National
കോയമ്പത്തൂർ: തന്ത്രപ്രധാനമായ നാവിക രഹസ്യങ്ങൾ പാക്കിസ്ഥാൻ ഏജന്റിനു ചോർത്തിനൽകിയ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മുപ്പത്തിയൊന്നുകാരനായ പ്രദീപ് മുഖർജിയാണ് അറസ്റ്റിലായത്.
കോയമ്പത്തൂരിലെ നാവിക പരിശീലനകേന്ദ്രമായ ഐഎൻഎസ് അഗ്രാനിയിൽവച്ചാണ് ഇയാളെ ആന്ധ്രാപ്രദേശ് പൊലിസിന്റെ കൗണ്ടർ ഇന്റലിജൻസ് (സിഐ) വിഭാഗം അറസ്റ്റ് ചെയ്തത്. ഹണിട്രാപ്പിൽപ്പെടുത്തി ഇയാളിലൂടെ വിവരങ്ങൾ ചോർത്തുകയായിരുന്നെന്നാണ് കരുതുന്നത്.
പാക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു വനിതാ ഏജന്റ് സമൂഹമാധ്യമത്തിലൂടെ പ്രദീപുമായി അടുത്തു. പിന്നീട് ഈ ബന്ധം മുതലെടുത്ത്, തന്ത്രപ്രധാനമായ നാവികസേനാ ആസ്തികൾ, കപ്പൽ വ്യൂഹങ്ങളുടെ നീക്കം, വിശാഖപട്ടണം നാവികത്താവളത്തിന്റെ പ്രവർത്തനരീതി എന്നിവ സംബന്ധിച്ച അതീവ രഹസ്യ വിവരങ്ങൾ ചോർത്തി.
Kerala
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ അറസ്റ്റിൽ. വെഞ്ഞാറമൂട് ജംഗ്ഷനിൽ ധനകാര്യ സ്ഥാപനം നടത്തിയിരുന്ന തൈക്കാട് സ്വദേശിയായ ബിജു(52) വിനെയാണ് വെഞ്ഞാറമൂട് പൊലിസ് അറസ്റ്റ് ചെയ്തത്.
അമ്പലംമുക്ക് സ്വദേശിയയ വീട്ടമ്മ നൽകിയ പരാതിയിലാണ് അറസ്റ്റ്. സ്ഥാപനത്തിൽ സ്വർണം പണയംവെച്ചതിൽ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. നേരത്തെയും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ബിജുവിനെതിരെ വെഞ്ഞാറമൂട് സ്റ്റേഷനിൽ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.
Kerala
തിരുവനന്തപുരം: കാപ്പാക്കേസ് പ്രതി എംഡിഎംഎയുമായി എക്സൈസ് സംഘത്തിന്റെ പിടിയിൽ. പുള്ളിക്കോണം ആറ്റരികത്തു വീട്ടിൽ ആർ. രാഹുൽ (32) ആണ് നെടുമങ്ങാട് എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്.
രാഹുലിൽ നിന്ന് രണ്ട് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പനക്കോട്, പുള്ളിക്കോണം മേഖലകളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. നെടുമങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നന്ദു തേജസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഗിരീഷ്, പ്രേമനാഥൻ, ബിജു, പ്രിവന്റീവ് ഓഫിസർ ഷജീം, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകേഷ്, കിരൺ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കൊല്ലം: ചവറയിൽ യുവാവിനെ കുത്തിക്കൊന്നു. ചവറ സ്വദേശി മുഹമ്മദ് ബിലാലാണ് മരിച്ചത്. സംഭവത്തിൽ പ്രതി ശിവരാജിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലിസ് പറയുന്നു. സംഭവത്തിൽ പൊലിസ് സ വിശദമായ അന്വേഷണം നടത്തിവരികയാണ്.
Kerala
കൊച്ചി: ഡോക്ടറുടെ അനുമതിയോടെ മാത്രം വാങ്ങാനും ഉപയോഗിക്കാനും കഴിയുന്ന 46 ഗുളികകളുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ. ബസിർഹട്ട് സ്വദേശി സസാക് കയാൽ (31) ആണ് പിടിയിലായത്.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ആണ് ഇയാളെ പിടികൂടിയത്. റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശം ഗുളികകൾ കണ്ടെത്തിയത്. പ്രത്യേക അനുമതി ആവശ്യമായ മരുന്നുകളാണ് പിടിച്ചെടുത്തതെന്നാണ് ആർപിഎഫ് അധികൃതർ വ്യക്തമാക്കിയത്. പിടിയിലായയാളെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
ആർപിഎഫ് തിരുവനന്തപുരം സീനിയർ ഡിവിഷനൽ സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എസ്ഐ പ്രെയ്സ് മാത്യു, ഹെഡ് കോൺസ്റ്റബിൾ ജി. വിപിൻ, കോൺസ്റ്റബിൾമാരായ എം.ആർ. മനോജ്, നിഖിൽ നാഥ് എന്നിവർ ചേർന്നാണ് സസാക് കയാലിനെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Kerala
കൊച്ചി: ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ വന്‍ രാസലഹരി വേട്ട. 38 ഗ്രാം എംഡിഎംഎയുമായി ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ആയ കോട്ടയം സ്വദേശി അരുണ്‍ നായര്‍ കാക്കനാട് വച്ച് പിടിയിലായി.
വില്പനയ്ക്കായി എത്തിച്ച ലഹരിയാണ് എക്സൈസ് പിടികൂടിയത്. 15 ലക്ഷത്തിലധികം രൂപയും ഇയാളില്‍ നിന്നും പിടികൂടി. ലഹരി വിറ്റു കിട്ടിയ പണമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക നിഗമനം.
National
തിരുച്ചിറപ്പള്ളി: ശ്രീരംഗം ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിന്റെ കോടികള്‍ വിലമതിക്കുന്ന ഭൂമി വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തിയ കേസില്‍ ഡിഎംകെ നേതാവ് അറസ്റ്റില്‍.
ഡിഎംകെ ശ്രീരംഗം ഏരിയ സെക്രട്ടറി എം. രാംകുമാറിനെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.
ക്ഷേത്ര ജോയിന്റ് കമ്മിഷണര്‍ എസ്. ശിവരാംകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാംകുമാര്‍ ഉള്‍പ്പടെ ആറു പേര്‍ക്കെതിരേ കേസെടുത്തത്.
ക്ഷേത്രത്തിനു കീഴിലുള്ള 50 കോടി രൂപ വിലമതിക്കുന്ന 7,515 ചതുരശ്ര അടി ഭൂമി 2022ല്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് തട്ടിയെടുക്കുകയായിരുന്നു.
International
സിംഗപ്പുർ: നിർമിതബുദ്ധിതിയിൽ തയാറാക്കിയ മുതലയുടെ ചിത്രം ഭയാശങ്കകൾക്കും വ്യാപകമായ തെരച്ചലിനും വഴിയൊരുക്കിയതോടെ മുപ്പതുകാരനെ സിംഗപ്പുർ പൊലിസ് അറസ്റ്റ് ചെയ്തു. ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് യെ ലിൻ എന്ന മ്യാൻമർ പൗരനുമേൽ ചുമത്തിയിരിക്കുന്നത്.
ഓഗസ്റ്റ് 20നായിരുന്നു കേസിനാസ്പദമായ സംഭവം. സിംഗപ്പുരിലെ പാൻഡൻ തടാകത്തിൽ പ്രത്യക്ഷപ്പെട്ടത് എന്നു പറഞ്ഞ് മുതലയുടെ ചിത്രം പ്രചരിപ്പിക്കുകയായിരുന്നു. ഗൂഗിളിന്റെ ജെമിനി എഐ ആപ്പിലാണ് മുതലയുടെ ചിത്രം തയാറാക്കിയത്.
ഇതേത്തുടർന്ന് മുതലയെ കണ്ടെത്തി പിടികൂടാനായി സിംഗപ്പുർ അധികൃതർ തടാകത്തിൽ വൻ തെരച്ചിൽ നടത്തി. തുഴച്ചിൽ വിനോദം പോലെയുള്ളവ വിലക്കുകയും ചെയ്തു. ചിത്രം വ്യാജമാണെന്നു കണ്ടെത്തിയപ്പോഴാണ് തെരച്ചിൽ അവസാനിപ്പിച്ചത്.
സിംഗപ്പുർ ദേശീയ ജല ഏജൻസിയുടെ പരാതിയിൽ പൊലിസെടുത്ത കേസിലാണ് യെ ലിൻ പിടിയിലായത്. വ്യാജചിത്രം പ്രചരിപ്പിച്ച കുറ്റത്തിനു മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കാമെന്ന് സിംഗപ്പുർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി തന്റെ ഫോണിലെ ഡേറ്റ ഡിലീറ്റ് ചെയ്തിരുന്നു. ഇതിന്റെ പേരിൽ നീതിനിർവഹണത്തിനു തടസമുണ്ടാക്കിയെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഇതിന് ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാം.
Kerala
മലപ്പുറം: പരപ്പനങ്ങാടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ. പ്രവാസി യുവതിയിൽനിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർ തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്. ശ്രീജിയാണ് അറസ്റ്റിലായത്.
വിജിലൻസാണ് ശ്രീജിയെ അറസ്റ്റ് ചെയ്തത്. പ്രവാസി യുവതി ആരംഭിച്ച പുതിയ ഹോട്ടലിനും ജ്യൂസ് കടയ്ക്കും ലൈസൻസ് അനുവദിക്കുന്നതിനാണ് ഹെൽത്ത് ഇൻസ്പെക്ടർ കൈക്കൂലി ആവശ്യപ്പെട്ടത്. യുവതി നേരത്തേ ലൈസൻസിനായി കെ-സ്മാർട്ട് വഴി അപേക്ഷ നൽകിയിട്ടും രേഖകൾ കൃത്യമല്ലെന്ന് പറഞ്ഞ് മടക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ലൈസൻസിനായി കൈക്കൂലി ആവശ്യപ്പെട്ടത്.
ഇതോടെ യുവതി വിജിലൻസിനെ വിവരമറിയിച്ചു. വിജിലൻസ് നിർദേശപ്രകാരം പരാതിക്കാരി കൈക്കൂലി നൽകാമെന്ന് പറഞ്ഞു. തുടർന്ന് പരപ്പനങ്ങാടിയിലെ താമസസ്ഥലത്തുവച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹെൽത്ത് ഇൻസ്പെക്ടർ പിടിയിലായത്.
Kerala
കല്‍പ്പറ്റ: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. മലപ്പുറം വേങ്ങാട് മൂര്‍ഖനാട് മമ്മാറന്‍ ജലീലിനെയാണ്(35)കഴിഞ്ഞ ദിവസം ഒലവക്കോടുനിന്ന് വയനാട് സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് അറസ്റ്റുചെയത്ത്.
വൈത്തിരി പൊലിസ് സ്റ്റേഷന് പരിധിയിലെ ഊരിലുള്ള പെണ്‍കുട്ടിയെ കുറച്ചുകാലം മുമ്പ് പ്രലോഭിപ്പിച്ച് പടിഞ്ഞാറത്തറയിലെ റിസോര്‍ട്ടിലും മൈസൂരുവിലെ ഹോട്ടലിലും എത്തിച്ചാണ് പീഡിപ്പിച്ചത്. ഇതുസംബന്ധിച്ച പരാതിയില്‍ പൊലിസ് കേസെടുത്തത് അറിഞ്ഞ പ്രതി ഒഡിഷയിലേക്ക് കടന്നു. പിന്നീട് കൊച്ചിയില്‍ എത്തിയ പ്രതി തിരികേ പോകുന്നതിനിടെയാണ് പിടിയിലായത്.
85 കിലോഗ്രാം കഞ്ചാവ് കേരളത്തിലേക്ക് കടത്തിയതിന് കര്‍ണാടകയില്‍ ജലീലിനെതിരേ കേസുണ്ട്. സംസ്ഥാനത്ത് മാത്രം അഞ്ച് ലഹരിക്കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഡിവൈഎസ്പി ഷജു ജോസഫ്, എസ്ഐ ആന്റണി, എഎസ്ഐമാരായ ബിജു വര്‍ഗീസ്, ബിന്ദു, ബൈജു എസ്സിപിഒമാരായ ഷാലു ഫ്രാന്‍സിസ്, ജിയോ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് പീഡനക്കേസ് അന്വേഷിച്ചത്.
Kerala
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആനാവൂർ കോൺഗ്രസ് ഓഫീസിന് തീവെച്ച സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ആനാവൂർ സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്.
നെയ്യാറ്റിൻകരയിൽ ചൊവ്വാഴ്ച മന്ത്രി ഒ.ജെ. ജനീഷിനെ കരിങ്കൊടി കാണിച്ചതിന് ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റിന്റെ കാര്‍ കോണ്‍ഗ്രസുകാര്‍ തടഞ്ഞിരുന്നു. കൈയാങ്കളിയുമുണ്ടായി. ഇതിന് പിന്നാലെയാണ് ആനാവൂരിൽ മണ്ഡലം കമ്മിറ്റി ഓഫീസ് കത്തിച്ചത്.
ആഭ്യന്തരമന്ത്രി അമിത്ഷായെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചതിന് പകരം ചോദിച്ചുള്ള യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം രാപകൽ വ്യത്യാസമില്ലാതെ തുടരുകയാണ്. കരിങ്കൊടി പ്രതിഷേധത്തെ ചൊല്ലി കോണ്‍ഗ്രസ് - ബിജെപി ഏറ്റുമുട്ടലിനിടെയാണ് നെയ്യാറ്റിന്‍കര ആനാവൂരിൽ കോണ്‍ഗ്രസ് മണ്ഡലം ഓഫീസ് കത്തിച്ചത്.
സംഭവത്തിൽ നേതൃത്വത്തിന്റെ ഒത്താശയോടെ ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് ആരോപിച്ചിരുന്നു. കരിങ്കൊടി പ്രതിഷേധം യുവമോര്‍ച്ച തുടരുമെന്നതിനാൽ മന്ത്രിമാരുടെ സുരക്ഷ പൊലീസ് കൂട്ടിയിരിക്കുകയാണ്.
Kerala
മലപ്പുറം: അയൽവാസിയായ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ച കേസിൽ പ്രതി ഏഴുവർഷത്തിനുശേഷം അറസ്റ്റിൽ. ചോക്കാട് ഉദരംപൊയിൽ കിടങ്ങയത്ത് ഷബീർ (32) ആണ് അറസ്റ്റിലായത്.
പാണ്ടിക്കാട് സിഐ സി.കെ. നാസറിന്റെ നേതൃത്വത്തിലുള്ള പൊലിസ് ആണ് ഷബീറിനെ പിടികൂടിയത്. 2019-ലാണ് കേസിനാസ്പദമായ സംഭവം.
സംഭവത്തെത്തുടർന്ന് കരുവാരക്കുണ്ട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഷബീർ വിദേശത്തേക്ക് കടന്നിരുന്നു. യുവതിയുടെ മുറിവിൽനിന്ന് രാസപരിശോധനയിൽ സൾഫ്യൂരിക് ആസിഡിന്റെ അംശം കണ്ടെത്തിയിരുന്നു.
നാട്ടിൽ തിരിച്ചെത്തിയ പ്രതി എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്നു. വീണ്ടും വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പൊലിസ് പിടികൂടിയത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്താനും തെളിവെടുപ്പ് നടത്താനും നടപടി സ്വീകരിക്കുമെന്ന് പൊലിസ് പറഞ്ഞു.
കരുവാരക്കുണ്ട് സ്റ്റേഷനിലെ എഎസ്ഐ ബിന്ദു, സീനിയർ സിവിൽ പൊലിസ് ഓഫിസർമാരായ ഡാനിയൽ, ഉജേഷ്, ധന്യേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്ത സംഘത്തിലുണ്ടായിരുന്നത്.
Kerala
കോതമംഗലം: കോതമംഗലത്ത് വീടിനുള്ളിൽ വീട്ടമ്മ കുത്തേറ്റ് മരിച്ചു. കുത്തുകുഴി മാരമംഗലം ഹാപ്പി നഗർ പുല്ലാന്തിക്കാടൻ കുഞ്ഞമ്മ (61) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് പി.വി. കുര്യാക്കോസി (66)നെ പൊലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. കുര്യാക്കോസ് കൊലപാതക ശേഷം വിദേശത്തുള്ള മകനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
താൻ ജീവനൊടുക്കുകയാണെന്ന സൂചനയും നൽകിയിരുന്നു. മകൻ അയൽവാസികളെ വിളിച്ച് അറിയിച്ചതോടെയാണു കൊലപാതകം പുറത്തറിഞ്ഞത്. പൊലിസ് എത്തി കുര്യാക്കോസിനെ കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി പിന്നീട് ചോദ്യം ചെയ്യും.
കുഞ്ഞമ്മയുടെ മൃതദേഹം മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം നാളെ രാവിലെ 11.30നു കോതമംഗലം മാർ തോമാ ചെറിയപള്ളിയിൽ.
നാഗഞ്ചേരി പാലിയക്കുടം കുടുംബാംഗമാണ്. മക്കൾ: ബേസിൽ (ഓസ്ട്രേലിയ), മെറിൻ (അയർലൻഡ്). മരുമക്കൾ: ദീപ്തി (ഓസ്ട്രേലിയ), ജീവൻ.
National
മുംബൈ: വിദേശത്ത് ഒളിവിൽ കഴിയുന്ന വിവാദ വ്യവസായി നീരവ് മോദിയുടെ സഹായി സന്ദീപ് മിസ്ത്രിയെ സിബിഐ അറസ്റ്റ് ചെയ്തു.
യുഎഇ ഇന്ത്യക്കു കൈമാറിയ പ്രതിയെ പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ തട്ടിപ്പുകേസിലാണ് സിബിഐ അറസ്റ്റ് ചെയ്തത്.
Kerala
തിരുവനന്തപുരം: ഈഞ്ചക്കലിൽ സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ. പനവൂർ സ്വദേശി അരവിന്ദ്.എസ്(29 ), മണമ്പൂർ സ്വദേശി ആകാശ്(30) എന്നിവരാണ് പിടിയിലായത്.
എക്സൈസാണ് ഇരുവരെയും പിടികൂടിയത്. ഇവരിൽ നിന്ന് 103.3 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായിട്ടുള്ള പരിശോധനയിൽ ആണ് ഇവർ പിടിയിലായത്. വാഹന പരിശോധനയിൽ സംശയം തോന്നി തടഞ്ഞപ്പോഴാണ് ഇരുവരും കുടുങ്ങിയത്. തലസ്ഥാനത്ത് വിവിധയിടങ്ങളിൽ വിൽപ്പനക്കെത്തിച്ചതാണ് ലഹരിയെന്ന് എക്സൈസ് ടീം പറഞ്ഞു.
Kerala
കൊച്ചി: മുവാറ്റുപുഴയിൽ കടയുടെ തിണ്ണയിൽ നിന്ന് അടയ്ക്ക മോഷ്ടിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. കാലാമ്പൂർ ഇഞ്ചക്രാന്തി ഭാഗത്ത് താമസിക്കുന്ന തൊടുപുഴ കുമ്പംകല്ല് തൊട്ടിപറമ്പിൽ വീട്ടിൽ അമീൻ(42) ആണ് അറസ്റ്റിലായത്.
മുവാറ്റുപുഴ പൊലി ആണ് ഇയാളെ അറസ്റ്റ് പെയ്തത്. ഇയാളിൽ നിന്ന് മോഷണമുതൽ കണ്ടെടുത്തു.
25ന് പകൽ ആണ് കേസിനാസ്പദമായ സംഭവം. മൂവാറ്റുപുഴ - കടാതി അമ്പലംപടി ഭാഗത്ത് മലഞ്ചരക്ക് കടയുടെ തിണ്ണയിൽ നിന്ന് 37 കിലോ ഉണങ്ങിയ അടയ്ക്ക മോഷ്ടിക്കുകയായിരുന്നു.
മോഷണങ്ങൾ തടയുന്നതിനായി മുവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ. മനോജിന്റെ നിർദേശ പ്രകാരം മുവാറ്റുപുഴ പൊലിസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് പെയ്തത്.
നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതി സമാന സ്വഭാവമുള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷണം നടത്തിവരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: ജീവനൊടുക്കിയ കൂട്ടുപ്രതിയുടെ മുഖം കാണാന്‍ മോര്‍ച്ചറിയിലെത്തിയ വധശ്രമക്കേസ് പ്രതി അറസ്റ്റില്‍. മട്ടാഞ്ചേരി ന്യൂറോഡ് പനച്ചിക്കല്പറമ്പില് എം.എന്‍. നിഹാലാണ് (22) എളമക്കര പൊലിസിന്റെ തന്ത്രപരമായ നീക്കത്തില്‍ അറസ്റ്റിലായത്.
ജൂണ്‍ 22ന് രാത്രി ഇടപ്പള്ളി കുന്നുംപുറം ഗ്രീന്‍ മാംഗോ കഫേ പരിസരത്തു പാലക്കാട് കോങ്ങാട് സ്വദേശി അര്‍ജുനെ (26) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയാണ് ഇയാള്‍. കൂട്ടുകാരിയെ വഴക്കു പറഞ്ഞതിലെ വിരോധം മൂലമാണ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ ആക്രമിച്ചത്.
സംഭവശേഷം രണ്ടു മാസമായി ഇയാള്‍ ഒളിവിലായിരുന്നു. കേസില്‍ നേരത്തേ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രണ്ടാംപ്രതി കാസര്‍ഗോഡ് ബേക്കല്ക്കുന്ന് കാട്ടൂര്മൂലയില് മുസ്താഖാണ് (26) കഴിഞ്ഞദിവസം പാലാരിവട്ടം എസ്എന്‍ ജംഗ്ഷനു സമീപത്തെ ഹോട്ടല്‍മുറിയില്‍ തൂങ്ങിമരിച്ചത്.
ഞായറാഴ്ച എറണാകുളം ജനറല്‍ ആശുപത്രിയില്‍ മുസ്താഖിന്റെ പോസ്റ്റ്മോര്‍ട്ടം നടക്കുന്ന സമയത്ത് നിഹാല്‍ എത്തുമെന്ന വിവരത്തെ ത്തുടര്‍ന്ന് ആശുപത്രി പരിസരത്ത് മഫ്തിയില്‍ പൊലിസ് സംഘം കാത്തുനില്‍പ്പുണ്ടായിരുന്നു. ഇതറിയാതെ എത്തിയ നിഹാലിനെ മോര്‍ച്ചറി പരിസരത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Kerala
ൊകൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 20 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയും തട്ടിയെടുത്ത കേസിൽ രണ്ടു പേർ പിടിയിൽ.
എറിയാട് പിഎസ്എൻ കവല സ്വദേശി പഴൂപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് സഹൽ (23) എന്നയാളും കുറ്റകൃത്യം നടന്ന സമയം പ്രായപൂർത്തിയാകാതെ കേസിൽ ഉൾപ്പെട്ട 18 വയസുകാരനുമാണു പിടിയിലായത്.
ഇൻസ്റ്റാഗ്രാം വഴിയുള്ള ചാറ്റുകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുമെന്നും വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്നും പറഞ്ഞാണ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയത്.
2025 ഒക്ടോബറിൽ 50,000 രൂപയും കഴിഞ്ഞ ഏപ്രിലിൽ 20 പവനുമാണ് പരാതിക്കാരിയിൽനിന്നു തട്ടിയെടുത്തത്.
ഇവർ വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നപ്പോൾ പെൺകുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയും തുടർന്ന് പൊലിസിൽ പരാതി നൽകുകയുമായിരുന്നു.
National
ആഗ്ര: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ യുപി ആഗ്രയിലെ വീടിന്റെ മതിൽ വികൃതമാക്കിയതിന്റെ പേരിൽ രണ്ടു കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ.
ഗ്യാനേഷ് കുമാറിന്റെ വിജയ് നഗറിലെ വീട്ടിലേക്കു പ്രതിഷേധ മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകർ പ്രധാന ഗേറ്റിലും മതിലിലും സ്പ്രേ പെയിന്റുകൊണ്ട് ഗ്യാനേഷ് രാജ്യദ്രോഹി, ഗ്യാനേഷ് കള്ളൻ എന്ന് എഴുതുകയായിരുന്നു.
തുടർന്ന് പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. കോൺഗ്രസ് നേതാക്കളായ മുകേഷ് ധാൻഗർ, അനിൽ യാദവ് എന്നിവരെ അറസ്റ്റ് ചെയ്തു.
Kerala
തിരുവനന്തപുരം: കോവളത്ത് 100 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ശ്രീകാര്യം, തുമ്പ സ്വദേശികളായ യുവാക്കളാണ് അറസ്റ്റിലായത്.
കോവളം ബൈപ്പാസ് ജംഗ്ഷനിൽ വച്ചാണ് യുവാക്കൾ പിടിയിലായത്. ശ്രീകാര്യം പൊലിസ് സ്റ്റേഷനിലെ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ട അനന്തു കൃഷ്ണൻ (31), തുമ്പ പൊലിസ് സ്റ്റേഷൻ പരിധിയിൽ സൗത്ത് തുമ്പ സ്വദേശി തോമസ് ടെറി (29) എന്നിവരാണ് അറസ്റ്റിലായത്.
പൊലിസ് വാഹനത്തെ ഇടിച്ച ശേഷം നിർത്താതെ പോയ സംഘത്തെ സാഹസികമായാണ് പൊലിസ് പിടികൂടിയത്. പെട്രോൾ ടാങ്കിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെടുത്തത്.
തമിഴ്നാട്ടിൽനിന്നും കാർമാർഗം കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം ഇവരുടെ കാർ പിന്തുടരുന്നുണ്ടായിരുന്നു. കോവളത്ത് എത്തിയപ്പോൾ പൊലിസ് ഇവരെ തടഞ്ഞു.
ഇവിടെവെച്ച് കാർ നിർത്തിയശേഷം വീണ്ടും പിന്നോട്ടേക്ക് എടുത്ത്, പൊലിസ് വാഹനവും ഡാൻസാഫിന്റെ പേഴ്സണൽ വാഹനവും ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോവുകയായിരുന്നു. പിന്നാലെ പോയ പൊലിസ് സംഘം സഹസികമായാണ് ലഹരിസംഘത്തെ പിടികൂടിയത്.
Kerala
മലപ്പുറം: പൊലിസ് സ്റ്റേഷനിലേക്ക് നിരന്തരം ഫോൺ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ മൈസൂരിൽ പിടിയിലായി. പാവിട്ടപ്പുറം ഒതളൂർ സ്വദേശി കോട്ടേലവളപ്പിൽ പ്രേമരാജനെയാണ് (46) ചങ്ങരംകുളം പൊലിസ് അറസ്റ്റ് ചെയ്തത്.
സ്റ്റേഷനിലേക്ക് തുടർച്ചയായി വിളിച്ച് ഇയാൾ പോലിസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. സമാനമായ രീതിയിൽ മുൻപും ഫോൺ വിളിച്ചതിന് ഇയാളെ പൊലിസ് താക്കീത് നൽകി വിട്ടയച്ചിരുന്നതാണ്. എന്നാൽ ഇത് വകവയ്ക്കാതെ ഇയാൾ വീണ്ടും ശല്യപ്പെടുത്തൽ തുടർന്നു.
ഇതിനുപുറമേ, പെട്രോൾ പമ്പിന് തീപിടിച്ചുവെന്ന് വ്യാജ സന്ദേശം നൽകി പൊലിസിനെ കബളിപ്പിച്ചതായും പ്രതിക്കെതിരെ ആരോപണമുണ്ട്. വ്യാജവിവരം നൽകി പൊലിസിനെ തെറ്റിദ്ധരിപ്പിച്ച സംഭവവും നിലവിലെ അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് പരിശോധിച്ചുവരികയാണ്.
National
മംഗളൂരു: രണ്ടു മലയാളി വിദ്യാർഥികളെ റാഗ് ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് മലയാളി വിദ്യാർഥികൾ മംഗളൂരുവിൽ അറസ്റ്റിൽ.
മംഗളൂരുവിലെ സ്വകാര്യ കോളജിൽ രണ്ടാംവർഷ ബിബിഎ ലോജിസ്റ്റിക്സ് വിദ്യാർഥികളായ എം.പി. റഹാൻ, മുഹമ്മദ് ഉവൈസ്, യു.പി. മുഹമ്മദ് ആദിൽ, രോഹൻ രമേഷ്, നാഷദ് അമീർ എന്നിവരാണ് അറസ്റ്റിലായതെന്നു മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഢി അറിയിച്ചു.
റഹാൻ, രോഹൻ എന്നിവർ പയ്യന്നൂർ സ്വദേശികളാണ്. ഉവൈസ് കാസർഗോഡ് സ്വദേശിയും ആദിൽ കോഴിക്കോട് സ്വദേശിയും നാഷദ് കണ്ണൂർ സ്വദേശിയുമാണ്. റാഗിംഗിന് ഇരയായത് ആദ്യവർഷ ബിബിഎ വിദ്യാർഥികളാണ്. പാണ്ഡേശ്വറിൽ കോളജിന് സമീപത്തുകൂടി നടന്നുപോകുന്പോൾ ബൈക്കിലെത്തിയ സീനിയർ വിദ്യാർഥികളുടെ സംഘം രണ്ടുപേരെയും ബൈക്കിൽ കയറ്റികൊണ്ടുപോയി ഒറ്റപ്പെട്ട മുറിയിലെത്തിക്കുകയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മർദിക്കുകയുമായിരുന്നെന്നും പരാതിയിൽ പറയുന്നു.
ബെൽറ്റ്, ഇരുന്പ് ദണ്ഡുകൾ, പൈപ്പുകൾ എന്നിവ ഉപയോഗിച്ചായിരുന്നു മർദനം. വിവസ്ത്രരാക്കിയ ശേഷം കോളജിലോ പൊലിസിലോ അറിയിച്ചാൽ പ്രത്യാഘാതം ഗുരതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പരിക്കേറ്റതിനെത്തുടർന്ന് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥികൾ രക്ഷിതാക്കളോടൊപ്പം പാണ്ഡേശ്വർ പൊലിസിനെ സമീപിക്കുകയും പരാതി നൽകുകയുമായിരുന്നു. കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു നാലുപേർക്കായി അന്വേഷണം ഊർജിതമാണ്.
District News
മഞ്ചേരി: മഞ്ചേരി വായ്പ്പാറപ്പടിയിലെ അടച്ചിട്ട വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. മലപ്പുറം നെച്ചിക്കുണ്ട് വേണുഗാനനെയാണ് (54) പൊലിസ് അറസ്റ്റ് ചെയ്തത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ 26ന് വായ്പ്പാറപ്പടിയിലെ അനിലിന്റെ വീട്ടിൽ നടന്ന മോഷണക്കേസിലാണ് അറസ്റ്റ്. അനിൽ കുടുംബ സമേതം മഹാരാഷ്ട്രയിൽ പോയ സമയത്തായിരുന്നു മോഷണം. വീടിന്റെ വാതിൽ തകർത്ത് അനിലിന്റെ പിതാവിന് പെൻഷൻ ലഭിച്ച 60,000 രൂപ കവർന്നുവെന്നാണ് കേസ്. മറ്റൊരു മോഷണക്കേസിൽ കോഴിക്കോട് ജയിലിലായിരുന്ന വേണുഗാനൻ കഴിഞ്ഞ ഫെബ്രുവരിയിലാണ് പുറത്തിറങ്ങിയത്. പിന്നീട് മഞ്ചേരിയിലെത്തി നിർമാണം നടക്കുന്ന കെട്ടിടങ്ങളിൽ താമസിച്ച് വരികയായിരുന്നു.
രാത്രി പുറത്തിറങ്ങി താമസമില്ലാത്ത വീടുകൾ നോക്കിവയ്ക്കും. പിന്നീട് വീട്ടിൽ ലൈറ്റുകൾ തെളിയുന്നില്ലെന്ന് കണ്ടാൽ വാതിലുകളും പൂട്ടും തകർത്ത് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.
വായ്പ്പാറപ്പടിയിൽ മോഷണം നടത്തി ലഭിച്ച പണവുമായി ഇയാൾ ഗൂഢല്ലൂരിൽ താമസിച്ച് വരികയായിരുന്നു. ഇതിനിടെ പെരിന്തൽമണ്ണ പൊലിസ് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തതോടെയാണ് വായ്പ്പാറപ്പടിയിലെ കേസിന് തുന്പുണ്ടായത്. ഇതോടെ മഞ്ചേരി പൊലിസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പ്രതിയുമായി പൊലിസ് തെളിവെടുപ്പു നടത്തി. നിലവിൽ 16 മോഷണ കേസുകളിൽ പ്രതിയാണിയാൾ. മഞ്ചേരി ഇൻസ്പെക്ടർ ടി.ജി. ദിലീപ്, എസ്ഐ സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Kerala
പാലക്കാട്: കേന്ദ്രസർക്കാരിന്റെ ഓപ്പറേഷൻ നശാമുക്ത് ഭാരത് അഭിയാന്റെയും സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തണ്ടറിന്റെയും ഭാഗമായി ആർപിഎഫ് ക്രൈം വിംഗ് പാലക്കാട്, എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് എന്നിവയുടെ സംയുക്തസംഘം നടത്തിയ പരിശോധനയിൽ പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്ന് 50 ഗ്രാം മെത്തഫെറ്റമിൻ പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് ആലുവ സ്വദേശി മുഹമ്മദ് അർഷാദ് (20) അറസ്റ്റിലായി. പിടികൂടിയ രാസലഹരിക്ക് ഏകദേശം അഞ്ചു ലക്ഷം രൂപ വിലവരും.
ആർപിഎഫ് ക്രൈം വിംഗ് എസ്ഐ എ.പി. ദീപക്, എക്സൈസ് സ്ക്വാഡ് പാലക്കാട് ഇൻസ്പെക്ടർ അജു പി. ഷാജി, ആർപിഎഫ് ക്രൈംവിംഗ് എഎസ്ഐ കെ.എം. ഷിജു, ആർപിഎഫ് ക്രൈംവിംഗ് ഹെഡ് കോണ്‍സ്റ്റബിൾ വി.വി. ശ്രീകാന്ത്, കോണ്‍സ്റ്റബിൾമാരായ എം. പ്രസാദ്, എൻ. ശ്രീജിത്ത് എന്നിവർ അടങ്ങിയ സംഘമാണു പരിശോധന നടത്തിയത്. സംഭവത്തിൽ പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
District News
അടൂർ: സമൂഹിക മാധ്യമങ്ങളിലൂടെ കെഎസ്യു നേതാവ് ഫെന്നി നൈനാനെതിരേ അപകീര്‍ത്തികരമായ പ്രചരണം നടത്തിയ യൂട്യൂബര്‍ അറസ്റ്റിൽ. മഞ്ചേരി കൂമംകുളം തൃക്കലങ്ങോട് പുള്ളൂര് വീട്ടില്‍ രാജന് ജോസഫ്(48)നെയാണ് അടൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ഫെന്നി നൈനാന്റെ പരാതിയെ തുടര്‍ന്നാണ് പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ രാജന് ജോസഫിന് ജാമ്യം ലഭിച്ചു.
Kerala
കണ്ണൂർ: അച്ഛന്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ 22 വയസുകാരിക്ക് ഫോണിൽ അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ വില്ലേജ് ഓഫീസർ അറസ്റ്റിൽ. രാത്രി യുവതിയുടെ വീട്ടിലെത്തിയ 47കാരനെ ബന്ധുക്കൾ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറുകയായിരുന്നു. ആൾക്കൂട്ട മർദ്ദനത്തിന് ഇരയായെന്ന വില്ലേജ് ഓഫീസറുടെ പരാതിയിലും പൊലിസ് കേസ് എടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. യുവതിയുടെ വീട് തേടി എത്തിയ എടക്കാട് വില്ലേജ് ഓഫീസർ ജിജു സ്കറിയയെ ഭർത്താവും ബന്ധുക്കളും ചേർന്ന് തടഞ്ഞ് വയ്ക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
ഇന്ന് രാത്രി ഏഴോടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് വർഷം മുൻപ് മരിച്ച അച്ഛന്റെ മരണ സർട്ടിഫിക്കറ്റിന് വേണ്ടിയാണ് യുവതി ഏതാനും ദിവസം മുൻപ് എടക്കാട് വില്ലേജ് ഓഫീസിലെത്തിയത്.
നമ്പർ വാങ്ങിയ ജിജു സ്കറിയ ഇന്നലെ രാത്രി 9 മണിയോടെ യുവതിക്ക് വാട്സ്ആപ്പ് മെസേജുകൾ അയച്ച് തുടങ്ങി. യുവതി ഭർത്താവിനെയും സഹോദരനെയും അറിയിച്ചു. തുടർന്ന് ലൈംഗിക ചുവയോടെ വില്ലേജ് ഓഫീസർ അയച്ച മെസേജിന് യുവതിയുടെ ഭർത്താവാണ് മറുപടി നൽകിയത്.
വീടിന്റെ ലൊക്കേഷനും അയച്ച് കൊടുത്തു. ഇത് അനുസരിച്ചാണ് രാത്രി 11 ഓടെ ജിജു സ്കറിയ കണ്ണൂർ നഗര പരിധിയിലുള്ള യുവതിയുടെ വീട്ടിലെത്തിയത്. ഇതോടെ ബന്ധുക്കൾ ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി.
ജിജു സ്കറിയയുടെ പരാതിയിൽ യുവതിക്കും ഭർത്താവിനും കണ്ടാലറിയാവുന്ന 12 പേർക്കും എതിരെ കേസ് എടുത്തിട്ടുണ്ട്. നിയമവിരുദ്ധമായ സംഘം ചേരൽ, ആൾക്കൂട്ട വിചാരണ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
Kerala
പത്തനംതിട്ട: വാഹന പരിശോധനയ്ക്കിടെ പെരുനാട് എസ്എച്ച്ഒ സബ് ഇൻസ്പെക്ടർ മിഥുൻ അശോകിനെ ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കട്ടച്ചിറ സ്വദേശി നിതിൻ രാജ് (27) ആണ് അറസ്റ്റിലായത്.
പ്രതി എസ്ഐയുടെ മൂക്കിന് ഇടിച്ച് പരിക്കേൽപ്പിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തെന്ന് പൊലിസ് അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കെ പ്രതി അതുവഴി സ്കൂട്ടറിൽ എത്തി. ഇയാൾ മദ്യപിച്ചാണ് വാഹനം ഓടിച്ച് എത്തിയതെന്ന് വ്യക്തമായതോടെ പൊലിസ് സംഘം വാഹനം പരിശോധിച്ചു. അതിനിടെ പ്രകോപിതനായ പ്രതി എസ്ഐയുടെ മൂക്കിന് ഇടിക്കുകയും യൂണിഫോം വലിച്ച് കീറുകയും ആയിരുന്നുവെന്ന് പൊലിസ് അറിയിച്ചു.
പെരുനാട് പൊലിസ് സ്റ്റേഷനിൽ എസ്ഐയുടെ മൊഴി രേഖപ്പെടുത്തി. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. പെരുനാട് സർക്കിൾ ഇൻസ്പെക്ടർ ആർ. സുരേഷ് കുമാർ , എസ്ഐ മാരായ മിഥുൻ അശോക് , സണ്ണി എഎസ്ഐ അഭിലാഷ് , എസ്സ്പിഒ മാരായ ലാൽ , സുമേഷ് , സിപിഒ മാരായ വിജേഷ് , അരവിന്ദാക്ഷൻ , നിധീഷ് , അക്ഷയ് , സേതു കൃഷ്ണൻ എന്നിവർ അടങ്ങിയ സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
നിലമ്പൂർ: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
വോട്ടർപട്ടികയിൽ ക്രമക്കേട് നടത്താൻ അവസരമൊരുക്കുന്ന തരത്തിൽ തെരഞ്ഞെടുപ്പു കമ്മിഷന്റെ ഭാഗത്തുനിന്നു നിയമവിരുദ്ധ നടപടികൾ നടക്കുന്നതായി വേണുഗോപാൽ ആരോപിച്ചു.
ആര്യാടൻ മുഹമ്മദ് അനുസ്മരണ യോഗത്തിനെത്തിയ അദ്ദേഹം നിലന്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
വോട്ടർപട്ടികയിൽ പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ഫോം ആറ് ഉൾപ്പടെയുള്ള നടപടികൾ നിയമപരമായും സാങ്കേതികമായും കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചായിരിക്കണം നടത്തേണ്ടതെന്ന് വേണുഗോപാൽ പറഞ്ഞു.
District News
പേരൂര്‍ക്കട: കൈക്കുഞ്ഞിന്റെ ഇടതുകൈയിലെ സ്വര്‍ണവള കവര്‍ന്ന യുവാവിനെ റെയില്‍വേ പൊലിസ് അറസ്റ്റുചെയ്തു. തമിഴ്നാട് ഡിണ്ടിഗല്‍ മേട്ടു രാജക്കാപ്പട്ടി സത്യകുമാര്‍ സെല്‍വം (42) ആണ് അറസ്റ്റിലായത്.
നേമം സ്വദേശി ഇന്ദ്രജിത്തിന്റെ രണ്ടുവയസുള്ള മകളുടെ കൈയില്‍ക്കിടന്ന രണ്ടുഗ്രാം തൂക്കമുള്ള വളയാണ് പ്രതി കവര്‍ന്നത്. ഓഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം. കായംകുളത്തെ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ട്രെയിനില്‍ യാത്രചെയ്യാനാണ് ഇന്ദ്രജിത്തിന്റെ കുടുംബം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.
ട്രെയിന്‍ കയറുന്നതിനായി ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍നിന്ന് എസ്കലേറ്ററില്‍ കയറിപ്പോഴാണ് മോഷണം നടന്നത്. പ്രതി കുഞ്ഞിന്റെ കൈയില്‍നിന്നു വള കവര്‍ന്നു രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ എസ്കലേറ്ററിന്റെ വശത്തുതട്ടി ഇയാള്‍ താഴേക്കു വീണുവെങ്കിലും പൊലിസ് എത്തുന്നതിനുമുമ്പ് ഓടി രക്ഷപ്പെടുകയായിരുന്നു.
റെയില്‍വേ എസ്എച്ച്ഒ ബാലു ബി. നായര്‍, എഎസ് ഐ ജോജി ജോസഫ്, ഗ്രേഡ് എല്സിപിഒ ഷംനാദ്, സിപിഒമാരായ ആദര്‍ശ് തിങ്കള്‍, ജോസ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതി റിമാന്റിലാണ്.
Kerala
കൊച്ചി: പാലാരിവട്ടത്തെ ജ്വല്ലറിയില്‍നിന്ന് 60 ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു വില്പന നടത്തിയ അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം ചീരംതുടിയില്‍ വീട്ടില്‍ രാഹുലിനെ (27) യാണ് പാലാരിവട്ടം പൊലിസ് അറസ്റ്റ് ചെയ്തത്.
2025 ജനുവരി മുതല്‍ 2026 ഫെബ്രുവരി വരെയുള്ള കാലയളവിലാണു മോഷണം നടത്തിയത്. പ്രസ്തുത കാലയളവില്‍ ജ്വല്ലറിയില്‍നിന്നു പലതവണയായി 428 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയശേഷം മറ്റൊരാള്‍ക്ക് മറിച്ചുവിൽക്കുകയായിരുന്നു.
സ്വര്‍ണാഭരണങ്ങളുടെ സ്റ്റോക്കില്‍ നിരന്തരം കുറവ് വരുന്നതില്‍ സംശയം തോന്നിയ ഉടമകള്‍ ജീവനക്കാരെ നിരന്തരം നിരീക്ഷണം നടത്തിയാണു അസിസ്റ്റന്റ് മാനേജരായ പ്രതിയെ തിരിച്ചറിഞ്ഞത്.
ഉടമയുടെ പരാതിയില്‍ പൊലിസ് കേസെടുത്തു നടത്തിയ അന്വേഷണത്തില്‍ ജ്വല്ലറിയിലെ ലോക്കറില്‍ ഉപഭോക്താക്കൾ ഏല്‍പ്പിച്ചിരുന്ന സ്വര്‍ണാഭരണങ്ങളില്‍നിന്ന് പ്രതി അനധികൃതമായി സ്വര്‍ണം കൈക്കലാക്കിയാണ് കളവു നടത്തിയതെന്ന് തെളിഞ്ഞു. തൃശൂരില്‍ വച്ചാണ് പ്രതി പിടിയിലായത്
District News
അടൂര്‍: പെണ്‍കുട്ടിയെ മര്‍ദിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ എഴുകോണ്‍ അനന്തുഭവനില്‍ അനന്തു സന്തോഷ് (29) ആണ് അടൂര്‍ പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ 23ന് പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് ഇരുവരും തമ്മില്‍ പിടിവലി ഉണ്ടാകുന്നതിനിടെ പെണ്‍കുട്ടി ടെറസില്‍നിന്ന് വീണ് പരിക്കേറ്റിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ എഴുകോണില്‍ നിന്നാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. അടൂര്‍ പൊലിസ് എസ്എച്ച്ഒ പങ്കജ് കൃഷ്ണന്, എസഐ രോഹിത്, സിപിഒമാരായ ബൈജു, അരുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Kerala
കോഴിക്കോട്: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് നടത്തിയ പരിശോധനയിൽ എട്ട് കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാള്‍ രാമകൃഷ്ണ പള്ളി സ്വദേശി സഞ്ജയ് ദാസ് (39), ഒഡീഷ ന്യൂ കലികന്‍ സ്വദേശി അമരേശ്വര്‍ ബെഹ്റ(32) എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് സിറ്റി ഡാന്‍സാഫും കോഴിക്കോട് ടൗണ്‍ പൊലിസും ചേര്‍ന്നാണ് ഇരുവരെയും പിടികൂടിയത്. ഒഡീഷയില്‍ നിന്നും വലിയ അളവില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച കഞ്ചാവുമായി ഇവരുടെ താമസസ്ഥലമായ പുതിയാപ്പയിലേക്ക് പോകുകയായിരുന്നു രണ്ട് പേരും.
പുതിയാപ്പ ഹാര്‍ബര്‍, ബീച്ച്, ബേപ്പൂര്‍ എന്നീ പ്രദേശങ്ങളില്‍ ചില്ലറ വില്പന നടത്താനാന് എത്തിച്ചതാണെന്ന് ഇരുവരും പൊലിസിന് മൊഴി നല്കി. ഇവരില്‍ നിന്നും കഞ്ചാവ് വാങ്ങുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് വരുന്നതായി പൊലിസ് അറിയിച്ചു.
Kerala
കണ്ണൂര്‍: പരിയാരത്ത് ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതിമാര്‍ പിടിയില്‍. പയ്യന്നൂര്‍ തായനേരി സ്വദേശി തറമ്മല്‍ അര്ജുന്, ഭാര്യ ഹെലോയ്സ് എന്നിവരാണ് പിടിയിലായത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലിസ് തിരിച്ചറിഞ്ഞത്. ആശുപത്രിയില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു സരോജിനി. പെട്ടെന്നാണ് ബൈക്കിലെത്തിയ സ്ത്രീയും പുരുഷനും വഴി ചോദിക്കാനെന്ന വ്യാജേന സമീപത്ത് നിര്‍ത്തിയത്.
പൊടുന്നനെ പിന്നിലിരുന്ന സ്ത്രീ സരോജനിയുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു. ദന്പതിമാർ നിമിഷ വേഗം കൊണ്ട് സ്ഥലം വിട്ടു. പരാതി കിട്ടിയതോടെ പരിയാരം പൊലിസ് തെരച്ചില്‍ തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അര്‍ജുനും ഭാര്യ ഹെലോയ്സുമാണെന്ന് തിരിച്ചറിഞ്ഞത്.
അര്‍ജുനെ പയ്യന്നൂരില്‍ നിന്നും ഭാര്യ ഹെലോയ്സിനെ തൃക്കരിപ്പൂരിലെ വീട്ടില്‍ നിന്നുമാണ് പൊലിസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ബൈക്കും പൊലിസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിനായാണ് കവര്‍ച്ച നടത്തിയതെന്ന് ഇവര്‍ പൊലിസിന് മൊഴി നല്കി.
Kerala
തിരുവനന്തപുരം: കേരളം-തമിഴ്നാട് അതിര്‍ത്തിയായ നിദ്രവിളയില്‍ ടെമ്പോ ഇടിച്ച് 13 വയസുകാരൻ മരിച്ചു. നിദ്രവിള സ്വദേശി ജെയിൻ ജൂഡ്സ് ആണ് മരിച്ചത്.
സഹോദരിയോടൊപ്പം സ്കൂളിലേക്ക് കാൽനടയായി പോകുമ്പോയായിരുന്നു അപകടം. ഇടുങ്ങിയ റോഡിലൂടെ വന്ന ടെംപോ ഇടിച്ചുകയറുകയായിരുന്നു.
സംഭവസ്ഥലത്തുവച്ചുതന്നെ കുട്ടി മരിച്ചു. മൃതദേഹം കുഴിത്തുറ ആശുപത്രിയിൽ. ടെംപോ ഡ്രൈവറെ പൊലിസ് അറസ്റ്റ് ചെയ്തു.
Kerala
ആലപ്പുഴ: മാവേലിക്കരയിൽ 14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികൂടി പൊലിസ്. പുന്നപ്ര പുതുവൽ വീട്ടിൽ അനന്തു സജി (27), മുതുകുളം നിധിൻ ഭവനം വീട്ടിൽ നിധിൻ (25) എന്നിവരാണ് അറസ്റ്റിലായത്.
മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ സമയത്ത് ജില്ലാ ഡാൻസാഫ് ടീമും മാവേലിക്കര പൊലിസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പ്ലാസ്റ്റിക് സിപ് ലോക്ക് കവറുകളിലാക്കിയ നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്.
വർഷങ്ങളായി ലഹരിക്കച്ചവടം നടത്തുകയും യുവാക്കളെയും കുട്ടികളെയും ലഹരിക്കടിമകളാക്കുകയും ചെയ്യുന്നതായി പ്രതികൾക്കെതിരെ പൊലിസിന് മുൻപ് തന്നെ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി ഇവർ പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു.
ബംഗളൂരുവിൽനിന്ന് വാങ്ങിയ എംഡിഎംഎ നാട്ടിൽ ചില്ലറ വിൽപന നടത്താനായി എത്തിച്ചതാണെന്ന് പൊലിസ് പറഞ്ഞു. അറസ്റ്റിലായ അനന്തു സജി നിരവധി ബൈക്ക് മോഷണ കേസുകളിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.
District News
കോതമംഗലം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. കോട്ടപ്പടി ഐരൂർ വാവേലി ഭാഗത്ത് ചിരട്ടക്കൽ മിനിമോളെയാണ് (48) കോതമംഗലം പൊലിസ് അറസ്റ്റ് ചെയ്തത്. കോതമംഗലത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 31 തവണകളായി 409.45 ഗ്രാം മുക്കുപണ്ടം പണയം വച്ച് 41 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. 2026 ജനുവരി മുതൽ കഴിഞ്ഞ 22 വരെയുള്ള ദിവസങ്ങളിലാണ് മുക്കുപണ്ടം പണയം വച്ചിട്ടുള്ളത്.
Kerala
കൊച്ചി: കെട്ടിടത്തിനെതിരേയുള്ള പരാതി ഒത്തുതീര്‍പ്പാക്കാന്‍ കൈക്കൂലി വാങ്ങിയ കൊച്ചി കോര്പറേഷന് ഓവര്‍സിയറും ഏജന്റും വിജിലന്‍സ് പിടിയില്‍.
ഓവര്‍സിയർ കാലടി കാഞ്ഞൂര്‍ സ്വദേശിയുമായ പി.ആര്. സീന (45), ഇടനിലക്കാരനായ ആലുവ പള്ളിക്കുന്ന് സ്വദേശി പി.എ. ഷാനവാസ് (44) എന്നിവരാണ് അറസ്റ്റിലായത്. പ്രോജക്ട് സീറോയുടെ ഭാഗമായി നടത്തിയ ട്രാപ്പ് ഓപ്പറേഷന് പരിശോധനയില്‍ 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പ്രതികളെ പിടികൂടിയത്.
National
കോൽക്കത്ത: ബംഗാളിലെ നന്ദിഗ്രാമിലെ അറസ്റ്റിലായ കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാനെ മത്സരിക്കാൻ അനുവദിക്കണമെന്ന് കൽക്കട്ട ഹൈക്കോടതി. ഹൈക്കോടതിയിലെ രണ്ടു ബെഞ്ചുകളാണ് പ്രധാന്റെ ജാമ്യഹർജി പരിഗണിച്ചത്. നാലു കേസുകളാണ് പ്രധാനെതിരേ ചുമത്തിയിട്ടുള്ളത്.
ഒക്ടോബർ ആറിനു നടക്കുന്ന തെരഞ്ഞെടുപ്പിൽ മിലൻ പ്രധാനെ മത്സരിക്കാൻ അനുവദിക്കണമമെന്ന് ജസ്റ്റീസ് തീർഥാങ്കർ ഘോഷ് പറഞ്ഞു. ജസ്റ്റീസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചും ഇതേ അഭിപ്രായം രേഖപ്പെടുത്തി.
19 വർഷം മുന്‍പുള്ള ക്രിമിനൽ കേസുകളുടെ പേരിലാണ് മിലൻ പ്രധാനെ 18-ാം തീയതി അറസ്റ്റ് ചെയ്തത്. ഭൂമി ഏറ്റെടുക്കലിനെതിരേ നടന്ന പ്രക്ഷോഭങ്ങളുടെ പേരിലായിരുന്നു കേസുകൾ രജിസ്റ്റർ ചെയ്തത്.
District News
മാവേലിക്കര: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീമും മാവേലിക്കര പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. പുന്നപ്ര പുതുവൽ വീട്ടിൽ അനന്തു സജി (27), മുതുകുളം നിധിൻ ഭവനം നിധിൻ (25) എന്നിവരാണ് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോനയിലാണ് ട്രെയിൻ ഇറങ്ങിവരവെ പ്രതികൾ പിടിയിലായത്. ഇവരിൽ നിന്നും പ്ലാസ്റ്റിക് സിപ് ലോക്ക് കവറിലായി സൂക്ഷിച്ചിരുന്ന മാരക രാസലഹരിയായ 14 ഗ്രാം എംഡിഎംഎ കണ്ടെത്തി. ബാംഗ്ലൂരിൽ നിന്നുമാണ് എംഡിഎംഎ വാങ്ങിയതെന്നും ചില്ലറവിൽപനക്കായി ആണ് ഇത് നാട്ടിൽ എത്തിച്ചതെന്നും ഇവർ സമ്മതിച്ചു.
വർഷങ്ങളായി ലഹരി കച്ചവടം നടത്തിവരികയായിരുന്ന ഇവർ യുവാക്കൾക്കും കുട്ടികൾക്കും ലഹരി വിതരണം ചെയ്തതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. നിരവധി ബൈക്ക് മോഷണ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ആനന്ദു സജി.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പൊലിസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി അലക്സ് ബേബി, മാവേലിക്കര സർക്കിൾ ഇൻസ്പെക്ടർ ദ്വിജേഷ് എന്നിവരുടെ മേൽനോട്ടത്തിൽ മാവേലിക്കര എസ്എച്ച്ഒ സബിത ശിവദാസ്, എസ് ഐമാരായ സുധീപ്, അംജദ് ഖാൻ, എഎസ്ഐ മാരായ നോബിൾ, സുനിൽകുമാർ, എസ് സി പി ഒ ശാലിനി എസ്. പിള്ള, സിപിഒ മാരായ ജിഷ്ണു, മിഥുൻ, ശംഭു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
National
ഐസ്വാൾ: മണിപ്പുരിലെ നിരോധിത കുക്കി തീവ്രവാദി സംഘടനയായ യുണൈറ്റഡ് കുക്കി നാഷണൽ ആർമി (യുകെഎൻഎ) തലവൻ താംഗ്ഖോമാംഗ് ഹോകിപ് അറസ്റ്റിലായി. മിസോറമിലെ ഐസ്വാളിൽനിന്നാണ് ഇയാളെ പിടികൂടിയത്. യുകെഎൻഎ കമാൻഡർ-ഇൻ-ചീഫ് ആണ് ഹോകിപ്.
ആസാം റൈഫിൾസും സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോയും (എസ്ഐബി) സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ഹോകിപ് പിടിയിലായത്. ഐസ്വാളിൽ ഒളിവിൽ കഴിയുന്ന യുകെഎൻഎയിലെ മറ്റ് കേഡറുകൾക്കായി തെരച്ചിൽ ഊർജിത മാക്കി .
District News
കഴക്കൂട്ടം: ടെക്നോപാർക്കിലെ വനിതാ ജീവനക്കാരെയും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെയും അസഭ്യം പറയുകയും മർദിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയെ കഴക്കൂട്ടം പൊലിസ് അറസ്റ്റ് ചെയ്തു.
ചേങ്കോട്ടുകോണം തുണ്ടത്തിൽ അഞ്ജു ഭവനിൽ ബോംബെ കുമാർ എന്നുവിളിക്കുന്ന വിജയകുമാർ (56) ആണ് അറസ്റ്റിലായത്. കർണാടകയിലെ ഹാസനിൽ നിന്നാണ് പ്രതിയെ കഴക്കൂട്ടം പൊലിസ് അറസ്റ്റ് ചെയ്തത്.
കഴക്കൂട്ടം പൊലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം.പി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ജൂലൈ 22ന് രാത്രി ഒന്‍പതോടെ ചേങ്കോട്ടുകോണം പൗർണമി ഗാർഡൻസിലായിരുന്നു കേസിനാസ്പദമായ സംഭവം. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കേസിലെ രണ്ടാം പ്രതി കിരണിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
District News
കോഴിക്കോട്: വ്യാജ യുപിഐ സ്ക്രീന്‍ഷോട്ട് കാണിച്ച് രാമനാട്ടുകര കിസ്മത്ത് ജ്വല്ലറിയില്‍ കഴിഞ്ഞ ഞായറാഴ്ച 1.2 ഗ്രാം തൂക്കം വരുന്ന ബ്രേസ്ലെറ്റ് വാങ്ങി മുങ്ങിയ പ്രതിയെ ഫറൂഖ് പൊലിസ് അറസ്റ്റു ചെയ്തു. കോഴിക്കോട് നന്മണ്ട സ്വദേശിയായ സബിത്ത്(29) ആണ് അറസ്റ്റിലായത്.
ഫറൂഖ് അസിസ്റ്റന്റ് കമ്മിഷണര്‍ എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് സ്ക്വാഡും ബേപ്പൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീജിതന്റെ നേതൃത്വത്തിലുള്ള പൊലിസും ചേര്‍ന്നാണ് പ്രതിയെ വലയിലാക്കിയത്. പൊലിസിന്റെ പിടിയിലാകാതിരിക്കാനായി, തട്ടിപ്പിനു ശേഷം പ്രതി കോഴിക്കോട്, ഇടുക്കി ഭാഗങ്ങളില്‍ മാറി മാറി താമസിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു.
National
ജമ്മു: രണ്ടു പാക് പൗരന്മാർക്കൊപ്പം ജമ്മുവിലെ ആർകെ പുരയിലുള്ള ഒബ്സർവേഷൻ ഹോമിൽനിന്നു രക്ഷപ്പെട്ട ഭീകരസംഘാംഗം ഏഴു മാസത്തിനുശേഷം ഡൽഹിയിൽ പിടിയിലായി.
ആർകെ പുര സ്വദേശിയായ ഗുഗ്ഗ എന്ന കരൺജിത് സിംഗ് ആണ് അറസ്റ്റിലായത്.
ആർകെ പുരയിൽ ഒരു കൊലക്കേസിൽ അറസ്റ്റിലാകുന്പോൾ കരൺജിത് പ്രായപൂർത്തിയായിരുന്നില്ല.
Kerala
തിരുവനന്തപുരം: വിളപ്പിൽശാലയിൽ ബൈക്കിൽ കടത്താൻ ശ്രമിച്ച 105 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ആര്യനാട് സ്വദേശിയായ ആരോമൽ (21) ആണ് അറസ്റ്റിലായയത്. എക്സൈസാണ് ആരോമലിനെ പിടികൂടിയത്.
ഇയാൾ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മാരക ലഹരിമരുന്നായ എംഡിഎംഎ കണ്ടെടുത്തത്. നെടുമങ്ങാട്, ആര്യനാട്, മലയിൻകീഴ് തുടങ്ങിയ പ്രദേശങ്ങളിലെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ആരോമലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്‍ന്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റെജിലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ആർ.എസ്. രഞ്ജിത്, കെ. അജയൻ, എം. വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി.വി. വിനോദ്, ആരോമൽ രാജൻ, അക്ഷയ് അനിൽ ശ്രീ, ഗോകുൽ, ഹരിപ്രസാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഹരിത മോഹൻ, ആര്യകൃഷ്ണൻ എന്നിവർ പങ്കെടുത്തു. പ്രതിക്കെതിരെ നിയമപരമായ തുടർനടപടികൾ സ്വീകരിച്ചു.
Kerala
കാക്കനാട്: കേരളത്തിൽ പലയിടങ്ങളിലായി നിർമാണ കരാറെടുത്ത ശേഷം ഉടമകളിൽനിന്നും കോടികൾ തട്ടിയെന്ന കേസിൽ മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന മാസ്റ്റർ ബിൽറ്റ് ഇൻഫ്രാസ്ട്രക്ചർ എംഡി കെ.ജി. ശരത് ചെന്നൈയിൽ പിടിയിലായി.
കാക്കനാട് ഇൻഫോ പാർക്ക് പൊലിസാണു ചെന്നൈയിൽനിന്നു ശരത്തിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലിസ് അറിയിച്ചു.
നിർമാണക്കരാറിനു ശേഷം വൻതുക മുൻകൂറായി കൈപ്പറ്റിയ ശേഷം നിർമാണം പൂർത്തിയാക്കാതെ ഉപയോക്താക്കളെ വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്. കേസിലെ മറ്റു പ്രതികളായ കമ്പനി സിഇഒ ലിയോ ജോർജ്, ഡയറക്ടർ കൃഷ്ണപ്രസാദ് എന്നിവരെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തെങ്ങോട് അംബേദ്കർ കോളനി റോഡിൽ 4.3 സെന്റ് സ്ഥലത്ത് മൂന്നു നിലകളിലായി ആറ് അപ്പാർട്ട്മെന്റുകൾ ഉൾപ്പെടുന്ന 3,424 ചതുരശ്രയടി കെട്ടിടം ഒരുവർഷത്തിനകം പൂർത്തിയാക്കി നൽകാമെന്ന് പ്രതി വാഗ്ദാനം ചെയ്തിരുന്നതായി അന്വേഷണസംഘം പറഞ്ഞു. ഇടപ്പള്ളി മാമംഗലം സ്വദേശി അബ്ദുൾ നിസ്താറിന്റെ മക്കളായ ഷാബിൻ, ഷെറിൻ എന്നിവരുടെ പേരിലുള്ള സ്ഥലത്തായിരുന്നു നിർമാണം.
കരാർ പ്രകാരം പല തവണയായി 40.67 ലക്ഷം രൂപ കൈപ്പറ്റിയെങ്കിലും 18.51 ലക്ഷം രൂപയുടെ നിർമാണം മാത്രമാണ് പൂർത്തിയാക്കിയത്. പിന്നീട് നിർമാണം തുടരാതെയും ബാക്കി തുക തിരികെ നൽകാതെയും വഞ്ചിച്ചതോടെയാണ് ഉടമകൾ പൊലിസിൽ പരാതി നൽകിയത്.
സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി പ്രതികൾക്കെതിരേ 35ലേറെ പരാതികൾ ലഭിച്ചതായാണു വിവരം. ഏകദേശം 10 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
District News
കൊയിലാണ്ടി: പോക്സോ കേസില്‍ കൊയിലാണ്ടിയിലെ വ്യാപാരി അറസ്റ്റില്‍. കൊയിലാണ്ടി ടൗണിലെ പെട്രോള്‍ പമ്പിന് എതിര്‍വശത്തായി താജ് ഫൂട്ട്വെയര് കട നടത്തുന്ന ആഷിഖ് (56) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം.
ചെരുപ്പ് വാങ്ങാനെത്തിയ പതിനൊന്നുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടി ബഹളംവച്ചതോടെ ആളുകള്‍ ഓടിക്കൂടുകയും പൊലിസില്‍ അറിയിക്കുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
District News
വലിയതുറ: വലിയതുറ പോലീസ് സ്റ്റേഷന് പരിധിയില്‍ റോഡിന് വശത്തായി പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കവര്‍ന്ന കേസിലെ പ്രതിയെ വലിയതുറ പൊലിസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് കരകുളം നെല്ലിവിള രേവതി ഭവനില്‍ ആല്വിന് (33) ആണ് പിടിയിലായത്. വലിയതുറ കരുപ്പായി റോഡിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വള്ളക്കടവ് സ്വദേശി ഷഫീറിന്റെ 1.40 ലക്ഷം രൂപ വിലവരുന്ന സിഎന്‍ജി ഓട്ടോയാണ് കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ മോഷ്ടിക്കപ്പെട്ടത്.
ഷഫീര്‍ നല്കിയ പരാതിയില്‍ കേസെടുത്ത പൊലിസ് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
District News
ചങ്ങനാശേരി: കങ്ങഴ കാനത്ത് വീടിന്റെ ടെറസില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജവാറ്റ് കേന്ദ്രത്തില്‍ എക്സൈസ് റെയ്ഡ്. 16 ലിറ്റര്‍ ചാരായവും 290 ലിറ്റര്‍ കോടയുമായി കങ്ങഴ കാനത്ത് യുവാവ് അറസ്റ്റിലായി. കാനം കണിയാമ്പറമ്പില്‍ ഇ.കെ. സനീഷ്മോൻ (38) ആണ് എക്സൈസിന്റെ പിടിയിലായത്.
പുല്ലുവെട്ടുന്ന ജോലിക്കാരനായ ഇയാള്‍ വീടിന്റെ ടെറസില്‍ വാറ്റ് നടത്തി കുപ്പികളിലാക്കി ദൂരെയുള്ള സ്ഥലങ്ങളിലാണ് ചാരായം വിറ്റഴിച്ചിരുന്നത്. കോട്ടയം എക്സൈസ് ഇന്റലിജന്‍സ് ആൻഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ എ.എസ്. ഉണ്ണികൃഷ്ണനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടർ ബിനോയ് കെ. മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തി പ്രതിയെ പിടികൂടിയത്. വാറ്റാനുപയോഗിച്ച 22 ലിറ്ററിന്റെ കുക്കറും ജാറുകളും മറ്റ് സാധനസാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്.
കാനത്ത് ഓട്ടോ ഡ്രൈവറായിരുന്ന സനീഷ്മോന്‍ കോവിഡ് കാലത്താണ് വ്യാജ ചാരായവാറ്റിന് തുടക്കം കുറിച്ചത്. ചെറിയ തോതില്‍ വാറ്റ് തുടങ്ങിയ ഇയാള്‍ പിന്നീട് വലിയ തോതിലേക്ക് നീങ്ങുകയായിരുന്നു. വീടിനു സമീപ പ്രദേശങ്ങളില്‍ ചാരായം വില്പന നടത്താതിരുന്നതിനാല്‍ ഇയാളുടെ വാറ്റും വില്പനയും ആരും അറിഞ്ഞിരുന്നില്ലെന്നാണ് നാട്ടുകാര്‍ എക്സൈസിനു മൊഴി നല്‍കിയത്.
ബൈക്കില്‍ പുല്ലുവെട്ടു ജോലിക്കു പോകുമ്പോള്‍ കുപ്പികളിലാക്കി ദൂരെയുള്ള സ്ഥലങ്ങളിലാണ് ചാരായം വിറ്റഴിച്ചിരുന്നത്.
ലിറ്ററിന് 800 മുതല്‍ 1000 രൂപ വരെ വിലയ്ക്കാണ് സനീഷ്മോന്‍ ചാരായം വിറ്റിരുന്നതെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ എം. നൗഷാദ്, എന്‍. സുബാഷ്, സിവില്‍ ഓഫീസര്‍മാരായ അഖില്‍ എസ്. ശേഖര്‍, റോഷി വര്‍ഗീസ്, വനിത സിവില്‍ പൊലിസ് ഓഫീസര്‍ എ. ഷീബ എന്നിവരും റെയ്ഡിനു നേതൃത്വം നല്കി.
Kerala
പുല്‍പ്പള്ളി: വിവാഹ വാഗ്ദാനം നല്കി പുല്‍പ്പള്ളി സ്വദേശിയായ 55 കാരിയെ പീഡിപ്പിച്ച് അഞ്ച് പവന് സ്വര്‍ണവും പണവും തട്ടിയ സംഭവത്തില്‍ പിഡബ്ല്യുഡി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ പിഡബ്ല്യുഡി ഓഫീസില്‍ ജോലി ചെയ്യുന്ന സുബ്രഹ്മണ്യന് (56) നെയാണ് പുല്‍പ്പള്ളി സിഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്
പരാതിക്കാരിയുടെ ബന്ധുമുഖേന പരിചയപ്പെട്ട സുബ്രഹ്മണ്യന് താന്‍ അഡ്വക്കറ്റാണെന്നും ഭാര്യയുമായി അകന്നുതാമസിക്കുകയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്ന് പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
പുല്‍പ്പള്ളി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ബത്തേരി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Kerala
മുവാറ്റുപുഴ: ജാതിപത്രി മോഷണക്കേസിലെ പ്രതിയെ പിടികൂടി പൊലിസ്. തൃക്കാരിയൂർ രാമല്ലൂർ തേർത്താനക്കുടി വീട്ടിൽ രമേശൻ (55) ആണ് പിടിയിലായത്.
മുവാറ്റുപുഴ - വാളകം മനക്കപീടിക ഭാഗത്തുള്ള വീട്ടിൽ ഉണക്കി സൂക്ഷിച്ചിരുന്ന 50 കിലോയാളം വരുന്ന ജാതിപത്രിയാണ് പ്രതി മോഷ്ടിച്ചത്. ഈ മാസം പതിനാറിനാണ് കേസിനാസ്പദമായ സംഭവം.
നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ട് കാപ്പ പ്രകാരം നാടുകടത്തപ്പെട്ടിട്ടുള്ളയാളുമായ പ്രതി സമാന സ്വഭാവമുള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും സഹായികളെക്കുറിച്ചും അന്വേഷണം നടത്തി വരികയാണെന്ന് പൊലിസ് അറിയിച്ചു.
Kerala
പാലക്കാട്: വനിത ടിടിഇയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്ന് കളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് മാറാട് റഷീദ് പിടിയിൽ. റെയിൽവെ പൊലിസാണ് പ്രതിയെ പിടികൂടിയത്.
ഞായറാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടിക്കറ്റ് പരിശോധന ജോലി കഴിഞ്ഞ് കളക്ഷൻ തുക കൗണ്ടറിൽ അടയ്ക്കാൻ എത്തിയതായിരുന്നു കൊല്ലം സ്വദേശിയായ ടിടിഇ സിന്ധു. ഇവരുടെ അടുത്തെത്തിയ മോഷ്ടാവ് ആയിരം രൂപക്ക് ചില്ലറ ചോദിച്ചു. ശ്രദ്ധ മാറിയ സമയം പരാതിക്കാരിയുടെ വില കൂടിയ മൊബൈൽ ഫോൺ കൈവശപ്പെടുത്തി മുങ്ങുകയുമായിരുന്നു പ്രതി.
തുടർന്ന് ടിടിഇ റെയിൽവെ പൊലിസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയുമായിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കളവ് മുതൽ സഹിതം ഷൊർണൂരിൽ നിന്നും റെയിൽവെ പൊലിസ് മോഷ്ടാവിനെ പിടികൂടി.
കോഴിക്കോട് മെഡിക്കൽ കോളജ് പൊലിസ് സ്റ്റേഷനിൽ മോഷണ കേസുകളും ഗാന്ധി നഗർ, അമ്പലപ്പുഴ, തൃശൂർ മെഡിക്കൽ കോളജ് എന്നീ പൊലിസ് സ്റ്റേഷനുകളിലായി ഓരോ കേസും ഇയാൾക്കെതിരെയുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
പാറ്റ്ന: ബിഹാറിലെ ജാമുയിയിൽ പത്താം ക്ലാസ് വിദ്യാർഥികളായ ആൺകുട്ടിയെയും പെൺകുട്ടിയെയും ആൾക്കൂട്ടം ആക്രമിക്കുകയും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു പേർ പിടിയിൽ.
രാജ്യവ്യാപിയായി വലിയ പ്രതിഷേധത്തിന് ഇടയാക്കിയ ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലിസ് അന്വേഷണം ഊർജിതമാക്കി പ്രതികളെ പിടികൂടിയത്.
ജാമുയി നഗരത്തിലെ ഒരു സ്വകാര്യ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളാണ് അതിക്രമത്തിന് ഇരയായത്. ശനിയാഴ്ച വൈകുന്നേരം കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് ജാമുയി-ലഖിസരായ് റോഡിലൂടെ സ്കൂട്ടറിൽ മടങ്ങുകയായിരുന്ന കുട്ടികളെ അക്രമാസക്തരായ ഒരുസംഘം ആളുകൾ വഴിയിൽ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ആൺകുട്ടിയെ ക്രൂരമായി മർദിക്കുകയും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നു വന്നത്. കുട്ടികൾക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് ദേശീയതലത്തിൽ തന്നെ വലിയ രീതിയിലുള്ള ചർച്ചകൾ നടന്ന പശ്ചാത്തലത്തിലാണ് പൊലീസ് അതിവേഗം നടപടികൾ സ്വീകരിച്ചത്.
District News
വടകര: മേപ്പയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിലെ സ്വര്‍ണമാല പിടിച്ചുപറിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പൊലിസിന്റെ പിടിയില്‍.
ചെരണ്ടത്തൂര്‍ വൈദ്യന്റെ പറമ്പില്‍ വീട്ടില്‍ ഷംസുദ്ദീന് (38) ആണ് പിടിയിലായത്.ഈ മാസം ഒന്നിനായിരുന്നു സംഭവം. രാത്രി 7.10 ഓടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന സ്ത്രീ കുരുടിമുക്ക് പൈനാറത്താല കാളിയത്തുമുക്ക് റോഡില്‍ എത്തിയപ്പോള്‍ എതിര്‍ദിശയില്‍ സ്കൂട്ടറില്‍ വന്ന പ്രതി സ്വര്‍ണമാല പിടിച്ചുവലിച്ച് കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.
District News
കോഴിക്കോട്: ഫറോക്ക്, രാമനാട്ടുകര ഭാഗങ്ങളില്‍ കഞ്ചാവ് മൊത്തവില്‍പ്പന നടത്തി വന്നിരുന്ന ബീഹാര്‍ സ്വദേശിയെ അഞ്ചുകിലോ കഞ്ചാവുമായി പൊലിസ് പിടികൂടി. ബീഹാര്‍ സ്വദേശിയായ സജ്ജാദ് (43) ആണ് അറസ്റ്റിലായത്.
ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണര്‍ എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും ബേപ്പൂര്‍ സര്‍ക്കില്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ബീഹാറില്‍നിന്ന് മൊത്തമായി കഞ്ചാവ് വാങ്ങി കോഴിക്കോട് എത്തിച്ചായിരുന്നു വില്പന. ചെറുവണ്ണൂര്‍ ഭാഗത്ത് ചെരുപ്പു കമ്പനിയില്‍ ജോലി എന്ന് പറഞ്ഞു വാടകയ്ക്ക് താമസിച്ച് ഫറോക്ക് മേഖലയിലെ വിവിധ ഭാഗങ്ങളിലും ബേപ്പൂര്‍ ഹാര്‍ബറിലും ചില്ലറ വില്പന നടത്തി വരികയായിരുന്നു പ്രതിയെന്ന് പൊലിസ് പറഞ്ഞു.
പുലര്‍ച്ചെ കോഴിക്കോട് എത്തുന്ന സ്ലീപ്പര്‍ ബസുകളില്‍ കയറിയാണ് കോഴിക്കോട് എത്തിയിരുന്നത്. കഴിഞ്ഞദിവസം പ്രതി കഞ്ചാവുമായി താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ചെറുവണ്ണൂര്‍ ചീര്പാലത്തിനു സമീപത്തു വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
District News
കഴക്കൂട്ടം: ബൈക്കിന്റെ ഹെഡ് ലൈറ്റി ലെ പ്രകാശം മുഖത്തടിച്ചെന്നാരോപിച്ചു യുവാവിനെ ആക്രമിച്ച സംഭവത്തിൽ കാപ്പ കേസ് പ്രതി ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. മൺവിള ചെങ്കൊടിക്കാട് പുതുവൽ പുത്തൻവീട്ടിൽ സുധീഷ് (35), തൃപ്പാദപുരം അജിത ഭവനിൽ നിഥിൻ ചന്ദ്രൻ (28), കിഴക്കുഭാഗം പൊങ്ങറ വീട്ടിൽ അരുൺദാസ് എന്നിവരാണ് അറസ്റ്റിലായത്.
തൃപ്പാദപുരം ഫേസ് ചാരിസ് വില്ലയിൽ സ്റ്റീവ് പോൾ സോളമനാണ് (40) ആക്രമണത്തിൽ പരിക്കേറ്റത്. ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെ ബൈക്കിൽ വരികയായിരുന്ന സ്റ്റീവ് പോൾ സോളമന്റെ വാഹനത്തിൽനിന്നുള്ള വെളിച്ചം മുഖത്തടിച്ചെന്നാരോപിച്ചാണ് പ്രതികൾ ഇയാളെ തടഞ്ഞുനിറുത്തുകയും മർദിക്കുകയും കമ്പി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിക്കു കയും ചെയ്തത്. ഇതിനുശേഷം ഭീഷണിപ്പെടുത്തി വീടു തുറന്ന് അകത്തുകയറിയ പ്രതികൾ ലഹരിവസ്തുക്കൾ ഉണ്ടോയെന്നു ചോദിച്ചു വീണ്ടും മർദിച്ചു. ഇതിനിടെ കത്തി ഉപയോഗിച്ച് സ്റ്റീവിന്റെ തലയ്ക്ക് നേരെ കുത്തുകയും ചെയ്തു. ഒഴിഞ്ഞുമാറിയതിനാലാണ് രക്ഷപ്പെട്ടത്. തുടർന്ന് ഇയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തത്.
National
കോൽക്കത്ത: ബംഗാളിൽ സ്വതന്ത്ര സ്ഥാനാർഥി അറസ്റ്റിൽ. റെജിനഗറിലെ സ്വതന്ത്ര സ്ഥാനാർഥി സെയ്ഫുൾ ഇസ്ലാം ആണ് അറസ്റ്റിലായത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടു ഗ്രൂപ്പുകൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ പേരിലാണ് അറസ്റ്റ്.
ഹുമയൂൺ കബീർ നേതൃത്വം നല്കുന്ന ആം ജനത ഉന്നായൻ പാർട്ടിയുമായി (എജെയുപി) സഹകരിച്ചുപ്രവർത്തിക്കു ന്നയാളാണ് സെയ്ഫുൾ.
സെപ്റ്റംബർ 14നാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് മുതിർന്ന പൊലിസ് ഓഫിസർ അറിയിച്ചു.
Kerala
കൊച്ചി: പെരുമ്പാവൂരിൽ 10.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം നൗഗാവ് സ്വദേശി ത്വരീബുൾ ഇസ്ലാമിനെയാണ് (29) പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കുറുപ്പുംപടി പൊലിസും ചേർന്ന് പിടികൂടിയത്. പുല്ലുവഴി മനക്കപ്പടി ഭാഗത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചുകാലമായി ഈ പ്രതി പൊലിസിന്റെയും അന്വേഷണ സംഘത്തിന്റെയും ശക്തമായ നിരീക്ഷണത്തിലായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലായിരുന്നു ഇയാളുടെ കച്ചവടം.
ചെറിയ കുപ്പികളിലാക്കി രഹസ്യമായിട്ടായിരുന്നു വിൽപ്പന നടത്തിയിരുന്നത്. ഒരു കുപ്പി ഹെറോയിന്‍ 2000 രൂപയാണ് ഇയാൾ ഈടാക്കിയിരുന്നത്. ആസാമിൽ നിന്നാണ് കേരളത്തിലേക്ക് ആവശ്യമായ ഹെറോയിൻ എത്തിച്ചിരുന്നതെന്ന് പ്രതി ചോദ്യം ചെയ്യലിൽ പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ പൊലിസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Kerala
സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി പൊലിസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ മോഷണം പോയ സംഭവത്തിൽ പ്രതിയായ പൊലിസുകാരൻ പിടിയിൽ. സബിത്തിനെ ആണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.
സംഭവം നടന്ന് പത്താം ദിവസം എറണാകുളത്ത് നിന്നാണ് ഇയാൾ പിടിയിലായത്. സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടി മുതലായ ഏഴു ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ ആണ് മോഷണം പോയത്.
ജൂൺ ഏഴിന് ബത്തേരി ദൊട്ടപ്പകുളത്ത് വച്ച് പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് ഇത്. ഇവ കോടതിയിൽ ഹാജരാക്കി തിരികെ സൂക്ഷിക്കാൻ ഏൽപ്പിച്ച തൊണ്ടിമുതലാണ്.
മുറി വൃത്തിയാക്കാനായി സ്റ്റേഷൻ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും എത്തിയപ്പോഴാണ് തൊണ്ടിമുതലുകൾ നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്.
Kerala
തിരുവനന്തപുരം: കേരള - തമിഴ്നാട് അതിര്‍ത്തിമേഖലകളിൽ മോഷണം നടത്തിയിരുന്ന പ്രതികൾ പിടിയിൽ. അണ്ടുകോട് ചെമ്പ്രവിള സ്വദേശിയായ രഘു (48), പേയാട് സ്വദേശിയായ ശിവപ്രസാദ് (45)
എന്നിവരാണ് പിടിയിലായത്.
പളുകല്‍ പൊലിസ് ആണ് പ്രതികളെ പിടികൂടിയത്. പാറശാല പളുകല്‍, കന്നുമാമൂട്, കാരക്കോണം, മേഖലകളില്‍ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും ആണ് പ്രതികൾ മോഷണം നടത്തിയിരുന്നത്.
തമിഴ്നാട് പൊലിസിന്റെ രാത്രി കാല പട്രോളിംഗിനിടെ റോഡ് വശത്ത് ഇടവഴിയില്‍ സംശയാസ്പദമായ രീതിയില്‍ നില്‍ക്കുന്നത് കണ്ട് പൊലിസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായി സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് മോഷണക്കേസുകളിലെ പ്രതികളാണെന്ന് തിരിച്ചറിഞ്ഞത്.
തമിഴ്നാട് - കേരളാ അതിര്‍ത്തി പ്രദേശമായ പാറശാല സ്റ്റേഷന് പരിധിയിലും പളുകല്‍ പൊലീസ് സ്റ്റേഷന് പരിധിയിലുമായി 14ലധികം കേസുകളിൽ ഇരുവരും ഉൾപ്പെട്ടിട്ടുണ്ട്. കേരള പൊലിസിനെയും തമിഴ്നാട് പൊലിസിനെയും ഒരുപോലെ വട്ടംചുറ്റിച്ച കേസുകളിലടക്കം ഇവർ പ്രതിപ്പട്ടികയിലുണ്ടായിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് തമിഴ്നാട് ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതികൾ കേരള - തമിഴ്നാട് അതിര്‍ത്തിയായ പ്രദേശങ്ങളില്‍ മോഷണം നടത്തിവരികയായിരുന്നു. പളുകല്‍ എസ്ഐ വില്സന്റഎ നേതൃത്വത്തിലുള്ള സംഘം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടി സ്വീകരിച്ചു.
District News
കൊല്ലം: 101.07 ഗ്രാം എംഡിഎംഎ കൊറിയര്‍ വഴി കൈമാറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ കൂട്ടുപ്രതിയായ ഒരാളെ കൂടി കൊല്ലം വെസ്റ്റ് പൊലിസ് അറസ്റ്റ് ചെയ്തു. കൊല്ലം വടക്കേവിള ആദിത്യനഗര്‍ ശ്രീകോവില്‍ വീട്ടില്‍ വൈഷ്ണവ് (28) ആണ് അറസ്റ്റിലായത്.
കൊറിയര്‍ സര്‍വീസ് മുഖേന ലഹരി വ്യാപാരം നടക്കുന്നതായി കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ ഹേമലതക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി ഡാന്‍സാഫ് സംഘവും കൊല്ലം വെസ്റ്റ് പൊലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കേസിലെ ഒന്നാം പ്രതിയായ കൊല്ലം പട്ടത്താനം സ്വദേശി വിഷ്ണുലാല്‍ (32) പിടിയിലായത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ സുഹൃത്തും രണ്ടാം പ്രതിയുമായ പ്രണവ് പ്രശാന്തിനെയും പൊ ലിസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ തുടരന്വേഷണത്തില്‍, വൈഷ്ണവിന് വേണ്ടിയാണ് വിഷ്ണുലാലും, പ്രണവ് പ്രശാന്തും ചേര്‍ന്ന് എംഡിഎംഎ കൊറിയര്‍ വഴി കൈമാറ്റം ചെയ്തിരുന്നതെന്ന് പോലീസിന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിലെ മൂന്നാം പ്രതിയായ വൈഷ്ണവിനെ അറസ്റ്റ് ചെയ്തത്.
കേസിലെ രണ്ടാം പ്രതിയായ പ്രണവ് പ്രശാന്ത് സംഭവസമയത്ത് ഗള്‍ഫിലായിരുന്നതിനാല്‍ ഇയാളെ പിടികൂടുന്നതിനായി പൊലിസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ മാസത്തില്‍ നാട്ടിലെത്തിയ പ്രണവ് പ്രശാന്തിനെ തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവയ്ക്കുകയും തുടര്‍ന്ന് കൊല്ലം വെസ്റ്റ് പൊലിസിന് കൈമാറുകയുമായിരുന്നു.