ഓഹരി വിപണി
ദീപാവലിക്ക് മുന്നോടിയായി ഓഹരി സൂചികയിലെ വെടിക്കെട്ട് ഇന്ത്യന് നിക്ഷേപകര് ആഘോഷമാക്കി. ഏഷ്യന് വിപണികളില് പലതും വില്പന സമ്മര്ദത്തില് ആടിയുലഞ്ഞു. ഇതിനിടയില് സെന്സെക്സും നിഫ്റ്റിയും വാരാന്ത്യത്തില് ശക്തമായ കുതിച്ചുചാട്ടമാണ് കാഴ്ചവച്ചത്. വിപണി വന് തകര്ച്ചയില് അകപ്പെട്ട സെപ്റ്റംബര് അവസാനം തന്നെ ഹ്രസ്വകാല ബുള് റാലിയുടെ സൂചനകള് മുന്കൂട്ടി കണ്ടുള്ള വാങ്ങലിനെക്കുറിച്ച് രണ്ടാഴ്ച മുമ്പ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വാരം സെന്സെക്സ് 2256 പോയിന്റും നിഫ്റ്റി 625 പോയിന്റും ഉയര്ന്നു. ഏപ്രിലിന് ശേഷമുള്ള ഏറ്റവും ശക്തമായ റാലിയാണിത്. അതായത്, സൂചികകള് രണ്ട് മുതല് മൂന്ന് ശതമാനം വരെ മുന്നേറി. ദീപാവലി വേളയില് ഏതൊരു ഇന്ത്യന് നിക്ഷേപകന്റെയും സ്വപ്നമായ മുന്നേറ്റമാണ് വാരാന്ത്യത്തില് യാഥാര്ഥ്യമായത്.
ഇനി മുന്നോട്ടുനോക്കാം.
കടമ്പകള് പലതുണ്ട്. അവ മറികടക്കാനാകുമോയെന്നാണ് അറിയേണ്ടത്. കോര്പറേറ്റ് മേഖലയില്നിന്നുള്ള രണ്ടാം പാദ പ്രവര്ത്തനഫലങ്ങളെക്കുറിച്ചുള്ള പ്രതീക്ഷയിലാണ് നിക്ഷേപകര്. ഇതിനിടെ, ആര്ബിഐ കഴിഞ്ഞ വാരം നടത്തിയ നിര്ണായക നീക്കം രൂപയുടെ ശ്രദ്ധേയമായ തിരിച്ചുവരവിന് അവസരമൊരുക്കി. എണ്ണക്കമ്പനികള്ക്ക് ആവശ്യമായ വിദേശനാണ്യം ലഭ്യമാക്കാന് പ്രത്യേക സംവിധാനം ഒരുക്കിയത് രൂപയ്ക്ക് തിളക്കം പകര്ന്നു.
അതേസമയം, ക്രൂഡ് ഓയില് വിലയിലെ ചാഞ്ചാട്ടം സാമ്പത്തിക വളര്ച്ചയ്ക്ക് വെല്ലുവിളിലാണ്. റഷ്യന് എണ്ണ ഇന്ത്യ വാങ്ങുന്നതിന് തടസമില്ലെന്ന യുഎസ് പ്രസ്താവന ഓഹരി വിപണിക്ക് അനുകൂലമാണ്. സൂചികകള്ക്ക് കുതിച്ചുകയറാന് ഇത് അവസരമൊരുക്കാം. എന്നാല്, വാക്കുകളില് സ്ഥിരതയില്ലാത്ത ഒരാളുടെ പ്രസ്താവനയായി വേണം യുഎസ് പ്രസിഡന്റിന്റെ വെളിപ്പെടുത്തലിനെ കാണാന്. അതുകൊണ്ടുതന്നെ റഷ്യന് എണ്ണയുടെ കാര്യത്തില് അമിതപ്രതീക്ഷ വേണ്ട.
നിഫ്റ്റി
നിഫ്റ്റി സൂചിക മുന്ലക്കത്തില് സൂചിപ്പിച്ച രണ്ട് പ്രതിരോധങ്ങളും മറികടന്നത് ശുഭസൂചനയാണ്. നിഫ്റ്റി 22,520 പോയിന്റില്നിന്ന് വാരമധ്യത്തില് 22,288ലേക്ക് ഇടിഞ്ഞ അവസരത്തിലാണ് പുള്ബാക്ക് റാലിക്കുള്ള അണിയറയൊരുക്കങ്ങള് നടന്നത്. ഇതോടെ, കഴിഞ്ഞ വാരം സൂചിപ്പിച്ച നിഫ്റ്റിയുടെ 20 ദിവസത്തെ ശരാശരിയായ 22,972 മറികടന്നത് ഹ്രസ്വകാല ഉണര്വിന് വിശ്വാസ്യത പകരുന്നു. വാരാന്ത്യത്തില് സൂചിക 23,146 പോയിന്റിലാണ്.
വിപണിക്ക് മുന്നില് നിര്ണായകമായ രണ്ട് പ്രതിരോധങ്ങളുണ്ട്. 50 ദിവസത്തെ മൂവിംഗ് ആവറേജായ 23,611 പോയിന്റും 100 ദിവസത്തെ മൂവിംഗ് ആവറേജായ 23,768 പോയിന്റും. ഈ നിലവാരങ്ങള്ക്കു മുകളില് ഇടംപിടിച്ചാല് മാത്രമേ ശക്തമായ ബുള് റാലിക്ക് വിപണി തയാറാകൂ. അതായത്, 622 പോയിന്റ് കൂടി കൈപ്പിടിയിലൊതുക്കണമെന്നര്ഥം.
ഈ വാരം 23,434 പോയിന്റിലെ ആദ്യ പ്രതിരോധം മറികടക്കാനായാല് നിഫ്റ്റിക്ക് 23,722ലേക്ക് മുന്നേറാം. 22,573-22,000 പോയിന്റുകളിലാണ് പിന്തുണ.
നിഫ്റ്റി ഒക്ടോബര് ഫ്യൂച്ചേഴ്സ് 2.2 ശതമാനം ഉയര്ന്ന് 22,625ല്നിന്ന് 23,119 നിലവാരത്തിലെത്തി. എന്നാല്, ഓപ്പണ് ഇന്ററസ്റ്റ് 11 ശതമാനം കുറഞ്ഞ് 189.43 ലക്ഷം കരാറുകളില്നിന്ന് 170 ലക്ഷമായി. വില ഉയര്ന്നതിനിടെ ഓപ്പണ് ഇന്ററസ്റ്റ് കുറഞ്ഞത് ഷോര്ട്ട് കവറിംഗിന്റെ സൂചനയാണ്. നിലവില് ഒക്ടോബര് ഫ്യൂച്ചേഴ്സിന് 23,600ലേക്ക് മുന്നേറാന് ശ്രമിക്കാം. എന്നാല്, 23,000ലെ പിന്തുണ നിലനിര്ത്താനായില്ലെങ്കില് 22,850ലേക്ക് തിരിയാം.
സെന്സെക്സ്
മുംബൈ സെന്സെക്സ് 72,472 പോയിന്റില്നിന്ന് തളര്ച്ചയോടെയാണ് വ്യാപാരത്തിന് തുടക്കമിട്ടത്. ശക്തമായ വില്പന സമ്മര്ദത്തില് 71,676ലേക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യത്തില് കാഴ്ചവച്ച ബുള് റാലിയില് സൂചിക 74,778ലേക്ക് തിരിച്ചുകയറി. തുടര്ന്ന് 74,729 പോയിന്റില് ക്ലോസിംഗ് നടന്നു. ഈ വാരം സെന്സെക്സിന് 75,779 -76,829ല് പ്രതിരോധമുണ്ട്. വീണ്ടും തിരുത്തലിന് നീക്കമുണ്ടായാല് 72,677-70,625 മേഖലയില് സപ്പോര്ട്ട് പ്രതീക്ഷിക്കാം.
രൂപ
ഡോളറിനെതിരേ രൂപ റിക്കാര്ഡ് താഴ്ചയില്നിന്ന് ശക്തിയാര്ജിച്ചത് സാമ്പത്തിക മേഖലയ്ക്ക് ആശ്വാസം പകര്ന്നു. ഡോളറിനെതിരേ 96.78ല്നിന്ന് 94.70ലേക്ക് മെച്ചപ്പെട്ട വിനിമയനിരക്ക് പിന്നീട് 94.95ലെത്തി.
ആഭ്യന്തര ഫണ്ടുകള് കഴിഞ്ഞ വാരം 16,217 കോടി രൂപയുടെ നിക്ഷേപം നടത്തി. തൊട്ടുമുന്വാരം അവരുടെ നിക്ഷേപം 30,000 കോടി രൂപയ്ക്ക് മുകളിലായിരുന്നു. നീണ്ട ഇടവേളയ്ക്കുശേഷം വെള്ളിയാഴ്ച അവര് ലാഭമെടുപ്പിന് രംഗത്തിറങ്ങി. മാസങ്ങളായി തുടരുന്ന ആഭ്യന്തര ഫണ്ടുകളുടെ വാങ്ങല്ശൈലിയില് മാറ്റമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കഴിഞ്ഞ വാരം സൂചിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച 3661.28 കോടി രൂപയുടെ ഓഹരികള് അവര് വിറ്റു. വിദേശ ഫണ്ടുകള് 10,156.35 കോടി രൂപയുടെ ഓഹരികള് വിറ്റു. 1665.9 കോടി രൂപയുടെ ഓഹരികള് വാങ്ങുകയും ചെയ്തു.
ക്രൂഡ് ഓയില്
ആഗോള ക്രൂഡ് ഓയില് വില ഉയര്ന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 104.94 ഡോളറിലാണ്. റഷ്യന് എണ്ണ ഇറക്കുമതി വിഷയത്തില് വാഷിംഗ്ടണ് ഇളവ് പ്രഖ്യാപിച്ചു. എന്നാല്, ഏത് അവസരത്തിലും തീരുവകള് പുനഃസ്ഥാപിക്കാനുള്ള സാധ്യതയുമുണ്ട്. ഇന്ത്യയെയും ചൈനയെയും സംബന്ധിച്ച് ഭാവിയില് യുഎസ് സ്വീകരിക്കാനിടയുള്ള നടപടികളെക്കുറിച്ച് അനിശ്ചിതത്വം നിലനില്ക്കും.
ഉഭയകക്ഷി വ്യാപാര ചര്ച്ചകള് പുരോഗമിക്കുന്നതിനാല് ഇളവുകള് നേടിയെടുക്കാന് അവര് വീണ്ടും തീരുവ ഭീഷണി ഉയര്ത്താം. ഇതിനിടെ, റഷ്യന് ക്രൂഡ് ഓയില് ഇറക്കുമതിയുടെ പങ്ക് ജൂലൈയിലെ 51 ശതമാനത്തില്നിന്ന് ഓഗസ്റ്റില് 44 ശതമാനമായി കുറഞ്ഞു. ഒരു പരിധിവരെ അമേരിക്കന് സമ്മര്ദമാണ് എണ്ണക്കമ്പനികളെ മറ്റ് രാജ്യങ്ങളിലേക്ക് തിരിയാന് പ്രേരിപ്പിച്ചത്.
സ്വര്ണം
അന്താരാഷ്ട്ര സ്വര്ണവിലയില് തളര്ച്ച. ന്യൂയോര്ക്കില് സ്വര്ണവില ട്രോയ് ഔണ്സിന് 4194 ഡോളറില്നിന്ന് 4074 ഡോളറിലേക്ക് ഇടിഞ്ഞശേഷം വാരാന്ത്യത്തില് 4165 ഡോളറിലാണ്.
Tags : Business Entrepreneur Startup Market Money Commodity Diwali fireworks stock market