വടകര: കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിനു തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിം ഹാജി (71) തീ കൊളുത്തി മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ. സൊസൈറ്റി മുന്‍ പ്രസിഡന്റും മുന്‍ ഡിസിസി സെക്രട്ടറിയുമായ ടി.വി. സുധീര്കുമാറിനെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
മേയ് 29നാണ് വടകര പഴങ്കാവിലെ സുധീര്‍ കുമാറിന്റെ വീട്ടിലെത്തി ഇബ്രാഹിം ഹാജി ജീവനൊടുക്കാന്‍ തീ കൊളുത്തിയത്. 75 ശതമാനം പൊള്ളലേറ്റ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മരണത്തിന് ഉത്തരവാദി സൊസൈറ്റി മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ സുധീര്‍കുമാറും പ്രസിഡന്റ് ബഷീറുമാണെന്ന് ആരോപിക്കുന്ന ഇബ്രാഹിം ഹാജിയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.
വയോധികന് മരിച്ച സംഭവത്തില്‍ വീഴ്ച സമ്മതിച്ചതായി സൊസൈറ്റി അധികൃതരും വ്യക്തമാക്കിയിരുന്നു. ഇബ്രാഹിം ഹാജി പലതവണ നിക്ഷേപത്തുക ആവശ്യപ്പെട്ടിട്ടും പലിശ മാത്രമേ കൊടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. പിന്നീട് അതുപോലും ലഭിച്ചില്ല. പലതവണ ബന്ധപ്പെട്ടിട്ടും അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കിയിട്ടും പണം കിട്ടാതെ വന്നതോടെയാണ് ഇബ്രാഹിംഹാജി തീ കൊളുത്തി മരിച്ചത്.
Tags : Kadathanad society Congress leader arrested