ബേബിച്ചായൻ
ചെമ്പേരി (കണ്ണൂർ): പതിനഞ്ച് വർഷങ്ങൾക്കു മുമ്പ് നമ്മെ വിട്ടുപോയ പ്രശസ്ത നോവലിസ്റ്റ് ജോർജ് വർഗീസ് കാക്കനാടന് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്ത ‘ഒറോത’ എന്ന നോവലിലൂടെ ലോകമറിയുന്നത് കണ്ണൂരിന്റെ കിഴക്കൻ മലയോരത്തെ കുടിയേറ്റ ഗ്രാമമായ ചെമ്പേരിയുടെ ചരിത്രംകൂടിയാണ്.
ചെമ്പേരിപ്പുഴയുടെ തീരത്തുനിന്നാണ് കാക്കനാടന് ഒറോതയെ കിട്ടുന്നത്. ഒരു വെള്ളപ്പൊക്കത്തിൽ പുഴയിലൂടെ ഒഴുകിയെത്തിയ പെൺകുഞ്ഞിന് ഒറോത എന്ന പേര് നൽകി പുഴയുടെ തീരങ്ങളിലും ചെമ്പേരിയിലെ അമ്പഴത്തുംചാൽ മലമുകളിലും കൊണ്ടുനടന്നാണ് അദ്ദേഹം വളർത്തിയെടുത്തത്.
മൂന്ന് പതിറ്റാണ്ടിലേറെക്കാലം ചെമ്പേരിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കാക്കനാടൻ അദ്ദേഹത്തെ അടുത്തു പരിചയപ്പെട്ട നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ട ബേബിച്ചായനായിരുന്നു. ചെമ്പേരിയിലെ കുടിയേറ്റകാലം പ്രമേയമാക്കി കാക്കനാടൻ എഴുതിയ നോവലിലെ പ്രധാന കഥാപാത്രമായ ഒറോതയിലൂടെ ചെമ്പേരിക്കാരുടെ മനസിൽ ബേബിച്ചായൻ ഇന്നും ജീവിക്കുന്നു. ഒരു നിയോഗം പോലെയാണ് കാക്കനാടൻ ചെമ്പേരിയിലെത്തുന്നത്.
അനുജനായ തമ്പി കാക്കനാടനായിരുന്നു ആദ്യം ഇവിടെയെത്തിയത്. വർഷങ്ങൾക്കുമുമ്പ് മലബാറിലേക്ക് കുടിയേറ്റം നടത്തിയിരുന്ന അമ്മാവനായ മണ്ഡപത്തിക്കുന്നേൽ ചെറിയാൻ എന്നയാളെ അന്വേഷിച്ചായിരുന്നു തമ്പിച്ചായന്റെ വരവ്. പിന്നീട് അമ്മാവന്റെ ബന്ധുവായ വത്സമ്മയെ വിവാഹം ചെയ്ത തമ്പി കാക്കനാടൻ ചെമ്പേരിയുടെ മരുമകനുമായി. അനുജൻ തമ്പിയുടെ കല്യാണച്ചടങ്ങിൽ പങ്കെടുക്കാനായിരുന്നു സാക്ഷാൽ കാക്കനാടൻ ആദ്യമായി ചെമ്പേരിയുടെ മണ്ണിൽ കാലുകുത്തിയത്. അദ്ദേഹം പിന്നീട് പലപ്പോഴും ചെമ്പേരിയിൽ വന്ന് ദിവസങ്ങളോളം തങ്ങാറുണ്ടായിരുന്നു.
ചെമ്പേരിയിലെ ആദ്യകാല ഫോട്ടോഗ്രാഫറും സ്റ്റുഡിയോ ഉടമയുമായിരുന്ന തോട്ടുവയിൽ ചാണ്ടിച്ചനും ആർട്ടിസ്റ്റ് ബീയെസും കാക്കനാടന്റെ ഉറ്റ സുഹൃത്തുക്കളായിരുന്നു. ഇരുവരുമൊന്നിച്ച് ചെമ്പേരി പുഴയുടെ തീരത്ത് സായാഹ്നസൗന്ദര്യം ആസ്വദിച്ചിരിക്കുമ്പോൾ കുടിയേറ്റത്തിന്റെ കഷ്ടതകൾ വിവരിക്കുന്ന ‘ഒറോത’ യുടെ രചനയെക്കുറിച്ച് ആദ്യമായി ബേബിച്ചായൻ പറയുകയുണ്ടായി. പിന്നീട് നോവലിന്റെ ഭൂരിഭാഗവും അമ്പഴത്തുംചാലിലെ വീട്ടിലിരുന്നാണ് എഴുതിയത്.
Tags : Deepika DeepikaNewspaper BreakingNews Chemberi Orotha’ Remembers