കനേഡിയൻ സൈനിക താവളത്തിൽ വൻ തീപിടിത്തം
ഒട്ടാവ: കനേഡിയൻ സൈനിക താവളത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ഒട്ടേറെപ്പേർക്കു ജീവഹാനി നേരിടുകയും പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. അൽബർട്ട സംസ്ഥാനത്തെ ഫോഴ്സ് ബേസ് വെയിന്റൈറ്റ് താവളത്തിൽ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
അതേസമയം, ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കനേഡിയൻ പ്രതിരോധവകുപ്പ് തയാറായിട്ടില്ല. വലിയ തീപിടിത്തമുണ്ടായെന്നും ഒട്ടേറെപ്പേർക്കു ജീവഹാനി സംഭവിക്കുകയോ പരിക്കേൽക്കുകയോ ചെയ്തുവെന്നുമാണ് പ്രതിരോധമന്ത്രി ഡേവിഡ് മക്ഗ്വിന്റി അറിയിച്ചത്. തീപിടിത്തം ഉണ്ടാകാനുള്ള കാരണം അദ്ദേഹം വെളിപ്പെടുത്തിയില്ല.
കനേഡിയൻ സേനയുടെ പ്രധാന ആയുധപരിശീലന കേന്ദ്രമാണ് ഈ താവളം. പരിശീലനത്തിനിടെ ആയുധം മൂലം വാതക പൈപ്പ് പൊട്ടിയതാണ് കാരണമെന്ന് ചില കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുറഞ്ഞത് ഏഴു പേർ മരിച്ചതായും പറയുന്നു.
സൈനികതാവളത്തിലെ തീപിടിത്തം സമീപ മേഖലയിലേക്കു പടരാൻ തുടങ്ങിയെങ്കിലും നിയന്ത്രണവിധേയമാക്കി എന്നാണ് അറിയിപ്പ്. പ്രദേശത്ത് നൂറു കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കുന്നുണ്ട്. അഗ്നിരക്ഷാസേനയും സൈന്യവും തീ അണയ്ക്കാൻ രംഗത്തിറങ്ങി.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Major fire at Canadian military