വിജയാഹ്ലാദത്തിൽ മൊറോക്കൻ താരങ്ങൾ
ഹൂസ്റ്റൺ: എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കാനഡയെ തകർത്ത് മൊറോക്കോ. ഇതോടെ മൊറോക്കോ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. കളിയുടെ ആദ്യ പകുതിയിൽ കാനഡ ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ 50ാം മിനിട്ടിൽ മൊറോക്കോ ലീഡ് കണ്ടെത്തുകയായിരുന്നു. വലതുവിംഗിൽ നിന്നും ലഭിച്ച ഫ്രീകിക്ക് അഷ്റഫ് ഹക്കിമി നീട്ടി നൽകിയത് ബോക്സിലുണ്ടായിരുന്ന ഔനാഹിയുടെ കാലുകളിലേക്ക്. ലക്ഷ്യം പിഴക്കാത്ത ഔനാഹി കൃത്യമായി അത് കാനഡയുടെ വലയിലെത്തിച്ചു.
തുടർന്ന് 82ാം മിനിട്ടിൽ ലഭിച്ച കൗണ്ടർ അറ്റാക്ക് കലാശിച്ചത് മൊറോക്കോയുടെ രണ്ടാം ഗോളിൽ ആയിരുന്നു. ബോക്സിൽ നിന്നും ബ്രാഹിം ഡിയാസ് നീട്ടിനൽകിയ പന്ത് ഔനാഹിയിലൂടെ കാനഡയുടെ വല കുലുക്കി.
കളി അവസാനിക്കാൻ മിനിട്ടുകൾ ശേഷിക്കേ സോഫിയാൻ റഹിമി മൊറോക്കോയ്ക്ക് വേണ്ടി ഗോൾ നേടി. പുലർച്ചെ നടക്കുന്ന പാരഗ്വായ്- ഫ്രാൻസ് മത്സരത്തിലെ വിജയികളെയാണ് മൊറോക്കോ ക്വാർട്ടറിൽ നേരിടുക.
Tags : Morocco canada fifa worldcup france quarter-finals