പ്രതീകാത്മക ചിത്രം
കൊച്ചി: വൈപ്പിൻ ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവിന്റെ ബാഗ് മോഷ്ടിച്ച സംഭവത്തിൽ സഹോദരങ്ങളായ പ്രതികൾ അറസ്റ്റിൽ. പുതുവൈപ്പ് 22-ആം കോളനി, ആറ്റുവായ്പിത്തറ വീട്ടിൽ ചന്ദ്രന്റെ മക്കളായ അഖിൽ കുമാർ (27), അനിൽകുമാർ (29) എന്നിവരാണ് അറസ്റ്റിലായത്.
ഒക്ടോബർ 15-ന് ആണ് സംഭവം. ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവിന്റെ രണ്ടരപ്പവന്റെ സ്വർണമാല, ഒരു പവന്റെ വെഡ്ഡിംഗ് റിംഗ്, 80,000 രൂപ വിലയുള്ള മൊബൈൽ ഫോൺ എന്നിവ അടങ്ങിയ ബാഗ് പ്രതികൾ മോഷ്ടിച്ചു. പരാതിക്കാരൻ ബാഗ് കരയിൽ വച്ച് നീന്താൻ ഇറങ്ങിയ സമയം പ്രതികൾ ബാഗുമായി കടന്നു കളയുകയായിരുന്നു.
പരാതിയിൽ കേസെടുത്ത പൊലിസിന് ആകെ കിട്ടിയത് വ്യക്തതയില്ലാത്ത ഒരു സിസിടിവി ദൃശ്യം മാത്രമാണ്. ഒരാൾ പുറകിൽ ബാഗുമായി സൈക്കിളിൽ പോകുന്നതായിരുന്നു ദൃശ്യം. അറുപതിലധികം സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നാണ് പൊലിസ് പ്രതികളിലേക്ക് എത്തിയത്.
ഒന്നാം പ്രതി അഖിൽ കുമാർ അയൽവാസികളുടെ വീടുകളിൽ നിന്നും ആളൊഴിഞ്ഞ വീടുകളിൽ നിന്നും വയറിംഗ് സാധനങ്ങൾ മോഷ്ടിച്ച് കത്തിച്ച് ചെമ്പുകമ്പി വിൽക്കുന്നത് പതിവാക്കിയ ആളാണ്. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ഇയാളെ കണ്ടെത്തുക പ്രയാസമായിരുന്നു.
രാത്രികളിൽ ആളൊഴിഞ്ഞ വീടുകളിലും കാടുകളിലുമാണ് അഖിൽ കുമാർ കിടന്നുറങ്ങാറ്. ഞായറാഴ്ച പുലർച്ചെ ആളൊഴിഞ്ഞ കൊടുംകാട്ടിൽ നിന്നുാണ് ഇയാളെ പൊലിസ് കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ചേട്ടൻ അനിൽകുമാറിന്റെ പങ്കും പുറത്തുവന്നത്.
മോഷ്ടിച്ച ബാഗുമായി അഖിൽ ചേട്ടൻ അനിൽകുമാറിന്റെ അടുത്തേക്കാണ് പോയത്. ഇരുവരും ചേർന്ന് വിജനമായ പറമ്പിൽ വെച്ച് ബാഗ് തുറന്ന് സാധനങ്ങൾ വീതിച്ചു. സ്വർണമോതിരം പുതുവൈപ്പിലെ ജ്വല്ലറിയിൽ അഖിൽ കുമാറും, മാലയിലുണ്ടായിരുന്ന കുരിശ് ലോക്കറ്റ് ഞാറക്കലുള്ള ജ്വല്ലറിയിൽ അനിൽകുമാറും വിറ്റു.
മൊബൈൽ ഫോൺ പെന്റ മേനകയിലെ ഒരു ഷോപ്പിൽ നൽകി. ബാക്കി സ്വർണ്ണമാല ഇവർ താമസിച്ചിരുന്ന വീടിന്റെ സ്റ്റെയർകേസിന്റെ അടിയിൽ പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ടു. ബാഗ് ആളൊഴിഞ്ഞ കാട്ടിൽ ഉപേക്ഷിച്ചു. ഇവയെല്ലാം പൊലിസ് സംഘം പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ കണ്ടെത്തി.