കണ്ണൂർ: വികസന പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നത് അതിന്റേതായ നിയമങ്ങൾ പാലിച്ചാണെന്നും ഇന്നത്തേയും നാളത്തെയും മാത്രം വികസനമല്ല ദീർഘഭാവി കൂടി മുന്നിൽക്കണ്ടാണ് ഭൂമി ഏറ്റെടുക്കുന്നതെന്നും കിഫ്ബി വിവാദത്തെ പരാമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭാവിയിലെ കാര്യങ്ങൾ കൂടി മുൻകൂട്ടി കണ്ടാണ് ഭരണാധികാരികൾ പ്രവർത്തിക്കേണ്ടത്. കണ്ണൂരിൽ മാത്രമാണ് നിലവിൽ കേരളത്തിൽ കൂടുതൽ ഭൂമി ലഭ്യതയുള്ളത്. അതുകൊണ്ടാണ് ഇവിടെനിന്ന് കൂടുതൽ ഭൂമി ഏറ്റെടുത്തത്. സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമാക്കിയാണ് പദ്ധതികൾ ആവിഷ്കരിക്കുന്നത്.
ഇക്കാര്യം എല്ലാവർക്കും അറിയാം. എന്നാലിപ്പോൾ കണ്ണൂർ എന്നു കേൾക്കുമ്പോൾ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ എന്തിനാണ് ഇത്രയേറെ വിഷമിക്കുന്നത്. കണ്ണൂർ കേരളത്തിലല്ലേ എന്നും പിണറായി ചോദിച്ചു. എൽഡിഎഫ് ഭരിക്കുമ്പോൾ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ജില്ലകളിൽ പോലും അസാധ്യമെന്ന തോന്നിയിരുന്ന വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്ന കാര്യം ഇവരെല്ലാം ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയോഗം സിപിഎം ഓഫിസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പിണറായി വിജയൻ. തുറമുഖമടക്കമുള്ള ജില്ല എന്നതിനാൽ കണ്ണൂരിൽ ഏറെ വികസന സാധ്യതയുണ്ട്. ഇക്കാര്യം മുന്നിൽക്കണ്ടാണ് ഭൂമി ഏറ്റെടുത്തത്. നേരത്തെ മെട്രോ റെയിൽ, വാട്ടർ മെട്രോ, ഇൻഫോ പാർക്ക് എന്നിവയ്ക്കായി കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെ സ്ഥലം ഏറ്റെടുത്തപ്പോഴൊന്നും ഉയരാത്ത ചോദ്യങ്ങളാണ് ഇപ്പോൾ ചിലർ ഉയർത്തുന്നത്. വിമർശനം ഉയർത്തുന്നവർക്കു കാര്യങ്ങൾ അറിയാഞ്ഞിട്ടല്ല.
മനഃപൂർവം വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇക്കാര്യത്തിൽ നിഷ്പക്ഷ മാധ്യമങ്ങൾ എന്നവകാശപ്പെടുന്നവരും മൗനം പാലിക്കുകയാണ്. ഇതിനു പിന്നിൽ പ്രത്യേക അജൻഡയുണ്ടെന്നും പിണറായി ആരോപിച്ചു. എസ്ഐആറിലൂടെ ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിച്ച മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനെതിരെയുള്ള പ്രക്ഷോഭം ശക്തമാണ്. ഗ്യാനേഷ്കുമാറിനെതിരെ ബിജെപിയും സംഘപരിവാർ ബന്ധമുള്ള സംഘടനകളും ഒഴികെ മറ്റുള്ളവരെല്ലാം സമരത്തിലാണ്. തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിനെ എഴുതിത്തള്ളാമെന്ന് പറഞ്ഞവരെ അമ്പരിപ്പിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
Tags : worried mention Kannur Pinarayi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash