കറുത്തപൊന്ന്
ദീപാവലി ഡിമാന്ഡിന്റെ ശക്തമായ പിന്തുണയില് കുരുമുളകിന് കൂടുതല് കരുത്ത്! അന്തര്സംസ്ഥാന വ്യാപാരികള് കുരുമുളകിനായി പരക്കംപാഞ്ഞങ്കിലും ഇടുക്കി, വയനാട് മേഖലകളില്നിന്ന് ആവശ്യകതയ്ക്കനുസരിച്ച് സംഭരിക്കാന് അവര്ക്കായില്ല. ഉത്തരേന്ത്യയിലെ കറിമസാല വ്യവസായികള് കൊച്ചി വിലയേക്കാള് ഉയര്ന്ന നിരക്ക് വാഗ്ദാനം ചെയ്തും ഉത്പാദന മേഖലകളില് ഇറങ്ങി. ചരക്ക് ക്ഷാമം എത്രമാത്രം രൂക്ഷമാണെന്നതിന്റെ വ്യക്തമായ സൂചനയാണിത്.
ഒരു വിഭാഗം വന്കിട സ്റ്റോക്കിസ്റ്റുകള് കുരുമുളകിന്റെ സര്വകാല റിക്കാര്ഡ് വിലയെ കാത്തിരിക്കുകയാണ്. ഇതിനിടയില് മെച്ചപ്പെട്ട വില കണ്ട് ഇടനിലക്കാര് സ്റ്റോക്ക് കുറയ്ക്കാന് താത്പര്യം കാണിച്ചു. കൊച്ചിയില് അണ്ഗാര്ബിള്ഡ് കുരുമുളക് ക്വിന്റലിന് 70,400 രൂപയില്നിന്ന് 71,400 രൂപയായി ഉയര്ന്നു.
രാജ്യാന്തര വിപണിയില് ഇന്ത്യന് കുരുമുളകിന്റെ വില ടണ്ണിന് 7,825 ഡോളറാണ്. വിയറ്റ്നാം 6100 ഡോളറും ഇന്തോനേഷ്യ 6500 ഡോളറും ബ്രസീല് 5900 ഡോളറും മലേഷ്യ 9,200 ഡോളറും ശ്രീലങ്ക 6650 ഡോളറും രേഖപ്പെടുത്തി. നടപ്പുവര്ഷം വിയറ്റ്നാമിന്റെ കുരുമുളക് കയറ്റുമതി 2.25 ലക്ഷം ടണ്ണിലേക്ക് ഉയര്ന്നതോടെ ഉത്പാദന മേഖലകളില് ചരക്കിന് കടുത്ത ക്ഷാമം നിലനില്ക്കുന്നു. കംബോഡിയന് മുളക് ശേഖരിച്ച് മറിച്ചുവില്ക്കുകയാണ് വിയറ്റ്നാമിലെ ഒട്ടുമിക്ക കയറ്റുമതി സ്ഥാപനങ്ങളും.
മുന്നിര കയറ്റുമതി രാജ്യങ്ങള് വിലയില് കാര്യമായ മാറ്റം വരുത്തിയില്ലെങ്കിലും വിയറ്റ്നാമിലെ ആഭ്യന്തര വിലവര്ധന വിപണിയിലെ ആവശ്യകതയ്ക്കനുസരിച്ച് ചരക്ക് സംഭരിക്കാന് കയറ്റുമതിക്കാര് ക്ലേശിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ്. നിലവില് കയറ്റുമതി വില സ്ഥിരമായി നിലനിര്ത്തുകയാണെങ്കിലും വന്കിട കരാറുകള്ക്ക് അവര് തയാറല്ല. ലഭ്യമായ മുളക് പരമാവധി ശേഖരിച്ചശേഷം രാജ്യാന്തര വില ഉയര്ത്തി വിപണി പിടിക്കാനുള്ള നീക്കമായും വിയറ്റ്നാമിലെ ഈ ചലനങ്ങളെ വിലയിരുത്താം.
ഏലം
ചിങ്ങത്തിലെ മഴക്കുറവ് ഏലത്തോട്ടങ്ങളില് കായ്പിടിത്തത്തെയും ശരങ്ങളുടെ വളര്ച്ചയെയും പ്രതികൂലമായി ബാധിച്ചെങ്കിലും കന്നിയില് കാലാവസ്ഥയിലുണ്ടായ മാറ്റം മെച്ചപ്പെട്ട വിളവിന് അവസരം സൃഷ്ടിച്ചു. തുലാമഴ കൂടി സജീവമായാല് ജനുവരി വരെയുള്ള ഏലം ഉത്പാദനം ഉയര്ന്ന നിലയില് തുടരാം. ആഭ്യന്തര, വിദേശ ഡിമാന്ഡ് ശക്തമായത് ഉത്പാദകര്ക്ക് നേട്ടമാകും.
ഇതിനിടെ മഴമേഘങ്ങളുടെ സാന്നിധ്യം മുന്നിര്ത്തി കര്ഷകര് കൂടുതല് ചരക്ക് വില്പനയ്ക്ക് ഇറക്കുന്നു. വാരമധ്യത്തില് ഒറ്റദിവസം നടന്ന രണ്ട് ലേലങ്ങളിലായി മൊത്തം 2.75 ലക്ഷം കിലോഗ്രാം ഏലം വില്പനയ്ക്കെത്തി. ഈ വര്ഷം ഇത്രയും ശക്തമായ വരവ് ആദ്യമാണ്. ശരാശരി ഇനം ഏലക്കയുടെ വില കിലോഗ്രാമിന് 3,200 രൂപയാണ്.
അന്താരാഷ്ട്ര വിപണിയില് ഗ്വാട്ടിമാലയും സജീവമാണ്. ജനുവരി മുതല് ഓഗസ്റ്റ് വരെ ഏകദേശം 17,000 ടണ് ഏലം കയറ്റുമതി നടത്തി. രാജ്യാന്തര വിപണിയില് ഗ്വാട്ടിമാലയും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
കാപ്പി
ദക്ഷിണേന്ത്യന് കാപ്പി കര്ഷകര് ആശങ്കയിലാണ്. എല് നിനോ പ്രതിഭാസം മൂലം കാപ്പി ഉത്പാദനം കുറയുമെന്നാണ് തോട്ടം മേഖലയില്നിന്നുള്ള വിവരം. കര്ണാടകത്തിലെ കൂര്ഗ്, ഹാസന്, ചിക്കമംഗളൂരു മേഖലകളില് നിലനിന്ന ഉയര്ന്ന പകല് താപനിലയും ക്രമരഹിതമായ മഴയും കാപ്പിച്ചെടികള് പൂക്കുന്നതിനെ ബാധിച്ചിരുന്നു. ഇതിനിടെ കനത്ത മഴയും വിളയെ ബാധിച്ചു. നടപ്പുസീസണില് ഉത്പാദനം 20 ശതമാനം കുറയുമെന്ന് കര്ണാടക പ്ലാന്റേഴ്സ് അസോസിയേഷന് വിലയിരുത്തുന്നു.
കേരളത്തിലെ കാപ്പിക്ക് എന്ത് സംഭവിച്ചാലും എന്താണ്? സംസ്ഥാന കൃഷിവകുപ്പിന്റെ ചിറ്റമ്മനയം മൂലം ഉത്പാദനത്തെക്കുറിച്ച് ഒരു പഠനത്തിനോ വിലയിരുത്തലിനോ സര്ക്കാര് തയാറായില്ല. പ്രതികൂല കാലാവസ്ഥ വയനാട്ടിലെ കാപ്പിത്തോട്ടങ്ങളില് വന് നാശനഷ്ടം വരുത്തിയിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി മേഖലയിലെ തോട്ടങ്ങളും വരള്ച്ചയുടെ പിടയിലാണ്. വയനാട്ടില് കാലവര്ഷക്കാലത്ത് സാധാരണ ലഭിക്കേണ്ട മഴയേക്കാള് 53 ശതമാനം കുറവാണ് ലഭിച്ചത്. ഈ കുറവ് മാത്രം കണക്കിലെടുത്താല് അടുത്ത വര്ഷവും വരള്ച്ച കാപ്പിത്തോട്ടങ്ങളെ എത്രമാത്രം ബാധിക്കുമെന്നത് മനസിലാക്കാം.
വയനാട്ടില് കാപ്പിപ്പരിപ്പ് ക്വിന്റലിന് 37,500 രൂപയിലും ഉണ്ടക്കാപ്പി 54 കിലോഗ്രാമിന് 11,500 രൂപയിലുമാണ്. കട്ടപ്പനയില് റോബസ്റ്റ കാപ്പി കിലോഗ്രാമിന് 210 രൂപയിലും പരിപ്പ് 390 രൂപയിലുമാണ്.
റബര്
ജപ്പാനിലെ ഒസാക്ക എക്സ്ചേഞ്ചില് റബറില് നിക്ഷേപകര് ലാഭമെടുപ്പിന് ഉത്സാഹിച്ചു. കിലോഗ്രാമിന് 462 യെന്നില് വ്യാപാരം തുടങ്ങിയ റബര് 470 യെന്നിലേക്ക് നീങ്ങുന്നതിനിടെയാണ് ഫണ്ടുകള് സംഘടിതമായി ലാഭമെടുപ്പിന് മത്സരിച്ചത്. ഇത്തരമൊരു നീക്കമുണ്ടാകുമെന്ന് മുന്വാരം സൂചിപ്പിച്ചത് ശരിവയ്ക്കുന്നതായിരുന്നു തുടര്ന്നുണ്ടായ വിലയിടിവ്. ഉയര്ന്ന നിരക്കില്നിന്ന് വില 445 യെന് വരെ താഴ്ന്നു.
കഴിഞ്ഞ ലക്കത്തില് സൂചിപ്പിച്ച 440 യെന്നിലെ സപ്പോര്ട്ടിലേക്ക് അടുക്കുംമുമ്പേ റബറിന് തിരിച്ചുകയറാനായി. താഴ്ന്ന നിലവാരങ്ങളില് ശക്തമായ വാങ്ങല് താത്പര്യം നിലനില്ക്കുന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്താം. വാരാന്ത്യത്തില് വില 452 യെന്നിലാണ്.
440 യെന്നിലെ സപ്പോര്ട്ട് നിലനിര്ത്താനായാല് 468-478 യെന്നിലേക്ക് ഉയരാന് ശ്രമിച്ചേക്കാം. ഈ നീക്കം വിജയിച്ചാല് 485 യെന്നിലേക്ക് വിപണി ഉറ്റുനോക്കാം. ബാങ്കോക്കില് റബര് വില കിലോഗ്രാമിന് 273 രൂപയിലേക്ക് ഇടിഞ്ഞു.
സംസ്ഥാനത്ത് റബര് ടാപ്പിംഗില് ഉണര്വുണ്ടായെങ്കിലും ലാറ്റക്സ് വില കിലോഗ്രാമിന് 189 രൂപയിലേക്ക് വ്യവസായികള് താഴ്ത്തി. കൊച്ചി, കോട്ടയം വിപണികളില് ഷീറ്റ് വരവ് കുറവാണ്. ഉത്തരേന്ത്യന് വ്യവസായികള് അഞ്ചാം ഗ്രേഡ് റബര് കിലോഗ്രാമിന് 282 രൂപയ്ക്കും ടയര് കമ്പനികള് നാലാം ഗ്രേഡ് കിലോഗ്രാമിന് 286 രൂപയ്ക്കും വാങ്ങി.
വെളിച്ചെണ്ണയും കൊപ്രയും
വിജയദശമി വേളയില് വെളിച്ചെണ്ണയ്ക്ക് കാര്യമായ ഡിമാന്ഡ് അനുഭവപ്പെട്ടില്ല. കാങ്കയത്തെ വന്കിട കൊപ്രയാട്ട് വ്യവസായികള് വില ഉയര്ത്തി കൊപ്ര സംഭരിച്ചെങ്കിലും വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാര് കുറഞ്ഞത് തിരിച്ചടിയായി.
തമിഴ്നാട്ടിലെ നീക്കം കണ്ട് കേരളത്തിലെ മില്ലുകാര് കൊപ്രവില 400 രൂപ വരെ ഉയര്ത്തി വിപണിയുടെ അടിയൊഴുക്ക് ശക്തമാക്കാന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വാരാന്ത്യത്തില് കൊപ്ര 15,900 രൂപയിലും വെളിച്ചെണ്ണ 25,400 രൂപയിലുമാണ്.
Tags : Business Entrepreneur Startup Market Money Black Gold a Powerhouse