ച്ച, ലാഭക്ഷമത, ആസ്തിയുടെ ഗുണനിലവാരം എന്നിവയില് മികച്ച പ്രകടനം നിലനിര്ത്താന് ബാങ്കിന് കഴിഞ്ഞതായി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ബി. രമേശ് ബാബു പറഞ്ഞു.
Tags : Business Entrepreneur Startup Market Money Commodity Karur Vysya Bank net profit