മെഹർദാദ് അഖ്ലാഗി
ടെഹ്റാൻ: മുൻഗാമി കൊല്ലപ്പെട്ട് എട്ടു മാസങ്ങൾക്കുശേഷം ഇറാന് പുതിയ പ്രതിരോധ മന്ത്രി. പതിറ്റാണ്ടുകളായി ഇറേനിയൻ പ്രതിരോധ മേഖലയിൽ പ്രവർത്തിച്ചു പരിചയമുള്ള മെഹർദാദ് അഖ്ലാഗിയെ പുതിയ പ്രതിരോധമന്ത്രിയായി നിയമിക്കാനുള്ള ശിപാർശ ഇറേനിയൻ പാർലമെന്റ് ഇന്നലെ അംഗീകരിച്ചു.
അമേരിക്കയും ഇസ്രയേലും ഇറാനെതിരേ യുദ്ധമാരംഭിച്ച ഫെബ്രവരി 28നാണ് മുൻ പ്രതിരോധമന്ത്രി അസീസ് നസീർസാദേ കൊല്ലപ്പെട്ടത്. ഇറേനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യും സൈനികമേധാവിമാരും ഒപ്പം കൊല്ലപ്പെട്ടിരുന്നു.
മെഹർദാദ് അഖ്ലാഗിക്ക് സൈന്യത്തിൽ പ്രവർത്തിച്ചു പരിചയമില്ല. പക്ഷേ, 42 വർഷമായി ഇറേനിയൻ പ്രതിരോധ മന്ത്രാലയത്തിൽ പ്രവർത്തിക്കുന്നു. 2013 മുതൽ സർക്കാരിന്റെ ആയുധ നിർമാണ കന്പനിയായ ഇറേനിയൻ ഡിഫൻസ് ഇൻഡസ്ട്രീസ് ഓർഗനൈസേഷൻ മേധാവിയാണ്.
അമേരിക്ക വീണ്ടും ഇറാനെ ആക്രമിക്കാൻ മുതിർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് മെഹർദാദ് അഖ്ലാഗി ഇന്നലെ ഭീഷണി മുക്കി. അമേരിക്കയെ മാത്രമല്ല പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികളെയും ഇറാൻ ലക്ഷ്യമിടുമെന്ന് അദ്ദേഹം പറഞ്ഞു.
Tags : Deepika DeepikaNewspaper BreakingNews new Defense Minister